12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Wednesday, September 29, 2010

കുളത്തൂപ്പുഴയിലെ ജനകീയ മുന്നണി സ്ഥാനാർത്ഥികൾ

കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിൽ ജനകീയ വികസന മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

അജയൻ കാണി (ഡാലി), ശ്രീലത (അമ്പലം വാർഡ്), കുമാരി ബിന്ദു (കുളത്തൂപ്പുഴ ഠൗൺ‍), അബ്ദുൽ വഹാബ് (നെല്ലിമൂട്), ബാദുഷാ ബീവി (മഠത്തിൽകോണം), മുംതാസ് (തിങ്കൾകരിക്കം) എന്നിവരാണ് സ്ഥാനാർത്ഥികൾ.

എല്ലാ സ്ഥാനാർത്ഥികളും സെപ്തംബര്‍ 30ന് പത്രിക സമർപ്പിക്കുമെന്ന് മുന്നണി ചെയർമാൻ സൈനുദ്ദീൻ, കൺ‌വീനർ കെ.ബി മുരളി എന്നിവർ അറിയിച്ചു.

ഏരൂർ ഗ്രാമ പഞ്ചായത്തിൽ ജനകീയ വികസന മുന്നണി

ഏരൂർ ഗ്രാമ പഞ്ചായത്ത് ജനകീയ വികസന മുന്നണി സ്ഥാനാർത്ഥിയായി പത്തടി (12ാം വാർഡ്) മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കിലയിലെ മുൻ പരിശീലകനുമായ ഒ.ഖാലിദ് മത്സരിക്കും. ഏരൂർ പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ പൊതു സമ്മതരായ സ്ഥാനാർത്ഥികളെ പിന്തുണക്കും.

ഫാ.എബ്രഹാം ജോസഫ് രക്ഷാധികാരിയും ഹലിമാബീവി കൺ‌വീനറുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. അഷ്‌റഫ് കൊടിയിൽ, അഷ്‌റഫ് ഏരൂർ, തമ്പി, ബഷീർ, അജാസ്, നാസിമുദ്ദീൻ, റുമീസ, ഏരൂർ അശോകൻ എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായിരിക്കും.

പഞ്ചായത്തിലെ മാതൃകാ വാർഡായി പത്തടി വാര്‍ഡിനെ മാറ്റുക, വികസന പദ്ധതികളുടെ മൂല്യവർദ്ധിത വിനിയോഗം, വികസന പ്രവർത്തനങ്ങളിൽ ജനകീയ മോണിറ്ററിംഗ്, പലിശ രഹിത മൈക്രോഫൈനാൻസിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തൽ, സ്ത്രീശാക്തീകരണത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രത്യേക പദ്ധതി, പെൺ‌കുട്ടികള്‍ക്കായി കരിയർ ഗൈഡൻസ്, വാർഡിനെ ലഹരിമുക്തമാക്കാനുള്ള ജനകീയ പരിപാടി എന്നിവയാണ് ജനകീയ വികസന മുന്നണി ഏരൂർ പഞ്ചായത്തിൽ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.
--സജീദ് ഖാലിദ്

Monday, September 27, 2010

വെളിച്ചിക്കാല ആക്ഷൻ കൌൺസിലിന്റെ പിന്തുണയോടെ ജനകീയ മുന്നണി

കൊല്ലം: നെടുമ്പന ഗ്രാമപഞ്ചായത്തിൽ വെളിച്ചിക്കാല ആക്ഷൻ കൌൺസിലിന്റെ പിന്തുണയോടെ ജനകീയ മുന്നണി രൂപീകരിച്ചു. വെളിച്ചക്കാല മലേവയൽഎട്ടാം വാര്‍ഡില്‍ നിന്ന് മത്സരിക്കും. നെടുമ്പന ഗ്രാമപഞ്ചായത്തിൽ പ്രാതിനിധ്യം വഹിക്കുന്ന രാഷ്ട്രീയ പ്രതിനിധികളുടെ നിരന്തരമായ വഞ്ചനയാണ് ഇത്തരമൊരു ജനകീയ മുന്നണി രൂപീകരണത്തിന് വഴിയായത്.

ഗ്രാമപഞ്ചായത്തിന്റെ നീതിപൂർവവും സന്തുലിതവുമായ വികസനമാണ് ജനകീയ മുന്നണി ലക്ഷ്യം വെക്കുന്നത്. ജനപക്ഷ വികസനം, വികസനഫണ്ടുകളുടെ മൂല്യവർദ്ധിത വിനിയോഗം, കാർഷിക മേഖലയുടെ പുത്തനുണർവ്, ഗ്രാമസഭകളുടെ അന്തസത്ത തിരിച്ചുകൊണ്ടുവരൽ എന്നിവയിലൂടെ ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുകയാണ് ജനകീയമുന്നണിയുടെ ഉദ്ദേശം. ജനകീയ പ്രശ്‌നങ്ങളിൽ പുറംതിരിഞ്ഞുനില്‍ക്കുന്ന ഗ്രാമപഞ്ചായത്തിന്റെ സമീപനങ്ങളെ തിരിത്തിക്കുവാൻ ജനകീയമുന്നണി ഇടപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വെളിച്ചിക്കാല എട്ടാം വാർഡിൽ ഷമീർ നമ്പ്യാതിയിലാണ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ അമ്പത്തൊന്നംഗ ജനകീയ തെരഞ്ഞെടുപ്പു കമ്മറ്റി രൂപീരിച്ചിട്ടുണ്ട്. കമ്മറ്റി ഭാരവാഹികളായി റഹീം, നാസർ(ചെയർമാൻ) ഫസിലുദ്ദീൻ (കൺ‌വീനർ‍), ജലീൽ ചെമ്പടം(ട്രഷറർ) ഷെഫീഖ്, സലീം(പ്രചരണ കൺ‌വീനർ) എന്നിവരെയും തെരഞ്ഞെടുപ്പ് കോ-ഓഡിനേറ്ററായി കെ.സജീദിനെയും തെരഞ്ഞെടുത്തു.

