12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Monday, November 22, 2010

കോൺഗ്രസ് സന്തോഷിക്കാൻ വരട്ടെ

തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ, പ്രത്യേകിച്ചും കോൺഗ്രസിന്റെ, പ്രകടനം സൂക്ഷ്മമായി പരിശോധിക്കുന്ന, ഇംഗ്ലീഷിലുള്ള എന്റെ ലേഖനം ഇന്ന് ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ് (ഐ.എ.എൻ.എസ്) വിതരണം ചെയ്യുകയുണ്ടായി.

ഇത് Kerala Letter ബ്ലോഗിൽ വായിക്കാവുന്നതാണ്.

Wednesday, November 17, 2010ഇ-മെയിൽ ആയി ലഭിച്ച ഒരു സന്ദേശമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സന്ദേശം ഫോർവേഡ് ചെയ്തതിനാണ് മൊയ്തു എന്നൊരാൾക്കെതിരെ പിണറായി വിജയന്റെ പരാതിയിന്മേൽ സൈബർ പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിനെതിരെയും വേണമെങ്കിൽ പരാതി കൊടുക്കട്ടേയെന്ന് കരുതിയാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
--ബി.ആർ.പി.ഭാസ്കർ

Monday, November 15, 2010

ഇടതുകാലിൽ നിന്ന് വലതുകാലിലേക്ക്


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ട് കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയ ലേഖനത്തിന്റെ മൂലരൂപം വായന ബ്ലോഗിൽ കൊടുത്തിട്ടുണ്ട്.

--ബി. ആർ.പി. ഭാസ്കർ

Monday, November 8, 2010

ഇനി എല്ലാവരുടെയും ശ്രദ്ധ സൽഭരണത്തിലാകട്ടെ

ബി.ആർ.പി. ഭാസ്കർ

അന്തരിച്ച കവി അയ്യപ്പന്റെ കീശയിൽ നിന്ന് വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ കഥ പറയുന്ന ഒരു കവിത ലഭിച്ചിരുന്നു. പാഞ്ഞുവരുന്ന അമ്പിൽ നിന്ന് രക്ഷപ്പെടാനായി ഓടിയ മൃഗം പാറയിൽ പ്രവേശിച്ചപ്പോൾ മറ്റൊന്നിന്റെ ഇരയായിത്തീരുന്നു. ഒരു മുന്നണിയിൽ നിന്ന് നിന്ന്) പ്രാണനും കൊണ്ട് ഓടി, മറ്റൊന്നിന്റെ ഗർജ്ജനം സ്വീകരിച്ച് ഇരയാകുന്ന രാഷ്ട്രീയ കേരളത്തിന്റെ കഥയല്ലേ അയ്യപ്പൻ കുറിച്ചിട്ടത്? മരണപ്പാച്ചിലിനിടയിൽ മറ നൽകാൻ ഒരു മരവും ഉണ്ടായിരുന്നില്ലെന്നും തന്റെ രുചിയോർത്ത് കൊതിയോടെ അഞ്ചെട്ടു പേർ ഇരിക്കുന്നുണ്ടായിരുന്നെന്നും മാൻ‌പേട ഓർക്കുന്നുണ്ട്. അതും എത്ര ശരി! ഒരർത്ഥത്തിൽ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ അനുഭവം അല്പം വ്യത്യസ്തമായിരുന്നു. മറ നൽകാൻ ഇത്തവണ ഒരു മരമുണ്ടായിരുന്നു. മുന്നണികൾ പിന്തുടരുന്ന ജനവിരുദ്ധ നിലപാടുകൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന സമിതികളും അധികാര രാഷ്ട്രീയത്തിൽ അർഹമായ സ്ഥാനം നിഷേധിക്കപ്പെടുന്ന പിന്നാക്ക ദലിത് വിഭാഗങ്ങളുടെ സ്വതന്ത്ര സംഘടനകളും ചേർന്നാണ് ആ മറ തീർത്തത്.

അവരിൽ പലരും ജനകീയ ഐക്യവേദി തയ്യാറാക്കിയ 12 ഇന പൊതു പരിപാടി അംഗീകരിച്ചിരുന്നു. വോട്ടെണ്ണൽ തുടങ്ങുന്നതിനു മുമ്പാണ് ഈ വരികൾ എഴുതുന്നത്. തെരഞ്ഞെടുപ്പുഫലം അറിവായിട്ടില്ലാത്തതിനാൽ വേട്ടയാടപ്പെടുന്ന ജനങ്ങൾ ആ മറ എത്രമാത്രം പ്രയോജനപ്പെടുത്തിയെന്ന് പറയാനാകുന്നില്ല. അതേസമയം ഒരു പുതിയ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ പുതിയ സാമൂഹിക ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറയാനാകും.

നേരത്തെ മദ്ധ്യവർഗ്ഗം, പ്രത്യേകിച്ചും നഗരവാസികൾ, ലോക് സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ എടുക്കുന്നത്ര താല്പര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എടുത്തിരുന്നില്ല. തങ്ങളെ ബാധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ ഈ സ്ഥാപനങ്ങൾക്കാവില്ലെന്നതാണ് അവരുടെ താല്പര്യം കുറയാനുള്ള ഒരു കാരണം. പഞ്ചായത്തുകളിലൂടെ വിതരണം ചെയ്യപ്പെടുന്ന ആനുകൂല്യങ്ങൾക്ക് അർഹരല്ലാത്തതുകൊണ്ട് അവ ആരു ഭരിക്കുന്നുവെന്നത് അവർക്കൊരു പ്രശ്നമല്ലെന്നതാണ് പോളിങ് ശതമാനം കുറയാനുള്ള മറ്റൊരു കാരണം. കഴിഞ്ഞ തവണ രേഖപ്പെടുത്തിയതിനേക്കാൾ പത്തോ പതിനഞ്ചോ ശതമാനം പോയിന്റ് കൂടുതൽ വോട്ടുകൾ ഇത്തവണ പോൾ ചെയ്‌തെന്നാണ് ആദ്യകണക്കുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ പ്രകടമായ വർദ്ധിച്ച ജനതാല്പര്യം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ പ്രവർത്തനത്തിലേക്ക് എങ്ങനെ വ്യാപിക്കാമെന്നാണ് ഇനി നാം ചിന്തിക്കേണ്ടത്.

ജനകീയ ഐക്യവേദി മുന്നോ‍ട്ടുവെച്ച പരിപാടിയിലെ പ്രധാന ഇനം തദ്ദേശ ഭരണം കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്നതാണ്. ഏതാനും കൊല്ലങ്ങളായി ഈ തെരഞ്ഞെടുപ്പുകളിലും പാർട്ടി അടിസ്ഥാനത്തിൽ മത്സരിക്കുന്ന മുന്നണികൾക്ക് സ്വാഭാവികമായും ആ ആശയം സ്വീകാര്യമായില്ല. അവർ ഇന്നത്തെ മുന്നണി സംവിധാനമല്ലാതെ മറ്റൊന്ന് കേരളത്തിൽ സാദ്ധ്യമല്ലെന്ന ധാരണ പരത്തിയിട്ടുള്ളതുകൊണ്ട് പലരും ആ വാദം ഏറ്റുപിടിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നണി മതിൽക്കെട്ടുകൾ ഭേദിച്ച് ഘടകകക്ഷികൾ പതിവായി ഉണ്ടാക്കുന്ന കൂട്ടുകെട്ടുകൾ ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. അത്തരം കൂട്ടുകെട്ടുകൾ ഇത്തവണയും പലയിടങ്ങളിലുമുണ്ടായി. എങ്ങനെയും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള അടവുകളുടെ ഭാഗമായി അതിനെ കാണാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് നീതിപൂർവ്വകമായ തദ്ദേശ ഭരണം സാദ്ധ്യമാക്കാൻ എല്ലാ പാർട്ടികളും തയ്യാറാകണം. കക്ഷിബന്ധങ്ങൾ ഒഴിവാക്കേണ്ട ആവശ്യമില്ല. എന്നാൽ പാർട്ടി അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് മതിയാക്കണം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അവരെ നിർത്തിയ പാർട്ടികളുടെയോ സംഘടനകളുടെയോ മാത്രം പ്രതിനിധികളല്ല, പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധികളാണ്. ആ നിലയ്ക്ക് കക്ഷിതാല്പര്യങ്ങൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ചുമതല അവർക്കുണ്ട്. ഈ വസ്തുത അംഗീകരിക്കാൻ മുന്നണികൾ, പ്രത്യേകിച്ചും അവയെ നയിക്കുന്ന വലിയ കക്ഷികൾ, തയ്യാറാകണം.

ഓരോ തദ്ദേശസ്ഥാപങ്ങളിലെയും പുതിയ ഭരണസമിതി അംഗങ്ങളിൽ പകുതിയോ അതിലധികമോ ഇപ്പോൾ സ്ത്രീകളാണ്. ഈ ഉയർന്ന സ്ത്രീപ്രാതിനിധ്യം സ്ത്രീശാക്തീകരണമായി രൂപാന്തരപ്പെടണമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്ക്, പ്രത്യേകിച്ച് അദ്ധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെടുന്നവർക്ക്, അദൃശ്യമായ പുരുഷനിയന്ത്രണം കൂടാതെ പ്രവർത്തിക്കാ‍ൻ അവസരമുണ്ടാകണം. തത്വത്തിൽ സ്ത്രീശാക്തീകരണം അംഗീകരിക്കുന്ന കക്ഷികൾ ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കണം.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെന്നല്ല പൊതുരംഗത്തു തന്നെ ആദ്യമായി പ്രവേശിക്കുന്ന നിരവധി പേർ പുതിയ ഭരണ സമിതികളിലുണ്ട്. അവർക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ പരിശീലനം നൽകേണ്ടതുണ്ട്. മുൻ‌കാലങ്ങളിലെന്നപോലെ ഇത്തവണയും ഔദ്യോഗിക ഏജൻസികളുടെ ആഭിമുഖ്യത്തിൽ ഇതിനായി ശില്പശാലകൾ സംഘടിപ്പിക്കപ്പെടുമെന്ന് കരുതാം. എന്നാൽ എല്ലാം ഉദ്യോഗസ്ഥന്മാർക്കും വ്യവസ്ഥയുടെ ഭാഗമായി മാത്രം പ്രവർത്തിച്ചു പരിചയമുള്ള മറ്റാളുകൾക്കും വിട്ടുകൊടുക്കരുത്. കക്ഷിരാഷ്ട്രീയത്തെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തു വന്ന പ്രസ്ഥാനങ്ങൾ ഇതിനായി സർക്കാരിതര സംഘടനകളുടെ സഹായം തേടുന്ന കാര്യം ആലോചിക്കണം.

രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായി ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സാരഥ്യം ഏറ്റെടുക്കുന്നവർ മുൻഗാമികളുടെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണം. അധികാരസ്ഥാനത്തെത്തിച്ച പാർട്ടിയുമായി തെറ്റി പിരിഞ്ഞപ്പോൾ ഷൊറണൂർ മുനിസിപ്പാലിറ്റി അദ്ധ്യക്ഷനായിരുന്ന എ.ആർ. മുരളിക്കും അഞ്ചുതെങ്ങ് പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന അലോഷി അലക്സിനും എതിരെ പാർട്ടി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നും. പാർട്ടിയുടെ അറിവോടും സമ്മതത്തോടും – ഒരുപക്ഷെ പാർട്ടിയുടെ ആവശ്യപ്രകാരം തന്നെ –- ചെയ്ത കാര്യങ്ങളുടെ പേരിലാണ് ആരോപണങ്ങൾ ഉണ്ടായയത്. പാർട്ടിക്കുവേണ്ടി ഒരു തെറ്റ് ചെയ്താൽ പിന്നീട് അത് ആവശ്യപ്പെടുമ്പോഴെല്ലാം തെറ്റ് ചെയ്യാൻ അവർ നിർബന്ധിതരാകും. വിസമ്മതിച്ചാൽ ആദ്യം ചെയ്ത തെറ്റിന്റെ പേരിൽ അഴിമതിക്ക് നടപടിയെടുക്കുമെന്ന ഭീഷണി ഉയർത്തി പാർട്ടിക്ക് അവരെ കീഴ്‌പ്പെടുത്താനൊ അഴിമതിക്കാരായി മുദ്രകുത്തി പുറത്താക്കാനൊ കഴിയും. അതുകൊണ്ട് സൽഭരണം കാഴ്ച വെക്കാനും സൽ‌പേര് നിലനിർത്താനും ആഗ്രഹിക്കുന്നവർ ആദ്യം തന്നെ തെറ്റ് ചെയ്യാൻ തങ്ങളെ കിട്ടില്ലെന്ന് വ്യക്തമാക്കണം.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നീതിപൂർവ്വമായ ഭരണം കാഴ്ചവെക്കാൻ തയ്യാറാണെന്ന് ബോധ്യമായാൽ ജനങ്ങൾ വീണ്ടും ഗ്രാമ വാർഡ് സഭാ യോഗങ്ങളിൽ പങ്കെടുക്കാനെത്തും. (പാഠഭേദം, നവംബർ 2010)

Friday, October 29, 2010

കാതികൂടം കർമ്മ സമിതി സ്ഥാനാർത്ഥി വിജയിച്ചു

കാടുകുത്തി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ എൻ‌ജിൽ ആക്ഷൻ കൌൻസിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഷെർലി പോൾ വിജയിച്ചു.

കാതികൂടത്തെ എൻ‌ജിൽ ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരായ ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന സംഘടനയാണ് എൻ‌ജിൽ ആക്ഷൻ കൌൺസിൽ.

ജനകീയ ഐക്യവേദിയും തെരഞ്ഞെടുപ്പ് ഫലവും

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പല സുഹൃത്തുക്കളും ജനകീയ ഐക്യവേദിയുടെ പ്രകടനം എങ്ങനെ, ജനകീയ വികസന മുന്നണിക്ക് എന്തു പറ്റി എന്നൊക്കെ എന്നോട് ചോദിക്കുകയുണ്ടായി. കൃത്യമായ മറുപടി പറയാനുള്ള വിവരം അപ്പോൾ എന്റെ പക്കലില്ലായിരുന്നു. പല സ്രോതസുകളിൽ നിന്നായി കുറച്ച് വിവരം ഇപ്പോൾ കിട്ടിയിട്ടുണ്ട്. അത് ഇവിടെ പങ്ക് വയ്ക്കുന്നു.

ആദ്യമായി പ്രിയസുഹൃത്തുക്കൾ മനസ്സിലാക്കേണ്ടത് ജനകീയ ഐക്യവേദി തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെന്നതാണ്. അതുകൊണ്ട് അതിന്റെ “പ്രകടനം“ എങ്ങനെ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തദ്ദേശഭരണത്തെ കക്ഷിരാഷ്ട്രീയത്തിൽ നിന്ന് മോചിപ്പിക്കാനും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനും ഉതകുന്ന് ഒരു പരിപാടി മുന്നോട്ടു വെക്കുകയാണ് ഐക്യവേദി ചെയ്തത്. ആ പരിപാടി ഇവിടെ പോസ്റ്റ് ചെയ്തിരുന്നു.

ഐക്യവേദി മുന്നോട്ടു വെച്ച പരിപാടിയോട് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും നയിക്കുന്ന കക്ഷികളിൽ നിന്നൊ ബി.ജെ.പി.യിൽ നിന്നൊ അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നില്ല. മത്സരരംഗത്തുണ്ടായിരുന്ന ചില സംഘടനകൾ -- ഏറെയും ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുന്നവ – പരിപാടി അംഗീകരിച്ചു. പ്രചാരണവേളയിലും വോട്ടെടുപ്പ്-വോട്ടെണ്ണൽ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പിനെ യു.ഡി.എഫ്.-എൽ.ഡി.എഫ്.-ബിജെ.പി. കള്ളികളിൽ തളച്ചിടാൻ ബന്ധപ്പെട്ട കക്ഷികൾ നടത്തിയ ശ്രമത്തിന് മാദ്ധ്യമങ്ങളുടെ സമ്പൂർണ്ണ പിന്തുണയുണ്ടായിരുന്നു. ആ ശ്രമം വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ബഹുഭൂരിപക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്ന സി.പി.എമ്മിനെതിരായ ജനവികാരം യു.ഡി.എഫ്. അനുകൂല വോട്ടുകളായി രൂപാന്തരപ്പെട്ടു.

ഇന്നത്തെ പത്രങ്ങളിൽ വന്നിട്ടുള്ള കണക്കനുസരിച്ച്, യു.ഡി.എഫ്. 7834 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും എൽ.ഡി.എഫ്. 6014ലും ബി.ജെ.പി. 377ലും ജയിച്ചു. 1108 വാർഡുകളിൽ “മറ്റുള്ളവർ” ജയിച്ചു. ഈ മറ്റുള്ളവരിൽ ഒരു വലിയ വിഭാഗം എൽ.ഡി.എഫ്. യു.ഡി.എഫ്. വിമതന്മാരാണെന്ന് ഞാൻ കരുതുന്നു. അവരെയും യു.ഡി.എഫ്, എൽ.ഡി.എഫ്. കള്ളികളിൽ പെടുത്താം.

മറ്റുള്ളവരുടെ കൂട്ടത്തിൽ കൈവെട്ടു കേസിലെ ഒരു പ്രതിയുൾപ്പെടെ ഏതാനും എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുണ്ടെന്ന് മാധ്യമങ്ങൾ ഇതിനകം നമ്മെ അറിയിച്ചിട്ടുണ്ട്. ആ കേസ് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് എസ്.ഡി.പി.ഐ.യുടെ എങ്ങനെ വിജയിച്ചു എന്ന ചോദ്യത്തിന് ഉത്തരം കാണാൻ ദേശീയ ചാനലുകൾ ശ്രമിക്കുകയാണ്.

ജനകീയ ഐക്യവേദിയുടെ പരിപാടി അംഗീകരിച്ചവരിൽ ജമാത്തെ ഇസ്ലാമിയും ബി.എസ്.പിയും ഉൾപ്പെടുന്നു.

പ്രാദേശികമായി ജനകീയ വികസന മുന്നണികൾ ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ ഇടപെട്ട ജമാത്തെ ഇസ്ലാമി ഇടതു-വലതു മുന്നണികൾക്ക് ബദലായി ഉയർന്നു വരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങളെന്ന് അവകാശപ്പെട്ടിട്ടുണ്ട്. (താഴെ കൊടുത്തിട്ടുള്ള പ്രസ്താവന കാണുക). എത്ര വികസന മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് ജമാത്തെ ഇസ്ലാമിയുടെ പ്രസ്താവനയിലില്ല.

മലപ്പുറം ജില്ലയിൽ വികസന മുന്നണികളുടെ പേരിൽ ജമാത്തെ ഇസ്ലാമി നിർത്തിയ രണ്ട് പേരും വയനാട് ജില്ലയിൽ ഒരാളും ജയിച്ചതായി മലയാള മനോരമയിൽ വായിച്ചു. മൂവരെയും എൽ.ഡി.എഫ്. സഹായിച്ചെന്നാണ് റിപ്പോർട്ട്.

കോരുത്തോട് പഞ്ചായത്തിൽ ബി.എസ്.പി. സ്ഥാനാർത്ഥി ബിന്ദു ബിജു ജയിച്ചതായും മനോരമയിൽ കണ്ടു. അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ള പഞ്ചായത്താണത്. തെരഞ്ഞെടുക്കപ്പെട്ട ഏക പട്ടികജാതി വനിതയെന്ന നിലയിൽ ബിന്ദു ബിജു അവിടെ അദ്ധ്യക്ഷയാകുമെന്ന് പത്രം പറയുന്നു.

ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്ന വിധിയെന്ന് ജമാത്തെ ഇസ്ലാമി

കോഴിക്കോട്: ഇടതു-വലതു മുന്നണികള്ക്ക് ബദലായി കേരളത്തില് ഉയര്ന്നു വരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല് അഭിപ്രായപ്പെട്ടു.

തദ്ദേശ... സ്ഥാപനങ്ങളെ സങ്കുചിതമായ കക്ഷി രാഷ്ട്രീയത്തില് നിന്ന് മുക്തമാക്കി വികസനോന്മുഖ രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കുക എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ നയം. ഈ ലക്ഷ്യം ഉയര്ത്തിപ്പിടിച്ച് പ്രാദേശികമായ ജനകീയ സംരംഭങ്ങള് ഉയര്ത്തിക്കൊണ്ടു വരാന് സംഘടന ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തെത്തുടര്ന്ന് സംസ്ഥാനത്തെങ്ങും പ്രാദേശികമായ ജനകീയ സംഘടനകള് രൂപം കൊള്ളുകയും തെരഞ്ഞെടുപ്പില് മത്സരിക്കുകയും ചെയ്തു.

പരമ്പരാഗതമായ മുന്നണികള്ക്കതീതമായി പ്രാദേശിക തലത്തില് ജനങ്ങളെ സംഘടിപ്പിക്കാനും ശക്തമായ മത്സരം കാഴചവെക്കാനും ഈ പ്രാദേശിക സംഘങ്ങള്ക്ക് കഴിഞ്ഞു. ഏഴ് പഞ്ചായത്ത് വാര്ഡുകളില് വിജയം വരിച്ച ഇത്തരം ജനകീയ മുന്നണികള് ആറ് മുന്സിപ്പല് വാര്ഡുകളിലും 74 പഞ്ചായത്ത് വാര്ഡുകളിലും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. പല സീറ്റുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്ക്കാണ് ജനകീയ മുന്നണികളുടെ സ്ഥാനാര്ഥികള്ക്ക് വിജയം കൈവിട്ടു പോയത്. തൃശൂര് ജില്ലയിലെ കാതിക്കുടത്ത് ഫാക്ടറി മലിനീകരണ വിരുദ്ധ സമര സമിതി രണ്ട് സീറ്റുകളില് വിജയിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

വിജയ സാധ്യതയുള്ള പല വാര്ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്ഥികളെ പരാജയപ്പെടുത്താന് എല്.ഡി.എഫും യു.ഡി.എഫും ഒത്തു കളിച്ചതായി വോട്ടിംഗ് നില പരിശോധിച്ചാല് വ്യക്തമാവും. പണവും മദ്യവും കള്ളവോട്ടും നിര്ബാധം ഒഴുകിയ തെരഞ്ഞെടുപ്പില് അതിശക്തമായ മുന്നണി ഘടനക്കെതിരെ കരുത്തുറ്റ മത്സരം കാഴ്ചവെക്കാനും മുന്നേറ്റങ്ങള് സൃഷ്ടിക്കാനും പ്രാദേശിക ജനകീയ സംഘങ്ങള്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില് രൂപപ്പെടാനിരിക്കുന്ന, കക്ഷി രാഷ്ട്രീയ സങ്കുചിതങ്ങള്ക്കതീതമായ ജനകീയ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറ പാകാന് തെരഞ്ഞെടുപ്പ് പങ്കാളിത്തം സഹായകമായിട്ടുണ്ട്. ഇതിനെ കൂടുതല് വിപുലപ്പെടുത്താനുള്ള ബോധപൂര്വമായ ശ്രമങ്ങള് ഉണ്ടാകേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.

