12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Friday, October 15, 2010

ഗ്രാമസഭാ സംവിധാനം രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചു

ബി.ആർ.പി. ഭാസ്കർ

ഗ്രാമസ്വരാജിന് ഗാന്ധിജി വലിയ പ്രാധാന്യം കല്പിച്ചിരുന്നെങ്കിലും ഭരണഘടനയിൽ അതിന് അർഹിക്കുന്ന സ്ഥാനം ലഭിച്ചില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഭാവി ഭാരതത്തെക്കുറിച്ചുള്ള ജവഹർലാൽ നെഹ്രുവിന്റെ സങ്കല്പം അദ്ദേഹത്തിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. രണ്ട്, പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകിയാൽ ദലിതർക്ക് ഗ്രാമങ്ങളിൽ നീതി ലഭിക്കില്ലെന്ന് ഭരണഘടനാ ശില്പിയായ ബാബാസാഹിബ് അംബേദ്കർ ഭയപ്പെട്ടു. ആ ഭയം അസ്ഥാനത്തായിരുന്നില്ലെന്ന് ബീഹാറും തമിഴ് നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും നിലനിൽക്കുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. ദുർബലവിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന പണം ഇടനിലക്കാർ തട്ടിയെടുക്കുന്നത് എങ്ങനെ തടയാമെന്ന ആലോചനയാണ് രാജീവ് ഗാന്ധിയെ പഞ്ചായത്ത് സംവിധാനത്തെ ഭരണഘടന ഭേദഗതി ചെയ്ത് ശക്തിപ്പെടുത്താൻ പ്രേരിപ്പിച്ചത്.

നിലവിലുള്ള നിയമം വിഭാവന ചെയ്യുന്ന ഗ്രാമസഭകളും വാർഡ് സഭകളും കീഴ്‌തട്ടുകളിൽ യഥാർത്ഥ ജനാധിപത്യം ഉറപ്പാക്കാൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ്. ജനങ്ങൾക്ക് നേരിട്ടു പങ്കെടുക്കാൻ അവകാശമുള്ള ഏക സംവിധാനമാണത്. അവിടെ ചോദ്യങ്ങൾ ചോദിക്കാൻ മാത്രമല്ല കൂട്ടായ തീരുമാനങ്ങളെടുക്കാനും ജനങ്ങൾക്ക് അധികാരമുണ്ട്. ആ സംവിധാനം കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചിരിക്കുന്നു. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ഗ്രാമ-വാർഡ് സഭകൾ കൂടാറേയില്ല. കൂടിയതായും തീരുമാനങ്ങൾ എടുത്തതായും കാണിക്കുന്ന രേഖകൾ അവർ ഉണ്ടാക്കുന്നു. ഈ ഏർപ്പാട് അവസാനിപ്പിച്ച് ജനാധിപത്യപരമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചേ മതിയാകൂ.
ലോക് സഭയും സംസ്ഥാന നിയമസഭയും പാശ്ചാത്യ ജനാധിപത്യ പാരമ്പര്യപ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്. ആ സഭകളിൽ ഭൂരിപക്ഷ പിന്തുണയുള്ള കക്ഷി (അല്ലെങ്കിൽ കൂട്ടുകക്ഷി) ഭരണകക്ഷിയാകുന്നു. ന്യൂനപക്ഷ കക്ഷി (അല്ലെങ്കിൽ കൂട്ടുകക്ഷി) പ്രതിപക്ഷമാകുന്നു. പഞ്ചായത്ത് സംവിധാനം ഭാരതീയ ജനാധിപത്യ പാരമ്പര്യത്തിൽ ഉരുത്തിരിഞ്ഞുവന്നതാണ്. പഞ്ചായത്തുകൾ ഭരണസഭകളാണ്, നിയമനിർമ്മാണ സഭകളല്ല. അവയ്ക്കുള്ളിൽ ഭരണപക്ഷ-പ്രതിപക്ഷ വിഭജനത്തിന് പ്രസക്തിയില്ല. പക്ഷെ നമ്മുടെ രാഷ്ട്രീയ കക്ഷികൾ അവരുടെ പതിവ് കളികൾ തുടരാനായി അവിടെയും അതുണ്ടാക്കിയിരിക്കുന്നു. എത്രനാൾ അത് തുടരുന്നുവോ അത്ര നാളും രാഷ്ട്രീയ കക്ഷികൾക്ക് വാദപ്രതിവാദ കോലാഹലങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കാം. എത്ര വേഗം അതവസാനിപ്പിക്കുന്നുവോ അത്രയും വേഗം നാടിനും നാട്ടാർക്കും രാഷ്ട്രീയ പക്ഷപാതിത്വത്തിൽ നിന്നും അഴിമതിയിൽ നിന്നും മോചനം ലഭിക്കും.(സിറാജ്, ഒൿടോബർ 9, 2010)

3 comments:

 1. പഞ്ചായത്ത് മെംബര്‍മാരെ തെരഞ്ഞെടുക്കുന്നത് ഗ്രാമസഭകള്‍ വിളച്ചുകൂട്ടിയാവണം. അല്ലാതുള്ള തെരഞ്ഞെടുപ്പുകള്‍ കക്ഷിരാഷ്ടീയ മത്സരം ലക്ഷ്യമാക്കിയുള്ളതാണ്. മുകളില്‍ നിന്ന് ലഭിക്കുന്ന പണം വീതംവെയ്ക്കലാക്കിമാറ്റുകയാണ് ഇവിടെ. കക്ഷിരാഷ്ട്രീയത്തിനതീതമായാലെ പഞ്ചായത്തീരാജിന്റെ പ്രവര്‍ത്തനം സുതാര്യമാകൂ.

  ReplyDelete
 2. വരുന്ന ഇലക്ഷനില്‍ ഞാനൊരു നിര്‍ദ്ദേശം സമര്‍പ്പിക്കുന്നു.
  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ബി.പി.എല്‍ കാരെ എബൌ പോവര്‍ട്ടി ലൈന്‍ ആക്കിമാറ്റുക. അതിനായി ചില നിര്‍ദ്ദേശങ്ങള്‍.
  ൧. ബി.പി.എല്‍ കുടുംബത്തിന് ഒരു ബാങ്ക് അക്കൌണ്ട് (ജോയിന്റ് അക്കൊണ്ട്) തുറക്കുക.
  ൨. ദേശീയ തൊഴിലൂറപ്പ്, മറ്റ് തൊഴിലുകള്‍, വീട്ടുജോലി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ബാങ്കിലൂടെ മാത്രം നിക്ഷേപമായി രേഖപ്പെടുത്തുക.
  ൩. അവരുടെ വരുമാനം എപിഎല്‍ന് മുകളില്‍ ആകുന്നതോടെ സമ്പൂര്‍ണ എപിഎല്‍ സംസ്ഥാനമാക്കി മാറ്റുക.
  ൪. എപിഎല്‍ തൊഴിലാളികള്‍ക്കു മാത്രം നേരിട്ട് വേതനം നല്‍കുക.

  ReplyDelete
 3. THE CANDIDATES SPENDS LACS OF RUPEES TO WIN A JOB

  WITH A SALARY @6000/=

  SO, THATS CLEAR THAT THEY ARE TARGETING THE FUNDS

  COME FOR THE SOCIETY

  ReplyDelete