ജനകീയ മുന്നണി സ്ഥാനാർത്ഥി ഒക്‌ടോബർ ഒന്നിന് പത്രിക സമർപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ സലീം അമാനി അറിയിച്ചു.

Friday, September 24, 2010

കുളത്തൂപ്പുഴ പഞ്ചായത്തിലും ജനകീയ വികസന മുന്നണി നിലവിൽ വന്നു

“കുളത്തൂപ്പുഴ പഞ്ചായത്ത് ജനങ്ങLഭരിക്കട്ടെ“ എന്ന മുദ്രാവാക്യം അലയടിച്ച വേദിയിൽ കുളത്തൂപ്പുഴ പഞ്ചായത്ത് ജനകീയ വികസന മുന്നണി പ്രഖ്യാപനം മുന്നണി പതാക കൺ‌വീനർ കെ.ബി മുരളിക്ക് കൈമാറിക്കൊണ്ട് ഫാദർ എബ്രഹാം ജോസഫ് നിർവഹിച്ചു.

പഞ്ചായത്തിൽ നിരവധി സാമൂഹ്യ പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട സുമനസ്സുകളുടെ കൂട്ടായ്മ എന്ന നിലയിൽ കുളത്തൂപ്പുഴ പഞ്ചായത്തിൽ പുതുയുഗപ്പിറവിക്ക് വഴിതെളിക്കാൻ പോന്ന ചരിത്രമുഹൂർത്തമാകും ഈ മുന്നണിയുടെ രൂപീകരണമെന്ന് ഫാ. എബ്രഹാം ജോസഫ് പ്രസ്താവിച്ചു.

രണ്ടായിരത്തിലധികം പുറം പോക്ക് നിവാസികൾ, കല്ലട പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട് 30 വർഷത്തിലധികമായി പട്ടയം ലഭിക്കാത്തവർ, വൈദ്യുതിയും വിദ്യാഭ്യാസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് വനത്തിനുള്ളിൽ ഒറ്റപ്പെട്ട റോസ്മല നിവാസികളായ 400ലധികം കുടുംബങ്ങൾ തുടങ്ങി നരകയാതന പേറുന്ന നിരവധി ജനങ്ങളുള്ള കൊല്ലം ജില്ലയിലെ ഈ മലയോര പഞ്ചായത്തിൽ ഇത്രയും കാലം മാറി മാറി ഭരിച്ചവർ എന്തെടുക്കുകയായിരുന്നുവെന്ന് ചടങ്ങിൽ മുന്നണിയുടെ നയപ്രഖ്യാപനം നടത്തിയ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സജീദ് ചോദിച്ചു. പൊതുവായ ജനകീയ കൂട്ടായ്മയിലൂടെ വികസനപ്രവർത്തനങ്ങൾ മൂല്യ വർദ്ധിതമായി നടപ്പാക്കുക, സ്ത്രീ പങ്കാളിത്തത്തിലൂടെ സ്ത്രീ ശാക്തീകരണം, വിഭവവിതരണത്തിലെ നീതി, മദ്യ മയക്ക് മരുന്ന മാഫിയകൾക്കെതിരെയുള്ള പൊതുവായ സമരം, ഗ്രാമ സ്വരാജിന്റെ അന്ത:സത്ത നില നിർത്തുന്ന പഞ്ചായത്ത് തുടങ്ങിയവയാണ് മുന്നണി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ.

മുന്നണി ചെയർമാൻ സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ഒ.ഖാലിദ്, മുന്നണി നേതാക്കളായ ഏരൂർ അശോകൻ, പ്രകാശൻ, രാജേന്ദ്ര പ്രസാദ് , ബാദുഷാ ബീവി, വിലാസിനി എന്നിവര്‍ സംസാരിച്ചു. അബ്ദുൾ വഹാബ് കൃതജ്ഞത പറഞ്ഞു.

കുളത്തൂപ്പുഴ പഞ്ചായത്തിലെ 20 വാർഡുകളിലൂടെ നടത്തിയ സന്ദേശ പ്രയാണ ജാഥ കെ.ബി മുരളി നയിച്ചു.

Wednesday, September 22, 2010

അധികാരത്തിലും ആർഭാടത്തിലും അഭിരമിക്കുന്ന മന്ത്രിമാർ

നമ്മുടെ പല മന്ത്രിമാരും സ്വർണ്ണത്തിലും പബ്ലിസിറ്റിയിലും അധികാരത്തിലും ആർഭാടത്തിലും അഭിരമിക്കുന്നവരാണെന്ന് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ.

ജീവിതശൈലി വരുമാനത്തിനു മുകളിലാകുമ്പോൾ അഴിമതി അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അധികാരപ്രമത്തത തലയ്ക്ക് പിടിക്കുന്ന ആകർഷണമാണെന്നും.

സമൂഹത്തിൽ വലിയ പാഴ്‌ചെലവും ഗുരുതരമായ ദാരിദ്ര്യവും നിലനിൽക്കുന്നു. സമ്പദ് വ്യവസ്ഥ തകരുന്നു. ഇവിടെ നടക്കുന്നത് വികസനമല്ല

അങ്ങനെ പോകുന്നു ജ. കൃഷ്ണയ്യരുടെ വിമർശനം.