ജനകീയ സംഘടനകളുടെ രൂപീകരണത്തിലും തെരഞ്ഞെടുപ്പ് രംഗത്തും ഉറച്ച് നിന്ന് പ്രവര്ത്തിച്ച പരിസ്ഥിതി- മനുഷ്യാവകാശ-സാംസ്കാരിക പ്രവര്ത്തകര്, സംഘടനാ ബന്ധുക്കള് എന്നിവരെയെല്ലാം അദ്ദേഹം അഭിനന്ദനം അറിയിച്ചു. (ഫേസ്ബുക്ക് സുഹൃത്ത് നബീൽ കല്ലായിലിന്റെ പോസ്റ്റിൽ നിന്ന്)

Saturday, October 23, 2010

കേരളത്തിലെ ജനങ്ങൾ നിസ്സഹായരാണോ?

പുതിയ പഞ്ചായത്തു സമിതികൾ എന്തിനാവണം, എന്തിനാവരുത് – ഇതാണ് മലയാള മനോരമ ചോദിച്ച ചോദ്യം. രണ്ട് മുന്നണികളുടെയും വക്താക്കൾ മറുപടിയായി എഴുതിയ ലേഖനങ്ങളിൽ അതിനുള്ള ഉത്തരം കണ്ടില്ല. അവർ എഴുതിയതൊക്കെ പഴയ കാര്യങ്ങളാണ്. പഞ്ചായത്ത് സംവിധാനത്തിന്റെ പിതാവാരാണ് എന്നതിൽ തുടങ്ങി അവരുടെ തർക്കം. മഹാത്മാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഭരണഘടനാ ഭേദഗതിയുടെയും പേരിൽ കോൺഗ്രസും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും പേരിൽ സി.പി.എമ്മും പിതൃത്വം അവകാശപ്പെട്ടു.

ആരാണ് പഞ്ചായത്തുകൾക്ക് കൂടുതൽ പണം നീക്കിവെച്ചതെന്നതിനെക്കുറിച്ചും അവർ തർക്കിച്ചു. തങ്ങൾ 2001-2006 കാലത്ത് സംസ്ഥാന ബജറ്റ് അടങ്കലിന്റെ 28 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി വകയിരുത്തിയപ്പോൾ എൽ.ഡി.എഫ്. ഭരണകാലത്ത് അത് 22 ശതമാനമായി കുറഞ്ഞെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. യു.ഡി.എഫീനേക്കാൾ കൂടുതൽ തുക തങ്ങൾ വകയിരുത്തിരുന്നെന്നും വാർഷിക പദ്ധതി അടങ്കൽ 6,000 കോടി രൂപയിൽ നിന്ന് 10,025 കോടി രൂപയായി വളർന്നതുകൊണ്ടാണ് ശതമാനം കുറഞ്ഞുപോയതെന്നും എൽ.ഡി. എഫ്. വാദിച്ചു. പദ്ധതി അടങ്കലിലെ വർദ്ധനവിന് അനുസൃതമായി തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം കൂടുന്നില്ലെന്ന വസ്തുത അങ്ങനെ സ്ഥിലീകരിക്കപ്പെടുന്നു. വകയിരുത്തിയ തുകയുടെ പേരിലാണ്, ചെലവാക്കിയതിന്റെ പേരിലല്ല ഇരുകൂട്ടരും പോരടിച്ചത്. ശരാശരി വാർഷികച്ചെലവ് 80 ശതമാനത്തിലേറെയാണെന്ന് സി.പി.എം. വക്താവ് സി.പി.നാരായണൻ അവകാശപ്പെട്ടു. അദ്ദേഹം അംഗമായ പ്ലാനിങ് ബോർഡ് നിയമസഭയിൽ വെച്ച റിപ്പോർട്ട് അത്രയും ചെലവാക്കിയതായി പറയുന്നില്ല. നിയമസഭയ്ക്ക് ഒരു കണക്ക്, ജനത്തിന് മറ്റൊന്ന്!

തദ്ദേശ സ്വയംഭരണത്തിൽ ഇത്രകാലവും പിന്തുടർന്നതിൽ നിന്ന് വ്യത്യസ്തമായ സമീപനം ആവശ്യമാണെന്ന ധാരണ ഇരുകൂട്ടർക്കുമില്ലെന്ന് ലേഖനങ്ങൾ വ്യക്തമാക്കുന്നു. സി.പി.നാരായണന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള അധികാരവികേന്ദ്രീകരണത്തിന്റെയും വികസനപ്രവർത്തനത്തിന്റെയും പ്രയോജനം ജനസാമാന്യം അനുഭവിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് യു.ഡി.എഫ്. നേതാക്കൾ ഉന്നയിക്കുന്ന ആരോപനങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ലക്ഷ്യമെന്തെന്ന് അവർ മനസ്സിലാക്കുക തന്നെ ചെയ്യും”. രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നു വരുന്ന –- കൃത്യമായി പറഞ്ഞാൽ ബോധപൂർവ്വം ഉയർത്തിക്കൊണ്ടു വരുന്ന -- സൂത്രവാക്യം ഈ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം: “നിങ്ങളുടെ മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ല“ ഒന്നുകിൽ എൽ.ഡി.എഫ്., അല്ലെങ്കിൽ യു.ഡി.എഫ്. അവരാണെങ്കിലൊ, ഇതുവരെ ചെയ്തുപോന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന നിലപാടിലാണ്. യഥാർത്ഥത്തിൽ അവർ പറയുന്നതുപോലെ ജനങ്ങൾ തീർത്തും നിസ്സഹായരാണോ?
കേന്ദ്ര സർക്കാർ മുൻ‌കൈയെടുത്ത് രൂപപ്പെടുത്തിയ പഞ്ചായത്ത് സംവിധാനവും സംസ്ഥാന സർക്കാർ അതിന്റെ നടത്തിപ്പിനായി കൊണ്ടുവന്ന നിയമവും വിഭാവന ചെയ്യുന്നത് ജനപങ്കാളിത്തമുള്ള തദ്ദേശ ഭരണമാണ്. എന്നാൽ ജനപങ്കാളിത്തം എന്ന ആശയം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വസ്തുത അവഗണിച്ചു കൊണ്ടാണ് മുന്നണികൾ നീങ്ങുന്നത്. നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങൾക്ക് നേരിട്ടുചെന്ന് ചോദ്യങ്ങൾ ചോദിക്കാനും തീരുമാനങ്ങൾ എടുക്കാനും അവകാശമുള്ള ഒരു വേദിയേയുള്ളു. അത് ഗ്രാമസഭ അല്ലെങ്കിൽ വാർഡ് സഭയാണ്. അത് ഉദ്ദേശിച്ച രീതിയിൽ ഇന്ന് പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് ജനങ്ങൾ അതിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ മെനക്കെടാറില്ല. പലപ്പോഴും യോഗം ചേരാനുള്ള കോറം പോലുമില്ല. വാർഡ് മെമ്പർ അത് സൌകര്യമായി കണ്ടുകൊണ്ട് യോഗം ചേർന്നതായും തനിക്കിഷ്ടപ്പെട്ട തരത്തിലുള്ള തീരുമാനങ്ങൾ എടുത്തതായും രേഖകൾ ഉണ്ടാക്കുന്നു. എന്നിട്ടും നാരായണൻ സജീവ ജനപങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുന്നു.

അധികാരവികേന്ദ്രീകരണം ഫലത്തിൽ അഴിമതി വികേന്ദ്രീകരണമായി മാറിയെന്ന് കാണിക്കുന്ന ഔദ്യോഗിക-അക്കാദമിക പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമധികം തദ്ദേശ ഭരണസ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന കക്ഷിയുടെ നേതാക്കൾ അതെക്കുറിച്ച് മൌനം പാലിക്കുന്നത് നിഷ്കളങ്കത കൊണ്ടാണെന്ന് കരുതാനാവില്ല. വലിയ തോതിൽ മണ്ണുവാരൽ നടക്കുന്ന ഒരു സ്ഥലം ഈ ലേഖകൻ ഈയിടെ സന്ദർശിക്കാനിടയായി. അടുത്തിടെ ഭരണകക്ഷിയിൽ വലിയ പൊട്ടിത്തെറിയുണ്ടായ സ്ഥലം കൂടിയാണത്. ഒരു ലോഡ് മണ്ണ് കടത്തുമ്പോൾ ഭരണ കക്ഷിക്ക് അഞ്ചു രൂപയും രണ്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ഓരോ രൂപ വീതവും മണൽ മാഫിയ കൊടുക്കുന്നുണ്ടെന്നാണ് അവിടെ കേട്ടത്. ഒരു ദിവസം 6,000 ലോഡ് വരെ കയറ്റി അയക്കാറുണ്ടത്രെ. ഇത് ശരിയാണെങ്കിൽ പാർട്ടിയുടെ പ്രതിദിന വരുമാനം 30,000 രൂപ, ഒരു ജനപ്രതിനിധിയുടേത് 6,000 രൂപ. ഇത് ഒരു സ്ഥലത്തെ കണക്ക്.

തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരമില്ല. അതുകൊണ്ടുതന്നെ അവിടെ കക്ഷിരാഷ്ട്രീയത്തിനു പ്രസക്തിയില്ല. കേന്ദ്രം ആവിഷ്കരിച്ചതും സംസ്ഥാനം വഴി ധനസഹായം നൽകുന്നതുമായ പദ്ധതികളുടെ നടത്തിപ്പാണ് അവയുടെ പ്രധാന ചുമതല. പല പദ്ധതികളിളും കൂട്ടിച്ചേർക്കലുകൾ നടത്തി അവ തങ്ങളുടെ സ്വന്തം പരിപാടിയാണെന്ന ധാരണ പരത്താൻ എൽ.ഡി.എഫ്. സർക്കാരിനായിട്ടുണ്ട്. ഇതിനെ ഒരപരാധമായി കാണേണ്ടതില്ല. നേരേമറിച്ച് ആ പ്രക്രിയയിലൂടെ കൂടുതൽ ആളുകൾക്ക് കൂടുതൽ ഗുണം എത്തിക്കാൻ കഴിയുന്നെങ്കിൽ അത് സ്വാഗതം ചെയ്യേണ്ടതാണ്. എന്നാൽ പദ്ധതി നടത്തിപ്പിൽ പ്രകടമായിട്ടുള്ള അഴിമതിയും രാഷ്ട്രീയ പക്ഷപാതവും അവസാനിപ്പിച്ചേ മതിയാകൂ. അതിന് തദ്ദേശഭരണത്തെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മുക്തമാക്കണം. ഈ തെരഞ്ഞെടുപ്പ് അതിനുള്ള അവസരം നൽകുന്നു. ജനങ്ങൾ അത് പ്രയോജനപ്പെടുത്തുന്നത് തടയാനാണ് അവരുടെ മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ലെന്ന് പ്രചരിപ്പിക്കുന്നത്.

കേരളത്തിൽ ഏറ്റവും വിപുലമായ അടിത്തറയും ഉറച്ച ചട്ടക്കൂടുമുള്ള പാർട്ടി സി. പി. എം. ആണ്. ധാർഷ്ട്യത്തിന്റെ ഭാഷയിലൂടെ പാർട്ടി നേതാക്കൾ ജനങ്ങളെയും മാധ്യമങ്ങളെയും വിവിധ വ്യവസ്ഥാപിത സംവിധാനങ്ങളെയും അക്കാര്യം ഇടയ്ക്കിടക്ക് ഓർമ്മിപ്പിക്കാറുമുണ്ട്. അതേസമയം ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കുന്ന കക്ഷിയെന്ന നിലയിൽ അതിനെ നിയന്ത്രിക്കാൻ ജനങ്ങൾക്ക് കഴിയും. അതിനു തെളിവാണ് വി.എസ്. അച്യുതാനന്ദന്റെ മുഖ്യമന്ത്രിപദം. അദ്ദേഹം മത്സരിക്കേണ്ടെന്ന തീരുമാനം പാർട്ടി മാറ്റിയതും തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതും ജനവികാരം മാനിച്ചാണ്. പോളിറ്റ്ബ്യൂറോയിൽ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ അച്യുതാനന്ദനെ മുഖ്യമന്ത്രിപദത്തിൽ നിലനിർത്താൻ നേതൃത്വത്തെ നിർബന്ധിതരാക്കുന്ന ജനങ്ങൾ നിസ്സഹായരാകുന്നതെങ്ങനെ?.മനസു വെച്ചാൽ പുതിയ പഞ്ചായത്ത് സമിതികൾ എന്തിനാവണം, എന്തിനാവരുതെന്ന് നേരിട്ട് തീരുമാനിക്കാൻ അവർക്കാകും.
--ബി.ആർ.പി. ഭാസ്കർ

Friday, October 22, 2010

ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കുവേണ്ടി

കേരളത്തിലെ ഇടത് വലത് മുഖ്യധാരാ മുന്നണികളുടെ സങ്കുചിത രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെട്ട് ജനങ്ങളെ അവഗണിക്കുന്ന ഭരണ വികസന സമീപനത്തിനെതിരെ നാട് ഒരു ബദലിനെ തേടുകയാണ്. അഴിമതി നമ്മുടെ ഭരണ നിർ‌വഹണത്തിന്റെ മുഖമുദ്രയാണ്. അധികാരവികേന്ദ്രീകരണം നമുക്ക് അഴിമതിയുടെ വികേന്ദ്രീകരണമായിരുന്നു. സ്വന്തക്കാർക്ക് ആനുകൂല്യം നൽകലാണ് നമ്മുടെ നാട്ടിലെ പ്രധാനമായ ഭരണ പ്രവർത്തനം. ദുർഭരണത്തിന് വിലക്കൊടുക്കേണ്ടിവരുന്നത് ഇവിടത്തെ സാധാരണ മനുഷ്യർ മാത്രമല്ല, നാം നില്ക്കുന്ന, നമ്മെ നിലനിർത്തുന്ന മണ്ണും അതിലെ പുഴകളും, മലകളും, സൂക്ഷ്മജീവികളും കൂടിയാണ്. തകർക്കപ്പെടുന്ന കുന്നുകളുടെയും നികത്തപ്പെടുന്ന വയലുകളുടെയും നിലവിളികള് നാട്ടില് ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയമേ ആവാതിരിക്കുന്നത് ആപല്ക്കരമാണ്. സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടി മത-ജാതി വികാരങ്ങൾ ഇളക്കി വിടാൻ പലരും ശ്രമിക്കുകയാണ്. ഇത് ഒരു ജനത എന്ന നിലക്കുള്ള നമ്മുടെ ഒരുമയെ തകർക്കുന്നതിനും നാട്ടിൽ അസമാധാനം സൃഷ്ടിക്കുന്നതിനും മാത്രമേ സഹായിക്കുകയുള്ളൂ. സാമുദായിക, പാർട്ടി താല്പര്യങ്ങൾക്കതീതമായി ജനങ്ങളെ പരിഗണിക്കുന്ന പുതിയ രാഷ്ട്രീയം ഉയർന്നുവരേണ്ടതുണ്ട്. അധികാരത്തിൽ നിന്ന് അകറ്റിനിർത്തപ്പെട്ട, വിഭവങ്ങൾ നിഷേധിക്കപ്പെട്ട, അടിസ്ഥാന ദുർബല ജനവിഭാഗങ്ങൾക്ക് അധികാരത്തിലും വിഭവങ്ങളിലും ന്യായമായ പങ്കാളിത്തം ലഭിച്ചേ മതിയാവൂ. ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു ജനപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്ന ജനകീയ കൂട്ടായ്മകളുടെ സ്ഥാനാർത്ഥികളെ ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് വേണ്ടി വിജയിപ്പിക്കണമെന്ന് ഞങ്ങൾ പ്രബുദ്ധരായ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു.

.സച്ചിദാനന്ദൻ (കവി,എഴുത്തുകാരൻ)
.കെ.ജി.ശങ്കരപ്പിള്ള (കവി)
.ബി.ആർ.പി. ഭാസ്കർ (മനുഷ്യാവകാശ പ്രവർത്തകൻ)
.ഡോ: എൻ.എ. കരീം
(കേരള യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ)
സി. ആർ. നീലകണ്ഠൻ (ആക്റ്റിവിസ്റ്റ്)
.കാനായി കുഞ്ഞിരാമൻ (ശില്പി)
.സിവിക് ചന്ദ്രൻ (എഴുത്തുകാരൻ, ആക്റ്റിവിസ്റ്റ് )
.റവ:ഫാ:പ്രഫ: എബ്രഹാം ജോസഫ്. അഞ്ചൽ,കൊല്ലം.
.പൊക്കുടൻ (കണ്ടൽ പരിസ്ഥിതിപ്രവർത്തകൻ)
.കെ.കെ.കൊച്ച് (എഴുത്തുകാരൻ)
.ളാഹ ഗോപാലൻ (ചെങ്ങറ ഭൂസമരം)
.പ്രൊഫ: കെ.എം. ബഹാവുദ്ദീൻ
(റിട്ട:പ്രൊ;വൈസ് ചാൻസലർ,അലിഗഡ് യൂണിവേഴ്സിറ്റി)
.പി.എ. പൗരൻ (സംസ്ഥാന ജന:സെക്ര: പി.യു.സി.എൽ)
.പ്രൊഫ:അരവിന്ദാക്ഷൻ
(റിട്ട:പ്രിൻസിപ്പൽ, മഹാരാജാസ് കോളേജ്, എറണാകുളം)
.ഒ. അബ്ദുറഹ്മാൻ (എഡിറ്റർ, മാധ്യമം ദിനപത്രം)
.വിളയോടി വേണുഗോപാൽ
(പ്ലാച്ചിമട കൊക്കാകോള വിരുദ്ധ സമര സമിതി)
.എം.എ റഹ്മാൻ (എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ)
.ലീലാ കുമാരിയമ്മ
(എൻഡോസൾഫാൻ വിരുദ്ധ സമരം,കാസർഗോഡ്)
.കെ.പി. ശശി (ഡോക്യുമെന്ററി സംവിധായകൻ)
.അഡ്വ:ആർ.കെ.ആശ (മനുഷ്യാവകാശ പ്രവർത്തക)
.ജോയ് കൈതാരത്ത് (ഡയറക്ടർ, മനുഷ്യാവകാശ കേന്ദ്രം)
.അഡ്വ: ജയകുമാർ
(ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി)
.ഡോ: സി.എം. ജോയ്. (പരിസ്ഥിതി പ്രവർത്തകൻ)
.ശൈഖ് മുഹമ്മദ് കാരക്കുന്ന് (ഗ്രന്ഥകാരൻ)
.ഡോ: എം.ബി മനോജ് (കവി,എഴുത്തുകാരൻ)
.പി.ഐ. നൗഷാദ്. (സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്)
.പി. ബാബു രാജ് (ഡോക്യുമെന്ററി സംവിധായകൻ)
.സലീന പ്രക്കാനം (ചെങ്ങറ സമര നായിക)
.കെ.കെ.ബാബുരാജ് (എഴുത്തുകാരൻ)
.എസ്.സുശീലൻ (ജന:സെക്ര: ജനാധിപത്യ വികസന സമിതി)
.ടി.എസ്. പണിക്കർ (ചെയർമാൻ,ജനജാഗ്രതാ സമിതി,എൻ.എച്ച് സംരക്ഷണ സമിതി, പാലക്കാട്)
.അമ്പലത്തറ കുഞ്ഞികൃഷ്ണൻ മാസ്റ്റർ
(ജില്ലാ പരിസ്ഥിതി സമിതി, കാസർഗോഡ്)
.ഇന്ത്യന്നൂർ ഗോപി മാസ്റ്റർ (ഭാരതപ്പുഴ സംരക്ഷണ സമിതി)
.അനിൽ കാതിക്കൂടം
(കാതിക്കൂടം എൻ.ജി.എൽ.ആക്ഷൻ കൗൺസിൽ)
.സി.എഫ്. ജോർജ് മാസ്റ്റർ, ഗുരുവായൂർ (പരിസ്ഥിതി പ്രവർത്തകൻ)
.എൻ.യു. ജോൺ (ജനകീയ കൂട്ടായ്മ, തൊടുപുഴ)
.മുതലാംതോട് മണി (ജന:സെക്ര: ദേശീയ കർഷക സമാജം)
.പി.എ. നാസിമുദ്ദീൻ (കവി)
.വി.സി. സുനിൽ (എഡിറ്റർ,സൈന്ധവ മൊഴി മാസിക)
.ഇ.എ. ജോസഫ് (ഡയരക്ടർ,കേരള മദ്യ വിമോചന സമിതി)
.പി.ഡി. ജോസ് (ജനകീയ കൂട്ടായ്മ, തൊടുപുഴ)
.അഡ്വ:മാത്യൂ തോമസ് (ജന:സെക്ര: പാലക്കാട് സൗഹൃദ വേദി)
.വി.എസ്. രാധാകൃഷ്ണൻ (എസ്.സി,എസ്.ടി സംവരണ മുന്നണി സംസ്ഥാന ചീഫ് കോർഡിനേറ്റർ)
.ആർ.പ്രകാശ് (ഡയറക്ടർ,ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ദലിത് ആദിവാസി ഡവലപ്മെന്റ് സ്റ്റഡീസ്
.രേഖാ രാജ് (പഞ്ചമി വിമൻ കളക്ടീവ്)
.പി.സി. ഭാസ്കരൻ (പ്രതിചിന്താ, പാലേരി)
.വയലാർ ഗോപകുമാർ (പത്രപ്രവർത്തകൻ)
.കെ.പി.സുകുമാരൻ അഞ്ചരക്കണ്ടി (ബ്ലോഗർ)
.സുന്ദർ രാജൻ (പരിസ്ഥിതി പ്രവർത്തകൻ)
.ശിവരാജൻ കോട്ടൂർ (അരിവാൾരോഗി കൂട്ടായ്മ, വയനാട്)
.കെ.സി ശ്രീകുമാർ (പ്രസി: തീര സംരക്ഷണ സമിതി).

ജനകീയം വെബ്‌സൈറ്റ്

കേരളത്തിലൂടനീളം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനകീയ വികസന മുന്നണി ജനകീയം എന്ന പേരിൽ സ്ഥാപിച്ചിട്ടുള്ള വെബ്‌സൈറ്റിൽ തെരഞ്ഞെടുപ്പു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.

