12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Saturday, October 23, 2010

കേരളത്തിലെ ജനങ്ങൾ നിസ്സഹായരാണോ?

പുതിയ പഞ്ചായത്തു സമിതികൾ എന്തിനാവണം, എന്തിനാവരുത് – ഇതാണ് മലയാള മനോരമ ചോദിച്ച ചോദ്യം. രണ്ട് മുന്നണികളുടെയും വക്താക്കൾ മറുപടിയായി എഴുതിയ ലേഖനങ്ങളിൽ അതിനുള്ള ഉത്തരം കണ്ടില്ല. അവർ എഴുതിയതൊക്കെ പഴയ കാര്യങ്ങളാണ്. പഞ്ചായത്ത് സംവിധാനത്തിന്റെ പിതാവാരാണ് എന്നതിൽ തുടങ്ങി അവരുടെ തർക്കം. മഹാത്മാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഭരണഘടനാ ഭേദഗതിയുടെയും പേരിൽ കോൺഗ്രസും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും പേരിൽ സി.പി.എമ്മും പിതൃത്വം അവകാശപ്പെട്ടു.

ആരാണ് പഞ്ചായത്തുകൾക്ക് കൂടുതൽ പണം നീക്കിവെച്ചതെന്നതിനെക്കുറിച്ചും അവർ തർക്കിച്ചു. തങ്ങൾ 2001-2006 കാലത്ത് സംസ്ഥാന ബജറ്റ് അടങ്കലിന്റെ 28 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി വകയിരുത്തിയപ്പോൾ എൽ.ഡി.എഫ്. ഭരണകാലത്ത് അത് 22 ശതമാനമായി കുറഞ്ഞെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. യു.ഡി.എഫീനേക്കാൾ കൂടുതൽ തുക തങ്ങൾ വകയിരുത്തിരുന്നെന്നും വാർഷിക പദ്ധതി അടങ്കൽ 6,000 കോടി രൂപയിൽ നിന്ന് 10,025 കോടി രൂപയായി വളർന്നതുകൊണ്ടാണ് ശതമാനം കുറഞ്ഞുപോയതെന്നും എൽ.ഡി. എഫ്. വാദിച്ചു. പദ്ധതി അടങ്കലിലെ വർദ്ധനവിന് അനുസൃതമായി തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം കൂടുന്നില്ലെന്ന വസ്തുത അങ്ങനെ സ്ഥിലീകരിക്കപ്പെടുന്നു. വകയിരുത്തിയ തുകയുടെ പേരിലാണ്, ചെലവാക്കിയതിന്റെ പേരിലല്ല ഇരുകൂട്ടരും പോരടിച്ചത്. ശരാശരി വാർഷികച്ചെലവ് 80 ശതമാനത്തിലേറെയാണെന്ന് സി.പി.എം. വക്താവ് സി.പി.നാരായണൻ അവകാശപ്പെട്ടു. അദ്ദേഹം അംഗമായ പ്ലാനിങ് ബോർഡ് നിയമസഭയിൽ വെച്ച റിപ്പോർട്ട് അത്രയും ചെലവാക്കിയതായി പറയുന്നില്ല. നിയമസഭയ്ക്ക് ഒരു കണക്ക്, ജനത്തിന് മറ്റൊന്ന്!

