12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Thursday, September 2, 2010

സ്ത്രീകൾക്കായി പാർട്ടികളുടെ പരക്കം‌പാച്ചിൽ

തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ, പ്രധാന രാഷ്ട്രീയപ്പാർട്ടികൾ വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തത്രപ്പാടിലാണെന്ന് മാധ്യമം പത്രം റിപ്പോർട്ടു ചെയ്യുന്നു.

ഇത്തവണ നഗരത്തിൽ 100 വാർഡുകളാണുള്ളത്. ഓരോ മുന്നണിക്കും സ്ഥാനാർത്ഥികളാക്കാൻ 50 സ്ത്രീകളെ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇടതുപക്ഷം വലിയ തർക്കങ്ങളില്ലാതെ ആദ്യഘട്ടം കടന്നപ്പോൾ യു.ഡി.എഫും ബി.ജെ.പി.യും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാവാതെ വിഷമിക്കുകയാണെന്ന് മാധ്യമം പറയുന്നു.

റിപ്പോർട്ട് തലസ്ഥാനനഗരത്തിലെ സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും സംസ്ഥാനത്തെ മൊത്തം സ്ഥിതിയും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. ഇന്ന് കേരളസമൂഹം ഏറെക്കുറെ ഒരു മദ്ധ്യവർഗ്ഗ സമൂഹമാണ്. മദ്ധ്യവർഗ്ഗ വനിതകൾ പൊതുവെ കക്ഷിരാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്നവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായ സി.പി.എമ്മിന്റെ അംഗങ്ങളിൽ 11.28 ശതമാനം മാത്രമാണ് സ്ത്രീകൾ. രാഷ്ട്രീയം സ്ത്രീകൾക്കു പറ്റിയ മേഖലയല്ലെന്ന ചിന്ത വ്യാപകമാകയാൽ സ്ത്രീകൾക്ക്, പ്രത്യേകിച്ചും മധ്യവർഗ്ഗത്തിൽ പെട്ടവർക്ക്, തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരാൻ മടിയാണ്. രാഷ്ട്രീയ നേതാക്കൾക്ക് വീട്ടുകാരെയൊ അവരുടെ വരുതിയിൽ നിൽക്കുമെന്ന് ഉറപ്പുള്ള മറ്റ് സ്ത്രീകളെയൊ മുന്നോട്ടു കൊണ്ടുവരാൻ ഇത് സഹായിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ സാഹചര്യം മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.

അഞ്ചു വൻ‌നഗരങ്ങളിൽ മൂന്നിടത്ത് മേയർ പദവി വഹിക്കേണ്ടത് വനിതകളാണ്. കൊച്ചിയിലും തൃശ്ശൂരിലും ഇപ്പോൾ വനിതാ മേയർമാർ ഉള്ളതുകൊണ്ട് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ വൻ‌നഗരങ്ങളിലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വനിതകൾ മേയർമാർ ആകേണ്ടത്. വനിതകൾ അദ്ധ്യക്ഷ പദവി വഹിക്കേണ്ട 489 ഗ്രാമ പഞ്ചായത്തുകൾ ഏതൊക്കെയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നറുക്കെടുപ്പിലൂടെ തീരുമാനിച്ചുകഴിഞ്ഞു.
ഇതിൽ ഏതാനും പഞ്ചായത്തുകളിലെ അദ്ധ്യക്ഷപദവി പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ട വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളവയാണ്. ഈ വൻ‌നഗരങ്ങളിലും ഗ്രാമങ്ങളിലും അദ്ധ്യക്ഷ പദവി വഹിക്കാൻ യോഗ്യരായ വനിതകളെ കണ്ടെത്താൻ ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനകൾ ഉടനടി ശ്രമം തുടങ്ങണം. ഐക്യവേദിയുടെ രൂപീകരണ വേളയിൽ ശ്രീമതി സുഗതകുമാരി നൽകിയ നിർദ്ദേശം ഇവിടെ നമുക്ക് ഓർക്കാം: “ഓരോ പ്രദേശത്തും അവിടെയുള്ള ഏറ്റവും നല്ല ജനസേവകരെ കണ്ടെത്തി തിരഞ്ഞെടുക്കാൻ നാട്ടുകാർക്ക് സാധിക്കണം.“ ആദ്യ പടിയെന്ന നിലയിൽ ഈ മൂന്ന് വൻ‌നഗരങ്ങളിലും 489 ഗ്രാമങ്ങളിലും കക്ഷികൾക്ക് അടിമപ്പെടാതെ ജനപങ്കാളിത്തമുള്ള ഭരണം കാഴ്ചവെക്കാൻ കഴിവുള്ളവരും സേവനതല്പരരുമായ സ്ത്രീകളെ കണ്ടെത്തണം.

നിലവിലുള്ള സാഹചര്യങ്ങളിൽ യോഗ്യരായി നാം കാണുന്ന വനിതകൾ മത്സരരംഗത്തേക്ക് വരാൻ മടിയുള്ളവരാകും. അതുകൊണ്ട് കളത്തിലിറങ്ങാൻ അവരെ പ്രേരിപ്പിക്കേണ്ടിവരും. ജനങ്ങൾ അവരുടെ പിന്നിൽ അണിനിരക്കുമെന്ന വിശ്വാസം ജനിപ്പിക്കാൻ നമുക്ക് കഴിഞ്ഞാൽ അവർ കളത്തിൽ ഇറങ്ങാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

ഈ വിധത്തിൽ ജനകീയപക്ഷത്തെ നയിക്കാൻ സന്നദ്ധയാകുന്ന വനിതയുടെ സഹകരണത്തോടെ വാർഡ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പിനുശേഷം ഐക്യത്തോടെ പ്രവർത്തിക്കുന്നതിന് സഹായകമാകും.
-- ബി.ആർ.പി.ഭാസ്കർ

1 comment:

  1. എന്റെ ഭാര്യ കുടുംബശ്രീ ചെയര്‍ പെര്സന്‍ ആണ് . അവരോടു സി പി എം ഭാരവാഹികള്‍ പറഞ്ഞത് ഏതു സീറ്റ്‌ ആണ് വേണ്ടത് എന്ന് പറഞ്ഞാല്‍ മതി എന്നാണു .മാത്രവുമല്ല പറഞ്ഞു കേള്‍ക്കുന്ന ഇടതു വനിതാ സ്ഥാനാര്‍ഥികള്‍ അധികവും കുടുംബശ്രീയുമായി ബന്ധപ്പെട്ടവരുമാണ് .സി പി എമ്മിന്റെ കൂലിപ്പട്ടാളമായി കുടുംബ ശ്രീയെ കണ്ടത് വലതു പക്ഷത്തിനു പറ്റിയ അബദ്ധമാണ് .ആദ്യന്തികമായി സ്ത്രീ സംവരണം നമ്മുടെ ഭരണ സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടാക്കുവാന്‍ സാദ്ധ്യതയുണ്ട് . മറ്റൊരു 'റാബ്രി ദേവി' ആകും മിക്കവാറും സ്ത്രീ പ്രതിനിധികളും എന്ന് കരുതുന്നതില്‍ തെറ്റില്ല

    ReplyDelete