ലിങ്ക്: http://www.janakeeyam.in/

Monday, October 18, 2010

കാതികൂടം സമര സമിതിയുടെ സ്ഥാനാർത്ഥികൾ

കാതികൂടത്തെ ജെലാറ്റിൻ ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരായ സമരത്തിന് നേതൃത്വം നൽകുന്ന കർമ്മ സമിതി കാടുകുറ്റി പഞ്ചായത്തിലെ നാല് വാർഡുകളിലും ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളതായി എൻ‌ജിൽ ആക്ഷൻ കൌൺസിൽ അറിയിച്ചിരിക്കുന്നു.

പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികൾ:

കാതികൂടം : ഷെർലി പോൾ
ചെരളക്കുന്നു: സിന്ധു സന്തോഷ്
ചെറുവാളൂർ: അംബികാ രാജൻ
കുളയിടം: രേഖാ വിനയൻ

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി: റോസി തേലേക്കാട്ട്

Friday, October 15, 2010

ജനകീയ വികസന മുന്നണിയുടെ കരുനാഗപ്പള്ളി നഗര വികസനരേഖ

കരുനാഗപ്പള്ളിയിലെ ജനങ്ങളുടെ മുന്നിൽ നഗര വികസനം സംബന്ധിച്ച് ജനകീയ വികസന മുന്നണി ഒരു പരിപാടി
വെച്ചിരിക്കുന്നു. അതിന്റെ പൂർണ്ണ രൂപം ചുവടെ കൊടുക്കുന്നു:

1. കരുനാഗപ്പള്ളിയുടെ ചിരകാല സ്വപ്നമായ സ്വകാര്യ ബസ്റ്റാന്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ മാറിമാറി ഭരിച്ചവരുടെ അനാസ്ഥയും വികസന കാഴ്ച്ചയില്ലായ്മയും മൂലം ഇനിയും സാധിച്ചിട്ടില്ല. സ്വകാര്യ ബസ്റ്റാന്റ് സ്ഥാപിക്കാന്‍ മുന്‍കൈ പ്രവര്‍ത്തനം നടത്തും.

2. ചാറ്റല്‍മഴക്കാലത്തു പോലും കരുനാഗപ്പള്ളി മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പൊരുകുന്ന നിലയിലാണ്. വേണ്ടത്ര ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും ഉള്ളവ ഉപയോഗശൂന്യവുമായ നിലയിലുമാണ്. വേണ്ടത്ര ഓടകള്‍ വര്‍ദ്ധിക്കുകയും, ഉപയോഗശൂന്യമായവ പുനര്‍നിര്‍മിക്കുകയും ചെയ്യും.

3. കരുനാഗപ്പള്ളി മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളിലെ തരിശായിക്കിടക്കുന്ന നെല്‍പ്പാടങ്ങള്‍ ഇരുപ്പുകൃഷിക്ക് അനുയോജ്യമാക്കിത്തീര്‍ക്കാനുള്ള നടപടി കൈക്കൊള്ളും.

4. തകര്‍ന്നു കിടക്കുന്ന ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കും.

5. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ സമഗ്രമായ കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും.

6. മുനിസിപ്പല്‍ പരിധിയിലെ പട്ടികജാതി-വര്‍ഗ്ഗക്കാരുടെയും പിന്നോക്ക സമുദായക്കാരുടെയും അവശ ജനവിഭാഗങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കും.

7.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തല വികസനത്തിനും അദ്ധ്യയന മികവിനുമുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും.

8. കരുനാഗപ്പള്ളിക്കാരുടെ കായിക വിദ്യാഭ്യാസത്തിനും വികസനത്തിനും കളിക്കളങ്ങളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കും. നീന്തല്‍ പരിശീലനത്തിന് പ്രത്യേക ഊന്നല്‍ നല്‍കും.

9. നഗര സൗന്ദര്യവല്‍ക്കരണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കും.

10. നിലവിലുള്ള കൃഷികളുടെ വികസനത്തിനും പരിപോഷണത്തിനുമായി കാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി കര്‍ഷകരെ രംഗത്തു പിടിച്ചു നിര്‍ത്തുന്നതിനായി പ്രോത്സാഹന പദ്ധതികള്‍ക്ക് രൂപം നല്‍കും.

11. വാടക കെട്ടിടത്തില്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍‌സ്റ്റേഷന് സ്വന്തം സ്ഥലവും കെട്ടിടവും നിര്‍മ്മിച്ചു നല്‍കും.

12. വഴിവാണിഭക്കാരെ പുനരധിവസിപ്പിച്ചുകൊണ്ട് പ്രത്യേക വാണിജ്യ സമുച്ചയം നിര്‍മിക്കും.

13. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി യുടെയും മറ്റു ഏജന്‍സികളുമായും ചേര്‍ന്ന് അനുയോജ്യമായ കാര്യങ്ങള്‍ തയ്യാറാക്കും.

14. യാത്രക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കി അത്യാധുനിക കംഫര്‍ട്ട് സ്റ്റേഷന്‍ ഠൗണില്‍ സ്ഥാപിക്കും.

15. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കൗണ്‍സിലിംഗ് ടീം രൂപീകരിക്കും.

16. വിവിധ ലഹരികള്‍ക്ക് അടിമകളായിട്ടുള്ളവരെ ചികിത്സിപ്പിച്ച് ഭേതമാക്കുന്നതിനായി ലഹരിവിമുക്ത ചികിത്സാ കേന്ദ്രം സ്ഥാപിക്കും.

17. ഹോമിയോ, ആയുര്‍വേദ, അലോപ്പതി ആശുപത്രികളുടെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

18. ഉപയോഗ ശൂന്യമായിക്കിടക്കുന്ന കമ്മ്യൂണിറ്റിഹാള്‍ നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

19. പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ തൊഴില്‍-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമായ പദ്ധതികള്‍ തയ്യാറാക്കും.

20. അംഗന്‍വാടികളുടെയും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെയും വികസനത്തിന് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും.

21. ലൈബ്രറികള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും വികസന പദ്ധതികള്‍ രൂപവത്കരിക്കും.

22. ജലപാതയോരങ്ങളെ കേന്ദ്രീകരിച്ച് വിനോദസഞ്ചാര വികസനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കും.

23. പൊതുശ്മശാനം നവീകരിച്ച് ആധുനിക സംവിധാനം ഏര്‍പ്പെടുത്തും.

24. കാന്‍സര്‍ പോലുള്ള മാറാരോഗങ്ങള്‍ ബാധിച്ച് വേദനയനുഭവിക്കുന്നവര്‍ക്ക് വേദന നിവാരണ പരിചരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

25. ദാരിദ്ര രേഖക്ക് താഴെയുള്ള ജനങ്ങളുടെ ജീവിക നിലവാരം ഉയര്‍ത്തുന്നതിനായി വിവിധ ക്ഷേമ പദ്ധതികളും പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനവും നടപ്പില്‍ വരുത്തും.

ഗ്രാമസഭാ സംവിധാനം രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചു

ബി.ആർ.പി. ഭാസ്കർ

ഗ്രാമസ്വരാജിന് ഗാന്ധിജി വലിയ പ്രാധാന്യം കല്പിച്ചിരുന്നെങ്കിലും ഭരണഘടനയിൽ അതിന് അർഹിക്കുന്ന സ്ഥാനം ലഭിച്ചില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഭാവി ഭാരതത്തെക്കുറിച്ചുള്ള ജവഹർലാൽ നെഹ്രുവിന്റെ സങ്കല്പം അദ്ദേഹത്തിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. രണ്ട്, പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകിയാൽ ദലിതർക്ക് ഗ്രാമങ്ങളിൽ നീതി ലഭിക്കില്ലെന്ന് ഭരണഘടനാ ശില്പിയായ ബാബാസാഹിബ് അംബേദ്കർ ഭയപ്പെട്ടു. ആ ഭയം അസ്ഥാനത്തായിരുന്നില്ലെന്ന് ബീഹാറും തമിഴ് നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും നിലനിൽക്കുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. ദുർബലവിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന പണം ഇടനിലക്കാർ തട്ടിയെടുക്കുന്നത് എങ്ങനെ തടയാമെന്ന ആലോചനയാണ് രാജീവ് ഗാന്ധിയെ പഞ്ചായത്ത് സംവിധാനത്തെ ഭരണഘടന ഭേദഗതി ചെയ്ത് ശക്തിപ്പെടുത്താൻ പ്രേരിപ്പിച്ചത്.

നിലവിലുള്ള നിയമം വിഭാവന ചെയ്യുന്ന ഗ്രാമസഭകളും വാർഡ് സഭകളും കീഴ്‌തട്ടുകളിൽ യഥാർത്ഥ ജനാധിപത്യം ഉറപ്പാക്കാൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ്. ജനങ്ങൾക്ക് നേരിട്ടു പങ്കെടുക്കാൻ അവകാശമുള്ള ഏക സംവിധാനമാണത്. അവിടെ ചോദ്യങ്ങൾ ചോദിക്കാൻ മാത്രമല്ല കൂട്ടായ തീരുമാനങ്ങളെടുക്കാനും ജനങ്ങൾക്ക് അധികാരമുണ്ട്. ആ സംവിധാനം കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചിരിക്കുന്നു. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ഗ്രാമ-വാർഡ് സഭകൾ കൂടാറേയില്ല. കൂടിയതായും തീരുമാനങ്ങൾ എടുത്തതായും കാണിക്കുന്ന രേഖകൾ അവർ ഉണ്ടാക്കുന്നു. ഈ ഏർപ്പാട് അവസാനിപ്പിച്ച് ജനാധിപത്യപരമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചേ മതിയാകൂ.
ലോക് സഭയും സംസ്ഥാന നിയമസഭയും പാശ്ചാത്യ ജനാധിപത്യ പാരമ്പര്യപ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്. ആ സഭകളിൽ ഭൂരിപക്ഷ പിന്തുണയുള്ള കക്ഷി (അല്ലെങ്കിൽ കൂട്ടുകക്ഷി) ഭരണകക്ഷിയാകുന്നു. ന്യൂനപക്ഷ കക്ഷി (അല്ലെങ്കിൽ കൂട്ടുകക്ഷി) പ്രതിപക്ഷമാകുന്നു. പഞ്ചായത്ത് സംവിധാനം ഭാരതീയ ജനാധിപത്യ പാരമ്പര്യത്തിൽ ഉരുത്തിരിഞ്ഞുവന്നതാണ്. പഞ്ചായത്തുകൾ ഭരണസഭകളാണ്, നിയമനിർമ്മാണ സഭകളല്ല. അവയ്ക്കുള്ളിൽ ഭരണപക്ഷ-പ്രതിപക്ഷ വിഭജനത്തിന് പ്രസക്തിയില്ല. പക്ഷെ നമ്മുടെ രാഷ്ട്രീയ കക്ഷികൾ അവരുടെ പതിവ് കളികൾ തുടരാനായി അവിടെയും അതുണ്ടാക്കിയിരിക്കുന്നു. എത്രനാൾ അത് തുടരുന്നുവോ അത്ര നാളും രാഷ്ട്രീയ കക്ഷികൾക്ക് വാദപ്രതിവാദ കോലാഹലങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കാം. എത്ര വേഗം അതവസാനിപ്പിക്കുന്നുവോ അത്രയും വേഗം നാടിനും നാട്ടാർക്കും രാഷ്ട്രീയ പക്ഷപാതിത്വത്തിൽ നിന്നും അഴിമതിയിൽ നിന്നും മോചനം ലഭിക്കും.(സിറാജ്, ഒൿടോബർ 9, 2010)

Friday, October 8, 2010

കൊല്ലം ജില്ലയിൽ ജനകീയ വികസന മുന്നണി സജീവം

കൊല്ലം ജില്ലയില്‍ ജനകീയ വികസന മുന്നണി 20 പഞ്ചായത്തുകളില്‍ നിന്ന് 47 വാര്‍ഡുകളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ 6 വാര്‍ഡുകളിലും കോര്‍പ്പറേഷനില്‍ 2 ഡിവിഷനുകളിലും ജനവിധി തേടുന്നു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ 2 ഡിവിനുകളിലും വെളിനല്ലൂര്‍ ജില്ലാ പഞ്ചായത്ത് #ിവിഷനിലും ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ബി.എസ്.പി, എം.സി.പി.യു ഐ, വെളിച്ചിക്കാല ആക്ഷന്‍ കൗണ്‍സില്‍, മറ്റ് പ്രാദേശിക സമര സമിതികള്‍ തുടങ്ങിയവ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നുണ്ട്. ചിയയിടങ്ങളില്‍ കെ.പി.എം.എസ്, വീര ശൈവ മഹാ സഭ തൂടങ്ങിയ സംഘടനകള്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

കൊല്ലം ജില്ലയില്‍ മത്സരരംഗത്തുള്ള ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍
കൊല്ലം കോര്‍പ്പറേഷന്‍
കുരിപ്പുഴ - ലിസിലി അന്‍സര്‍ , കരിക്കോട് - ബാഹിയാ ടീച്ചര്‍

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി
മുസ്ലിം എല്‍.പി.എസ്(11)- അബ്ദുല്‍ ജലീല്‍, പറങ്കിമാം മുകള്‍(12) - രജനി, വാര്‍ഡ് 24- നദീറ നാസര്‍, മാന്‍ നിന്ന വിള (29)- മുഹമ്മദ് സലീം, പണിക്കരുകടവ്് (30)- സത്യന്‍, എസ്.കെ.വി (31)- ഷാഹിന ഇസ്മായില്‍

കുളത്തൂപ്പുഴ പഞ്ചായത്ത്
മഠത്തില്‍കോണം(2)- ബാദുഷാബീവി, അമ്പലം(7)-ശ്രീലത. എസ്., ഡാലി(10)- അജയന്‍ കാണി, സാംനഗര്‍(14)- ഒ.ബിന്ദു, നെല്ലിമൂട്(15), അബ്ദുല്‍ വഹാബ്, തിങ്കള്‍കരിക്കം(16)- മുംതാസ്, ചെറുകര(20)- ജയപ്രകാശ്

ഏരൂര്‍ പഞ്ചായത്ത്

പത്തടി (11)- ഒ.ഖാലിദ്, അയിലറ -വേലപ്പന്‍ നായര്‍

അഞ്ചല്‍ പഞ്ചായത്ത്
വട്ടമണ്‍(12)- ബിന്ദുചന്ദ്രന്‍

അലയമണ്‍ പഞ്ചായത്ത്
പുത്തയം (13)- റ്റി.എ റയ്ഹാനത്ത്

കുമ്മിള്‍ പഞ്ചായത്ത്
പുതുക്കോട് - ജുബൈരിയ ടീച്ചര്‍, വട്ടത്താമര- ഹസീനകാമില്‍, സംബ്രമം- കാസിം

നിലമേല്‍ പഞ്ചായത്ത്
പുതുശ്ശേരി- ലത്തീഫാ ബീവി, മുരുക്കുമണ്‍- സീതാ സുന്ദരന്‍, ചേറാട്ടുകുഴി- ഷാഹിദ, നെടുമ്പച്ച - അബ്ദുല്‍ മജീദ്, കൈതോട്- ഉമര്‍

ചിതറ പഞ്ചായത്ത്
വളവുപച്ച- അഷ്‌റഫ്

ഇളമാട് പഞ്ചായത്ത്
തോട്ടത്തറ- പ്രസാദ്, കാരാളികോണം- ഹിലാല്‍ മുഹമ്മദ്, പൂതൂര്‍- നൗഫിദ

ഇട്ടിവ പഞ്ചായത്ത്
കീഴ്‌തോണി - അബ്ദുല്‍ സലാം

ചടയമംഗലം പഞ്ചായത്ത്
മൂലംകോട് - സലിം കൊട്ടുമ്പുറം

വെളിനല്ലൂര്‍ പഞ്ചായത്ത്
ആക്കല്‍ - സബീദാ ടീച്ചര്‍, മോട്ടോര്‍കുന്ന്- എ അബ്ബാസ്, റോഡുവിള- നജിയാ ടീച്ചര്‍, സി.വി നല്ലൂര്‍- നതീജ, നട്ടപ്പാറ - മുതാസ്, 504 - സലിം, ചെങ്കൂര്‍- നൂര്‍ജഹാന്‍, മുളയിറച്ചാല്‍- അബ്ദുല്‍ മജീദ്, മീയന- ജുബൈരിയ ഹമീദ്, ഉഗ്രന്‍കുന്ന്- ഷംസീര്‍

പത്തനാപുരം പഞ്ചായത്ത്
കാരമൂട്- നാജിഹ ടീച്ചര്‍, നടുമുരുപ്പ് - ഷൈലജ ടീച്ചര്‍, നടുക്കുന്നു തെക്ക്- അനസ്

വിളക്കുടി പഞ്ചായത്ത്
കുന്നിക്കോട് - വി.നിസാമുദ്ദീന്‍, കാര്യറ- ലൈലാ ടീച്ചര്‍

തൊടിയൂര്‍ പഞ്ചായത്ത്
പുലിയീര്‍ വഞ്ചി- മുഹമ്മദ് സാദിക്ക്

കെ.എസ്. പുരം പഞ്ചായത്ത്
പുത്തന്‍ തെരുവ്- ഷാഹിദ ഷംസുദ്ദീന്‍

ഓച്ചിറ പഞ്ചായത്ത്
മേമന- ഫാത്തിമ ടീച്ചര്‍

ക്ലാപ്പന പഞ്ചായത്ത്
പ്രയാര്‍ സൗത്ത്- സലീന

നെടുമ്പന പഞ്ചായത്ത്
മലേവയല്‍ - ഷമീര്‍ നമ്പ്യാതിയില്‍

തൃക്കോവില്‍വട്ടം പഞ്ചായത്ത്
കണ്ണനല്ലൂര്‍ ടൗണ്‍- യൂസുഫ് കുഞ്ഞ്

തൃക്കടവൂര്‍ പഞ്ചായത്ത്
വെട്ടുവിള- റഹീമത്ത്

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
ഓയൂര്‍- ഹൈറുന്നിസ, അമ്പലംകുന്ന് - ആയിഷ

ജില്ലാപഞ്ചായത്ത് വെളിനല്ലൂര്‍ ഡിവിഷന്‍
ഡോ. കെ.എ വാഹിദ്

Tuesday, October 5, 2010

നാടകം: പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനകീയ ഐക്യവേദി മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടിയുടെ അടിസ്ഥാനത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന ഒരു നാടകം സിവിക് ചന്ദ്രൻ രചിച്ചിട്ടുണ്ട്. തെരുവു നാടകത്തിന്റെ രൂപത്തിലുള്ളതാണിത്. അതിന്റെ പൂർണ്ണ രൂപം താഴെ കൊറുക്കുന്നു

സിവിക് ചന്ദ്രൻ

കാണികൾക്ക് നടുവിൽ അല്പം ഉയർന്ന പീഠത്തിലിരുന്ന് തട്ടിയും മുട്ടിയും ഊതിയും ഒരു തട്ടാൻ. പേടിച്ചിട്ടെന്ന പോലെ തട്ടാൻ എന്തുചെയ്യുന്നുവെന്ന് പാളി നോക്കുന്നൊരു പൂച്ച. ഓരോ തവണയും പൂച്ചയെ ഓടിക്കുന്ന തട്ടാൻ.
ഈ അരങ്ങിലേക്ക് കഴുത്തിൽ വിവിധ പാർട്ടികളുടെ ചിഹ്നങ്ങളുമായി കുറച്ച് പേർ. Stylized ചലനങ്ങൾ. ആൾക്കൂട്ടത്തിനിടയിലൂടെ പല ഭാഗത്തു നിന്നായി.


കോറസ്:
വരവായി, ഞങ്ങൾ വരവായി,
വരാതെ എന്ത് ചെയ്യാൻ!
അതിനാൽ വരവായി, ഞങ്ങൾ വരവായി.
ജനാധിപത്യത്തിലെ ഏറ്റവും വലിയ ന്യൂയിസൻസ്
ഈ ജനങ്ങളാണ്.
അയ്യഞ്ചു കൊല്ലം കൂടുമ്പോൾ
എല്ലാ എമ്പോക്കികളേയും കഴുവേറികളേയും
വിറകു വെട്ടികളേയും വെള്ളം കോരികളേയും
അണ്ടനേയും അടകോടനേയും
കാലു തൊട്ടു തൊഴണമല്ലോ,
വിലയേറിയ വോട്ടിനുവേണ്ടി കൈ കൂപ്പി
യാചിക്കണമല്ലോ. ജനാധിപത്യത്തിലെ
മഹാ ന്യൂയിസൻസ് ഈ ജനങ്ങളാണ്,
ജനംസ്, ഈ ജനപ്പരിഷകൾ!

തട്ടാൻ-പൂച്ച സീൻ വീണ്ടൂം

കോറസ് (കൌതുകത്തോടെ ശ്രദ്ധിച്ച ശേഷം):
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?
ഹഹഹ ഹഹഹ
+++++++++++++

ഇപ്പോൾ അതേ ഉയർന്ന പീഠത്തിൽ ഇണ്ടനമ്മാവൻ. അമ്മാവൻ തന്റെ ഇടംകാലിലെ ചെളി വലങ്കാലിലേക്കും വലംകാലിലെ ചെളി ഇടങ്കാലിലേക്കും മാറിമാറി തേയ്ക്കുകയാണ്. ഒരുതരം ചവിട്ടു നാടകം കളി. ആൾക്കൂട്ടത്തിൽ നിന്ന് ഓരോരുത്തരായി വന്ന് കൌതുകത്തോടെ നോക്കിനിൽക്കുന്നു.


പഴയ അതേ കോറസ്. കഴുത്തിലണിഞ്ഞിരുന്ന ചിഹ്നങ്ങൾ ഇപ്പോൾ ഇല്ല. പറ്കരം പല നിറത്തിലുള്ള തലേക്കെട്ടുകൾ. (നെറ്റിയിൽ പല നിറത്തിലുള്ള റിബ്ബണുകളായാലും മതി).


കോറസ്:

ഇണ്ടനമ്മാവൻ തന്റെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും
വലങ്കാലിലെ ചെളീ ഇടങ്കാലിലേക്കും
പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ വലങ്കാലിലെ ചെളി
ഇടങ്കാലിലേക്കും പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ ….

പാട്ടിനനുസരിച്ച് ഇണ്ടനമാവൻ തനി കാരിക്കേച്ചർ കഥാപാത്രമാകുന്നു.

കോറസ് (തിരിഞ്ഞ് കാണികളോട്):

ഇതല്ലേ നാം ചെയ്തുകൊണ്ടിരിക്കുന്നത്, നാട്ടാരേ, വോട്ടർമാരേ? ഈ കവിതയിലെ ഇണ്ടനമ്മാവനല്ലേ നാം? ഇടംകലിലെ ചെളി വലംകാലിലേക്കും വലംകാലിലെ ചെളി ഇടംകാലിലേക്കും… അഞ്ചു കൊല്ലം എൽ.ഡി.എഫ്. പിന്നെ അഞ്ചു കൊള്ളം യു.ഡി.എഫ്. അഞ്ചു കൊല്ലം കോൺഗ്രസ്, അടുത്ത അഞ്ചു കൊല്ലം മാർക്സിസ്റ്റ്…ജയ്

ജയ് ഇണ്ടനമ്മാവൻ!
ഇണ്ടനമ്മാവൻ കീ ജയ്.

