12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Tuesday, October 5, 2010

നാടകം: പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനകീയ ഐക്യവേദി മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടിയുടെ അടിസ്ഥാനത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന ഒരു നാടകം സിവിക് ചന്ദ്രൻ രചിച്ചിട്ടുണ്ട്. തെരുവു നാടകത്തിന്റെ രൂപത്തിലുള്ളതാണിത്. അതിന്റെ പൂർണ്ണ രൂപം താഴെ കൊറുക്കുന്നു

സിവിക് ചന്ദ്രൻ

കാണികൾക്ക് നടുവിൽ അല്പം ഉയർന്ന പീഠത്തിലിരുന്ന് തട്ടിയും മുട്ടിയും ഊതിയും ഒരു തട്ടാൻ. പേടിച്ചിട്ടെന്ന പോലെ തട്ടാൻ എന്തുചെയ്യുന്നുവെന്ന് പാളി നോക്കുന്നൊരു പൂച്ച. ഓരോ തവണയും പൂച്ചയെ ഓടിക്കുന്ന തട്ടാൻ.
ഈ അരങ്ങിലേക്ക് കഴുത്തിൽ വിവിധ പാർട്ടികളുടെ ചിഹ്നങ്ങളുമായി കുറച്ച് പേർ. Stylized ചലനങ്ങൾ. ആൾക്കൂട്ടത്തിനിടയിലൂടെ പല ഭാഗത്തു നിന്നായി.


കോറസ്:
വരവായി, ഞങ്ങൾ വരവായി,
വരാതെ എന്ത് ചെയ്യാൻ!
അതിനാൽ വരവായി, ഞങ്ങൾ വരവായി.
ജനാധിപത്യത്തിലെ ഏറ്റവും വലിയ ന്യൂയിസൻസ്
ഈ ജനങ്ങളാണ്.
അയ്യഞ്ചു കൊല്ലം കൂടുമ്പോൾ
എല്ലാ എമ്പോക്കികളേയും കഴുവേറികളേയും
വിറകു വെട്ടികളേയും വെള്ളം കോരികളേയും
അണ്ടനേയും അടകോടനേയും
കാലു തൊട്ടു തൊഴണമല്ലോ,
വിലയേറിയ വോട്ടിനുവേണ്ടി കൈ കൂപ്പി
യാചിക്കണമല്ലോ. ജനാധിപത്യത്തിലെ
മഹാ ന്യൂയിസൻസ് ഈ ജനങ്ങളാണ്,
ജനംസ്, ഈ ജനപ്പരിഷകൾ!

തട്ടാൻ-പൂച്ച സീൻ വീണ്ടൂം

കോറസ് (കൌതുകത്തോടെ ശ്രദ്ധിച്ച ശേഷം):
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?
ഹഹഹ ഹഹഹ
+++++++++++++

ഇപ്പോൾ അതേ ഉയർന്ന പീഠത്തിൽ ഇണ്ടനമ്മാവൻ. അമ്മാവൻ തന്റെ ഇടംകാലിലെ ചെളി വലങ്കാലിലേക്കും വലംകാലിലെ ചെളി ഇടങ്കാലിലേക്കും മാറിമാറി തേയ്ക്കുകയാണ്. ഒരുതരം ചവിട്ടു നാടകം കളി. ആൾക്കൂട്ടത്തിൽ നിന്ന് ഓരോരുത്തരായി വന്ന് കൌതുകത്തോടെ നോക്കിനിൽക്കുന്നു.


പഴയ അതേ കോറസ്. കഴുത്തിലണിഞ്ഞിരുന്ന ചിഹ്നങ്ങൾ ഇപ്പോൾ ഇല്ല. പറ്കരം പല നിറത്തിലുള്ള തലേക്കെട്ടുകൾ. (നെറ്റിയിൽ പല നിറത്തിലുള്ള റിബ്ബണുകളായാലും മതി).