അതിലളിതമായ രീതിയിൽ മകളുടെ വിവാഹം നടത്തിയ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തെ ഒരു മാതൃകയായി എടുത്തുകാട്ടിക്കൊണ്ട് ദ് ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കൃഷ്ണയ്യരുടെ ഈ വിലയിരുത്തൽ.

ലേഖനത്തിന്റെ പൂർണ്ണരൂപം ചുവടെ (മുകളിൽ കൊടുത്തിട്ടുള്ള വിവരം അടങ്ങുന്ന ഭാഗം ഇറ്റാലിക്സിൽ)

A model wedding gift

V.R. Krishna Iyer

________________________________________
A Minister sets a glittering example of simplicity and integrity in public life.
________________________________________

Benoy Viswom, Minister for Forest, recently ‘celebrated' his daughter's marriage. An inter-caste marriage, Hindu-Muslim. It adds up to more than a hundred lectures on secularism. People judge you not by your words, but deeds.

An honest socialist-secularist is a rarity. Mr. Viswom is one such person. In a poor country where many people go hungry, extravagant celebrations of weddings amount to delinquency.

Simplicity is sometimes difficult to practise. Yet, a Minister has set a glorious example of organising a matrimonial function — but inviting none. He informed me about it, but added: “Don't bother to come, the invitation is for information.”

Mr. Viswom's wife is a Christian. Religion, whatever the theological implications, does not divide humanity. Atheists have no caste.

Even those who have faith in religion must realise that there is only one God, worshipped in different names. Swami Vivekananda told us that every religion is the manifestation of divinity that is already in every person.

The power that creates and destroys is the same, whatever your religion.

In this sense, to me, Mr. Viswom represents a model human being, truly reflecting Sri Narayana Guru's teachings. Whatever your religion, man must be good. I recalled attending the wedding of former Chief Minister C. Achutha Menon's son. No feast, no pomp, no rituals. A cup of sweet drink, and a ‘thank you.' Mr. Viswom has excelled Achutha Menon. Even E.M.S. Namboodiripad held his son's wedding in Guruvayur, and his wife, Arya Antharjanam, a fine lady, was wearing a small quantity of gold.

No gold glittered at Mr. Viswom's daughter's wedding. This is social justice. Because dowry, gold ornaments, borrowing for celebrations, a rich feast, a large number of invitees and music, all on a large scale by poor people, ultimately ends in tragedy.

How I wish at least the communists adopted the model. I regard him a model hero, as a true patriot, a wonder in a society ruined by freebooting ways. This nation must copy him. He is a marvel of simplicity, not only in matters of matrimony but in everyday life as well.

Today many of our Ministers revel in gold and publicity, power and lavish ways of life. Corruption is inevitable when your lifestyle exceeds your income. Authoritarianism is an intoxicating attraction.

Gross waste and grievous poverty, side by side in the same society, break up its integrity. Yet, our economy collapses because of abundance in explosion into profusion and self-aggrandisement, abetted by affectation and vanity. This is not development.


Gandhiji said: “The Gandhian concept of development rejected the idea that it should aim primarily at the creation of material wealth or the satisfaction of insatiable, endlessly multiplied needs.”

“Insofar as we have made the modern materialistic craze our goal,” he wrote further, “so far are we going downhill in the path of progress.”

Tuesday, September 21, 2010

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.

ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.

കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? -- ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?

മാധ്യമം ആഴ്ചപ്പതിപ്പ് 2010 സെപ്‌തംബർ 20ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച “ജനങ്ങളുടെ മാനിഫെസ്റ്റൊ” എന്ന കവർ സ്റ്റോറിയുടെ മുഖലേഖനത്തിലെ ആദ്യ ഖണ്ഡികകളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ലേഖനത്തിന്റെ പൂർണ്ണ രൂപം

Monday, September 20, 2010

രണ്ട് സംഘടനകൾ കൈകോർക്കുന്നു

ദിവാകരൻ പള്ളത്ത് ചെയർമാനായുള്ള കേരള വികസന മുന്നണിയുടെ സ്ഥാനാർത്ഥികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പി.കെ. റഹിം ചെയർമാനായുള്ള ജനകീയ വികസന മുന്നണിയുടെ പേരിൽ മത്സരിക്കുമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് സംഘടനകളുടെയും സംയുക്തയോഗത്തിൽ ഇത്തരത്തിലുള്ള തീരുമാനം എടുത്തതായി തൃശ്ശൂരിൽ നിന്നുള്ള റിപ്പോർട്ടിൽ പത്രം പറയുന്നു.

Friday, September 17, 2010

മദ്യവിരുദ്ധ ജനകീയ സമര സമിതിയുടെ ധർണ

സർക്കാർ മദ്യം വ്യാപകമാക്കാനുള്ള എല്ലാത്തരം നീക്കങ്ങളിൽ നിന്നും പിൻ‌വാങ്ങണമെന്ന ആവശ്യം മുൻ‌നിർത്തി മദ്യവിരുദ്ധ ജനകീയ സമര സമിതി ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ധാരാളം സ്ത്രീകൾ ധർണയിൽ പങ്കെടുത്തു.

പതിമൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താൻ സമിതി മലപ്പുറത്തെ മദ്യ ദുരന്തത്തിനു മുമ്പെ തീരുമാനിച്ചിരുന്നതാണ്. അതിന്റെ ഭാഗമായി ഇന്നലെ തിരുവല്ലയിൽ ഒരു മദ്യവിരുദ്ധ ജനകീയ കൺ‌വെൻഷനും സംഘടിപ്പിച്ചിരുന്നു.