ഇണ്ടനമ്മാവന്റെ ചവിട്ടു നാടകം പരിഹാസ്യമായി തുടരുന്നതിനിടയിൽ കട്ട്.
++++++++++


വീണ്ടും തട്ടാൻ. പൂച്ചയെ ആട്ടി ഓടിക്കുന്ന തട്ടാൻ. പഴ കോറസ് ഇപ്പോൾ കൂമ്പൻ തൊപ്പിയുമായി സദസ്സാകുന്നു.

കോറസ്:

നട നാലും കുത്തി വീഴുന്ന പൂച്ചയല്ലേ
ഈ തട്ടാനു മുമ്പിലെന്തേ പരുങ്ങുന്നു,
പകയ്ക്കുന്നു, കിതക്കുന്നു, ഇടറുന്നു?

പൂച്ച (ഒടുവിൽ രണ്ടൂം കല്പിച്ച്): എന്റെ മൂക്കൂത്തിയാണ് തട്ടാൻ പണിയുന്നത്.
എന്റെ സ്വർണ്ണം എന്തു ചെയ്യുന്നൂ തട്ടാനെന്ന്,
കക്കുന്നുണ്ടോ തട്ടാനെന്ന്,
പണി നന്നാകുന്നുണ്ടോ മൂക്കൂത്തിയുടേതെന്ന്,
മൂക്കൂത്തിപ്പെണ്ണേ എന്ന് കാമുകൻ വിളിക്കുമ്പോൾ കുളിരു കോരേണ്ട
ഞാനല്ലാതെ മറ്റാറു നോക്കാൻ?
തട്ടാൻ പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്കാണ് കാര്യം?

കോറസ്: ശരിയാണല്ലോ, ശരിയാണല്ലോ. പൂച്ചയുടെ മൂക്കൂത്തിയാണ് തട്ടാൻ പണിയുന്നതെങ്കിൽ, പൂച്ചയുടെ സ്വർണ്ണം കൊണ്ടാണ് തട്ടാൻ തട്ടുകയും മുട്ടുകയും ചെയ്യുന്നതെങ്കിൽ, പൊന്നുരുക്കുന്നിടത്ത് പൂച്ചക്കല്ലേ കാര്യം?

പൂച്ചക്കെന്തു കാര്യം എന്ന് ചോദിക്കുന്നതെന്ത്, തട്ടാനേ? തടുന്ന ആളായതുകൊണ്ടാണോ തട്ടാനേ തട്ടാനെന്ന് പേരു കിട്ടിയത്? പൂച്ചയെ തട്ടല്ലേ, പൂച്ചയുടെ പൊന്ന് തട്ടല്ലേ. പൂച്ച്യുടെ കൺ‌വെട്ടത്തിരുന്നു വേണം തട്ടാൻ പൊന്നുരുക്കാൻ!

തട്ടാൻ (പ്രകോപിതനായി)
പൊന്നുരുക്കുന്നേടത്ത്. പൂച്ചക്കെന്ത് കാര്യം?
ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

കോറസ്:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കാണ് കാര്യം.
ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് കാര്യം.

പൂച്ചയെ കിരീടമണിയിച്ചും തട്ടാനെ തല കുനിച്ച് നടത്തിച്ചും ഒരു ഘോഷയാത്ര
+++++++


അരങ്ങിലിപ്പോൾ വീണ്ടും ഇണ്ടനമ്മാവൻ കളി. പശ്ചാത്തലത്തിൽ പഴയ ഇണ്ടനമ്മാവൻ പാട്ടും. അമ്മാവന്റെ പെടാപ്പാട് കണ്ട് പൂച്ച വിസിൽ വിളിക്കുന്നു. എല്ലാവരും കൂടെ കൂട്ട വിസിൽ.

പൂച്ച (മുന്നോട്ടുവന്ന്:)
അമ്മാവന്റെ ഈ പെടാപ്പാട് നിങ്ങൾ മരുമക്കളാരും കാണുന്നില്ലേ?
നിങ്ങൾ മരുമക്കളാരെങ്കിലും ഒരു കിണ്ടി വെള്ളവുമായി വന്ന്
അമ്മാവന്റെ കാലൊന്ന് കഴുകിക്കാത്തതെന്ത്?
ഒരു കിണ്ടി വെള്ളം പോലും കിട്ടാത്ത നാടായോ
എട്ടു മാസം മഴ പെയ്യുന്ന കേരളം?

കോറസിന്റെ തലക്ക് മുകളിലൂടെ ഒരു കിണ്ടീ വെള്ളം ഉയർന്നു വരുന്നു. കോറസ് ഇണ്ടനമ്മാവനെ വലം വെക്കുന്നു. ഓരോ തവണ വെള്ളം വീഴ്ത്താനായുമ്പൊഴേക്കും അമ്മാവൻ നിലവിളിക്കുന്നു. ഓടുവിൽ കോറസ് അമ്മാവന്റെ കാലിൽ വെള്ളം വീഴ്ത്തുകതന്നെ ചെയ്യുന്നു. അമ്മാവൻ തണുത്തു വിറയ്ക്കുന്നു. കോറസ് തങ്ങളുടെ തോലിൽ നിന്നെടുക്കുന്ന പല വർണ തോർത്തുകളാൽ അമ്മാവനെ പുതപ്പിക്കുന്നു. എല്ലാവരും കൂടി അമ്മാവനെ എടുത്തുയർത്തുന്നു.


കോറസ്:

ഇങ്ങനെയാണ് ഇണ്ടനമാവനെ
മരുമക്കൾ പഠിപ്പിക്കേണ്ടത്
ഇങ്ങനെത്തന്നെ രാഷ്ട്രീയക്കാരെ
ജനങ്ങൾ, വോട്ടർമാർ, പഠിപ്പിക്കേണ്ടതും.
രാഷ്ട്രീയക്കാർ ജനങ്ങൾ പറയ്ന്നത് അനുസരിക്കേണ്ടവരാണ്
ജനങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം രാഷ്ട്രീയം കളിക്കേണ്ടവരാണ്
യുദ്ധം നാം പട്ടാളക്കാർക്ക് വിട്ടുകൊടുക്കാറില്ല.
എവിടെ, എപ്പോൾ, ആരോട്, എങ്ങനെ യുദ്ധം
ചെയ്യണമെന്ന് തീരുമാനിക്കുന്നത്
പട്ടാളക്കാരല്ല.
രാഷ്ട്രീയക്കാർ രാഷ്ട്രീയം തൊഴിലാക്കിയ പട്ടാളക്കാരാണ്.
രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം വിട്ടുകൊടുക്കരുത്.
ഇനിമേൽ നാം ജനങ്ങൾ
രാഷ്ട്രീയം കയ്യിലെടുക്കുന്നു
നമുക്കുവേണ്ടി എന്തിന് രാഷ്ട്രീയക്കാർ ചിന്തിക്കണം?
നാം വോട്ടർമാർക്ക്, പൌരന്മാർക്ക്, ജനങ്ങൾക്കുണ്ട് തലച്ചോറ്
നാം നമ്മുടെ സ്വന്തം കൊടി ഉയർത്തുന്നു
ജനകീയ രാഷ്ട്രീയത്തിന്റെ കൊടി
നാം നമ്മുടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നു
നമ്മളിലൊരാളിനെ നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നു
അണ്ടനും അടകോടനും ഇനി നമ്മെ ഭരിക്കട്ടേ
വെള്ളം കോരിയും വിറകു വെട്ടിയും ഭരിക്കട്ടെ.

കോറസ് രണ്ട് സംഘമാകുന്നു

ഒന്നാം സംഘം:
പൂച്ചേ പൂച്ചേ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

രണ്ടാം സംഘം:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്ക് കാര്യം?

ഒന്നാം സങ്ഹം:
വോട്ടറേ, വോട്ടറേ ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

രണ്ടാം സംഘം:
ജനാധിപത്യത്തിൽ ജനങ്ങൾക്കല്ലാതെ മറ്റാർക്ക് കാര്യം?

കോറസ് അരങ്ങത്തു നിന്ന് പിന്മാറുന്നതോടെ നാടകം അവസാനിക്കുന്നു.

(നാടകാവതരണം സംബന്ധിച്ച് ഉപദേശം ആവശ്യമെങ്കിൽ സിവിക് ചന്ദ്രനുമായി ബന്ധപ്പെടുക. ഫോൺ 9633751353)

Monday, October 4, 2010

തെരഞ്ഞെടുപ്പ് കളി തുടങ്ങി

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിലെ രണ്ട് മുന്നണികൾ എല്ലാ തെരഞ്ഞെടുപ്പുകളെയുംഅവർ തമ്മിലുള്ള ഒരു രാഷ്ട്രീയ കളിയാക്കി മാറ്റിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ പ്രവണത കാണാനുണ്ട്. ഈ വിഷയം ഷാർജായിൽ നിന്നും പ്രസിദ്ധീകരിക്കുന ഗൾഫ് ടുഡെ ദിനപത്രത്തിലെ പ്രതിവാര പംക്തിയിൽ ഞാൻ പരിശോധിക്കുന്നു.

ലേഖനം Kerala Letter ബ്ലോഗിൽ വായിക്കാം.

Wednesday, September 29, 2010

കുളത്തൂപ്പുഴയിലെ ജനകീയ മുന്നണി സ്ഥാനാർത്ഥികൾ

കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിൽ ജനകീയ വികസന മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

അജയൻ കാണി (ഡാലി), ശ്രീലത (അമ്പലം വാർഡ്), കുമാരി ബിന്ദു (കുളത്തൂപ്പുഴ ഠൗൺ‍), അബ്ദുൽ വഹാബ് (നെല്ലിമൂട്), ബാദുഷാ ബീവി (മഠത്തിൽകോണം), മുംതാസ് (തിങ്കൾകരിക്കം) എന്നിവരാണ് സ്ഥാനാർത്ഥികൾ.

എല്ലാ സ്ഥാനാർത്ഥികളും സെപ്തംബര്‍ 30ന് പത്രിക സമർപ്പിക്കുമെന്ന് മുന്നണി ചെയർമാൻ സൈനുദ്ദീൻ, കൺ‌വീനർ കെ.ബി മുരളി എന്നിവർ അറിയിച്ചു.

ഏരൂർ ഗ്രാമ പഞ്ചായത്തിൽ ജനകീയ വികസന മുന്നണി

ഏരൂർ ഗ്രാമ പഞ്ചായത്ത് ജനകീയ വികസന മുന്നണി സ്ഥാനാർത്ഥിയായി പത്തടി (12ാം വാർഡ്) മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കിലയിലെ മുൻ പരിശീലകനുമായ ഒ.ഖാലിദ് മത്സരിക്കും. ഏരൂർ പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ പൊതു സമ്മതരായ സ്ഥാനാർത്ഥികളെ പിന്തുണക്കും.

ഫാ.എബ്രഹാം ജോസഫ് രക്ഷാധികാരിയും ഹലിമാബീവി കൺ‌വീനറുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. അഷ്‌റഫ് കൊടിയിൽ, അഷ്‌റഫ് ഏരൂർ, തമ്പി, ബഷീർ, അജാസ്, നാസിമുദ്ദീൻ, റുമീസ, ഏരൂർ അശോകൻ എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായിരിക്കും.

പഞ്ചായത്തിലെ മാതൃകാ വാർഡായി പത്തടി വാര്‍ഡിനെ മാറ്റുക, വികസന പദ്ധതികളുടെ മൂല്യവർദ്ധിത വിനിയോഗം, വികസന പ്രവർത്തനങ്ങളിൽ ജനകീയ മോണിറ്ററിംഗ്, പലിശ രഹിത മൈക്രോഫൈനാൻസിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തൽ, സ്ത്രീശാക്തീകരണത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രത്യേക പദ്ധതി, പെൺ‌കുട്ടികള്‍ക്കായി കരിയർ ഗൈഡൻസ്, വാർഡിനെ ലഹരിമുക്തമാക്കാനുള്ള ജനകീയ പരിപാടി എന്നിവയാണ് ജനകീയ വികസന മുന്നണി ഏരൂർ പഞ്ചായത്തിൽ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.
--സജീദ് ഖാലിദ്

Monday, September 27, 2010

വെളിച്ചിക്കാല ആക്ഷൻ കൌൺസിലിന്റെ പിന്തുണയോടെ ജനകീയ മുന്നണി

കൊല്ലം: നെടുമ്പന ഗ്രാമപഞ്ചായത്തിൽ വെളിച്ചിക്കാല ആക്ഷൻ കൌൺസിലിന്റെ പിന്തുണയോടെ ജനകീയ മുന്നണി രൂപീകരിച്ചു. വെളിച്ചക്കാല മലേവയൽഎട്ടാം വാര്‍ഡില്‍ നിന്ന് മത്സരിക്കും. നെടുമ്പന ഗ്രാമപഞ്ചായത്തിൽ പ്രാതിനിധ്യം വഹിക്കുന്ന രാഷ്ട്രീയ പ്രതിനിധികളുടെ നിരന്തരമായ വഞ്ചനയാണ് ഇത്തരമൊരു ജനകീയ മുന്നണി രൂപീകരണത്തിന് വഴിയായത്.

ഗ്രാമപഞ്ചായത്തിന്റെ നീതിപൂർവവും സന്തുലിതവുമായ വികസനമാണ് ജനകീയ മുന്നണി ലക്ഷ്യം വെക്കുന്നത്. ജനപക്ഷ വികസനം, വികസനഫണ്ടുകളുടെ മൂല്യവർദ്ധിത വിനിയോഗം, കാർഷിക മേഖലയുടെ പുത്തനുണർവ്, ഗ്രാമസഭകളുടെ അന്തസത്ത തിരിച്ചുകൊണ്ടുവരൽ എന്നിവയിലൂടെ ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുകയാണ് ജനകീയമുന്നണിയുടെ ഉദ്ദേശം. ജനകീയ പ്രശ്‌നങ്ങളിൽ പുറംതിരിഞ്ഞുനില്‍ക്കുന്ന ഗ്രാമപഞ്ചായത്തിന്റെ സമീപനങ്ങളെ തിരിത്തിക്കുവാൻ ജനകീയമുന്നണി ഇടപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വെളിച്ചിക്കാല എട്ടാം വാർഡിൽ ഷമീർ നമ്പ്യാതിയിലാണ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ അമ്പത്തൊന്നംഗ ജനകീയ തെരഞ്ഞെടുപ്പു കമ്മറ്റി രൂപീരിച്ചിട്ടുണ്ട്. കമ്മറ്റി ഭാരവാഹികളായി റഹീം, നാസർ(ചെയർമാൻ) ഫസിലുദ്ദീൻ (കൺ‌വീനർ‍), ജലീൽ ചെമ്പടം(ട്രഷറർ) ഷെഫീഖ്, സലീം(പ്രചരണ കൺ‌വീനർ) എന്നിവരെയും തെരഞ്ഞെടുപ്പ് കോ-ഓഡിനേറ്ററായി കെ.സജീദിനെയും തെരഞ്ഞെടുത്തു.

ജനകീയ മുന്നണി സ്ഥാനാർത്ഥി ഒക്‌ടോബർ ഒന്നിന് പത്രിക സമർപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ സലീം അമാനി അറിയിച്ചു.

Friday, September 24, 2010

കുളത്തൂപ്പുഴ പഞ്ചായത്തിലും ജനകീയ വികസന മുന്നണി നിലവിൽ വന്നു

“കുളത്തൂപ്പുഴ പഞ്ചായത്ത് ജനങ്ങLഭരിക്കട്ടെ“ എന്ന മുദ്രാവാക്യം അലയടിച്ച വേദിയിൽ കുളത്തൂപ്പുഴ പഞ്ചായത്ത് ജനകീയ വികസന മുന്നണി പ്രഖ്യാപനം മുന്നണി പതാക കൺ‌വീനർ കെ.ബി മുരളിക്ക് കൈമാറിക്കൊണ്ട് ഫാദർ എബ്രഹാം ജോസഫ് നിർവഹിച്ചു.

പഞ്ചായത്തിൽ നിരവധി സാമൂഹ്യ പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട സുമനസ്സുകളുടെ കൂട്ടായ്മ എന്ന നിലയിൽ കുളത്തൂപ്പുഴ പഞ്ചായത്തിൽ പുതുയുഗപ്പിറവിക്ക് വഴിതെളിക്കാൻ പോന്ന ചരിത്രമുഹൂർത്തമാകും ഈ മുന്നണിയുടെ രൂപീകരണമെന്ന് ഫാ. എബ്രഹാം ജോസഫ് പ്രസ്താവിച്ചു.

രണ്ടായിരത്തിലധികം പുറം പോക്ക് നിവാസികൾ, കല്ലട പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട് 30 വർഷത്തിലധികമായി പട്ടയം ലഭിക്കാത്തവർ, വൈദ്യുതിയും വിദ്യാഭ്യാസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് വനത്തിനുള്ളിൽ ഒറ്റപ്പെട്ട റോസ്മല നിവാസികളായ 400ലധികം കുടുംബങ്ങൾ തുടങ്ങി നരകയാതന പേറുന്ന നിരവധി ജനങ്ങളുള്ള കൊല്ലം ജില്ലയിലെ ഈ മലയോര പഞ്ചായത്തിൽ ഇത്രയും കാലം മാറി മാറി ഭരിച്ചവർ എന്തെടുക്കുകയായിരുന്നുവെന്ന് ചടങ്ങിൽ മുന്നണിയുടെ നയപ്രഖ്യാപനം നടത്തിയ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സജീദ് ചോദിച്ചു. പൊതുവായ ജനകീയ കൂട്ടായ്മയിലൂടെ വികസനപ്രവർത്തനങ്ങൾ മൂല്യ വർദ്ധിതമായി നടപ്പാക്കുക, സ്ത്രീ പങ്കാളിത്തത്തിലൂടെ സ്ത്രീ ശാക്തീകരണം, വിഭവവിതരണത്തിലെ നീതി, മദ്യ മയക്ക് മരുന്ന മാഫിയകൾക്കെതിരെയുള്ള പൊതുവായ സമരം, ഗ്രാമ സ്വരാജിന്റെ അന്ത:സത്ത നില നിർത്തുന്ന പഞ്ചായത്ത് തുടങ്ങിയവയാണ് മുന്നണി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ.

മുന്നണി ചെയർമാൻ സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ഒ.ഖാലിദ്, മുന്നണി നേതാക്കളായ ഏരൂർ അശോകൻ, പ്രകാശൻ, രാജേന്ദ്ര പ്രസാദ് , ബാദുഷാ ബീവി, വിലാസിനി എന്നിവര്‍ സംസാരിച്ചു. അബ്ദുൾ വഹാബ് കൃതജ്ഞത പറഞ്ഞു.

കുളത്തൂപ്പുഴ പഞ്ചായത്തിലെ 20 വാർഡുകളിലൂടെ നടത്തിയ സന്ദേശ പ്രയാണ ജാഥ കെ.ബി മുരളി നയിച്ചു.

Wednesday, September 22, 2010

അധികാരത്തിലും ആർഭാടത്തിലും അഭിരമിക്കുന്ന മന്ത്രിമാർ

നമ്മുടെ പല മന്ത്രിമാരും സ്വർണ്ണത്തിലും പബ്ലിസിറ്റിയിലും അധികാരത്തിലും ആർഭാടത്തിലും അഭിരമിക്കുന്നവരാണെന്ന് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ.

ജീവിതശൈലി വരുമാനത്തിനു മുകളിലാകുമ്പോൾ അഴിമതി അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അധികാരപ്രമത്തത തലയ്ക്ക് പിടിക്കുന്ന ആകർഷണമാണെന്നും.

സമൂഹത്തിൽ വലിയ പാഴ്‌ചെലവും ഗുരുതരമായ ദാരിദ്ര്യവും നിലനിൽക്കുന്നു. സമ്പദ് വ്യവസ്ഥ തകരുന്നു. ഇവിടെ നടക്കുന്നത് വികസനമല്ല

അങ്ങനെ പോകുന്നു ജ. കൃഷ്ണയ്യരുടെ വിമർശനം.

അതിലളിതമായ രീതിയിൽ മകളുടെ വിവാഹം നടത്തിയ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തെ ഒരു മാതൃകയായി എടുത്തുകാട്ടിക്കൊണ്ട് ദ് ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കൃഷ്ണയ്യരുടെ ഈ വിലയിരുത്തൽ.

ലേഖനത്തിന്റെ പൂർണ്ണരൂപം ചുവടെ (മുകളിൽ കൊടുത്തിട്ടുള്ള വിവരം അടങ്ങുന്ന ഭാഗം ഇറ്റാലിക്സിൽ)

A model wedding gift

V.R. Krishna Iyer

________________________________________
A Minister sets a glittering example of simplicity and integrity in public life.
________________________________________

Benoy Viswom, Minister for Forest, recently ‘celebrated' his daughter's marriage. An inter-caste marriage, Hindu-Muslim. It adds up to more than a hundred lectures on secularism. People judge you not by your words, but deeds.

An honest socialist-secularist is a rarity. Mr. Viswom is one such person. In a poor country where many people go hungry, extravagant celebrations of weddings amount to delinquency.

Simplicity is sometimes difficult to practise. Yet, a Minister has set a glorious example of organising a matrimonial function — but inviting none. He informed me about it, but added: “Don't bother to come, the invitation is for information.”

Mr. Viswom's wife is a Christian. Religion, whatever the theological implications, does not divide humanity. Atheists have no caste.

Even those who have faith in religion must realise that there is only one God, worshipped in different names. Swami Vivekananda told us that every religion is the manifestation of divinity that is already in every person.

The power that creates and destroys is the same, whatever your religion.

In this sense, to me, Mr. Viswom represents a model human being, truly reflecting Sri Narayana Guru's teachings. Whatever your religion, man must be good. I recalled attending the wedding of former Chief Minister C. Achutha Menon's son. No feast, no pomp, no rituals. A cup of sweet drink, and a ‘thank you.' Mr. Viswom has excelled Achutha Menon. Even E.M.S. Namboodiripad held his son's wedding in Guruvayur, and his wife, Arya Antharjanam, a fine lady, was wearing a small quantity of gold.

No gold glittered at Mr. Viswom's daughter's wedding. This is social justice. Because dowry, gold ornaments, borrowing for celebrations, a rich feast, a large number of invitees and music, all on a large scale by poor people, ultimately ends in tragedy.