കോറസ്:

ഇണ്ടനമ്മാവൻ തന്റെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും
വലങ്കാലിലെ ചെളീ ഇടങ്കാലിലേക്കും
പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ വലങ്കാലിലെ ചെളി
ഇടങ്കാലിലേക്കും പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ ….

പാട്ടിനനുസരിച്ച് ഇണ്ടനമാവൻ തനി കാരിക്കേച്ചർ കഥാപാത്രമാകുന്നു.

കോറസ് (തിരിഞ്ഞ് കാണികളോട്):

ഇതല്ലേ നാം ചെയ്തുകൊണ്ടിരിക്കുന്നത്, നാട്ടാരേ, വോട്ടർമാരേ? ഈ കവിതയിലെ ഇണ്ടനമ്മാവനല്ലേ നാം? ഇടംകലിലെ ചെളി വലംകാലിലേക്കും വലംകാലിലെ ചെളി ഇടംകാലിലേക്കും… അഞ്ചു കൊല്ലം എൽ.ഡി.എഫ്. പിന്നെ അഞ്ചു കൊള്ളം യു.ഡി.എഫ്. അഞ്ചു കൊല്ലം കോൺഗ്രസ്, അടുത്ത അഞ്ചു കൊല്ലം മാർക്സിസ്റ്റ്…ജയ്

ജയ് ഇണ്ടനമ്മാവൻ!
ഇണ്ടനമ്മാവൻ കീ ജയ്.

ഇണ്ടനമ്മാവന്റെ ചവിട്ടു നാടകം പരിഹാസ്യമായി തുടരുന്നതിനിടയിൽ കട്ട്.
++++++++++


വീണ്ടും തട്ടാൻ. പൂച്ചയെ ആട്ടി ഓടിക്കുന്ന തട്ടാൻ. പഴ കോറസ് ഇപ്പോൾ കൂമ്പൻ തൊപ്പിയുമായി സദസ്സാകുന്നു.

കോറസ്:

നട നാലും കുത്തി വീഴുന്ന പൂച്ചയല്ലേ
ഈ തട്ടാനു മുമ്പിലെന്തേ പരുങ്ങുന്നു,
പകയ്ക്കുന്നു, കിതക്കുന്നു, ഇടറുന്നു?

പൂച്ച (ഒടുവിൽ രണ്ടൂം കല്പിച്ച്): എന്റെ മൂക്കൂത്തിയാണ് തട്ടാൻ പണിയുന്നത്.
എന്റെ സ്വർണ്ണം എന്തു ചെയ്യുന്നൂ തട്ടാനെന്ന്,
കക്കുന്നുണ്ടോ തട്ടാനെന്ന്,
പണി നന്നാകുന്നുണ്ടോ മൂക്കൂത്തിയുടേതെന്ന്,
മൂക്കൂത്തിപ്പെണ്ണേ എന്ന് കാമുകൻ വിളിക്കുമ്പോൾ കുളിരു കോരേണ്ട
ഞാനല്ലാതെ മറ്റാറു നോക്കാൻ?
തട്ടാൻ പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്കാണ് കാര്യം?

കോറസ്: ശരിയാണല്ലോ, ശരിയാണല്ലോ. പൂച്ചയുടെ മൂക്കൂത്തിയാണ് തട്ടാൻ പണിയുന്നതെങ്കിൽ, പൂച്ചയുടെ സ്വർണ്ണം കൊണ്ടാണ് തട്ടാൻ തട്ടുകയും മുട്ടുകയും ചെയ്യുന്നതെങ്കിൽ, പൊന്നുരുക്കുന്നിടത്ത് പൂച്ചക്കല്ലേ കാര്യം?

പൂച്ചക്കെന്തു കാര്യം എന്ന് ചോദിക്കുന്നതെന്ത്, തട്ടാനേ? തടുന്ന ആളായതുകൊണ്ടാണോ തട്ടാനേ തട്ടാനെന്ന് പേരു കിട്ടിയത്? പൂച്ചയെ തട്ടല്ലേ, പൂച്ചയുടെ പൊന്ന് തട്ടല്ലേ. പൂച്ച്യുടെ കൺ‌വെട്ടത്തിരുന്നു വേണം തട്ടാൻ പൊന്നുരുക്കാൻ!

