
കേരളത്തില്‍ ജനാധിപത്യം എന്നാല്‍ രാഷ്ട്രീയ കക്ഷികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ജനങ്ങളുടെ മേല്‍, അവരുടെ നാമത്തില്‍, അടിച്ചേല്‍പ്പിക്കുകയാണ് എന്നായിത്തീര്‍ന്നിരിക്കുന്നു. കൂട്ടാളികളായ മാധ്യമങ്ങളുടെ സഹായത്തോടെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യത്തിന്റെ പിരമിഡ് തലകീഴാക്കി, തങ്ങള്‍ മേലാളരും ജനങ്ങള്‍ കീഴാളരുമാണ് എന്ന ഫാഷിസ്റ്റ് ക്രമം കൈവരുത്തുന്നത്. ജനങ്ങള്‍ കേരളത്തിലെ ഇരുമുന്നണികള്‍ക്കും വെറും ഒരു അലങ്കാരവസ്തു മാത്രമാണ്. അധികാരത്തിനും സമ്പത്തിനും ആര്‍ഭാടത്തിനും വേണ്ടിയുള്ള പാര്‍ട്ടികളുടെ താല്പര്യങ്ങളാണ് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളെ ഇന്ന് ഭരിക്കുന്നത് എന്നത് അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷെ ഇരുമ്പുലക്ക പോലെയുള്ള ഒരു ക്രൂര സത്യമാണ്. ധിക്കാരികളായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെ ശിരസ്സില്‍ ആഞ്ഞടിക്കുന്ന ഒരു ഇരുമ്പുലക്ക.
മലയാളികള്‍ക്ക് ലജ്ജാകരവും ആപത്കരവുമായ ഈ അവസ്ഥാ വിശേഷത്തിന്റെ നടുവിലേക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകള്‍ വന്നെത്തുന്നത്. ജനതാല്പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിമകളെപ്പോലെ പിടിച്ചെടുക്കാനും ചങ്ങലയ്ക്കിടാനും കിണഞ്ഞു പരിശ്രമിക്കാന്‍ പോവുകയാണ് എന്നതില്‍ സംശയം വേണ്ട. പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു വരുമാനമാര്‍ഗ്ഗം മാത്രമാണ്.
രാഷ്ട്രീയപ്പാര്‍ട്ടികളെ നമുക്ക് ആവശ്യമാണ്. പക്ഷെ നമ്മുടെ ജീവിതങ്ങളുടെ അധിനിവേശകരായ അഴിമതിയില്‍ കുളിച്ച സ്വേച്ഛാധിപതികളായല്ല, നമ്മുടെ യഥാര്‍ത്ഥ താല്പര്യങ്ങളുടെ പ്രതിനിധികളായാണ് അവരെ നമുക്ക് ആവശ്യം. അതാണ് ജനാധിപത്യത്തിലെ അവരുടെ ഒരേയൊരു പങ്കും കര്‍ത്തവ്യവും. പക്ഷെ അവരത് മറന്നിരിക്കുന്നു. അത് മറക്കാന്‍ മാധ്യമങ്ങള്‍ നമ്മെ പരിശേഏലിപ്പിക്കുകയും ചെയ്യുന്നു. പാര്‍ട്ടികളെ അവര്‍ ആരാണെന്ന അടിസ്ഥാന സത്യം ഓര്‍മ്മിപ്പിയ്ക്കാനും ജനങ്ങളുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടികളുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്ന വസ്തുത അരക്കിട്ടുറപ്പിയ്ക്കാനും ജനങ്ങളുടെ മേലുള്ള പാര്‍ട്ടികളുടെ നീരാളിപ്പിടിത്തത്തിന് അരവസാനമിടുന്ന പ്രക്രിയയ്ക്ക് ആരംഭം കുറിയ്ക്കാനും ഈ വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകള്‍ ഉപയോഗിക്കേണ്ടത് മലയാളികളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രാധാന്യമുള്ള ഒരു ആവശ്യമാണ്.
ഈ ഇന്നം മുന്നില്‍ വച്ചുകൊണ്ട് ജനകീയ ഐക്യവേദി നടത്തുന്ന പരിശ്രമങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രപ്രാധാന്യമുള്ള ഒരു നീക്കമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ ജനങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു നീക്കവും ഈ അവസരത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല എന്നു മാത്രമല്ല അവര്‍ ഒറ്റക്കെട്ടായി ജനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പരിശ്രമിക്കും. അതുകൊണ്ട് ജനകീയ ഐക്യവേദിയുടെ ഒരുപക്ഷെ ഒറ്റപ്പെട്ട ഈ ശബ്ദമുയര്‍ത്തല്‍, ഈ പ്രഖ്യാപന സമ്മേളനം, വിലയേറിയ ഒന്നാണ്.
മലയാളികളുടെയും കേരളത്തിന്റെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ ഐക്യവേദിയുടെ പരിശ്രമത്തിന് എന്റെ എളിയ അഭിവാദ്യങ്ങള്‍!
No comments:
Post a Comment