സമിതിക്കുവേണ്ടി വിദ്യാ ആർ. ശേഖർ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്ന്: “മദ്യത്തിന്റെ വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയുള്ള മദ്യനയമാണ് കേരളത്തിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ബിവറേജസ് കോർപ്പറേഷന്റെ പുതിയ ഔട്ട്‌ലെറ്റുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ, എല്ലാം യാതൊരു മാനദണ്ഡവും പാലിക്കാതെ വീണ്ടും വീണ്ടും അനുവദിക്കുന്നു. അബ്‌കാരി കുറ്റകൃത്യങ്ങളിലെ പ്രതികളെ രക്ഷിക്കുവാൻ എല്ലാ കുത്സിതമാർഗ്ഗങ്ങളും സ്വീകരിക്കുന്നു. ഇതിനായി നിയമങ്ങൾതന്നെ ഭേദഗതി ചെയ്ത് അബ്‌കാരി ലോബിക്ക് അനുകൂലമാക്കുന്നു. മദ്യഷാപ്പിനെതിരെ സമരം ചെയ്താൽ സ്ത്രീകളെയും കുട്ടികളെയും പോലീസും മദ്യമാഫിയയും ചേർന്ന് തല്ലിച്ചതയ്ക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നു.”

സമിതി മുന്നോട്ടു വെച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നവർക്ക് മാത്രമെ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് നൽകൂ എന്ന സ്ത്രീകൾ നിശ്ചയിച്ചാൽ രാഷ്ട്രീയ കക്ഷികൾ നിലപാടുകൾ മാറ്റാൻ നിർബന്ധിതരാകുമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിൽ ഞാൻ പറഞ്ഞു.

സമിതി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ ഇവയാണ്:

യാതൊരു കാരണവശാലും ഇനി ഒരു മദ്യശാലയും അനുവദിക്കരുത്. കഴിഞ്ഞ പത്തു കൊല്ലത്തിൽ സ്ഥാപിച്ച 6,000ലധികം മദ്യശാലകൾ അടച്ചുപൂട്ടണം. മദ്യത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്നത് അവസാനിപ്പിക്കണം. പഞ്ചായത്ത് രാജ് ആക്ടിലെ 232/447 ഭേദഗതി പിൻവലിച്ച് പഞ്ചായത്തുകളുടെ അധികാരം പുന:സ്ഥാപിക്കണം. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും 1,000 മീറ്റർ ചുറ്റളവിലുള്ള എല്ലാ മദ്യശാലകളും നീക്കം ചെയ്യണം. മദ്യ കോളകൾ കർശനമായി തടയണം. മദ്യപിച്ച് ആപ്പീസുകളിലെത്തുന്നവർക്കും മദ്യപിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്കും എതിരെ കർശന നടപടി എടുക്കണം. കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് വർദ്ധിപ്പിച്ച നടപടി പിൻവലിക്കണം. അബ്‌കാരി കുറ്റകൃത്യങ്ങളെ മൈനർ, മീഡിയം, മേജർ എന്ന് തരംതിരിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കണം. വിദ്യാർത്ഥികൾക്കിടയിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രചാരണവും ബോധവത്കരണവും നടത്തണം.

---ബി.ആർ.പി. ഭാസ്കർ

Wednesday, September 15, 2010

ബഹിഷ്കരണത്തിനു പകരം ജനകീയ ബദൽ കണ്ടെത്തണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭരണാധികാരികൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതാണെന്ന് ജനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിലെ വണ്ടൻമേട്ടിൽ നിന്നും അതിരപ്പള്ളിയിൽ നിന്നും അത്തരത്തിലുള്ള റിപ്പോർട്ടുകൾ ഇന്ന് വരുകയുണ്ടായി.

റോഡും പാലവും ഇല്ലാത്തതിനാൽ വണ്ടൻമേട്ടുകാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുന്നു. അതിരപ്പള്ളിയിൽ പ്രതിഷേധം ഉയർത്തിയിരിക്കുന്നത് ആദിവാസികളാണ്.

വളരെക്കാലമായി ജനങ്ങൾ പിന്തുടർന്നുപോരുന്ന ഒരു സമരമാർഗ്ഗമാണ് തെരഞ്ഞെടുപ്പു ബഹിഷ്കരണം. അതിലൂടെ പ്രതിഷേധം അറിയിക്കാമെന്നല്ലാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ലെന്ന് കഴിഞ്ഞ കാലത്തെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. മാറി മാറി അധികാരം കയ്യാളുന്ന രണ്ട് മുന്നണികളോടുമുള്ള എതിർപ്പ് പ്രകടിപ്പിക്കേണ്ടത് വോട്ടവകാശം ഉപേക്ഷിച്ചുകൊണ്ടല്ല, അത് ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനു പകരം മുന്നണികൾക്ക് ബദലുകൾ കണ്ടെത്താൻ ജനങ്ങൾ ശ്രമിക്കണം. ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള സമരങ്ങൾ നയിക്കുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിക്കുകയും അവരെ വിജയിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യുകയുമാണ് നാം ചെയ്യേണ്ടത്.

Tuesday, September 14, 2010

ജനങ്ങളുടെ മാനിഫെസ്റ്റൊ

ഒടുവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച അവ്യക്തത നീങ്ങുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷൻ സമയവിവരപ്പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. പ്രതീക്ഷിച്ചതുപോലെ നവംബർ ആദ്യവാരത്തിൽ പുതിയ ഭരണ സമിതികൾക്ക് അധികാരമേല്ക്കാനാകും.