തട്ടാൻ (പ്രകോപിതനായി)
പൊന്നുരുക്കുന്നേടത്ത്. പൂച്ചക്കെന്ത് കാര്യം?
ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

കോറസ്:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കാണ് കാര്യം.
ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് കാര്യം.

പൂച്ചയെ കിരീടമണിയിച്ചും തട്ടാനെ തല കുനിച്ച് നടത്തിച്ചും ഒരു ഘോഷയാത്ര
+++++++


അരങ്ങിലിപ്പോൾ വീണ്ടും ഇണ്ടനമ്മാവൻ കളി. പശ്ചാത്തലത്തിൽ പഴയ ഇണ്ടനമ്മാവൻ പാട്ടും. അമ്മാവന്റെ പെടാപ്പാട് കണ്ട് പൂച്ച വിസിൽ വിളിക്കുന്നു. എല്ലാവരും കൂടെ കൂട്ട വിസിൽ.

പൂച്ച (മുന്നോട്ടുവന്ന്:)
അമ്മാവന്റെ ഈ പെടാപ്പാട് നിങ്ങൾ മരുമക്കളാരും കാണുന്നില്ലേ?
നിങ്ങൾ മരുമക്കളാരെങ്കിലും ഒരു കിണ്ടി വെള്ളവുമായി വന്ന്
അമ്മാവന്റെ കാലൊന്ന് കഴുകിക്കാത്തതെന്ത്?
ഒരു കിണ്ടി വെള്ളം പോലും കിട്ടാത്ത നാടായോ
എട്ടു മാസം മഴ പെയ്യുന്ന കേരളം?

കോറസിന്റെ തലക്ക് മുകളിലൂടെ ഒരു കിണ്ടീ വെള്ളം ഉയർന്നു വരുന്നു. കോറസ് ഇണ്ടനമ്മാവനെ വലം വെക്കുന്നു. ഓരോ തവണ വെള്ളം വീഴ്ത്താനായുമ്പൊഴേക്കും അമ്മാവൻ നിലവിളിക്കുന്നു. ഓടുവിൽ കോറസ് അമ്മാവന്റെ കാലിൽ വെള്ളം വീഴ്ത്തുകതന്നെ ചെയ്യുന്നു. അമ്മാവൻ തണുത്തു വിറയ്ക്കുന്നു. കോറസ് തങ്ങളുടെ തോലിൽ നിന്നെടുക്കുന്ന പല വർണ തോർത്തുകളാൽ അമ്മാവനെ പുതപ്പിക്കുന്നു. എല്ലാവരും കൂടി അമ്മാവനെ എടുത്തുയർത്തുന്നു.


കോറസ്:

ഇങ്ങനെയാണ് ഇണ്ടനമാവനെ
മരുമക്കൾ പഠിപ്പിക്കേണ്ടത്
ഇങ്ങനെത്തന്നെ രാഷ്ട്രീയക്കാരെ
ജനങ്ങൾ, വോട്ടർമാർ, പഠിപ്പിക്കേണ്ടതും.
രാഷ്ട്രീയക്കാർ ജനങ്ങൾ പറയ്ന്നത് അനുസരിക്കേണ്ടവരാണ്
ജനങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം രാഷ്ട്രീയം കളിക്കേണ്ടവരാണ്
യുദ്ധം നാം പട്ടാളക്കാർക്ക് വിട്ടുകൊടുക്കാറില്ല.
എവിടെ, എപ്പോൾ, ആരോട്, എങ്ങനെ യുദ്ധം
ചെയ്യണമെന്ന് തീരുമാനിക്കുന്നത്
പട്ടാളക്കാരല്ല.
രാഷ്ട്രീയക്കാർ രാഷ്ട്രീയം തൊഴിലാക്കിയ പട്ടാളക്കാരാണ്.
രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം വിട്ടുകൊടുക്കരുത്.
ഇനിമേൽ നാം ജനങ്ങൾ
രാഷ്ട്രീയം കയ്യിലെടുക്കുന്നു
നമുക്കുവേണ്ടി എന്തിന് രാഷ്ട്രീയക്കാർ ചിന്തിക്കണം?
നാം വോട്ടർമാർക്ക്, പൌരന്മാർക്ക്, ജനങ്ങൾക്കുണ്ട് തലച്ചോറ്
നാം നമ്മുടെ സ്വന്തം കൊടി ഉയർത്തുന്നു
ജനകീയ രാഷ്ട്രീയത്തിന്റെ കൊടി
നാം നമ്മുടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നു
നമ്മളിലൊരാളിനെ നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നു
അണ്ടനും അടകോടനും ഇനി നമ്മെ ഭരിക്കട്ടേ
വെള്ളം കോരിയും വിറകു വെട്ടിയും ഭരിക്കട്ടെ.