How I wish at least the communists adopted the model. I regard him a model hero, as a true patriot, a wonder in a society ruined by freebooting ways. This nation must copy him. He is a marvel of simplicity, not only in matters of matrimony but in everyday life as well.

Today many of our Ministers revel in gold and publicity, power and lavish ways of life. Corruption is inevitable when your lifestyle exceeds your income. Authoritarianism is an intoxicating attraction.

Gross waste and grievous poverty, side by side in the same society, break up its integrity. Yet, our economy collapses because of abundance in explosion into profusion and self-aggrandisement, abetted by affectation and vanity. This is not development.


Gandhiji said: “The Gandhian concept of development rejected the idea that it should aim primarily at the creation of material wealth or the satisfaction of insatiable, endlessly multiplied needs.”

“Insofar as we have made the modern materialistic craze our goal,” he wrote further, “so far are we going downhill in the path of progress.”

Tuesday, September 21, 2010

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.

ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.

കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? -- ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?

മാധ്യമം ആഴ്ചപ്പതിപ്പ് 2010 സെപ്‌തംബർ 20ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച “ജനങ്ങളുടെ മാനിഫെസ്റ്റൊ” എന്ന കവർ സ്റ്റോറിയുടെ മുഖലേഖനത്തിലെ ആദ്യ ഖണ്ഡികകളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ലേഖനത്തിന്റെ പൂർണ്ണ രൂപം

Monday, September 20, 2010

രണ്ട് സംഘടനകൾ കൈകോർക്കുന്നു

ദിവാകരൻ പള്ളത്ത് ചെയർമാനായുള്ള കേരള വികസന മുന്നണിയുടെ സ്ഥാനാർത്ഥികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പി.കെ. റഹിം ചെയർമാനായുള്ള ജനകീയ വികസന മുന്നണിയുടെ പേരിൽ മത്സരിക്കുമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് സംഘടനകളുടെയും സംയുക്തയോഗത്തിൽ ഇത്തരത്തിലുള്ള തീരുമാനം എടുത്തതായി തൃശ്ശൂരിൽ നിന്നുള്ള റിപ്പോർട്ടിൽ പത്രം പറയുന്നു.

Friday, September 17, 2010

മദ്യവിരുദ്ധ ജനകീയ സമര സമിതിയുടെ ധർണ

സർക്കാർ മദ്യം വ്യാപകമാക്കാനുള്ള എല്ലാത്തരം നീക്കങ്ങളിൽ നിന്നും പിൻ‌വാങ്ങണമെന്ന ആവശ്യം മുൻ‌നിർത്തി മദ്യവിരുദ്ധ ജനകീയ സമര സമിതി ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ധാരാളം സ്ത്രീകൾ ധർണയിൽ പങ്കെടുത്തു.

പതിമൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താൻ സമിതി മലപ്പുറത്തെ മദ്യ ദുരന്തത്തിനു മുമ്പെ തീരുമാനിച്ചിരുന്നതാണ്. അതിന്റെ ഭാഗമായി ഇന്നലെ തിരുവല്ലയിൽ ഒരു മദ്യവിരുദ്ധ ജനകീയ കൺ‌വെൻഷനും സംഘടിപ്പിച്ചിരുന്നു.

സമിതിക്കുവേണ്ടി വിദ്യാ ആർ. ശേഖർ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്ന്: “മദ്യത്തിന്റെ വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയുള്ള മദ്യനയമാണ് കേരളത്തിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ബിവറേജസ് കോർപ്പറേഷന്റെ പുതിയ ഔട്ട്‌ലെറ്റുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ, എല്ലാം യാതൊരു മാനദണ്ഡവും പാലിക്കാതെ വീണ്ടും വീണ്ടും അനുവദിക്കുന്നു. അബ്‌കാരി കുറ്റകൃത്യങ്ങളിലെ പ്രതികളെ രക്ഷിക്കുവാൻ എല്ലാ കുത്സിതമാർഗ്ഗങ്ങളും സ്വീകരിക്കുന്നു. ഇതിനായി നിയമങ്ങൾതന്നെ ഭേദഗതി ചെയ്ത് അബ്‌കാരി ലോബിക്ക് അനുകൂലമാക്കുന്നു. മദ്യഷാപ്പിനെതിരെ സമരം ചെയ്താൽ സ്ത്രീകളെയും കുട്ടികളെയും പോലീസും മദ്യമാഫിയയും ചേർന്ന് തല്ലിച്ചതയ്ക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നു.”

സമിതി മുന്നോട്ടു വെച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നവർക്ക് മാത്രമെ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് നൽകൂ എന്ന സ്ത്രീകൾ നിശ്ചയിച്ചാൽ രാഷ്ട്രീയ കക്ഷികൾ നിലപാടുകൾ മാറ്റാൻ നിർബന്ധിതരാകുമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിൽ ഞാൻ പറഞ്ഞു.

സമിതി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ ഇവയാണ്:

യാതൊരു കാരണവശാലും ഇനി ഒരു മദ്യശാലയും അനുവദിക്കരുത്. കഴിഞ്ഞ പത്തു കൊല്ലത്തിൽ സ്ഥാപിച്ച 6,000ലധികം മദ്യശാലകൾ അടച്ചുപൂട്ടണം. മദ്യത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്നത് അവസാനിപ്പിക്കണം. പഞ്ചായത്ത് രാജ് ആക്ടിലെ 232/447 ഭേദഗതി പിൻവലിച്ച് പഞ്ചായത്തുകളുടെ അധികാരം പുന:സ്ഥാപിക്കണം. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും 1,000 മീറ്റർ ചുറ്റളവിലുള്ള എല്ലാ മദ്യശാലകളും നീക്കം ചെയ്യണം. മദ്യ കോളകൾ കർശനമായി തടയണം. മദ്യപിച്ച് ആപ്പീസുകളിലെത്തുന്നവർക്കും മദ്യപിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്കും എതിരെ കർശന നടപടി എടുക്കണം. കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് വർദ്ധിപ്പിച്ച നടപടി പിൻവലിക്കണം. അബ്‌കാരി കുറ്റകൃത്യങ്ങളെ മൈനർ, മീഡിയം, മേജർ എന്ന് തരംതിരിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കണം. വിദ്യാർത്ഥികൾക്കിടയിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രചാരണവും ബോധവത്കരണവും നടത്തണം.

---ബി.ആർ.പി. ഭാസ്കർ

Wednesday, September 15, 2010

ബഹിഷ്കരണത്തിനു പകരം ജനകീയ ബദൽ കണ്ടെത്തണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭരണാധികാരികൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതാണെന്ന് ജനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിലെ വണ്ടൻമേട്ടിൽ നിന്നും അതിരപ്പള്ളിയിൽ നിന്നും അത്തരത്തിലുള്ള റിപ്പോർട്ടുകൾ ഇന്ന് വരുകയുണ്ടായി.

റോഡും പാലവും ഇല്ലാത്തതിനാൽ വണ്ടൻമേട്ടുകാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുന്നു. അതിരപ്പള്ളിയിൽ പ്രതിഷേധം ഉയർത്തിയിരിക്കുന്നത് ആദിവാസികളാണ്.

വളരെക്കാലമായി ജനങ്ങൾ പിന്തുടർന്നുപോരുന്ന ഒരു സമരമാർഗ്ഗമാണ് തെരഞ്ഞെടുപ്പു ബഹിഷ്കരണം. അതിലൂടെ പ്രതിഷേധം അറിയിക്കാമെന്നല്ലാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ലെന്ന് കഴിഞ്ഞ കാലത്തെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. മാറി മാറി അധികാരം കയ്യാളുന്ന രണ്ട് മുന്നണികളോടുമുള്ള എതിർപ്പ് പ്രകടിപ്പിക്കേണ്ടത് വോട്ടവകാശം ഉപേക്ഷിച്ചുകൊണ്ടല്ല, അത് ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനു പകരം മുന്നണികൾക്ക് ബദലുകൾ കണ്ടെത്താൻ ജനങ്ങൾ ശ്രമിക്കണം. ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള സമരങ്ങൾ നയിക്കുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിക്കുകയും അവരെ വിജയിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യുകയുമാണ് നാം ചെയ്യേണ്ടത്.

Tuesday, September 14, 2010

ജനങ്ങളുടെ മാനിഫെസ്റ്റൊ

ഒടുവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച അവ്യക്തത നീങ്ങുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷൻ സമയവിവരപ്പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. പ്രതീക്ഷിച്ചതുപോലെ നവംബർ ആദ്യവാരത്തിൽ പുതിയ ഭരണ സമിതികൾക്ക് അധികാരമേല്ക്കാനാകും.

ഈ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ‌ മാധ്യമം ആഴ്ചപതിപ്പിന്റെ പുതിയ ലക്കത്തിലെ കവർ സ്റ്റോറിയിലുണ്ട്. അതിൽ കാക്കനാടൻ, എം.ജി.എസ്. നാരായണൻ, ആർ.വി.ജി. മേനോൻ, എം.ഗംഗാധരൻ, എം.എ.റഹ്മാൻ, ഗീവർഗീസ് മാർ കൂറിലോസ്, കെ.ആർ.മീര, ലീലാ മേനോൻ തുടങ്ങിയവരോടൊപ്പം അഭിപ്രായം പ്രകടിപ്പിക്കാൻ എനിക്കും അവസരം ലഭിച്ചു.
--ബി.ആർ.പി.ഭാസ്കർ

Sunday, September 12, 2010

മദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിയാനാവില്ല

ഇത്രകാലവും മദ്യ ദുരന്തങ്ങൾ തെക്കൻ ജില്ലകളിൽ മാത്രമാണുണ്ടായിരുന്നത്. അതിനാൽ ഓണത്തിനു മുൻപുതന്നെ അവിടെ വ്യാജമദ്യത്തിന്റെ വിതരണം തടയാൻ നടപടി എടുത്തിരുന്നതായി എക്സൈസ് മന്ത്രി പി.കെ.ഗുരുദാസൻ പറയുന്നു. പക്ഷെ മലപ്പുറത്ത് വ്യാജ കള്ള് ഒഴുകുകയും നിരവധി പേർക്ക് ജീവനൊ കാഴ്ചയൊ നഷ്ടപ്പെടുകയും ചെയ്തു.

അപ്രതീക്ഷിതമായി മലപ്പുറത്തുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ വെച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഭരണ മുന്നണി. വ്യാജ മദ്യ വ്യാപാരികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സി.പി.എം. സെക്രട്ടറി പിണറായി വിജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പക്ഷെ മരിച്ചത് വാറ്റുകാരിൽ നിന്ന്.മദ്യം വാങ്ങിയവരല്ല, ലൈസൻസോടെ പ്രവർത്തിക്കുന്ന ഷാപ്പുകളിൽ നിന്ന് കള്ള് വാങ്ങി കുടിച്ചവരാണ്.

അട്ടിമറി നടന്നോ എന്ന് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ്. കൺ‌വീനർ വൈക്കം വിശ്വൻ. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ പാലക്കാട്ടെ കസ്റ്റഡി മരണം സംബന്ധിച്ച കേസിൽ ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാൻ മദ്യ ലോബി ശ്രമിക്കുന്നതായി ആരോപിച്ചു. ഹൈക്കോടതി സി.ബി.ഐക്ക് കൈമാറുന്നതിനു മുമ്പ് കുറേക്കാലം സംസ്ഥാന പൊലീസ് അന്വേഷിച്ച കേസാണിത്. അന്ന് അവർ ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയിരുന്നില്ല.

ഈ ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണ്. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ നേത്രത്വത്തിൽ മൂന്ന് വർഷമായി അവിടെ മദ്യ നിരോധന സമിതി മദ്യ വിപത്തിനെതിരെ സമരം ചെയ്തുവരികയാണ്. അതിനോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല.

പഞ്ചായത്ത് നിയമം നിലവിൽ വന്നപ്പോൾ കള്ളുഷാപ്പുകൾ സ്ഥാപിക്കുന്നതിനെ നിയന്ത്രിക്കാനുള്ള അധികാരം പഞ്ചായത്തുകൾക്കുണ്ടായിരുന്നു. ആ അധികാരം കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ എടുത്തുകളഞ്ഞു. ആ അധികാരം പുന:സ്ഥാപിക്കണമെന്നതാണ് സമിതിയുടെ പ്രധാന ആവശ്യം.

സമിതി നേതാക്കൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ കണ്ട് ഇക്കാര്യത്തിൽ നിവേദനം നൽകിയിരുന്നു. എന്നാൽ കൊണ്ടോട്ടി എം.എൽ.എ. മഹമ്മദുണ്ണിഹാജി ഒരു സബ്മിഷൻ ഉന്നയിച്ചപ്പോൾ സമരത്തെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്. അതിനുശേഷം സമിതി തിരുവനന്തപുരത്ത് നിയമസഭാ മാർച്ച് നടത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ഭൂരിഭാഗവും സമിതിയുടെ ആവശ്യത്തെ പിന്തുണച്ചു. കഴിഞ്ഞ ഡിസംബർ 11ന് സത്യഗ്രഹ പന്തൽ തീയിട്ട് നശിപ്പിക്കപ്പെട്ടു. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ജില്ല കലക്ടറുടെ ബുദ്ധിയാണെന്ന് സമിതി കരുതുന്നു.

സത്യഗ്രഹ സമിതി ജനറൽ കൺ‌‌വീനർ പറയുന്നു: “ഭരണ മുന്നണിയിലെ മുഖ്യ കക്ഷിയും അതിന്റെ വർഗ്ഗ സംഘടനകളുമൊഴികെ മലപ്പുറം ജില്ലയിലെ എല്ലാ പാർട്ടികളും അവയുടെ പോഷക സംഘടനകളും സന്ദർശകരായൊ സത്യഗ്രഹികലൊ ആയി സത്യഗ്രഹപന്തലിൽ വന്നു പോയിട്ടുണ്ട്.“

മലപ്പുറത്തെ മുസ്ലിം സംഘടനക്കളൊക്കെയും മദ്യനിരോധനത്തെ പിന്തുണയ്ക്കുന്നതുകൊണ്ട് പഞ്ചായത്തുകളുടെ കവർന്നെടുത്ത അധികാരങ്ങൾ തിരികെ നൽകിയാൽ അവ ഷാപ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് സമിതി വിശ്വസിക്കുന്നു.

മദ്യനിരോധന സമിതി ജനകീയ ഐക്യവേദിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത് പന്ത്രണ്ടിന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജനകീയ വികസന മുന്നണി ഫേസ്ബുക്കിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും മറ്റ് ചില സംഘടനകളും ചേർന്ന രൂപീകരിച്ചിട്ടുള്ള ജനകീയ വികസന മുന്നണി ഫേസ്ബുക്കിൽ ഒരു പേജ് തുറന്നിരിക്കുന്നു.

പേജിലേക്കുള്ള ലിങ്ക്: http://www.facebook.com/pages/Janakeeya-Vikasana-Munnani/154175981266911

മുന്നണിയിൽ പെടുന്ന സംഘടനകൾ ജനകീയ ഐക്യവേദിയുടെ പന്ത്രണ്ടിന പരിപാടി അംഗീകരിച്ചിട്ടുണ്ട്.

Thursday, September 9, 2010

വി.എസ്.ഡി.പി.യുടെ സെക്രട്ടേറിയറ്റ് ഉപരോധം

മതപരിഗണന കൂടാതെ നാടാർ സമുദായത്തിന് സർവീസിൽ പത്തു ശതമാനം സംവരണം ഏർപ്പെടുത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണസഭ (വി.എസ്.ഡി.പി) ബുധനാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിച്ചു.

ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉപരോധം ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ മറ്റ് ആവശ്യങ്ങൾ ഇവയാണ്: നാല്പതു ലക്ഷത്തിൽ പരം വരുന്ന നാടാർ സമുദായത്തിനു മന്ത്രിസഭയിൽ ഉചിതമായ പ്രാതിനിധ്യം, പബ്ലിക് സർവീസ് കമ്മിഷനിൽ രണ്ട് അംഗങ്ങൾ, സർക്കാർ ബോർഡുകളിൽ അഞ്ചിൽ കുറയാതെ ചെയർമാൻ സ്ഥാനങ്ങൾ, ദേവസ്വം ബോർഡുകളിൽ പ്രാതിനിധ്യം, വി.എസ്.ഡി. പിക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകാൻ അധികാരം, വൈകുണ്ഠസ്വാമിയുടെ ജന്മദിനമായ മാർച്ച് 12ന് പൊതു അവധി.

സി.പി.എമ്മും പൊലീസും ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പീഡിപ്പിക്കുന്നു

കൊല്ലം ജില്ലയിലെ കടയ്ക്കൽ പ്രദേശത്ത് സ്വതന്ത്ര നാട്ടുവിശേഷം എന്ന പാർട്ടി പത്രം വിതരണം ചെയ്യുകയായിരുന്ന നാല് ഡി.എച്ച്.ആർ.എം. പ്രവർത്തകരെ ചൊവ്വാഴ്ച രാത്രി സി.പി.എം.കാർ തടഞ്ഞുവെയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. അവർ പത്രത്തിന്റെ കോപ്പികൾ അവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് രാത്രി 11 മണിയോടെ സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം ദലിതർ പൊലീസ് സ്റ്റേഷനു മുമ്പിലെത്തി ധർണ തുടങ്ങി. ധർണ കസ്റ്റഡിയിലെടുത്തവരെ ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കനെന്ന് പറഞ്ഞു കൊണ്ടു പോകും വരെ തുടർന്നു.

അവരെ കോടതിയിലെത്തിക്കാതെ പൊലീസ് വഴിയിൽ ഇറക്കി വിടുകയായിരുന്നെന്ന് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. സി.പി.എം.കാർ മർദ്ദിച്ച ബച്ചു എന്ന ദലിത് യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും പത്രം പറയുന്നു.

നേരത്തെയും സി.പി.എമ്മും പൊലീസും ചേർന്ന് പലയിടങ്ങളിലും ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പീഡിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഞാൻ മാധ്യമത്തിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണ്.

ഡി.എച്ച്.ആർ.എം. മാധ്യമഭീകരത വിരുദ്ധ ദിനം ആചരിക്കുന്നു

പൊലീസും മാധ്യമങ്ങളും കഴിഞ്ഞ കൊല്ലം ഭീകരസംഘടനയായി മുദ്രകുത്തിയ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് സെപ്തംബർ 23 ‘മാധ്യമ ഭീകരത വിരുദ്ധ ദിന’മായി ആചരിക്കുന്നു.

വാർത്തയും ഇത് സംബന്ധിച്ച് ഡി.എച്ച്.ആർ.എം. പുറത്തിറക്കിയ പോസ്റ്ററും CounterMedia വെബ്‌സൈറ്റിൽ കാണാം.

Wednesday, September 8, 2010

കൊല്ലം പരിസ്ഥിതി സംരക്ഷണ സമിതിയുടെ ധർണ

ശാസ്താം‌കോട്ട തടാകം സംരക്ഷിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാമെന്ന ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ജലവിഭവ മന്ത്രി എൻ.കെ.പ്രേമചന്ദ്രന്റെ കൊല്ലത്തെ വസതിക്കുമുമ്പിൽ ധർണ നടത്തി. നേരത്തെ സമിതി പ്രവർത്തകർ പ്രസ് ക്ലബ് മൈതാനിയിൽ നിന്ന് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.

ഓടനാവട്ടം വിജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പത്രപ്രവർത്തകൻ പല്ലിശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. ടി.കെ.വിനോദൻ, കെ. സജീദ്, വി.എസ്.ശ്രീകണ്ഠൻ നായർ, ജോസ് വിമൽ‌രാജ്, ശ്രീകുമാർ, അഡ്വ. സന്തോഷകുമാർ, എൻ.ബി.രാജു, അരിനല്ലൂർ രവിചന്ദ്രൻ, ഐവർകാല തുളസീധരൻ, ചവറ ദിനേശൻ, ഇടയം ബാലചന്ദ്രൻ, വി.എസ്.ബിന്ദുരാജ്, സുനിൽ ചെരുപൊയ്ക, എ.എ.കബീർ എന്നിവർ പ്രസംഗിച്ചു.

ശാസ്താം‌കോട്ട തടാക സംരക്ഷണം കൂടാതെ കല്ലടയിലെ കരമണൽ ഖനന നിരോധനവും സമിതി ഏറെ കാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളിൽ പെടുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും പ്രതിനിധികൾ അഒംഗങ്ങളായും ജില്ലാ കലക്ടർ കണ്വീനറായും തടാകസംരക്ഷനത്തിന് അതോറിറ്റി രൂപീ‍ീകരിക്കുമെന്ന് മന്ത്രി പ്രേമചന്ദ്രൻ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതിനായി ഈ മാസത്തിൽ ഓർഡിനൻസ് പുറപ്പെടുവിച്ചില്ലെങ്കിൽ ഒക്ടോബർ ആദ്യ വാരം മുതൽ മന്തിയുടെ വസതിക്കു മുമ്പിൽ റിലേ സത്യഗ്രഹം ആരംഭിക്കുമെന്ന് സമിതി പ്രഖ്യാപിച്ചു.

Sunday, September 5, 2010

വികസന സമിതിയുടെ ഇഫ്താർ സംഗമം

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള വികസന സമിതി ഇന്നലെ ഗീത് ഹോട്ടലിൽ ഇഫ്താർ വിരുന്നും സർവമത സമ്മേളനവും സംഘടിപ്പിച്ചു.

ഡോ. എം. ശാർങധരൻ അദ്ധ്യക്ഷനും എസ്. സുശീലൻ സെക്രട്ടറിയുമായുള്ള സമിതി ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനയാണ്.

പാളയം ഇമാം ജലാലുദ്ദീൻ മങ്കട, ലത്തീൻ കത്തോലിക്കാ സഭ വികാരി ഫാ. സമസ്, യുവ ജനതാ ദൾ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്‌മാൻ, ആന്റണി രാജു,അഡ്വ. രവീന്ദ്രൻ നായർ, മാഹിം അബൂബക്കർ, സുഭാഷ് ബോസ് എന്നിവർ പ്രസംഗിച്ചു.

Friday, September 3, 2010

കാതുകുടം സമരമുഖത്ത് സംഘർഷാവസ്ഥ

ചാലക്കുടി കാതുകുടത്തെ നിട്ട ജെലാറ്റിൻ കമ്പനി വളമായി വിതരണം ചെയ്യുന്ന മാലിന്യങ്ങൾ കയറ്റിയ ട്രക്കുകൾ തടഞ്ഞ സ്ത്രീകളടക്കമുള്ള പരിസ്ഥിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരള കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ കമ്പനി കർഷകർക്ക് നൽകുന്ന അവശിഷ്ട വസ്തുക്കളിൽ മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഹാനികരമായ അളവിൽ ലോഹങ്ങൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ 2008 മുതൽ സമാധാനപരമായ പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന കർമ്മസമിതിയാണ് ഇന്നലെ മാലിന്യങ്ങളുമായി പുറത്തു വന്ന വണ്ടികൾ തടഞ്ഞത്.