ഈ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ‌ മാധ്യമം ആഴ്ചപതിപ്പിന്റെ പുതിയ ലക്കത്തിലെ കവർ സ്റ്റോറിയിലുണ്ട്. അതിൽ കാക്കനാടൻ, എം.ജി.എസ്. നാരായണൻ, ആർ.വി.ജി. മേനോൻ, എം.ഗംഗാധരൻ, എം.എ.റഹ്മാൻ, ഗീവർഗീസ് മാർ കൂറിലോസ്, കെ.ആർ.മീര, ലീലാ മേനോൻ തുടങ്ങിയവരോടൊപ്പം അഭിപ്രായം പ്രകടിപ്പിക്കാൻ എനിക്കും അവസരം ലഭിച്ചു.
--ബി.ആർ.പി.ഭാസ്കർ

Sunday, September 12, 2010

മദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിയാനാവില്ല

ഇത്രകാലവും മദ്യ ദുരന്തങ്ങൾ തെക്കൻ ജില്ലകളിൽ മാത്രമാണുണ്ടായിരുന്നത്. അതിനാൽ ഓണത്തിനു മുൻപുതന്നെ അവിടെ വ്യാജമദ്യത്തിന്റെ വിതരണം തടയാൻ നടപടി എടുത്തിരുന്നതായി എക്സൈസ് മന്ത്രി പി.കെ.ഗുരുദാസൻ പറയുന്നു. പക്ഷെ മലപ്പുറത്ത് വ്യാജ കള്ള് ഒഴുകുകയും നിരവധി പേർക്ക് ജീവനൊ കാഴ്ചയൊ നഷ്ടപ്പെടുകയും ചെയ്തു.

അപ്രതീക്ഷിതമായി മലപ്പുറത്തുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ വെച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഭരണ മുന്നണി. വ്യാജ മദ്യ വ്യാപാരികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സി.പി.എം. സെക്രട്ടറി പിണറായി വിജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പക്ഷെ മരിച്ചത് വാറ്റുകാരിൽ നിന്ന്.മദ്യം വാങ്ങിയവരല്ല, ലൈസൻസോടെ പ്രവർത്തിക്കുന്ന ഷാപ്പുകളിൽ നിന്ന് കള്ള് വാങ്ങി കുടിച്ചവരാണ്.

അട്ടിമറി നടന്നോ എന്ന് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ്. കൺ‌വീനർ വൈക്കം വിശ്വൻ. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ പാലക്കാട്ടെ കസ്റ്റഡി മരണം സംബന്ധിച്ച കേസിൽ ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാൻ മദ്യ ലോബി ശ്രമിക്കുന്നതായി ആരോപിച്ചു. ഹൈക്കോടതി സി.ബി.ഐക്ക് കൈമാറുന്നതിനു മുമ്പ് കുറേക്കാലം സംസ്ഥാന പൊലീസ് അന്വേഷിച്ച കേസാണിത്. അന്ന് അവർ ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയിരുന്നില്ല.

ഈ ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണ്. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ നേത്രത്വത്തിൽ മൂന്ന് വർഷമായി അവിടെ മദ്യ നിരോധന സമിതി മദ്യ വിപത്തിനെതിരെ സമരം ചെയ്തുവരികയാണ്. അതിനോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല.

പഞ്ചായത്ത് നിയമം നിലവിൽ വന്നപ്പോൾ കള്ളുഷാപ്പുകൾ സ്ഥാപിക്കുന്നതിനെ നിയന്ത്രിക്കാനുള്ള അധികാരം പഞ്ചായത്തുകൾക്കുണ്ടായിരുന്നു. ആ അധികാരം കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ എടുത്തുകളഞ്ഞു. ആ അധികാരം പുന:സ്ഥാപിക്കണമെന്നതാണ് സമിതിയുടെ പ്രധാന ആവശ്യം.

സമിതി നേതാക്കൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ കണ്ട് ഇക്കാര്യത്തിൽ നിവേദനം നൽകിയിരുന്നു. എന്നാൽ കൊണ്ടോട്ടി എം.എൽ.എ. മഹമ്മദുണ്ണിഹാജി ഒരു സബ്മിഷൻ ഉന്നയിച്ചപ്പോൾ സമരത്തെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്. അതിനുശേഷം സമിതി തിരുവനന്തപുരത്ത് നിയമസഭാ മാർച്ച് നടത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ഭൂരിഭാഗവും സമിതിയുടെ ആവശ്യത്തെ പിന്തുണച്ചു. കഴിഞ്ഞ ഡിസംബർ 11ന് സത്യഗ്രഹ പന്തൽ തീയിട്ട് നശിപ്പിക്കപ്പെട്ടു. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ജില്ല കലക്ടറുടെ ബുദ്ധിയാണെന്ന് സമിതി കരുതുന്നു.

സത്യഗ്രഹ സമിതി ജനറൽ കൺ‌‌വീനർ പറയുന്നു: “ഭരണ മുന്നണിയിലെ മുഖ്യ കക്ഷിയും അതിന്റെ വർഗ്ഗ സംഘടനകളുമൊഴികെ മലപ്പുറം ജില്ലയിലെ എല്ലാ പാർട്ടികളും അവയുടെ പോഷക സംഘടനകളും സന്ദർശകരായൊ സത്യഗ്രഹികലൊ ആയി സത്യഗ്രഹപന്തലിൽ വന്നു പോയിട്ടുണ്ട്.“

മലപ്പുറത്തെ മുസ്ലിം സംഘടനക്കളൊക്കെയും മദ്യനിരോധനത്തെ പിന്തുണയ്ക്കുന്നതുകൊണ്ട് പഞ്ചായത്തുകളുടെ കവർന്നെടുത്ത അധികാരങ്ങൾ തിരികെ നൽകിയാൽ അവ ഷാപ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് സമിതി വിശ്വസിക്കുന്നു.

