12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Friday, September 17, 2010

മദ്യവിരുദ്ധ ജനകീയ സമര സമിതിയുടെ ധർണ

സർക്കാർ മദ്യം വ്യാപകമാക്കാനുള്ള എല്ലാത്തരം നീക്കങ്ങളിൽ നിന്നും പിൻ‌വാങ്ങണമെന്ന ആവശ്യം മുൻ‌നിർത്തി മദ്യവിരുദ്ധ ജനകീയ സമര സമിതി ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ധാരാളം സ്ത്രീകൾ ധർണയിൽ പങ്കെടുത്തു.

പതിമൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താൻ സമിതി മലപ്പുറത്തെ മദ്യ ദുരന്തത്തിനു മുമ്പെ തീരുമാനിച്ചിരുന്നതാണ്. അതിന്റെ ഭാഗമായി ഇന്നലെ തിരുവല്ലയിൽ ഒരു മദ്യവിരുദ്ധ ജനകീയ കൺ‌വെൻഷനും സംഘടിപ്പിച്ചിരുന്നു.

സമിതിക്കുവേണ്ടി വിദ്യാ ആർ. ശേഖർ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്ന്: “മദ്യത്തിന്റെ വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയുള്ള മദ്യനയമാണ് കേരളത്തിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ബിവറേജസ് കോർപ്പറേഷന്റെ പുതിയ ഔട്ട്‌ലെറ്റുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ, എല്ലാം യാതൊരു മാനദണ്ഡവും പാലിക്കാതെ വീണ്ടും വീണ്ടും അനുവദിക്കുന്നു. അബ്‌കാരി കുറ്റകൃത്യങ്ങളിലെ പ്രതികളെ രക്ഷിക്കുവാൻ എല്ലാ കുത്സിതമാർഗ്ഗങ്ങളും സ്വീകരിക്കുന്നു. ഇതിനായി നിയമങ്ങൾതന്നെ ഭേദഗതി ചെയ്ത് അബ്‌കാരി ലോബിക്ക് അനുകൂലമാക്കുന്നു. മദ്യഷാപ്പിനെതിരെ സമരം ചെയ്താൽ സ്ത്രീകളെയും കുട്ടികളെയും പോലീസും മദ്യമാഫിയയും ചേർന്ന് തല്ലിച്ചതയ്ക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നു.”

സമിതി മുന്നോട്ടു വെച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നവർക്ക് മാത്രമെ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് നൽകൂ എന്ന സ്ത്രീകൾ നിശ്ചയിച്ചാൽ രാഷ്ട്രീയ കക്ഷികൾ നിലപാടുകൾ മാറ്റാൻ നിർബന്ധിതരാകുമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിൽ ഞാൻ പറഞ്ഞു.

സമിതി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ ഇവയാണ്:

യാതൊരു കാരണവശാലും ഇനി ഒരു മദ്യശാലയും അനുവദിക്കരുത്. കഴിഞ്ഞ പത്തു കൊല്ലത്തിൽ സ്ഥാപിച്ച 6,000ലധികം മദ്യശാലകൾ അടച്ചുപൂട്ടണം. മദ്യത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്നത് അവസാനിപ്പിക്കണം. പഞ്ചായത്ത് രാജ് ആക്ടിലെ 232/447 ഭേദഗതി പിൻവലിച്ച് പഞ്ചായത്തുകളുടെ അധികാരം പുന:സ്ഥാപിക്കണം. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും 1,000 മീറ്റർ ചുറ്റളവിലുള്ള എല്ലാ മദ്യശാലകളും നീക്കം ചെയ്യണം. മദ്യ കോളകൾ കർശനമായി തടയണം. മദ്യപിച്ച് ആപ്പീസുകളിലെത്തുന്നവർക്കും മദ്യപിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്കും എതിരെ കർശന നടപടി എടുക്കണം. കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് വർദ്ധിപ്പിച്ച നടപടി പിൻവലിക്കണം. അബ്‌കാരി കുറ്റകൃത്യങ്ങളെ മൈനർ, മീഡിയം, മേജർ എന്ന് തരംതിരിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കണം. വിദ്യാർത്ഥികൾക്കിടയിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രചാരണവും ബോധവത്കരണവും നടത്തണം.

---ബി.ആർ.പി. ഭാസ്കർ

1 comment:

  1. മദ്യം ലൈസന്‍സ് മുക്തമാക്കി, ആര്‍ക്കും മദ്യമുണ്ടാക്കാനും, വില്‍ക്കാനും സാധിക്കുന്നവിധം സ്വതന്ത്രമാക്കേണ്ടിയിരിക്കുന്നു. ഉപ്പുസത്യാഗ്രഹം പോലെ കള്ളു ചെത്താനുള്ള അവകാശത്തിനു വേണ്ടിയും, മദ്യം വാറ്റാനുള്ള പൌരാവകാശത്തിനു വേണ്ടിയും ജനകീയ സമരങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
    കുത്തക അബ്കാരികള്‍ക്കെതിരേയും,സര്‍ക്കാര്‍ മദ്യ ലോബിക്കെതിരേയും
    മദ്യ സത്യാഗ്രഹം ആരംഭിക്കാനായി മുന്നോട്ടു വരിന്‍ മദ്യവിരോധികളെ !!!

    ജനം തൂങ്ങിച്ചാകുന്നു എന്ന കരണത്താല്‍ കയര്‍ നിരോധിക്കുന്നതുപോലെയാണ് മദ്യനിരോധന സ്ത്രൈണ ചിന്തകളും :)
    ഇത്രയുമെഴുതിയെന്നു കരുതി ചിത്രകാരനെ മദ്യപാനിയായി ലേബലടിക്കല്ലേ...തെറ്റിപ്പോകും. (ദുഷ്ടന്റെ ഫലം ചെയ്യുന്ന മഹാ ശുദ്ധനാണ് :)

    ReplyDelete