കമ്പനി വിളിച്ചു വരുത്തിയ പൊലീസ് സംഘം സ്ത്രീകളടക്കമുള്ള പ്രകടനക്കാർക്കെതിരെ ബലപ്രയോഗം നടത്തിയതായി മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ജോർജ് പുലിക്കുത്തിയിൽ അറിയിക്കുന്നു. ത്രേസ്യാമ്മ മാത്യു, എം.സി. രാധ എന്നീ വനിതകളെ ആൺപൊലീസ് മർദ്ദിച്ചു.

സ്ത്രീകളെ വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു. കർമ്മ സമിതി പ്രസിഡന്റ് അനിൽകുമാർ, അംഗങ്ങളായ സുനിൽകുമാർ, എം.സി. ഗോപി, പി.സി. ഗോപി, പോളച്ചൻ ഗോപുരം, തങ്കച്ചൻ, ജോജി തേലക്കാട്ട്, ജിൻസൺ എന്നിവരെ മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇരിങ്ങാലക്കുട സബ്‌ജെയിലേക്ക്ക്ക് കൊണ്ടുപോയി.

കാതികൂടത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാൻ ഇടയുണ്ടെന്നും അത് മലിനീകരണം നടത്തുന്ന കമ്പനിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും അഡ്വ. ജോർജ് പുലിക്കുത്തിയിൽ പറയുന്നു. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് ഈ മേൽ‌വിലാസത്തിൽ സന്ദേശം അയക്കാവുന്നതാണ്: chiefminister@kerala.gov.in
അഡ്വ. ജോർജ് പുലിക്കുത്തിയിലിന്റെ മേൽ‌വിലാസം: geopuli@gmail.com

Thursday, September 2, 2010

സ്ത്രീകൾക്കായി പാർട്ടികളുടെ പരക്കം‌പാച്ചിൽ

തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ, പ്രധാന രാഷ്ട്രീയപ്പാർട്ടികൾ വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തത്രപ്പാടിലാണെന്ന് മാധ്യമം പത്രം റിപ്പോർട്ടു ചെയ്യുന്നു.

ഇത്തവണ നഗരത്തിൽ 100 വാർഡുകളാണുള്ളത്. ഓരോ മുന്നണിക്കും സ്ഥാനാർത്ഥികളാക്കാൻ 50 സ്ത്രീകളെ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇടതുപക്ഷം വലിയ തർക്കങ്ങളില്ലാതെ ആദ്യഘട്ടം കടന്നപ്പോൾ യു.ഡി.എഫും ബി.ജെ.പി.യും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാവാതെ വിഷമിക്കുകയാണെന്ന് മാധ്യമം പറയുന്നു.

റിപ്പോർട്ട് തലസ്ഥാനനഗരത്തിലെ സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും സംസ്ഥാനത്തെ മൊത്തം സ്ഥിതിയും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. ഇന്ന് കേരളസമൂഹം ഏറെക്കുറെ ഒരു മദ്ധ്യവർഗ്ഗ സമൂഹമാണ്. മദ്ധ്യവർഗ്ഗ വനിതകൾ പൊതുവെ കക്ഷിരാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്നവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായ സി.പി.എമ്മിന്റെ അംഗങ്ങളിൽ 11.28 ശതമാനം മാത്രമാണ് സ്ത്രീകൾ. രാഷ്ട്രീയം സ്ത്രീകൾക്കു പറ്റിയ മേഖലയല്ലെന്ന ചിന്ത വ്യാപകമാകയാൽ സ്ത്രീകൾക്ക്, പ്രത്യേകിച്ചും മധ്യവർഗ്ഗത്തിൽ പെട്ടവർക്ക്, തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരാൻ മടിയാണ്. രാഷ്ട്രീയ നേതാക്കൾക്ക് വീട്ടുകാരെയൊ അവരുടെ വരുതിയിൽ നിൽക്കുമെന്ന് ഉറപ്പുള്ള മറ്റ് സ്ത്രീകളെയൊ മുന്നോട്ടു കൊണ്ടുവരാൻ ഇത് സഹായിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ സാഹചര്യം മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.

അഞ്ചു വൻ‌നഗരങ്ങളിൽ മൂന്നിടത്ത് മേയർ പദവി വഹിക്കേണ്ടത് വനിതകളാണ്. കൊച്ചിയിലും തൃശ്ശൂരിലും ഇപ്പോൾ വനിതാ മേയർമാർ ഉള്ളതുകൊണ്ട് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ വൻ‌നഗരങ്ങളിലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വനിതകൾ മേയർമാർ ആകേണ്ടത്. വനിതകൾ അദ്ധ്യക്ഷ പദവി വഹിക്കേണ്ട 489 ഗ്രാമ പഞ്ചായത്തുകൾ ഏതൊക്കെയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നറുക്കെടുപ്പിലൂടെ തീരുമാനിച്ചുകഴിഞ്ഞു.
ഇതിൽ ഏതാനും പഞ്ചായത്തുകളിലെ അദ്ധ്യക്ഷപദവി പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ട വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളവയാണ്. ഈ വൻ‌നഗരങ്ങളിലും ഗ്രാമങ്ങളിലും അദ്ധ്യക്ഷ പദവി വഹിക്കാൻ യോഗ്യരായ വനിതകളെ കണ്ടെത്താൻ ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനകൾ ഉടനടി ശ്രമം തുടങ്ങണം. ഐക്യവേദിയുടെ രൂപീകരണ വേളയിൽ ശ്രീമതി സുഗതകുമാരി നൽകിയ നിർദ്ദേശം ഇവിടെ നമുക്ക് ഓർക്കാം: “ഓരോ പ്രദേശത്തും അവിടെയുള്ള ഏറ്റവും നല്ല ജനസേവകരെ കണ്ടെത്തി തിരഞ്ഞെടുക്കാൻ നാട്ടുകാർക്ക് സാധിക്കണം.“ ആദ്യ പടിയെന്ന നിലയിൽ ഈ മൂന്ന് വൻ‌നഗരങ്ങളിലും 489 ഗ്രാമങ്ങളിലും കക്ഷികൾക്ക് അടിമപ്പെടാതെ ജനപങ്കാളിത്തമുള്ള ഭരണം കാഴ്ചവെക്കാൻ കഴിവുള്ളവരും സേവനതല്പരരുമായ സ്ത്രീകളെ കണ്ടെത്തണം.

നിലവിലുള്ള സാഹചര്യങ്ങളിൽ യോഗ്യരായി നാം കാണുന്ന വനിതകൾ മത്സരരംഗത്തേക്ക് വരാൻ മടിയുള്ളവരാകും. അതുകൊണ്ട് കളത്തിലിറങ്ങാൻ അവരെ പ്രേരിപ്പിക്കേണ്ടിവരും. ജനങ്ങൾ അവരുടെ പിന്നിൽ അണിനിരക്കുമെന്ന വിശ്വാസം ജനിപ്പിക്കാൻ നമുക്ക് കഴിഞ്ഞാൽ അവർ കളത്തിൽ ഇറങ്ങാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

ഈ വിധത്തിൽ ജനകീയപക്ഷത്തെ നയിക്കാൻ സന്നദ്ധയാകുന്ന വനിതയുടെ സഹകരണത്തോടെ വാർഡ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പിനുശേഷം ഐക്യത്തോടെ പ്രവർത്തിക്കുന്നതിന് സഹായകമാകും.
-- ബി.ആർ.പി.ഭാസ്കർ

Sunday, August 29, 2010

ദേശീയപാതാ സ്വകാര്യവൽക്കരണത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തും

ദേശീയപാതകളിൽ ചുങ്കപ്പിരിവും ബി.ഒ.ടി.വ്യവസ്ഥയും ഏർപ്പെടുത്തുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ദേശീയപാത സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കൊച്ചിയിൽ നിന്നുള്ള റിപ്പോർട്ടിൽ നിന്ന്:

ദേശീയപാതകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട്, ഇടുക്കി, പത്തനംതിട്ട കോട്ടയം ജില്ലകളിൽ കൂടി ജില്ലാതല സംരക്ഷണ സമിതികൾ രൂപീകരിക്കും. റോഡ് സ്വകാരവൽക്കരണത്തിനു വേണ്ടി പ്രചരിപ്പിക്കുന്ന കള്ളക്കണക്കുകൾ തുറന്നുകാട്ടാൻ എല്ലാ ജില്ലകളിലും വാഹനപ്രചരണ ജാഥ നടത്തും.

സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. ജിയോ ജോസ്, ഡോ. സി.എം.ജോയ്, ടി.പി. ചന്ദ്രശേഖരൻ, എം.ആർ. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.

കേരളീയം: സമരകേരളത്തിന്റെ മുഖപത്രം

ആഗസ്റ്റ് 7ന് തൃശ്ശൂരിൽ നടന്ന ജനകീയസമരസംഗമത്തിൽ വെച്ച് മേധാ പട്കർ പ്രകാശനം ചെയ്ത കേരളീയം മാസികയുടെ പ്രത്യേക പതിപ്പിനെക്കുറിച്ചുള്ള ഒരു കുറിപ്പ് വായന ബ്ലോഗിൽ വായിക്കാവുന്നതാണ്.

Thursday, August 26, 2010

രാഷ്ട്രം സമരകേരളത്തിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു: മേധാ പട്കർ

മേധാ പട്ക്കര്‍
പശ്ചിമഘട്ടവും അറബിക്കടലും അതിരിടുന്ന ചെറുതെങ്കിലും സമൃദ്ധസുന്ദരമായ കേരളത്തിന്റെ തീരദേശത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചു. അതിന്റെ ആഘാതത്തില്‍ നിന്ന് കര കയറാന്‍ സാധിച്ചിരിക്കാമെങ്കിലും രാജ്യം മുഴുവനായും വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും രാക്ഷസത്തിരകളുടെ ആക്രമണത്തില്‍ നിന്ന് കേരളവും സുരക്ഷിതമല്ല. ഓരോ പുഴയും ഓരോ തുണ്ട് കൃഷിഭൂമിയും അവശേഷിക്കുന്ന കാടുകളും ധാതുഖനിജങ്ങളും ജലവിഭവങ്ങളുമടക്കം പരമ്പരകളായി നാം കാത്തുസൂക്ഷിച്ചിരുന്ന പൂര്‍വ്വികസ്വത്തുക്കളെല്ലാം തന്നെ വിപണിയുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുകയാണ്. വിപണിയുടെ ഈ കടന്നുകയറ്റം ജൈവവ്യവസ്ഥിതിയെയും പ്രകൃതിയെയും തലമുറകളായി കാത്തു പുലരുന്ന ദേശജനതയെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തള്ളിപ്പുറത്താക്കുക മാത്രമല്ല, മുഴുവന്‍ ജൈവവ്യൂഹത്തെയും തകര്‍ത്തെറിയുക കൂടിയാണ് ചെയ്യുന്നത്. പ്രകൃതിവിഭവങ്ങളോടൊപ്പം സാംസ്കാരിക അന്തരീക്ഷവും ഭീഷണി നേരിടുന്നു.

പശ്ചിമഘട്ടത്തിലെ തരളഹരിതക്കടലിനും അറബിക്കടല്‍ത്തീരത്തെ മണല്‍പ്പരപ്പിനുമിടയില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനതയുടെ പൈതൃകം കിണറുകളിലെ മധുരവും ശുദ്ധവുമായ വെള്ളവും പാടവും കുളങ്ങളും തെങ്ങിന്‍തോപ്പുകളും കണ്ടല്‍വനങ്ങളുമൊക്കെയാണ്. ഈ പൈതൃകസ്വത്തുക്കളെല്ലാം തന്നെ ഇന്ന് വിപണിയുടേ കടന്നുകയറ്റത്തില്‍പ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വടക്കന്‍ കേരളത്തിലെ ആദിവാസികള്‍ മുതല്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ വരെ മുഴുവന്‍ ജനതയുടെയും അടിസ്ഥാനജീവനോപാധികളെപ്പോലും വലിയൊരളവില്‍ കവര്‍ന്നെടുക്കുന്നതിലും കയ്യടക്കുന്നതിലും കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ ഇതിനെതിരെ ജനാധിപത്യപരവും സമാധാനപരവും എന്നാല്‍ ശക്തവുമായ പ്രതിരോധം ചമയ്ക്കുന്നതിലൂടെ ജനകീയമുന്നേറ്റങ്ങള്‍ പുതിയ വഴികള്‍ തുറക്കുകയാണ്.

ഈ ചെറിയ സംസ്ഥാനത്ത് നടക്കുന്ന ചെറുതും ശക്തവുമായ ഇത്തരം പ്രതിരോധസമരങ്ങള്‍ക്കും അതിന്റെ തനിമയുണ്ടെന്ന് പറയാതെ വയ്യ. ചെറുസമൂഹങ്ങളില്‍ ഊന്നിയുള്ളതും ജീവിക്കുന്ന പ്രകൃതിയുമായി നേരിട്ട് ജൈവബന്ധമുള്ള മനുഷ്യര്‍ നയിക്കുന്നതുമായ യഥാര്‍ത്ഥ സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളാണ് അവ. പുഴയില്‍ നിന്ന് മണലൂറ്റുമ്പോള്‍ ജനം ഉണരുകയും അതിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും. കുട്ടനാട്ടിലെ നെല്‍വയലുകളില്‍ കയ്യേറ്റം നടക്കുമ്പോള്‍ അവര്‍ എഴുന്നേറ്റുനിന്ന് ചോദ്യങ്ങളുതിര്‍ക്കും. ഇത്തരം ചെറുസമരങ്ങള്‍ക്കിടയില്‍ നിന്നും കൊക്കക്കോള പോലുള്ള അന്താരാഷ്ട്ര ഭീമന്മാര്‍ക്കെതിരെയുള്ള മഹാസമരങ്ങളും പൊട്ടിപ്പുറപ്പെടും. ഒരു ചെറുപ്രദേശത്തെ രക്ഷിച്ചെടുക്കാനുള്ള സമരം മാത്രമായിരുന്നില്ല അത്. ഗ്രാമസഭയുടെ സ്വയംശാക്തീകരണത്തിലൂടെ ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്ന മഹത്തായ യത്നം കൂടിയായിരുന്നു അത്. പെരുമാട്ടി പഞ്ചായത്ത് സമരം തുടര്‍ന്നുകൊണ്ടു പോകുമ്പോള്‍ പുറമേയ്ക്ക് ദുര്‍ബലരെന്ന് തോന്നിക്കുന്ന ഇരവാള ആദിവാസി സമൂഹം അവരുടെ ശക്തി തെളിയിക്കുകയാണ്. കൊക്കക്കോള ഫാക്ടറി പൂട്ടിക്കിടക്കുന്നു. മലിനീകരണത്തെയും നഷ്ടപരിഹാരത്തെയും കുറിച്ച് പഠിക്കാന്‍ സമിതികളെ നിശ്ചയിക്കാന്‍ രാഷ്ട്രീയ നേതൃത്വം നിര്‍ബന്ധിതരാവുന്നു. കാര്യമായ വിഭവശേഷിയൊന്നുമില്ലാത്ത ആദിവാസികളുടെ സമരം സത്യാഗ്രഹത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് മൂവായിരം ദിവസം പിന്നിടുന്നു.

തേയിലക്കൃഷിക്കും മറ്റ് പ്ലാന്റേഷനുകള്‍ക്കും വേണ്ടി പിടിച്ചെടുക്കുകയും അന്യാധീനപ്പെടുകയും ചെയ്ത സ്വന്തം ഭൂമിയ്ക്കുവേണ്ടി, ചരിത്രപരമായ അനീതികള്‍ക്കെതിരെ, കോര്‍പ്പറേറ്റ് ധനതത്വത്തിന്റെ വെല്ലുവിളികള്‍ക്കെതിരെ ആദിവാസികള്‍ ഉയിര്‍ത്തുവന്നു. അവര്‍ തങ്ങളുടെ മണ്ണ് തിരിച്ചുചോദിച്ചു. അധികാരികളുടെ ഗോപുരവാതിലുകളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത സമരവുമായി അവര്‍ പടനയിച്ചെത്തി. അവഗണിതരും ഭൂരഹിതരുമായി മൌനം പൂണ്ടിരിക്കാന്‍ ദലിതര്‍ക്കും കഴിയുമായിരുന്നില്ല. അവകാശഭൂമിയ്ക്കായി അവരും സമരമുഖം തുറന്നു. ടോമിനും ഡിക്കിനും ഹാരിസണിനും വേണ്ടി സര്‍ക്കാര്‍ പതിച്ചുകൊടുത്ത ഭൂമികളിലേക്ക് അവര്‍ കടന്നുചെന്നു. ചെങ്ങറ ചരിത്രസമരമായി. വിദേശയാനങ്ങളുടെ കടന്നുകയറ്റത്തിനെതിരെ ജനാധിപത്യപരമായി പ്രക്ഷോഭം നടത്തിയ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ പരമ്പരാഗത മത്സ്യബന്ധനഗ്രാമങ്ങളുടെ വേരുപിഴുതെറിയുന്ന തീരമണല്‍ഖനനത്തിനെതിരെ അതിജീവനപ്പോരാട്ടത്തിലാണ്.

പ്രാദേശിക ജനതയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ഇത്തരം നിരവധി പ്രതിരോധങ്ങളുടെ തുടര്‍ച്ചയായി ജനങ്ങളുടെ രാഷ്ട്രീയം കേരളത്തില്‍ ഉരുവം കൊള്ളുകയാണ്. നവലിബറല്‍ ധനതത്വശാസ്ത്രത്തിന്റെ ആകര്‍ഷണത്തില്‍പ്പെട്ടുപോയ ഇടതുപക്ഷത്തില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ നവഇടതുപക്ഷദര്‍ശനങ്ങളുടെ ഒരു അലതന്നെ ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ ജൈവ കൃഷിയിലേക്ക് തിരിയുന്നു. സ്വയം ഉല്പാദനത്തിലൂടെ സ്വരാജിലേക്കും പിന്നീട് സ്വയം ചികിത്സയിലേക്കും അവര്‍ മുന്നേറുന്നു. വമ്പന്‍ പദ്ധതികളോടുള്ള എതിര്‍പ്പില്‍ നിന്ന് ജീവിതശൈലി നേരിടുന്ന വെല്ലുവിളികളെയും അവര്‍ അഭിസംബോധന ചെയ്യുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവയുടെ ചെറുവൃത്തങ്ങളില്‍ ഒതുങ്ങി നിന്നില്ല. ചെറുതും ശക്തവുമായ മറ്റ് ഗ്രൂപ്പുകളിലേക്കും അവയുടെ സ്വാധീനം പരക്കുകയും പടരുകയും ചെയ്തു. ബദല്‍ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിവയില്‍ തുടങ്ങി യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പരമ്പരാഗത ഇടതുപക്ഷം ഉയര്‍ത്തിയ നേതൃമാതൃകയില്‍നിന്ന് വ്യത്യസ്തമായി യുവനേതാക്കളുടെ പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും (ഈ മാറ്റം വ്യാപകമോ പ്രകടമോ അല്ലെങ്കില്‍പ്പോലും) ഇത് നിര്‍ണായകമായി. മൂല്യാധിഷ്ഠിത ജീവിതം, പ്രകൃതിജീവനം തുടങ്ങിയ ആദര്‍ശങ്ങളിലുറച്ചു പ്രവര്‍ത്തിക്കുന്ന യുവ ആക്ടിവിസ്റ്റുകളും അവരുടെ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ജനമനസ്സുകളില്‍ പതുക്കെയാണെങ്കിലും സ്വാധീനമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ‘കേരളീയം’ പോലുള്ള ബദല്‍ പ്രസിദ്ധീകരണങ്ങളും ജനകീയ ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബദല്‍ കേന്ദ്രങ്ങളും ബദല്‍ ഉല്പന്ന-നിര്‍മ്മാണ-വിതരണ കേന്ദ്രങ്ങളും സാധാരണക്കാര്‍ക്കു മാത്രമല്ല ജീവിതശൈലി സംബന്ധിച്ച ധര്‍മ്മസങ്കടങ്ങള്‍ അലട്ടുന്ന മധ്യവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന രാഷ്ട്രീയ മൂല്യബോധങ്ങളോട് നീതി പുലര്‍ത്തുന്ന ജീവിതശൈലി പിന്തുടരാന്‍ വലിയൊരളവുവരെ സാധിക്കുന്ന തരത്തിലുള്ള സഹായകസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വഴിയും ലക്ഷ്യവും തെരഞ്ഞെടുക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.

