12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Friday, October 29, 2010

ജനകീയ ഐക്യവേദിയും തെരഞ്ഞെടുപ്പ് ഫലവും

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പല സുഹൃത്തുക്കളും ജനകീയ ഐക്യവേദിയുടെ പ്രകടനം എങ്ങനെ, ജനകീയ വികസന മുന്നണിക്ക് എന്തു പറ്റി എന്നൊക്കെ എന്നോട് ചോദിക്കുകയുണ്ടായി. കൃത്യമായ മറുപടി പറയാനുള്ള വിവരം അപ്പോൾ എന്റെ പക്കലില്ലായിരുന്നു. പല സ്രോതസുകളിൽ നിന്നായി കുറച്ച് വിവരം ഇപ്പോൾ കിട്ടിയിട്ടുണ്ട്. അത് ഇവിടെ പങ്ക് വയ്ക്കുന്നു.

ആദ്യമായി പ്രിയസുഹൃത്തുക്കൾ മനസ്സിലാക്കേണ്ടത് ജനകീയ ഐക്യവേദി തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെന്നതാണ്. അതുകൊണ്ട് അതിന്റെ “പ്രകടനം“ എങ്ങനെ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തദ്ദേശഭരണത്തെ കക്ഷിരാഷ്ട്രീയത്തിൽ നിന്ന് മോചിപ്പിക്കാനും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനും ഉതകുന്ന് ഒരു പരിപാടി മുന്നോട്ടു വെക്കുകയാണ് ഐക്യവേദി ചെയ്തത്. ആ പരിപാടി ഇവിടെ പോസ്റ്റ് ചെയ്തിരുന്നു.

ഐക്യവേദി മുന്നോട്ടു വെച്ച പരിപാടിയോട് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും നയിക്കുന്ന കക്ഷികളിൽ നിന്നൊ ബി.ജെ.പി.യിൽ നിന്നൊ അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നില്ല. മത്സരരംഗത്തുണ്ടായിരുന്ന ചില സംഘടനകൾ -- ഏറെയും ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുന്നവ – പരിപാടി അംഗീകരിച്ചു. പ്രചാരണവേളയിലും വോട്ടെടുപ്പ്-വോട്ടെണ്ണൽ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പിനെ യു.ഡി.എഫ്.-എൽ.ഡി.എഫ്.-ബിജെ.പി. കള്ളികളിൽ തളച്ചിടാൻ ബന്ധപ്പെട്ട കക്ഷികൾ നടത്തിയ ശ്രമത്തിന് മാദ്ധ്യമങ്ങളുടെ സമ്പൂർണ്ണ പിന്തുണയുണ്ടായിരുന്നു. ആ ശ്രമം വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ബഹുഭൂരിപക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്ന സി.പി.എമ്മിനെതിരായ ജനവികാരം യു.ഡി.എഫ്. അനുകൂല വോട്ടുകളായി രൂപാന്തരപ്പെട്ടു.

ഇന്നത്തെ പത്രങ്ങളിൽ വന്നിട്ടുള്ള കണക്കനുസരിച്ച്, യു.ഡി.എഫ്. 7834 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും എൽ.ഡി.എഫ്. 6014ലും ബി.ജെ.പി. 377ലും ജയിച്ചു. 1108 വാർഡുകളിൽ “മറ്റുള്ളവർ” ജയിച്ചു. ഈ മറ്റുള്ളവരിൽ ഒരു വലിയ വിഭാഗം എൽ.ഡി.എഫ്. യു.ഡി.എഫ്. വിമതന്മാരാണെന്ന് ഞാൻ കരുതുന്നു. അവരെയും യു.ഡി.എഫ്, എൽ.ഡി.എഫ്. കള്ളികളിൽ പെടുത്താം.

മറ്റുള്ളവരുടെ കൂട്ടത്തിൽ കൈവെട്ടു കേസിലെ ഒരു പ്രതിയുൾപ്പെടെ ഏതാനും എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുണ്ടെന്ന് മാധ്യമങ്ങൾ ഇതിനകം നമ്മെ അറിയിച്ചിട്ടുണ്ട്. ആ കേസ് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് എസ്.ഡി.പി.ഐ.യുടെ എങ്ങനെ വിജയിച്ചു എന്ന ചോദ്യത്തിന് ഉത്തരം കാണാൻ ദേശീയ ചാനലുകൾ ശ്രമിക്കുകയാണ്.