മദ്യനിരോധന സമിതി ജനകീയ ഐക്യവേദിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത് പന്ത്രണ്ടിന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജനകീയ വികസന മുന്നണി ഫേസ്ബുക്കിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും മറ്റ് ചില സംഘടനകളും ചേർന്ന രൂപീകരിച്ചിട്ടുള്ള ജനകീയ വികസന മുന്നണി ഫേസ്ബുക്കിൽ ഒരു പേജ് തുറന്നിരിക്കുന്നു.

പേജിലേക്കുള്ള ലിങ്ക്: http://www.facebook.com/pages/Janakeeya-Vikasana-Munnani/154175981266911

മുന്നണിയിൽ പെടുന്ന സംഘടനകൾ ജനകീയ ഐക്യവേദിയുടെ പന്ത്രണ്ടിന പരിപാടി അംഗീകരിച്ചിട്ടുണ്ട്.

Thursday, September 9, 2010

വി.എസ്.ഡി.പി.യുടെ സെക്രട്ടേറിയറ്റ് ഉപരോധം

മതപരിഗണന കൂടാതെ നാടാർ സമുദായത്തിന് സർവീസിൽ പത്തു ശതമാനം സംവരണം ഏർപ്പെടുത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണസഭ (വി.എസ്.ഡി.പി) ബുധനാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിച്ചു.

ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉപരോധം ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ മറ്റ് ആവശ്യങ്ങൾ ഇവയാണ്: നാല്പതു ലക്ഷത്തിൽ പരം വരുന്ന നാടാർ സമുദായത്തിനു മന്ത്രിസഭയിൽ ഉചിതമായ പ്രാതിനിധ്യം, പബ്ലിക് സർവീസ് കമ്മിഷനിൽ രണ്ട് അംഗങ്ങൾ, സർക്കാർ ബോർഡുകളിൽ അഞ്ചിൽ കുറയാതെ ചെയർമാൻ സ്ഥാനങ്ങൾ, ദേവസ്വം ബോർഡുകളിൽ പ്രാതിനിധ്യം, വി.എസ്.ഡി. പിക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകാൻ അധികാരം, വൈകുണ്ഠസ്വാമിയുടെ ജന്മദിനമായ മാർച്ച് 12ന് പൊതു അവധി.

സി.പി.എമ്മും പൊലീസും ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പീഡിപ്പിക്കുന്നു

കൊല്ലം ജില്ലയിലെ കടയ്ക്കൽ പ്രദേശത്ത് സ്വതന്ത്ര നാട്ടുവിശേഷം എന്ന പാർട്ടി പത്രം വിതരണം ചെയ്യുകയായിരുന്ന നാല് ഡി.എച്ച്.ആർ.എം. പ്രവർത്തകരെ ചൊവ്വാഴ്ച രാത്രി സി.പി.എം.കാർ തടഞ്ഞുവെയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. അവർ പത്രത്തിന്റെ കോപ്പികൾ അവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് രാത്രി 11 മണിയോടെ സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം ദലിതർ പൊലീസ് സ്റ്റേഷനു മുമ്പിലെത്തി ധർണ തുടങ്ങി. ധർണ കസ്റ്റഡിയിലെടുത്തവരെ ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കനെന്ന് പറഞ്ഞു കൊണ്ടു പോകും വരെ തുടർന്നു.

അവരെ കോടതിയിലെത്തിക്കാതെ പൊലീസ് വഴിയിൽ ഇറക്കി വിടുകയായിരുന്നെന്ന് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. സി.പി.എം.കാർ മർദ്ദിച്ച ബച്ചു എന്ന ദലിത് യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും പത്രം പറയുന്നു.

നേരത്തെയും സി.പി.എമ്മും പൊലീസും ചേർന്ന് പലയിടങ്ങളിലും ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പീഡിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഞാൻ മാധ്യമത്തിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണ്.

ഡി.എച്ച്.ആർ.എം. മാധ്യമഭീകരത വിരുദ്ധ ദിനം ആചരിക്കുന്നു

പൊലീസും മാധ്യമങ്ങളും കഴിഞ്ഞ കൊല്ലം ഭീകരസംഘടനയായി മുദ്രകുത്തിയ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് സെപ്തംബർ 23 ‘മാധ്യമ ഭീകരത വിരുദ്ധ ദിന’മായി ആചരിക്കുന്നു.

വാർത്തയും ഇത് സംബന്ധിച്ച് ഡി.എച്ച്.ആർ.എം. പുറത്തിറക്കിയ പോസ്റ്ററും CounterMedia വെബ്‌സൈറ്റിൽ കാണാം.

Wednesday, September 8, 2010

കൊല്ലം പരിസ്ഥിതി സംരക്ഷണ സമിതിയുടെ ധർണ

ശാസ്താം‌കോട്ട തടാകം സംരക്ഷിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാമെന്ന ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ജലവിഭവ മന്ത്രി എൻ.കെ.പ്രേമചന്ദ്രന്റെ കൊല്ലത്തെ വസതിക്കുമുമ്പിൽ ധർണ നടത്തി. നേരത്തെ സമിതി പ്രവർത്തകർ പ്രസ് ക്ലബ് മൈതാനിയിൽ നിന്ന് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.