തദ്ദേശ സ്വയംഭരണത്തിൽ ഇത്രകാലവും പിന്തുടർന്നതിൽ നിന്ന് വ്യത്യസ്തമായ സമീപനം ആവശ്യമാണെന്ന ധാരണ ഇരുകൂട്ടർക്കുമില്ലെന്ന് ലേഖനങ്ങൾ വ്യക്തമാക്കുന്നു. സി.പി.നാരായണന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള അധികാരവികേന്ദ്രീകരണത്തിന്റെയും വികസനപ്രവർത്തനത്തിന്റെയും പ്രയോജനം ജനസാമാന്യം അനുഭവിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് യു.ഡി.എഫ്. നേതാക്കൾ ഉന്നയിക്കുന്ന ആരോപനങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ലക്ഷ്യമെന്തെന്ന് അവർ മനസ്സിലാക്കുക തന്നെ ചെയ്യും”. രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നു വരുന്ന –- കൃത്യമായി പറഞ്ഞാൽ ബോധപൂർവ്വം ഉയർത്തിക്കൊണ്ടു വരുന്ന -- സൂത്രവാക്യം ഈ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം: “നിങ്ങളുടെ മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ല“ ഒന്നുകിൽ എൽ.ഡി.എഫ്., അല്ലെങ്കിൽ യു.ഡി.എഫ്. അവരാണെങ്കിലൊ, ഇതുവരെ ചെയ്തുപോന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന നിലപാടിലാണ്. യഥാർത്ഥത്തിൽ അവർ പറയുന്നതുപോലെ ജനങ്ങൾ തീർത്തും നിസ്സഹായരാണോ?
കേന്ദ്ര സർക്കാർ മുൻ‌കൈയെടുത്ത് രൂപപ്പെടുത്തിയ പഞ്ചായത്ത് സംവിധാനവും സംസ്ഥാന സർക്കാർ അതിന്റെ നടത്തിപ്പിനായി കൊണ്ടുവന്ന നിയമവും വിഭാവന ചെയ്യുന്നത് ജനപങ്കാളിത്തമുള്ള തദ്ദേശ ഭരണമാണ്. എന്നാൽ ജനപങ്കാളിത്തം എന്ന ആശയം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വസ്തുത അവഗണിച്ചു കൊണ്ടാണ് മുന്നണികൾ നീങ്ങുന്നത്. നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങൾക്ക് നേരിട്ടുചെന്ന് ചോദ്യങ്ങൾ ചോദിക്കാനും തീരുമാനങ്ങൾ എടുക്കാനും അവകാശമുള്ള ഒരു വേദിയേയുള്ളു. അത് ഗ്രാമസഭ അല്ലെങ്കിൽ വാർഡ് സഭയാണ്. അത് ഉദ്ദേശിച്ച രീതിയിൽ ഇന്ന് പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് ജനങ്ങൾ അതിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ മെനക്കെടാറില്ല. പലപ്പോഴും യോഗം ചേരാനുള്ള കോറം പോലുമില്ല. വാർഡ് മെമ്പർ അത് സൌകര്യമായി കണ്ടുകൊണ്ട് യോഗം ചേർന്നതായും തനിക്കിഷ്ടപ്പെട്ട തരത്തിലുള്ള തീരുമാനങ്ങൾ എടുത്തതായും രേഖകൾ ഉണ്ടാക്കുന്നു. എന്നിട്ടും നാരായണൻ സജീവ ജനപങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുന്നു.

അധികാരവികേന്ദ്രീകരണം ഫലത്തിൽ അഴിമതി വികേന്ദ്രീകരണമായി മാറിയെന്ന് കാണിക്കുന്ന ഔദ്യോഗിക-അക്കാദമിക പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമധികം തദ്ദേശ ഭരണസ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന കക്ഷിയുടെ നേതാക്കൾ അതെക്കുറിച്ച് മൌനം പാലിക്കുന്നത് നിഷ്കളങ്കത കൊണ്ടാണെന്ന് കരുതാനാവില്ല. വലിയ തോതിൽ മണ്ണുവാരൽ നടക്കുന്ന ഒരു സ്ഥലം ഈ ലേഖകൻ ഈയിടെ സന്ദർശിക്കാനിടയായി. അടുത്തിടെ ഭരണകക്ഷിയിൽ വലിയ പൊട്ടിത്തെറിയുണ്ടായ സ്ഥലം കൂടിയാണത്. ഒരു ലോഡ് മണ്ണ് കടത്തുമ്പോൾ ഭരണ കക്ഷിക്ക് അഞ്ചു രൂപയും രണ്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ഓരോ രൂപ വീതവും മണൽ മാഫിയ കൊടുക്കുന്നുണ്ടെന്നാണ് അവിടെ കേട്ടത്. ഒരു ദിവസം 6,000 ലോഡ് വരെ കയറ്റി അയക്കാറുണ്ടത്രെ. ഇത് ശരിയാണെങ്കിൽ പാർട്ടിയുടെ പ്രതിദിന വരുമാനം 30,000 രൂപ, ഒരു ജനപ്രതിനിധിയുടേത് 6,000 രൂപ. ഇത് ഒരു സ്ഥലത്തെ കണക്ക്.

തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരമില്ല. അതുകൊണ്ടുതന്നെ അവിടെ കക്ഷിരാഷ്ട്രീയത്തിനു പ്രസക്തിയില്ല. കേന്ദ്രം ആവിഷ്കരിച്ചതും സംസ്ഥാനം വഴി ധനസഹായം നൽകുന്നതുമായ പദ്ധതികളുടെ നടത്തിപ്പാണ് അവയുടെ പ്രധാന ചുമതല. പല പദ്ധതികളിളും കൂട്ടിച്ചേർക്കലുകൾ നടത്തി അവ തങ്ങളുടെ സ്വന്തം പരിപാടിയാണെന്ന ധാരണ പരത്താൻ എൽ.ഡി.എഫ്. സർക്കാരിനായിട്ടുണ്ട്. ഇതിനെ ഒരപരാധമായി കാണേണ്ടതില്ല. നേരേമറിച്ച് ആ പ്രക്രിയയിലൂടെ കൂടുതൽ ആളുകൾക്ക് കൂടുതൽ ഗുണം എത്തിക്കാൻ കഴിയുന്നെങ്കിൽ അത് സ്വാഗതം ചെയ്യേണ്ടതാണ്. എന്നാൽ പദ്ധതി നടത്തിപ്പിൽ പ്രകടമായിട്ടുള്ള അഴിമതിയും രാഷ്ട്രീയ പക്ഷപാതവും അവസാനിപ്പിച്ചേ മതിയാകൂ. അതിന് തദ്ദേശഭരണത്തെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മുക്തമാക്കണം. ഈ തെരഞ്ഞെടുപ്പ് അതിനുള്ള അവസരം നൽകുന്നു. ജനങ്ങൾ അത് പ്രയോജനപ്പെടുത്തുന്നത് തടയാനാണ് അവരുടെ മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ലെന്ന് പ്രചരിപ്പിക്കുന്നത്.