ജനകീയ ഐക്യവേദിയുടെ പരിപാടി അംഗീകരിച്ചവരിൽ ജമാത്തെ ഇസ്ലാമിയും ബി.എസ്.പിയും ഉൾപ്പെടുന്നു.

പ്രാദേശികമായി ജനകീയ വികസന മുന്നണികൾ ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ ഇടപെട്ട ജമാത്തെ ഇസ്ലാമി ഇടതു-വലതു മുന്നണികൾക്ക് ബദലായി ഉയർന്നു വരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങളെന്ന് അവകാശപ്പെട്ടിട്ടുണ്ട്. (താഴെ കൊടുത്തിട്ടുള്ള പ്രസ്താവന കാണുക). എത്ര വികസന മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് ജമാത്തെ ഇസ്ലാമിയുടെ പ്രസ്താവനയിലില്ല.

മലപ്പുറം ജില്ലയിൽ വികസന മുന്നണികളുടെ പേരിൽ ജമാത്തെ ഇസ്ലാമി നിർത്തിയ രണ്ട് പേരും വയനാട് ജില്ലയിൽ ഒരാളും ജയിച്ചതായി മലയാള മനോരമയിൽ വായിച്ചു. മൂവരെയും എൽ.ഡി.എഫ്. സഹായിച്ചെന്നാണ് റിപ്പോർട്ട്.

കോരുത്തോട് പഞ്ചായത്തിൽ ബി.എസ്.പി. സ്ഥാനാർത്ഥി ബിന്ദു ബിജു ജയിച്ചതായും മനോരമയിൽ കണ്ടു. അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ള പഞ്ചായത്താണത്. തെരഞ്ഞെടുക്കപ്പെട്ട ഏക പട്ടികജാതി വനിതയെന്ന നിലയിൽ ബിന്ദു ബിജു അവിടെ അദ്ധ്യക്ഷയാകുമെന്ന് പത്രം പറയുന്നു.

4 comments:

 1. ഇടതുപക്ഷം തോറ്റിട്ടില്ല....അനുസരണക്കേടു കാണിക്കുന്ന കുട്ടിയെ അമ്മ തല്ലുന്നത് സ്നേഹക്കുറവുകൊന്ദല്ല..മറിച്ച് സ്നേഹ കൂടുതല്‍ കോന്ഡാനു...ഇടതുപക്ഷം തിരിച്ചുവരും കൂടുതല്‍ കരുത്തൊടെ ...യുവ തലമുറയിലൂടെ..

  ReplyDelete
 2. കക്ഷിരാഷ്ട്രീയത്തിന്‍റെ പൊട്ടാക്കയറുകളില്‍ ബന്ധിതമായിരിക്കുന്ന കേരളീയ സമൂഹത്തെ,ജനകീയ/വികസനമുന്നണികളുടെ വിശാലമായ ഭൂമികയിലേക്ക് നയിക്കാന്‍ ഏറെ നാളത്തെ തീവ്ര ശ്രമങ്ങള്‍ കൊണ്ടേ സാദ്ധ്യമാവൂ എന്നതാണ്‍ ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം.രാഷ്ട്രീയ തമ്പുരാക്കളുടെ കുടക്കീഴില്‍ നിന്നും മാറിനിന്ന് ഇത്തിരിയൊക്കെ വെയ്ല് കാഞ്ഞ്,മെയ്യനങ്ങി പണിയെടുക്കുക എന്ന അടിസ്ഥാന ഗുണങ്ങള്‍ അവന്‍ എപ്പോഴേ മറന്നേ പോയിരിക്കുന്നു...?
  പലയിടങ്ങളിലും സിപിഎം ന്റ്റെ പരമ്പരാഗത വോട്ട്ബാങ്കുകള്‍ പോലും മൊത്തമായും ചില്ലറയായും മറിച്ചും തിരിച്ചുമൊക്കെ വില്‍ക്കപ്പെട്ടിരിക്കുന്നു..?
  ജനകീയ മുന്നണിസ്ഥാനാര്‍ഥികളെ സം‌യുക്തമായി തോല്പിക്കുക എന്ന സങ്കുചിതാല്പര്യം സാദ്ധ്യമാക്കാന്‍ ഇടത് വലത് പരമ്പരാഗത വൈര്യം,താല്‍ക്കാലികമായെങ്കിലും മറക്കാനായി എന്നതിന്‍ ജനപക്ഷമുന്നണിക്കാരോട് ഇവര്‍ കടപ്പെട്ടിരിക്കുന്നു..!!
  ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചേടത്തോളം അവരുടെ കന്നിയങ്കമാണീ കഴിഞ്ഞ തെരഞ്ഞെടുപ്പ്.ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാള്‍ സുപ്രധാനം വലിയൊരു മാറ്റത്തിന്‍റെ നാന്ദിയായി
  എന്നാണ്‍ വിലയിരുത്തല്‍.ഇടത് വലത് വ്യത്യാസമെന്യെ കാണിച്ചു
  കൂട്ടുന്ന ഈ കോമാളിക്കളിയില്‍ ഏറെ മെച്ചപ്പെട്ട ഒരവസ്ഥ ഇനിയും പ്രതീക്ഷിക്കാന്‍ നിവ്റൃത്തില്ല.ചെന്നിത്ത്ല അടുത്ത
  മുഖ്യമന്ത്രിയെ ഇപ്പോഴേ നിശ്ചയിച്ചു കഴിഞ്ഞല്ലോ.മുരളിയും പിന്നെ കരുണാകരനുമൊക്കെ ചേര്‍ന്നാല്‍ ജോറാവും.!