ഓടനാവട്ടം വിജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പത്രപ്രവർത്തകൻ പല്ലിശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. ടി.കെ.വിനോദൻ, കെ. സജീദ്, വി.എസ്.ശ്രീകണ്ഠൻ നായർ, ജോസ് വിമൽ‌രാജ്, ശ്രീകുമാർ, അഡ്വ. സന്തോഷകുമാർ, എൻ.ബി.രാജു, അരിനല്ലൂർ രവിചന്ദ്രൻ, ഐവർകാല തുളസീധരൻ, ചവറ ദിനേശൻ, ഇടയം ബാലചന്ദ്രൻ, വി.എസ്.ബിന്ദുരാജ്, സുനിൽ ചെരുപൊയ്ക, എ.എ.കബീർ എന്നിവർ പ്രസംഗിച്ചു.

ശാസ്താം‌കോട്ട തടാക സംരക്ഷണം കൂടാതെ കല്ലടയിലെ കരമണൽ ഖനന നിരോധനവും സമിതി ഏറെ കാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളിൽ പെടുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും പ്രതിനിധികൾ അഒംഗങ്ങളായും ജില്ലാ കലക്ടർ കണ്വീനറായും തടാകസംരക്ഷനത്തിന് അതോറിറ്റി രൂപീ‍ീകരിക്കുമെന്ന് മന്ത്രി പ്രേമചന്ദ്രൻ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതിനായി ഈ മാസത്തിൽ ഓർഡിനൻസ് പുറപ്പെടുവിച്ചില്ലെങ്കിൽ ഒക്ടോബർ ആദ്യ വാരം മുതൽ മന്തിയുടെ വസതിക്കു മുമ്പിൽ റിലേ സത്യഗ്രഹം ആരംഭിക്കുമെന്ന് സമിതി പ്രഖ്യാപിച്ചു.

Sunday, September 5, 2010

വികസന സമിതിയുടെ ഇഫ്താർ സംഗമം

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള വികസന സമിതി ഇന്നലെ ഗീത് ഹോട്ടലിൽ ഇഫ്താർ വിരുന്നും സർവമത സമ്മേളനവും സംഘടിപ്പിച്ചു.

ഡോ. എം. ശാർങധരൻ അദ്ധ്യക്ഷനും എസ്. സുശീലൻ സെക്രട്ടറിയുമായുള്ള സമിതി ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനയാണ്.

പാളയം ഇമാം ജലാലുദ്ദീൻ മങ്കട, ലത്തീൻ കത്തോലിക്കാ സഭ വികാരി ഫാ. സമസ്, യുവ ജനതാ ദൾ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്‌മാൻ, ആന്റണി രാജു,അഡ്വ. രവീന്ദ്രൻ നായർ, മാഹിം അബൂബക്കർ, സുഭാഷ് ബോസ് എന്നിവർ പ്രസംഗിച്ചു.

Friday, September 3, 2010

കാതുകുടം സമരമുഖത്ത് സംഘർഷാവസ്ഥ

ചാലക്കുടി കാതുകുടത്തെ നിട്ട ജെലാറ്റിൻ കമ്പനി വളമായി വിതരണം ചെയ്യുന്ന മാലിന്യങ്ങൾ കയറ്റിയ ട്രക്കുകൾ തടഞ്ഞ സ്ത്രീകളടക്കമുള്ള പരിസ്ഥിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരള കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ കമ്പനി കർഷകർക്ക് നൽകുന്ന അവശിഷ്ട വസ്തുക്കളിൽ മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഹാനികരമായ അളവിൽ ലോഹങ്ങൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ 2008 മുതൽ സമാധാനപരമായ പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന കർമ്മസമിതിയാണ് ഇന്നലെ മാലിന്യങ്ങളുമായി പുറത്തു വന്ന വണ്ടികൾ തടഞ്ഞത്.

കമ്പനി വിളിച്ചു വരുത്തിയ പൊലീസ് സംഘം സ്ത്രീകളടക്കമുള്ള പ്രകടനക്കാർക്കെതിരെ ബലപ്രയോഗം നടത്തിയതായി മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ജോർജ് പുലിക്കുത്തിയിൽ അറിയിക്കുന്നു. ത്രേസ്യാമ്മ മാത്യു, എം.സി. രാധ എന്നീ വനിതകളെ ആൺപൊലീസ് മർദ്ദിച്ചു.

സ്ത്രീകളെ വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു. കർമ്മ സമിതി പ്രസിഡന്റ് അനിൽകുമാർ, അംഗങ്ങളായ സുനിൽകുമാർ, എം.സി. ഗോപി, പി.സി. ഗോപി, പോളച്ചൻ ഗോപുരം, തങ്കച്ചൻ, ജോജി തേലക്കാട്ട്, ജിൻസൺ എന്നിവരെ മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇരിങ്ങാലക്കുട സബ്‌ജെയിലേക്ക്ക്ക് കൊണ്ടുപോയി.

കാതികൂടത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാൻ ഇടയുണ്ടെന്നും അത് മലിനീകരണം നടത്തുന്ന കമ്പനിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും അഡ്വ. ജോർജ് പുലിക്കുത്തിയിൽ പറയുന്നു. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് ഈ മേൽ‌വിലാസത്തിൽ സന്ദേശം അയക്കാവുന്നതാണ്: chiefminister@kerala.gov.in
അഡ്വ. ജോർജ് പുലിക്കുത്തിയിലിന്റെ മേൽ‌വിലാസം: geopuli@gmail.com

Thursday, September 2, 2010

സ്ത്രീകൾക്കായി പാർട്ടികളുടെ പരക്കം‌പാച്ചിൽ

തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ, പ്രധാന രാഷ്ട്രീയപ്പാർട്ടികൾ വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തത്രപ്പാടിലാണെന്ന് മാധ്യമം പത്രം റിപ്പോർട്ടു ചെയ്യുന്നു.