കേരളത്തിൽ ഏറ്റവും വിപുലമായ അടിത്തറയും ഉറച്ച ചട്ടക്കൂടുമുള്ള പാർട്ടി സി. പി. എം. ആണ്. ധാർഷ്ട്യത്തിന്റെ ഭാഷയിലൂടെ പാർട്ടി നേതാക്കൾ ജനങ്ങളെയും മാധ്യമങ്ങളെയും വിവിധ വ്യവസ്ഥാപിത സംവിധാനങ്ങളെയും അക്കാര്യം ഇടയ്ക്കിടക്ക് ഓർമ്മിപ്പിക്കാറുമുണ്ട്. അതേസമയം ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കുന്ന കക്ഷിയെന്ന നിലയിൽ അതിനെ നിയന്ത്രിക്കാൻ ജനങ്ങൾക്ക് കഴിയും. അതിനു തെളിവാണ് വി.എസ്. അച്യുതാനന്ദന്റെ മുഖ്യമന്ത്രിപദം. അദ്ദേഹം മത്സരിക്കേണ്ടെന്ന തീരുമാനം പാർട്ടി മാറ്റിയതും തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതും ജനവികാരം മാനിച്ചാണ്. പോളിറ്റ്ബ്യൂറോയിൽ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ അച്യുതാനന്ദനെ മുഖ്യമന്ത്രിപദത്തിൽ നിലനിർത്താൻ നേതൃത്വത്തെ നിർബന്ധിതരാക്കുന്ന ജനങ്ങൾ നിസ്സഹായരാകുന്നതെങ്ങനെ?.മനസു വെച്ചാൽ പുതിയ പഞ്ചായത്ത് സമിതികൾ എന്തിനാവണം, എന്തിനാവരുതെന്ന് നേരിട്ട് തീരുമാനിക്കാൻ അവർക്കാകും.
--ബി.ആർ.പി. ഭാസ്കർ

9 comments:

  1. when compared to many other states, kerala is far better a place, it seems. at least it has an opposition which can't be bought by a government (whether its the udf or the ldf). destructive politics apart, there's a functioning opposition.

    ReplyDelete
  2. കൊള്ളാം!
    ഇങ്ങനെ വേണം എഴുതുകയാണെങ്കിൽ എഴുതാൻ.
    ഒരു ഒറ്റവാചകം നട്ടെല്ലുറപ്പിച്ചു പറയരുത്.
    അവരു പറഞ്ഞു, ഇവരു പറഞ്ഞു, അവരവകാശപ്പെടുന്നത്, ഇവരവകാശപ്പെടുന്നത്, അവിടെകേട്ടത്, ഇവിടെ കേട്ടത്.

    ഇതാ ഈ താഴെകാണുന്ന വാചകം സാറുതന്നെ ഒന്നു വയിച്ചെ ഒന്ന്, രണ്ട് പ്രാവശ്യം

    >>>>>>>>>>>>>>>>>>>
    ഒരു ദിവസം 6,000 ലോഡ് വരെ കയറ്റി അയക്കാറുണ്ടത്രെ
    ഒരു ദിവസം 6,000 ലോഡ് വരെ കയറ്റി അയക്കാറുണ്ടത്രെ
    ഒരു ദിവസം 6,000 ലോഡ് വരെ കയറ്റി അയക്കാറുണ്ടത്രെ
    >>>>>>>>>>>>>>>>>>>


    6000 ലോഡ് മണൽ
    ഒറ്റ ദിവസം!!
    ഇതപാര കണ്ടുപിടുത്തംതന്നെ.
    സൂചികൊണ്ടെടുക്കെണ്ടത് തൂമ്പകൊണ്ടെടുക്കുന്ന മഹാകലാപരിപാടി ഒന്നു നിർത്തുസാറെ.