കോറസ് രണ്ട് സംഘമാകുന്നു

ഒന്നാം സംഘം:
പൂച്ചേ പൂച്ചേ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

രണ്ടാം സംഘം:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്ക് കാര്യം?

ഒന്നാം സങ്ഹം:
വോട്ടറേ, വോട്ടറേ ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

രണ്ടാം സംഘം:
ജനാധിപത്യത്തിൽ ജനങ്ങൾക്കല്ലാതെ മറ്റാർക്ക് കാര്യം?

കോറസ് അരങ്ങത്തു നിന്ന് പിന്മാറുന്നതോടെ നാടകം അവസാനിക്കുന്നു.

(നാടകാവതരണം സംബന്ധിച്ച് ഉപദേശം ആവശ്യമെങ്കിൽ സിവിക് ചന്ദ്രനുമായി ബന്ധപ്പെടുക. ഫോൺ 9633751353)

2 comments:

  1. ഗ്രാമപഞ്ചായത്തുകളിലെങ്കിലും പൂച്ചകള്‍ക്ക് കാര്യമുണ്ടാകണം.വികസനബോധ്യമുള്ള ജനങ്ങളും മെംബര്ര്മാരും വേണം.കഷിരാഷ്റ്റ്രീയത്തില്‍ നീന്ന് മാറിനില്‍ക്കണം.

    ReplyDelete
  2. പ്രിയ സിവിക്ക് ചന്ദ്രന്‍ , താങ്കള്‍ ആവിഷ്ക്കരിച്ച ഈ ബിംബം ശരിയായില്ലെന്നു ഒരു തോന്നല്‍. തട്ടാന്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്നൊരാളാണു. ആ ആളെ ജനാധിപത്യത്തിന്റെ നീതികേട് കാണിക്കാന്‍ ഉപയോഗിക്കുന്നത് ശരിയായോ ? താങ്കളെപ്പോലെയുള്ളവര്‍ പുതിയ ബിംബങ്ങള്‍ സൃഷ്ടിക്കേണ്ടവരാണു. 'ക്ലീഷേ' ആണു ഈ നാടകത്തിന്റെ അവതരണവും ആശയവും.
    തട്ടാന്‍ എന്ന അടിസ്ഥാന വര്‍ഗ്ഗത്തൊഴിലാളിയില്‍ നിന്നും ഒരു പൂച്ചയിലേക്കാണോ ജനാധിപത്യം ചെന്നെത്തേണ്ടത് ?
    പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്നല്ല. പൊന്നുരുക്കുന്നിടത്ത് പെണ്ണിനെന്തു കാര്യം എന്നാണു പുത്തന്‍ നാടകം എത്തേണ്ടത്. അപ്പോഴേ ജനാധിപത്യത്തില്‍ പെണ്ണിനു എന്തു കാര്യം എന്നു വരൂ...താങ്കള്‍ നാടകം ഒന്നു മാറ്റിയെഴുതുന്നതാവും നല്ലത്...

    ReplyDelete