കേരളത്തിലെജനകീയ സമരങ്ങള്‍ സായുധമാര്‍ഗ്ഗം സ്വീകരിച്ചുവെന്ന് ആര്‍ക്കും ആരോപിക്കാന്‍ കഴിയില്ല. വന്‍കിട എന്‍.ജി.ഒ.കള്‍ക്ക് കളംനിറഞ്ഞാടാനുള്ള അവസരവും ഇവിടെ ഉണ്ടായിട്ടില്ല എന്ന് ആരും സമ്മതിക്കും. അതേ സമയം തന്നെ ജനകീയ സമരങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുവെന്ന സത്യം ആര്‍ക്കും നിഷേധിക്കാനുമാവില്ല. കോര്‍പ്പറേറ്റ് സ്വാധീനത്തിലകപ്പെട്ട മുഖ്യധാരാരാഷ്ട്രീയത്തിനും സ്വകാര്യവല്‍ക്കരണത്തിനും ബദലായി ജനകീയ വീക്ഷണം ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും ഈ സമരങ്ങള്‍ക്ക് വലിയൊരളവുവരെ സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ മാത്രമല്ല, വികസനവും ജനജീവിതവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളിലും ജനകീയ ഉയിര്‍പ്പുകള്‍ നിര്‍ണായകമാവുന്നുണ്ട്. കേരളത്തെ രണ്ടായി പകുക്കുന്ന എക്സ്പ്രസ് ഹൈവേയ്ക്കെതിരെയും, ദേശീയപാതാ വികസനത്തിനായുള്ള കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെയും നടന്ന സമരങ്ങള്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതില്‍ വിജയിച്ചു. കിനാലൂര്‍, എന്‍ഡോസള്‍ഫാന്‍‍, അതിരപ്പിള്ളി എന്നീ സമരമുഖങ്ങളും ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ രാഷ്ട്രീയാധികാരത്തിന് മുട്ടുമടക്കേണ്ടിവന്നതിന് ഉദാഹരണങ്ങള്‍. ഇവിടെയെല്ലാം പദ്ധതികള്‍ ഉപേക്ഷിക്കുന്നതിനോ പുന:പരിശോധിക്കുനതിനോ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

അഴിമതിയുടെ രാഷ്ട്രീയം ഇപ്പോള്‍ സാമ്പത്തിക അഴിമതിയില്‍ മാത്രമൊതുങ്ങുന്നില്ല. പ്രകൃതിവിഭവങ്ങളുടെ ധൂര്‍ത്തും വിനാശകാരികളായ സാങ്കേതികവിദ്യകളും അളവില്ലാത്ത ലാഭത്വരയുമെല്ലാം അടിയന്തിരമായി തടയപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ നമുക്ക് മുന്നിലുള്ള വെല്ലുവിളി വളരെ വലുതാണ്. സമരപാത ദീര്‍ഘവും ദുര്‍ഘടവുമാണ്. ഒറ്റപ്പെട്ട സമരങ്ങള്‍ കൊണ്ടുമാത്രം അത് സാധിക്കില്ല. ജനകീയ സമരങ്ങളുടെ ഐക്യപ്പെടലിലൂടെ മാത്രമെ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ. നമ്മുടെ സഹോദരങ്ങളെ മാത്രമല്ല, ജനാധിപത്യത്തെക്കൂടി കൊലയ്ക്ക് കൊടുക്കുന്ന ആസുരതയുടെയും അക്രമത്തിന്റെയും നടുവില്‍ പുതിയ തന്ത്രങ്ങളിലൂടെ മാത്രമെ സമാധാനപ്രസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അതുകൊണ്ടുതന്നെ കേരളത്തിന്റെ പ്രകൃതിയേയും സംസ്കാരത്തേയും ജനതയേയും രക്ഷിക്കുന്നതിനായി നമുക്ക് ഒന്നിച്ചു നില്‍ക്കേണ്ടിയിരിക്കുന്നു. വെല്ലുവിളികള്‍ക്കുമുമ്പില്‍ പകച്ചു നില്‍ക്കുന്ന രാഷ്ട്രം സമരകേരളത്തില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നുണ്ട്.

തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘കേരളീയം’ മാസിക ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സംഘടിപ്പിച്ച സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ മേധാ പട്കര്‍ എഴുതിയ ലേഖനമാണിത്. ലേഖനം ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയത് കെ. ആര്‍. രണ്‍ജിത്ത്

Tuesday, August 24, 2010

കളമശ്ശേരിയിൽ അഴിമതിരഹിത നഗര വികസന സമിതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം അഴിമതിരഹിതമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കളമശ്ശേരിയിൽ അഴിമതിരഹിത നഗര വികസന സമിതി പ്രവർത്തനം ആരംഭിച്ചു.

“ഇന്നിന്റെ തിന്മകളെ മാറ്റി നിർത്തി നാളെയുടെ നന്മകളെ പ്രയോജനപ്പെടുത്തുക”, “തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജനകീയമാക്കുക” എന്നീ മുദ്രാവാക്യങ്ങളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്.

സമിതി പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്ന്:


…അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഴി പ്രാദേശിക ഭരണസമിതികൾക്ക് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ വികസനപ്രവർത്തനത്തിന്റെ മറവിൽ തങ്ങളുടെ കീശയിലാക്കുന്നതിനുള്ള മത്സരമാണ് നേതാക്കൾ നടത്തുന്നത്. …

ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയും സാമ്പത്തിക സമത്വവും സ്വപ്നം കാണുന്ന കമ്മ്യൂണിസവും അതേ ആശയം ഉൾക്കൊള്ളുന്ന മഹാത്മജിയുടെ ഗ്രാമസ്വരാജെന്ന പ്രായോഗിക സമീപനവും സമന്വയിപ്പിച്ച് പൊതുജനക്ഷേമം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർ നമ്മുടെ നാട്ടിൽ തുലോം വിരളമാണ്. ഇത്തരത്തിലുള്ള ആശയം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരെ സമൂഹം മനസ്സറിഞ്ഞ് അംഗീകരിച്ചില്ലെങ്കിൽ നമ്മുടെ നാട് അനതിവിദൂര ഭാവിയിൽ സർവ്വനാശത്തിലേക്ക് കൂപ്പുകുത്തുമെന്നും ഒരു പ്രത്യേക വിഭാഗം സാമ്പത്തിക കൊഴുപ്പുകൊണ്ടുണ്ടാക്കിയ വാൾമുന ഉയർത്തിപ്പിടിച്ച് നമ്മെ അടിമപ്പണി ചെയ്യിക്കുമെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു….

നമ്മുടെ സംസ്ഥാനത്ത് നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും അകന്ന് നിന്ന് സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി അധികാരത്തിന്റെ അന്ത:പുരത്തിൽ വിരാജിക്കുമ്പോൾ സാധാരണക്കാരന്റെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയർത്തുവാനുള്ള ദൌത്യം ഏറ്റെടുത്തുകൊണ്ട് ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായ ചിന്താഗതിയുമായി ഒരു പുതിയ തിരിനാളം നാട്ടിൽ തെളിഞ്ഞുവരുന്നുണ്ട്. …

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ തരത്തിലുള്ള മാനുഷിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് ജനകീയ സമരങ്ങൾ നടത്തുന്ന സംഘടനകളെ കോർത്തിണക്കിക്കൊണ്ട് ജനപക്ഷത്ത് നിൽക്കുന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുവാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

ഈ പ്രസ്ഥാനത്തിന്റെ ഒരു കണ്ണിയായി കളമശ്ശേരി നഗരസഭ പ്രദേശത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അഴിമതിരഹിത നഗര വികസന സമിതി. കളമശ്ശേരി നഗരസഭ ആയതിനുശേഷം 1995 മുതൽ അധികാരം കയ്യാളുന്ന ഭരണപക്ഷം നടത്തിയ അഴിമതികൾക്കെതിരെ തുറന്ന പോരാട്ടം നടത്തിയിട്ടുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തകരാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത്. അധികാരിവർഗ്ഗം നടത്തിയ ക്രമക്കേടുകളുടെ പങ്ക് പറ്റി പല സാമാജികരും അന്ധത നടിച്ചപ്പോൾ ഇതിനെതിരെ സഭയ്ക്ക് അകത്തും പുറത്തും പ്രചരണം നടത്തി അഴിമതിക്കാരെ ജനങ്ങൾക്കു മുൻപിൽ തുറന്നു കാണിച്ചവരും ഈ സംഘടനയിൽ ഉണ്ട് എന്നത് പ്രസ്ഥാനത്തെ മഹത്വവത്കരിക്കുന്നു.

സമിതിയുടെ പ്രവർത്തനത്തെക്കുറ്ച്ച് അറിയുവാൻ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക:

സി.ഐ.നസീർ, സെക്രട്ടറി, മേഖലാ കമ്മിറ്റി, കളമശ്ശേരി. മൊബൈൽ 98959 49195

ജി.എസ്.ജോൺ, സെക്രട്ടറി, മേഖലാ കമ്മിറ്റി, കളമശ്ശേരി. മൊബൈൽ 99958 08070

എറണാകുളത്ത് നടന്ന ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനത്തിൽ അഴിമതിരഹിത നഗര വികസന സമിതിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

Saturday, August 21, 2010

സ്വാതന്ത്ര്യസമര സേനാനികൾ വികസന സമിതിയുടെ വേദിയിൽ

ജനാധിപത്യ വികസന സമിതി ഇന്ന് അഞ്ച് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തനം തുടർന്ന മുൻ മന്ത്രി കെ. പങ്കജാക്ഷൻ, മുൻ എം.എൽ.എ. കെ.പി. കോസലരാമദാസ്, മുൻ എം.പി. പി.വിശ്വംഭരൻ, കടകമ്പള്ളി സുധാകരൻ, മുൻ ഇഞ്ചിനീയർ ബാലകൃഷ്ണൻ എന്നിവരാണ് സമിതിയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്.

മറ്റ് ക്ഷണിതാക്കളായ കെ.ഇ.മാമ്മൻ, മുൻ എം. എൽ. എ. കെ. അനിരുദ്ധൻ എന്നിവർക്ക് ശാരീരികാവശതകൾ മൂലം പങ്കെടുക്കാനായില്ല.

തിരുവനന്തപുരം പങ്കജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് ഡോ. എം. ശാർങധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.സുശീലൻ സ്വാഗതം പറഞ്ഞു. സമിതി ഭാരവാഹികൾ സ്വാതന്ത്ര്യ സമരസേനാനികളെ പൊന്നാട അണിയിച്ചു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനാധിപത്യ വികസന സമിതി ജനകീയ ഐക്യവേദിയുടെ ഭാഗമാണ്.

Friday, August 20, 2010

ദേശീയ പാതക്ക് 45 മീറ്റർ സ്ഥലമെടുപ്പ് അനുവദിക്കില്ലെന്ന് സമരസമിതി

ഏപ്രിൽ 20ന്റെ സർവകക്ഷി തീരുമാനത്തെ അട്ടിമറിച്ചു പുതുതായി രൂപപ്പെടുത്തിയിരിക്കുന്ന 45 മീറ്റർ സമവായം മാപ്പർഹിക്കാത്ത ചതിയാണെന്ന് എൻ.എച്ച് 17-47 സംയുക്ത സമരസമിതി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

പുതിയ സർവകക്ഷി യോഗം തന്നെ തട്ടിപ്പായിരുന്നു. ഇരകളുടെ സമര സംഘടനകളെ പങ്കെടുപ്പിക്കാതെ ചില്ലുമേടയിലിരുന്ന് ഉന്നത രാഷ്ട്രീയ ബി.ഓ.ടി. മാഫിയ കൂട്ടുകെട്ട് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരമാണ് ഈ യോഗം നടന്നത്. സംസ്ഥാന സർക്കാരും സർവ രാഷ്ട്രീയ പാർട്ടികളും ഒത്തൊരുമിച്ച് പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടി പോലും ഇനിയും കേരള മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല. അതിനു മുമ്പ് ഇത്രവേഗം ഒരു അട്ടിമറിയോഗം ചേർന്നത് ജനഹിതത്തെ മറികടന്ന് ഭൂമി പിടിച്ചെടുത്ത് കുത്തകമുതലാളിമാർക്ക് കൈമാറുക എന്ന ഹീനമായ ഉദ്ദേശ്യത്തോടെയാണ്. ഇതിനകം ഒരുതവണ ഭൂമി വിട്ടുകൊടുത്ത് കുടിയൊഴിപ്പിക്കപ്പെട്ടു കഴിയുന്ന ജനതയെ വീണ്ടും തെരുവാധാരമാക്കുന്നത് അനുവദിക്കാനാവില്ല. സ്ഥലമെടുക്കാൻ വന്നാൽ വെടിവെച്ചാൽ പോലും ജനങ്ങൾ ഒഴിഞ്ഞുപോകില്ല.

സമരസമിതി നേതാക്കളായ ഇ.വി.മുഹമ്മദാലി, ഹാഷിം ചേന്നാമ്പള്ളി, എ. സുന്ദരേശൻ പിള്ള എസ്. പ്റ്റകാശ് മേനോൻ, ടി.കെ. സുധീർകുമാർ, റസാഖ് പാലേരി, ജി.എസ്. പത്മകുമാർ, എ. നാസർ, പി. കെ. പ്രദീപ് മേനോൻ, എ. ഷാജർഖാൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പ് വെച്ചിട്ടുള്ളത്.

സമരസമിതിയുടെ പല നേതാക്കളും ജനകീയ ഐക്യവേദിയുടെ രൂപീകരണം സംബന്ധിച്ച യോഗങ്ങളിൽ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ആദ്യ സർവകക്ഷി തീരുമാനം അട്ടിമറിക്കുന്നതിൽ സി.പി.എം. ഔദ്യോഗിക നേതൃത്വം സവിശേഷ താല്പര്യം എടുത്തുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. സാധാരണയായി സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാത്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഈ യോഗത്തിൽ പങ്കെടുക്കുകയും 45 മീറ്റർ പദ്ധതിയെ എതിർത്തുകൊണ്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ എന്നിവർ അയച്ച കത്തുകൾ വായിക്കാൻ അദ്ധ്യക്ഷനെന്ന നിലയിൽ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ നൽകിയ നിർദ്ദേശത്തെ എതിർക്കുകയും ചെയ്തിരുന്നു.

ഈ വാർത്തകൾ കൂടി കാണുക

ദേശീയപാത ബി.ഒ.ടി. ലോബിക്ക് അടിയറവെയ്ക്കരുത്-സുധീരൻ
ദേശീയപാത വീതികൂട്ടൽ പ്രതിഷേധാർ‌ഹം -പരിഷത്ത്

Sunday, August 15, 2010

എൻ.യു. ജോണിന് അഭിവാദ്യങ്ങൾ

പന്ത്രണ്ട് ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിലൂടെ തൊടുപുഴ നിവാസികളുടെ അടിയന്തിരാവശ്യങ്ങളിൽ മിക്കതിനും അധികൃതരിൽ നിന്ന് തൃപ്തികരമായ പ്രതികരണം നേടാൻ കഴിഞ്ഞ ജനകീയ കൂട്ടായ്മ ചെയർമാൻ എൻ. യു. ജോണിന് അഭിവാദ്യങ്ങൾ.

ജനകീയ ഐക്യവേദിയുടെ രൂപീകരണം സംബന്ധിച്ചുള്ള പ്രാരംഭ ചർച്ചകളിൽ ജോൺ സജീവമായി പങ്കെടുത്തിരുന്നു. നിരാഹാര സത്യഗ്രഹത്തിലായിരുന്നതിനാൽ എറണാകുളത്ത് ആഗസ്റ്റ് 8ന് നടന്ന ഐക്യവേദി പ്രഖ്യാപന സമ്മേളനത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

സത്യഗ്രഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വായന ബ്ലോഗ് കാണുക

Saturday, August 14, 2010

ജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക്

സി.ആർ. നീലകണ്ഠൻ

മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ചട്ടപ്പടിസമരങ്ങളിൽ നിന്ന് മാറി ചെറിയ ചെറിയ സംഘടനകളും കൂട്ടായ്മകളും ഉയർത്തിക്കൊണ്ടു വരുന്ന സമരങ്ങൾ, സാമൂഹ്യപ്രശ്നങ്ങൾ ഇന്ന് കേരളത്തിൽ സജീവമാണ്. ഇത്തരം സംഘടനകളും അവർ ഉയർത്തുന്ന സമരങ്ങളും വലിയ വലിയ സമരങ്ങളെ നിർജീവമാക്കാനും അരാഷ്ട്രീയത സൃഷ്ടിക്കാനുമാണെന്നാണ് മുഖ്യധാരാ പാർട്ടികൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ, ഇപ്പോഴും പറഞ്ഞുപോരുന്നത്. എന്നാൽ നവപ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന സമരങ്ങളും അതിനു പിന്നിലെ വിഷയങ്ങളും പഠിക്കുമ്പോൾ ഇതിനെല്ലാം പിന്നിൽ ഒളിഞ്ഞിരിക്കുന്നത് കൃത്യമായ രാഷ്ട്രീയം തന്നെയാണെന്ന് വ്യക്തമാകും. ഇത്തരം സമരങ്ങൾ ഉയർന്നുവരാനുണ്ടായ കാരണങ്ങൾ ആദ്യം തന്നെ പരിശോധിക്കപ്പെടാവുന്നതാണ്.

ഭൂമി, വെള്ളം, വായു, ജൈവവൈവിധ്യം എന്നിവയുടെയൊക്കെ വിനിയോഗം അവയുടെ ഉടമസ്ഥാവകാശം എന്നിവ ആർക്ക്, എങ്ങനെ ഉപയോഗിക്കാം എന്ന തരത്തിലുള്ള കാതലായ ചോദ്യമാണ് പുതുതായി ഉയർന്നുവരുന്ന സമരങ്ങൾക്കു പിന്നിലെ പ്രധാന കാരണങ്ങൾ. ഇതിനു പുറമെ പൊതു ഇടങ്ങൾ സ്വകാര്യ ഇടങ്ങളായി മാറ്റപ്പെടുന്ന പ്രശ്നവും വ്യാപകമാണ്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് ദേശീയപാത വികസനത്തിൽ നാം കണ്ടത്. കേരള വികസന മാതൃക എന്ന തരത്തിൽ നമ്മെ പലരും വിശ്വപ്പിച്ചുപോന്ന തെറ്റായ കാര്യങ്ങളുടെ തുറന്നുകാട്ടപ്പെടലും ഇത്തരം സമരങ്ങളിലൂടെ നടക്കുന്നുണ്ട്. ഒടുക്കമായി ഉയർന്നുവന്ന സ്വത്വവും വർഗ്ഗരാഷ്ട്രീയവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടപ്പെടലും ഇതിന്റെ ഭാഗമാണ്.

കേരളത്തിൽ ഭൂപരിഷ്കരണം പൂർണ്ണമായി നടന്നു എന്നാണ് നമ്മെ പലരും വിശ്വസിപ്പിച്ചുപോന്നത്. ഇത് നടന്നിട്ടില്ലെന്ന് രാഷ്ട്രീയകക്ഷികൾക്ക് അറിയാമായിരുന്നിട്ടും, പ്രത്യേകിച്ച് കംയൂണിസ്റ്റ് പ്രസ്ഥാനം അത് മറച്ചുവെക്കാനാണ് ശ്രമിച്ചത്. ഭൂപരിഷ്കരണം പൂർണ്ണമായി നടന്നിട്ടില്ല എന്ന് ജനം ശരിക്ക് തിരിച്ചറിഞ്ഞത് ചെങ്ങറ പോലുള്ള വിഷയം പൊന്തിവന്നപ്പോഴാണ്. കൃഷി ചെയ്യുന്നവന് ഭൂമി എന്ന തരത്തിൽ പിടിച്ചെടുത്ത മിച്ചഭൂമി കർഷകന് കൊടുക്കുക എന്നതായിരുന്നു ഭൂപരിഷ്കരണത്തിന്റെ സന്ദേശം. 18 ലക്ഷം ഏക്കർ മിച്ചഭൂമി കണ്ടെത്തി എന്നാണ് 1957ൽ സർക്കാർ പറഞ്ഞിരുന്നത്. മൂന്ന് ലക്ഷം കുടുംബങ്ങൾക്ക് 5 ഏക്കർ വീതം ഭൂമി കൊടുക്കാമെന്നും അവർ പറഞ്ഞു. എന്നാൽ 52 വർഷം കഴിഞ്ഞപ്പോൾ അവർ സമ്മതിക്കുന്നത് 93,000 ഏക്കർ ഭൂമി മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിൽ 46,000 ഏക്കർ മാത്രമാണ് വിതരണം ചെയ്തതെന്നുമാണ്. ഭൂപരിഷ്കരണത്തിന്റെ ഈ കാപട്യമാണ് വർഷങ്ങൾക്കു ശേഷം ചെങ്ങറപോലുള്ള സമരങ്ങൾ ഉയർന്നുവരാൻ ഇടയാക്കിയത്. ഭൂപരിഷ്കരണം നടന്നു എന്ന് പറയുന്ന കേരളത്തിൽ 27,000ത്തോളം കുടുംബങ്ങൾ മുക്കാൽ സെന്റ് മുതൽ പത്ത് സെന്റ് വരെയുള്ള സ്ഥലത്തും റോഡ്, തോട് എന്നിവയ്ക്ക് സമീപത്തും പുറമ്പോക്കിലുമാണ് ജീവിതം നയിക്കുന്നത്. ഇവരായിരുന്നു യഥാർത്ഥ കർഷകരെന്നതായിരുന്നു സത്യം. ഭൂപരിഷ്കരണത്തിലൂടെ പിടിച്ചെടുത്തു എന്ന് പറയുന്ന തുച്ഛമായ ഭൂമിയിലെ ഏറിയ പങ്കും കൈമാറിയത് മധ്യവർഗ്ഗത്തിൽ പെട്ട പ്രമാണിമാർക്കും കുടിയേറ്റക്കാർക്കുമായിരുന്നു. അവർക്ക് ഭൂമി ലഭിച്ചെങ്കിലും കൃഷി എന്നത് അവരുടെ മുഖ്യ വരുമാനമാർഗ്ഗമായിരുന്നില്ല. അത്തരക്കാരുടെ മക്കളെല്ലാം മറ്റ് പല തൊഴിലും ചെയ്ത് ജീവിച്ചുപോന്നവരായിരുന്നു. അതിനാൽ പിന്നീട് അവർ തരിശിട്ടും കൈമാറ്റം ചെയ്തും ക്രയവിക്രയം ചെയ്യാവുന്ന ചരക്കാക്കി ഭൂമിയെ മാറ്റുകയായിരുന്നു. ഇത്തരക്കാരാണ് കൃഷി നഷ്ടമാണെന്നും മറ്റുമുള്ള വ്യാപക പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും. കുട്ടനാട്ടിൽ നെല്ല് കൊയ്യാൻ ആളെ കിട്ടാത്ത അതേ കാലഘട്ടത്തിലാണ് കൊയ്യാൻ ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ആദിവാസികളും മറ്റും ഭൂമിക്കായി ചെങ്ങറയിൽ സമരം ചെയ്തതെന്ന് നാം ഓർക്കണം.

മറ്റൊന്ന് കേരള വികസനമെന്ന് നാം അഹങ്കാരത്തോടെ പറയുന്ന മാതൃകയുടെ നേട്ടങ്ങളൊന്നും ഇവിടത്തെ ദലിതർക്ക് ലഭിച്ചിരുന്നില്ല എന്നതാണ്. കേരളത്തിലെ വ്യാപാരരംഗത്തായാലും ഗൾഫ് കുടിയേറ്റത്തിലായാലും ഇവിടത്തെ ദലിതരുടെ പങ്ക് ഒന്നുമില്ലെന്നുതന്നെ പറയേണ്ടിവരും. ഇത്തരത്തിൽ അനുദിനം സമൂഹത്തിൽ വർധിച്ചുവരുന്ന വൈരുധ്യം മൂർഛിച്ചാണ് പുതിയ സമരങ്ങൾക്ക് കാരണമാകുന്ന വിഷയങ്ങൾ ഉയർന്നുവരുന്നത്. ഇതൊക്കെ മറച്ചുവെക്കാൻ ഇനി മുഖ്യധാരാ രാഷ്ട്രീയക്കാർ എത്ര ശ്രമിച്ചാലും പറ്റില്ല. ഇത് തുറന്നുകാട്ടപ്പെടുന്ന ഒരു സമരം തന്നെയാണ് ചെങ്ങറയിൽ നടന്നത്.