ഇത്തവണ നഗരത്തിൽ 100 വാർഡുകളാണുള്ളത്. ഓരോ മുന്നണിക്കും സ്ഥാനാർത്ഥികളാക്കാൻ 50 സ്ത്രീകളെ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇടതുപക്ഷം വലിയ തർക്കങ്ങളില്ലാതെ ആദ്യഘട്ടം കടന്നപ്പോൾ യു.ഡി.എഫും ബി.ജെ.പി.യും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാവാതെ വിഷമിക്കുകയാണെന്ന് മാധ്യമം പറയുന്നു.

റിപ്പോർട്ട് തലസ്ഥാനനഗരത്തിലെ സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും സംസ്ഥാനത്തെ മൊത്തം സ്ഥിതിയും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. ഇന്ന് കേരളസമൂഹം ഏറെക്കുറെ ഒരു മദ്ധ്യവർഗ്ഗ സമൂഹമാണ്. മദ്ധ്യവർഗ്ഗ വനിതകൾ പൊതുവെ കക്ഷിരാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്നവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായ സി.പി.എമ്മിന്റെ അംഗങ്ങളിൽ 11.28 ശതമാനം മാത്രമാണ് സ്ത്രീകൾ. രാഷ്ട്രീയം സ്ത്രീകൾക്കു പറ്റിയ മേഖലയല്ലെന്ന ചിന്ത വ്യാപകമാകയാൽ സ്ത്രീകൾക്ക്, പ്രത്യേകിച്ചും മധ്യവർഗ്ഗത്തിൽ പെട്ടവർക്ക്, തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരാൻ മടിയാണ്. രാഷ്ട്രീയ നേതാക്കൾക്ക് വീട്ടുകാരെയൊ അവരുടെ വരുതിയിൽ നിൽക്കുമെന്ന് ഉറപ്പുള്ള മറ്റ് സ്ത്രീകളെയൊ മുന്നോട്ടു കൊണ്ടുവരാൻ ഇത് സഹായിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ സാഹചര്യം മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.

അഞ്ചു വൻ‌നഗരങ്ങളിൽ മൂന്നിടത്ത് മേയർ പദവി വഹിക്കേണ്ടത് വനിതകളാണ്. കൊച്ചിയിലും തൃശ്ശൂരിലും ഇപ്പോൾ വനിതാ മേയർമാർ ഉള്ളതുകൊണ്ട് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ വൻ‌നഗരങ്ങളിലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വനിതകൾ മേയർമാർ ആകേണ്ടത്. വനിതകൾ അദ്ധ്യക്ഷ പദവി വഹിക്കേണ്ട 489 ഗ്രാമ പഞ്ചായത്തുകൾ ഏതൊക്കെയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നറുക്കെടുപ്പിലൂടെ തീരുമാനിച്ചുകഴിഞ്ഞു.
ഇതിൽ ഏതാനും പഞ്ചായത്തുകളിലെ അദ്ധ്യക്ഷപദവി പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ട വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളവയാണ്. ഈ വൻ‌നഗരങ്ങളിലും ഗ്രാമങ്ങളിലും അദ്ധ്യക്ഷ പദവി വഹിക്കാൻ യോഗ്യരായ വനിതകളെ കണ്ടെത്താൻ ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനകൾ ഉടനടി ശ്രമം തുടങ്ങണം. ഐക്യവേദിയുടെ രൂപീകരണ വേളയിൽ ശ്രീമതി സുഗതകുമാരി നൽകിയ നിർദ്ദേശം ഇവിടെ നമുക്ക് ഓർക്കാം: “ഓരോ പ്രദേശത്തും അവിടെയുള്ള ഏറ്റവും നല്ല ജനസേവകരെ കണ്ടെത്തി തിരഞ്ഞെടുക്കാൻ നാട്ടുകാർക്ക് സാധിക്കണം.“ ആദ്യ പടിയെന്ന നിലയിൽ ഈ മൂന്ന് വൻ‌നഗരങ്ങളിലും 489 ഗ്രാമങ്ങളിലും കക്ഷികൾക്ക് അടിമപ്പെടാതെ ജനപങ്കാളിത്തമുള്ള ഭരണം കാഴ്ചവെക്കാൻ കഴിവുള്ളവരും സേവനതല്പരരുമായ സ്ത്രീകളെ കണ്ടെത്തണം.

നിലവിലുള്ള സാഹചര്യങ്ങളിൽ യോഗ്യരായി നാം കാണുന്ന വനിതകൾ മത്സരരംഗത്തേക്ക് വരാൻ മടിയുള്ളവരാകും. അതുകൊണ്ട് കളത്തിലിറങ്ങാൻ അവരെ പ്രേരിപ്പിക്കേണ്ടിവരും. ജനങ്ങൾ അവരുടെ പിന്നിൽ അണിനിരക്കുമെന്ന വിശ്വാസം ജനിപ്പിക്കാൻ നമുക്ക് കഴിഞ്ഞാൽ അവർ കളത്തിൽ ഇറങ്ങാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

ഈ വിധത്തിൽ ജനകീയപക്ഷത്തെ നയിക്കാൻ സന്നദ്ധയാകുന്ന വനിതയുടെ സഹകരണത്തോടെ വാർഡ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പിനുശേഷം ഐക്യത്തോടെ പ്രവർത്തിക്കുന്നതിന് സഹായകമാകും.
-- ബി.ആർ.പി.ഭാസ്കർ