  ReplyDelete
 3. പക്ഷെ ഐക്യവേ
  ദിയുടെ ആഹ്വാനത്തില്‍ ഒപ്പിട്ട സാംസ്കാരിക നായകന്‍ കെ.പി സുകുമാരന്‍ അഞ്ചരക്കണ്ടി ഹാപ്പിയാണ്‌

  അദ്ദേഹം പറയുന്നു......ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്‍ ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ. അത്രയൊക്കെ മതി. സര്‍ക്കാര്‍ വാരിക്കോരി തരും എന്ന് ആരും ഇവിടെ കാത്തിരിക്കുന്നില്ല. അവനവന്‍ പണി എടുത്താലേ അവനവന് ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ. ആളുകള്‍ക്ക് സമാധാനമാണ് വേണ്ടത്. എങ്ങനെയൊ ജീവിച്ചോളും.

  ReplyDelete
 4. ശ്രീ കെ.പി സുകുമാരന്‍റെ മുന്‍കൂര്‍ ജാമ്യം ഇങ്ങിനെയായിരുന്നു :

  കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...
  മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഇവിടെ ഹാരൂണ്‍ക്ക പ്രസിദ്ധപ്പെടുത്തിയത് നന്നായി. പ്രാദേശികമായി പല സമരമുഖങ്ങളിലും യോജിച്ച് പ്രവര്‍ത്തിച്ചവരാണ് പുതിയൊരു നയസമീപനവുമായി ജനകീയമുന്നണികള്‍ രൂപീകരിച്ചുകൊണ്ട് വോട്ടര്‍മാരെ സമീപിക്കുന്നത്. നമ്മുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത് തികച്ചും പുതിയൊരു സംഭവമാണ്. കാലഘട്ടത്തിന്റെ ആവശ്യമായാണ് ഓരോന്ന് പുതിയതായി ഉയര്‍ന്നുവരിക. പല സമരത്തിലും ജമാ‌അത്തേ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകന്മാരും പങ്കെടുത്തിട്ടുള്ളത്കൊണ്ട് ഈ മുന്നണിയിലും അവരുണ്ടാവുകയോ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിലോ അപാകതയുമില്ല. ഈ തെരഞ്ഞെടുപ്പില്‍ എത്ര വാര്‍ഡുകളില്‍ വിജയിക്കും അല്ലെങ്കില്‍ എത്ര പേരുടെ പിന്തുണ ലഭിക്കും എന്നത് വിഷയമേയല്ല. എന്തെന്നാല്‍ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടുകൂടി പിരിഞ്ഞുപോകാനുള്ളതല്ല ഈ മുന്നണി. തോറ്റാലും ജയിച്ചാലും മുന്നണിക്ക് പണിയുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണത്. സമൂഹത്തിലും രാഷ്ട്രീയത്തിലും പുതിയൊരു മൂല്യ പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രകൃതിനിയമമനുസരിച്ച് തന്നെ പുതിയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.
  October 7, 2010 6:20 PM

  ReplyDelete