ഭൂമിയില്ലാത്തവന്റെ യഥാർത്ഥ രാഷ്ട്രീയം ചെങ്ങറയിൽ കണ്ടെങ്കിൽ വെള്ളത്തിന്റെ രാഷ്ട്രീയമാണ് പ്ലാച്ചിമടയിലെ ആദിവാസികൾ ഉയർത്തിക്കൊണ്ടുവന്നത്. പൊതു മുതലായ ഭൂഗർഭജലം കുപ്പിയിലാക്കി സ്വകാര്യകമ്പനി വില്പനച്ചരക്കാക്കുന്നതിനെ ക്കുറിച്ച് ആരും വേവലാതി കൊള്ളാത്തപ്പോൾ തങ്ങളുടെ ജീവജലം വറ്റുന്നുവെന്ന് തിരിച്ചറിഞ്ഞ പ്ലാച്ചിമടയിലെ ജനത സമരത്തിനിറങ്ങി. ഇത്തരത്തിൽ പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതിനെതിരായ സമരങ്ങൾ പല രൂപത്തിലും ഉയർന്നുവന്നു. കുന്നിടിക്കൽ, വയൽ നികത്തൽ, ജലാശയം നികത്തൽ, പാറപൊട്ടിക്കൽ എന്നിവക്കെതിരെ പുതിയൊരു ജൈവരാഷ്ട്രീയം ഉയർത്തുന്ന സമരങ്ങൾ നാടെങ്ങും ഉയർന്നുവരാൻ തുടങ്ങി. ഇതിന്റെയെല്ലാം മറ്റൊരു രൂപം തന്നെയായിരുന്നു മൂന്നാറിലും കണ്ടത്. പൊതു ഭൂമി സ്വകാര്യ വ്യക്തികൾ അനധികൃതമായി കയ്യേറുക, അത്തരം ഭൂമി ഏറ്റവും ലാഭകരമാക്കി മാറ്റുന്നതിനായി റിസോർട്ട് പണിയുക, ഡാം പണിയുക എന്നിങ്ങനെ പലവിധ മാറ്റങ്ങളും നടത്തിയതാണ് മൂന്നാറിൽ ചോദ്യം ചെയ്യപ്പെട്ടത്. ഭൂമിയുടെ വ്യാപാരം സംബന്ധിച്ച പ്രശ്നങ്ങൾ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ അജണ്ടയിലേക്ക് എത്തിക്കുന്നതിൽ ഇവിടത്തെ ചെറുകിട സംഘടനകളും സമരങ്ങളും വലിയ പങ്കാണ് വഹിച്ചത്. ഗോൾഫ് ക്ലബ്, കിനാലൂർ, വളന്തക്കാട്, റോഡ് വികസനം, സെസ് എന്നീ സമരങ്ങളിലൊക്കെ ഉയർന്നുവന്ന വിഷയങ്ങൾ ഇതേ രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്. ഒരു കാലത്ത് ഭൂപരിഷ്കരണം കൊണ്ടുവന്നവർ തന്നെ ഭൂമി ഏറ്റെടുത്ത് വൻകിടക്കാർക്ക് കൈമാറുന്ന വൈപരീത്യമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. ബംഗാളിൽ വൻതോതിൽ സ്ഥലമുള്ളതിനാൽ നന്ദിഗ്രാമും സിംഗൂരും സംഭവിച്ചപ്പോൾ ഇവിടെ ചെറിയ സ്ഥലത്തും അതേ നയം തന്നെയാണ് നടപ്പാക്കുന്നത്.

ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം നാം കേരള മാതൃക എന്നു പറഞ്ഞ് നേടിയെടുത്തതെല്ലാം കളഞ്ഞുകുളിക്കുകയാണ്. അത്തരം പ്രശ്നത്തിനെതിരെയും സമരങ്ങൾ ഉയർന്നുവരുന്നുണ്ട്.

ഇതിനു പിന്നാലെയാണ് സ്വത്വരാഷ്ട്രീയവും സ്വത്വവാദവും തമ്മിലുള്ള തർക്കം ഉയർന്നുവന്നത്. വർഗവും സ്വത്വവും തമ്മിലുള്ള ബന്ധം മറക്കാൻ ശ്രമിക്കുന്നവരാണ് ഇപ്പോൾ ഈ ചർച്ച ഉയർത്തിക്കൊണ്ടുവന്നത്. ഭൂ ഉടമസ്ഥതക്ക് പിന്നിൽ ജാതിയില്ലെന്നും ഭൂ ഉടമസ്ഥതയും വർഗ്ഗവും തമ്മിലെ പ്രശ്നമുള്ളു എന്നുമാണ് പ്രചരണം നടത്തിയിരുന്നത്. പൂർണ്ണമായും നടപ്പിലാക്കാത്ത ഭൂപരിഷ്കരണം നടപ്പിലാക്കി എന്ന് പ്രചരിപ്പിച്ചതിന്റെ കാപട്യം പോലെ മറ്റൊന്നാണ് സ്വത്വരാഷ്ട്രീയം ഇല്ല എന്നു പറയുന്നതിലെ കാപട്യവും. കക്ഷി രാഷ്ട്രീയത്തിൽ കൃത്യമായി സ്വത്വത്തിന് പ്രാധാന്യം നൽകുന്നവരാണ് ഏത് രാഷ്ട്രീയക്കാരും. ഏത് തെരഞ്ഞെടുപ്പിലായാലും, അത് കോളേജുകളിലായാൽ പോലും, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും, ജാതിയും മതവും വർണ്ണവുമൊക്കെ നോക്കുന്നുണ്ട്. ഒരു വെളുത്തവനെയോ പ്രത്യേക മതവിഭാഗത്തിന്റെ വക്താവിനേയോ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നത് പുതിയ പ്രതിഭാസമല്ല. വംശം, കുടുംബം, ജാതി, വർണ്ണം എന്നിങ്ങനെ സ്വത്വത്തിന്റെ എല്ലാ ഘടകങ്ങളും കക്ഷിരാഷ്ട്രീയക്കാർ ഉപയോഗിക്കുന്നുണ്ട്, പരിഗണിക്കുന്നുണ്ട്. ഇതൊക്കെ മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ അത് പുറത്തേക്ക് വരുന്നു എന്നതാണ് സ്വത്വരാഷ്ട്രീയം സംബന്ധിച്ച ചർച്ചകളും തെളിയിക്കുന്നത്.

മുഖ്യധാരാ രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് സി.പി.എമ്മുകാരാണ് ഇത്തരം സമരങ്ങളെ പലപ്പോഴും വിമർശിച്ചിട്ടുള്ളത്. അവർ പറയുന്നത് ഇതെല്ലാം ഒറ്റപ്പെട്ട സമരങ്ങളാണെന്നും അരാഷ്ട്രീയത വളർത്തുന്നെന്നുമാണ്. ആഗോളവത്കരണത്തിനെതിരായി ഉയരേണ്ട ജനകീയ മുന്നേറ്റത്തെ ഇത്തരം സമരങ്ങൾ തുരങ്കംവെക്കുമെന്നാണ് പറയുന്നത്. എന്നാൽ ആഗോളമൂലധനത്തിനെതിരെ ഇപ്പറയുന്ന സി.പി.എം. പോലുള്ള മുഖ്യധാരക്കാർ എന്ത് സമരമാണ് നടത്തുന്നത്? ഏതെങ്കിലും ഒരു വലിയ സമരം ആഗോള മൂലധനത്തിനെതിരെ ഇവിടെ ഉയർന്നുവന്നിട്ടുണ്ടോ, ഇക്കാലയളവിൽ? എ.ഡി.ബി. മുതലിങ്ങോട്ട് ഇപ്പോഴത്തെ വിലക്കയറ്റത്തിനെതിരെ പോലും വെറും ചട്ടപ്പടി സമരമല്ലേ അവർ നടത്തിയതും നടത്തുന്നതും?

ഏറ്റവും പുതിയ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട സമരം തന്നെ എടുക്കാം. കേരളത്തിൽ 45 മീറ്റർ വീതിയിൽ ബി ഒ ടി. വ്യവസ്ഥയിൽ ഹൈവെ വികസിപ്പിക്കുന്നതിനെതിരെ കേരളത്തിലങ്ങോളം സമരരംഗത്തിറങ്ങിയത് ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ലേബലില്ലായിരുന്നു. അതാതു സ്ഥലങ്ങളിൽ രൂപം കൊണ്ട സമരസമിതികളാണ് പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. പിന്നീട് അത്തരം സമരങ്ങളെ കോഓർഡിനേറ്റ് ചെയ്തപ്പോഴും അതിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നേതാക്കളും ഉണ്ടായിരിക്കാമെന്നല്ലാതെ സമരം പുതിയൊരു മുന്നേറ്റം തന്നെയായിരുന്നു. ഒടുക്ക, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ തീരുമാനമെടുത്തില്ലേ വീതി 30 മീറ്റർ മതിയെന്ന തരത്തിൽ?

പ്ലാച്ചിമടയിലെ കോക്കകോള സമരം, കരിമണൽ ഖനനം, എക്സ്പ്രസ് ഹൈവെ ഇത്തരത്തിൽ ഒട്ടേറെ സമരങ്ങളുടെ താൽക്കാലികമായ വിജയത്തിനു പിന്നിൽ പോലും പുതിയ സമരസമിതികളും സമരങ്ങളും തന്നെയല്ലെ? അപ്പോൾ ഇതൊക്കെയല്ലേ ആഗോളമൂലധനത്തിനെതിരായ യഥാർത്ഥസമരം? അല്ലാതെ വിദേശമൂലധനശക്തികളെ നിക്ഷേപ സൌഹൃദത്തിന്റെ പേരിൽ ഇവിടേക്ക് ക്ഷണിച്ച് ഭൂമി തീറെഴുതിക്കൊടുക്കുന്ന ഇടതുപക്ഷത്തിന്റേതാണോ ആഗോളവത്കരണവിരുദ്ധസമരം? പിന്നെ കംയൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സമരം പോലും തോറ്റ സമരങ്ങളായിരുന്നു. എന്നാൽ പിൽക്കാലത്തെ പല സമരങ്ങളുടെയും ഊർജ്ജമായി അത് വർത്തിച്ചു. ഇത്തരം ചരിത്രബോധം ഉൾക്കൊള്ളാതെയാണ് പുതിയ മുന്നേറ്റങ്ങളെ പലരും വിമർശിക്കുന്നത്.

ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത, അനുഭവവേദ്യമാകാത്ത സംഘടനാരീതിയിലാണ് പുതിയ സമരങ്ങൾ ഉയർന്നുവരുന്നതും അത് മുന്നോട്ടുപോകുന്നതും. മുൻകാല രാഷ്ട്രീയ സംഘടനകളുടെ വളർച്ചയുമായും അതിന്റെ സ്വഭാവവുമായും ഇതിനു ബന്ധമില്ല. പുതുതായി ഉയർന്നുവരുന്ന സമര സമിതികളിൽ ബി ജെ പിക്കാരും സി പി എമ്മുകാരും ലീഗുകാരും കോൺഗ്രസുകാരുമൊക്കെയുണ്ട്. സത്യത്തിൽ ഇത്തരത്തിൽ വരുന്ന പുതിയ മുന്നേറ്റങ്ങൾ നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അരാഷ്ട്രീയതയാണ് തുറന്നുകാട്ടുന്നത്. സി പി എമ്മിനെപ്പോലെയോ മറ്റോ ഉള്ള സംഘടനകൾക്കുള്ള കേന്ദ്രീകൃതസ്വഭാവമല്ല പുതിയ പല മുന്നേറ്റങ്ങൾക്കുള്ളത്. സംഘടനകളെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും പരമ്പരാഗതമായി നമുക്കുള്ളിൽ കിടക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഇത് മുന്നണിയാകുമോ? സംഘടനാരൂപത്തിൽ എപ്പോൾ എത്തും? അധികാരത്തിലെത്തുമോ? ഇത്തരം സംശയങ്ങൾ വരുന്നത് നേരത്തേയുള്ള ചില ഹാങ്ങോവറിൽ പുതിയ മുന്നേറ്റങ്ങളെ സമീപിക്കുന്നതു കൊണ്ടാണ്. മുഖ്യധാരാ രാഷ്ട്രീയത്തിലുള്ള പലരും മടിച്ചു നിൽക്കുകയാണ്. അവരും ഘട്ടംഘട്ടമായി പുറത്തേക്ക് വരും. അതെല്ലാം ഭേദിച്ച് പുറത്തു കടക്കുക എളുപ്പമല്ല. അങ്ങനെ സമയമെടുത്തുകൊണ്ടു മാത്രമെ പുതുതായി ഒരു സ്വഭാവം ഇത്തരം സമരങ്ങൾക്കും സംഘടനകൾക്കും സ്വാഭാവികമായും രൂപപ്പെടാനൊക്കൂ.

അത്തരത്തിൽ പെട്ടെന്ന് കോഓർഡിനേഷൻ നടത്താൻ പറ്റുന്നതല്ലെങ്കിലും പല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. ദേശീയപാതസമരത്തിൽ നിരവധി സംഘടനകൾ ഒന്നിച്ചുചേർന്നിട്ടുണ്ട്. ആദ്യകാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മാത്രമുണ്ടായിരുന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികളിൽ ആളുകൾ ചേരാൻ ഏറെ സംശയം പ്രകടിപ്പിച്ചിരുന്നില്ലേ? ഏറെ സമയമെടുത്താണ് പിന്നീട് പലരും കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്. ഇതേ പോലെ ഇത്തരം ഒന്നിക്കലിനും പുതിയ മുന്നേറ്റങ്ങൾ ശക്തിപ്പെടുന്നതിനും സമയമെടുക്കും. അത്രമാത്രം.

വ്യത്യസ്ത സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി മുന്നേറ്റങ്ങൾ കേരളത്തിന്റെ ചെറിയ സ്ഥലങ്ങളിൽ പോലും ഉണ്ട്. അതിനാൽ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത്തരം പുതിയ മുന്നേറ്റങ്ങൾ പലയിടത്തും നിർണ്ണായക സ്വാധീനഘടകമാകുമെന്നാണ് പ്രതീക്ഷ.

(കേരളീയം, ലക്കം 8, പുസ്തകം 11, 2010 ആഗസ്റ്റ്)

Thursday, August 12, 2010

തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ധാരണ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു മാസമെങ്കിലും വൈകും.

പുതിയ ത്രിതല പഞ്ചായത്തു ഭരണസമിതികൾ ഒൿടോബർ 2ന് മുമ്പ് നിലവിൽ വരേണ്ടതാണ്. സെപ്തംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയാലെ അത് സാധ്യമാകൂ. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുന:സംഘടനാ പ്രശ്നം കോടതിയുടെ മുന്നിലായിരുnnu. കോടതിയുടെ തീരുമാനം വന്നശേഷവും സർക്കാർ തുടർ നടപടികൾ വൈകിപ്പിച്ചതുകൊണ്ട് അവിടങ്ങളിൽ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തുന്നതിനെ കുറിച്ച് ഊഹാപോഹങ്ങൾ പരന്നിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന ധാരണയുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പൂർത്തിയാകുന്നതുവരെ തെരഞ്ഞെടുപ്പ് വൈകുമെന്നർത്ഥം.

തെരഞ്ഞെടുപ്പ് ഒൿടോബർ അവസാനത്തിലാകാനാണ് സാധ്യത. പുതിയ ഭരണ സമിതികൾക്കായി നവംബർ ആദ്യം വരെ കാത്തിരിക്കേണ്ടിവരും.

ഇന്നത്തെ വാർത്തയ്ക്ക് കേരള ഓൻലൈൻ കാണുക

Tuesday, August 10, 2010

Message from Bishop Geevarghese Mar Coorilos

The following is a message sent by Bishop Geevarghese Mar Coorilos in response to the 12-point programme of the Janakeeya Aikyavedi:

Dear and respected BRP Sir:

Many thanks for your mail which I read with much interest. I do concur with the sentiments and interests expressed in the document. The only comment I would make is that it should also speak for the most vulnerable of all, the physically and the mentally challenged sections of our society, particularly the mentally challenged who are not organised at all and hence easily neglected by the ruling class everywhere. Otherwise, I am with you all the way. My best wishes for this important initiative and please do count me as one among you in this initiative

In solidarity
Bishop Coorilos

പെരുമ്പടവം ശ്രീധരന്റെ സന്ദേശം

Photo: Courtesy WebDuniya

അഴിമതിമുക്തമായ ഒരു സമൂഹം ഇനി അസ്സാധ്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു എന്ന് ഭയപ്പെടുന്നവരുടെ സംഖ്യ ചെറുതല്ല. അവരുടെ ആശങ്കകളും വേവലാതികളും അനാഥമായിപ്പോകുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ ആസുരത മറ്റൊരു നന്മയെയും നിലനിൽക്കാൻ സമ്മതിക്കാത്ത തരത്തിൽ ശക്തമായിരിക്കുന്നുവെന്ന യാഥാർത്ഥ്യം കാണാതിരുന്നുകൂടാ. അന്നും ഈ അവസ്ഥ അങ്ങനെ തുടർന്നാൽ മതിയോ? അഴിമതിവിമുക്തവും കക്ഷിരാഷ്ട്രീയവിമുക്തവുമായ ഒരു പുതിയ സാഹചര്യം ഉണ്ടാക്കിറ്യെടുക്കാനുള്ള തീവ്രമായ ആഗ്രഹവും തീരുമാനവും തന്നെയാണ് ഫലപ്രദമായ ആദ്യത്തെ ചുവട്. അതിനുള്ള ഒരു സംരംഭം എന്ന നിലയ്ക്ക് അനിക്ക് ജനകീയ ഐക്യവേദിയോട് താല്പര്യമുണ്ട്. അങ്ങനെയൊരു പുതിയ പ്രസ്ഥാനത്തിന്റെ അനിവാര്യതയെക്കുറിച്ച് എനിക്ക് ഉറപ്പുണ്ട്.

സക്കറിയയുടെ അഭിവാദ്യങ്ങൾ

Photo: Courtesy http://www.chintha.com

കേരളത്തില്‍ ജനാധിപത്യം എന്നാല്‍ രാഷ്ട്രീയ കക്ഷികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ജനങ്ങളുടെ മേല്‍, അവരുടെ നാമത്തില്‍, അടിച്ചേല്‍‌പ്പിക്കുകയാണ് എന്നായിത്തീര്‍ന്നിരിക്കുന്നു. കൂട്ടാളികളായ മാധ്യമങ്ങളുടെ സഹായത്തോടെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യത്തിന്റെ പിരമിഡ് തലകീഴാക്കി, തങ്ങള്‍ മേലാളരും ജനങ്ങള്‍ കീഴാളരുമാണ് എന്ന ഫാഷിസ്റ്റ് ക്രമം കൈവരുത്തുന്നത്. ജനങ്ങള്‍ കേരളത്തിലെ ഇരുമുന്നണികള്‍ക്കും വെറും ഒരു അലങ്കാരവസ്തു മാത്രമാണ്. അധികാരത്തിനും സമ്പത്തിനും ആര്‍ഭാടത്തിനും വേണ്ടിയുള്ള പാര്‍ട്ടികളുടെ താല്പര്യങ്ങളാണ് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളെ ഇന്ന് ഭരിക്കുന്നത് എന്നത് അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷെ ഇരുമ്പുലക്ക പോലെയുള്ള ഒരു ക്രൂര സത്യമാണ്. ധിക്കാരികളായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെ ശിരസ്സില്‍ ആഞ്ഞടിക്കുന്ന ഒരു ഇരുമ്പുലക്ക.

മലയാളികള്‍ക്ക് ലജ്ജാകരവും ആപത്കരവുമായ ഈ അവസ്ഥാ വിശേഷത്തിന്റെ നടുവിലേക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകള്‍ വന്നെത്തുന്നത്. ജനതാല്പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിമകളെപ്പോലെ പിടിച്ചെടുക്കാനും ചങ്ങലയ്ക്കിടാനും കിണഞ്ഞു പരിശ്രമിക്കാന്‍ പോവുകയാണ് എന്നതില്‍ സംശയം വേണ്ട. പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു വരുമാനമാര്‍ഗ്ഗം മാത്രമാണ്.

രാഷ്ട്രീയപ്പാര്‍ട്ടികളെ നമുക്ക് ആവശ്യമാണ്. പക്ഷെ നമ്മുടെ ജീവിതങ്ങളുടെ അധിനിവേശകരായ അഴിമതിയില്‍ കുളിച്ച സ്വേച്ഛാധിപതികളായല്ല, നമ്മുടെ യഥാര്‍ത്ഥ താല്പര്യങ്ങളുടെ പ്രതിനിധികളായാണ് അവരെ നമുക്ക് ആവശ്യം. അതാണ് ജനാധിപത്യത്തിലെ അവരുടെ ഒരേയൊരു പങ്കും കര്‍ത്തവ്യവും. പക്ഷെ അവരത് മറന്നിരിക്കുന്നു. അത് മറക്കാന്‍ മാധ്യമങ്ങള്‍ നമ്മെ പരിശേഏലിപ്പിക്കുകയും ചെയ്യുന്നു. പാര്‍ട്ടികളെ അവര്‍ ആരാണെന്ന അടിസ്ഥാന സത്യം ഓര്‍മ്മിപ്പിയ്ക്കാനും ജനങ്ങളുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടികളുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്ന വസ്തുത അരക്കിട്ടുറപ്പിയ്ക്കാനും ജനങ്ങളുടെ മേലുള്ള പാര്‍ട്ടികളുടെ നീരാളിപ്പിടിത്തത്തിന് അരവസാനമിടുന്ന പ്രക്രിയയ്ക്ക് ആരംഭം കുറിയ്ക്കാനും ഈ വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകള്‍ ഉപയോഗിക്കേണ്ടത് മലയാളികളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രാധാന്യമുള്ള ഒരു ആവശ്യമാണ്.

ഈ ഇന്നം മുന്നില്‍ വച്ചുകൊണ്ട് ജനകീയ ഐക്യവേദി നടത്തുന്ന പരിശ്രമങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രപ്രാധാന്യമുള്ള ഒരു നീക്കമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ ജനങ്ങളെ മുന്‍‌നിര്‍ത്തിയുള്ള ഒരു നീക്കവും ഈ അവസരത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല എന്നു മാത്രമല്ല അവര്‍ ഒറ്റക്കെട്ടായി ജനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പരിശ്രമിക്കും. അതുകൊണ്ട് ജനകീയ ഐക്യവേദിയുടെ ഒരുപക്ഷെ ഒറ്റപ്പെട്ട ഈ ശബ്ദമുയര്‍ത്തല്‍, ഈ പ്രഖ്യാപന സമ്മേളനം, വിലയേറിയ ഒന്നാണ്.

മലയാളികളുടെയും കേരളത്തിന്റെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ ഐക്യവേദിയുടെ പരിശ്രമത്തിന് എന്റെ എളിയ അഭിവാദ്യങ്ങള്‍!