    >>>>>>>>>>>>>>>>>>>
    കേന്ദ്ര സർക്കാർ മുൻ‌കൈയെടുത്ത് രൂപപ്പെടുത്തിയ പഞ്ചായത്ത് സംവിധാനവും
    >>>>>>>>>>>>>>>>>>>

    കേരളത്തിൽ മാത്രം കാണാൻ കിട്ടുന്ന ഒരു വിചിത്ര ജന്തു ആണ് ഈ പഞ്ചായത്ത് സംവിധാനം. യൂ.ഡി.എഫ് ഭരിക്കുമ്പോൾ ഇലക്ഷൻ നടത്താതെ 6ഉം പത്തും വർഷം സർക്കസ് നടത്തിയ കഥകളൊന്നും പറയരുത്. സാറെ എഴുതിയിരിക്കുന്നതു കണ്ടാൽ തോന്നും കേരളം ഒഴിച്ചൂള്ള ഇന്ത്യമുഴുവൻ പഞ്ചായത് സംവിധാനം വളരെ കാര്യക്ഷമമാണെന്ന്.



    >>>>>>>>>>>>>>>>>>>
    അധികാരവികേന്ദ്രീകരണം ഫലത്തിൽ അഴിമതി വികേന്ദ്രീകരണമായി മാറിയെന്ന് കാണിക്കുന്ന ഔദ്യോഗിക-അക്കാദമിക പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
    >>>>>>>>>>>>>>>>>
    അഴിമതി ആരോപണങ്ങൾ ഒക്കെ ഇങ്ങനെ തന്നെവേണം ഉന്നയിക്കാൻ. തീയില്ലാതെ പുകയുണ്ടാക്കുന്ന ഈ മഹത്തായ വിദ്യയുടെപേരിൽ പണ്ട് മാതൃഭൂമിപത്രത്തിനെതിരെ ഒരു വിദ്യാർത്ഥിനേതാവ് നടത്തിയ പാരാമർശം ഇങ്ങനെ ആയിരുന്നു
    “പിതൃശൂന്യവാർത്ത...”


    >>>>>>>>>>>>>>>>>>>>
    തദ്ദേശ സ്വയംഭരണത്തിൽ ഇത്രകാലവും പിന്തുടർന്നതിൽ നിന്ന് വ്യത്യസ്തമായ സമീപനം ആവശ്യമാണെന്ന ധാരണ ഇരുകൂട്ടർക്കുമില്ലെന്ന് ലേഖനങ്ങൾ വ്യക്തമാക്കുന്നു.
    >>>>>>>>>>>>>>>>>>>>
    എന്താണാവൊ ഈ വ്യത്യസ്തമായ സമീപനം?

    >>>>>>>>>>>>>>>>>>>
    തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരമില്ല. അതുകൊണ്ടുതന്നെ അവിടെ കക്ഷിരാഷ്ട്രീയത്തിനു പ്രസക്തിയില്ല.
    >>>>>>>>>>>>>>>>>>>>>>
    ഇതൊക്കെതന്നെഅല്ലെ പണ്ട് ഇ.എം.എസും പറഞ്ഞത്?
    കേരളത്തിലെ മുഴുവൻ സാമൂഹ്യ, രഷ്ട്രീയ, വാർത്താമാധ്യമ നേതൃത്വത്തെ കൂട്ടി ജനകീയാസൂത്രണത്തിന് തുടക്കം ഇട്ടപ്പൊൾ?


    >>>>>>>>>>>>>>>>>>>>>>
    കേന്ദ്രം ആവിഷ്കരിച്ചതും സംസ്ഥാനം വഴി ധനസഹായം നൽകുന്നതുമായ പദ്ധതികളുടെ നടത്തിപ്പാണ് അവയുടെ പ്രധാന ചുമതല.
    >>>>>>>>>>>>>>>>>>>>>>
    അപാര കണ്ടുപിടുത്തംതന്നെ.
    കാശ്മീരിലും, കേരളത്തിലും, ഒറീസയിലും, ഗുജറാത്തിലുമൊക്കെ ഒരെപോലെ പദ്ധതികളാവിഷ്കരിക്കുന്ന കേന്ദ്രത്തിന്റെ കഴിവ് അപാരംതന്നെ.
    >>>>>>>>>>>>>>>>>>>>>>
    പല പദ്ധതികളിളും കൂട്ടിച്ചേർക്കലുകൾ നടത്തി അവ തങ്ങളുടെ സ്വന്തം പരിപാടിയാണെന്ന ധാരണ പരത്താൻ എൽ.ഡി.എഫ്. സർക്കാരിനായിട്ടുണ്ട്.
    >>>>>>>>>>>>>>>>>>>>>>
    എന്നു പറഞ്ഞാൽ
    പഞ്ചാബിൽ ഗോതമ്പുനടാൻ ഒരുക്കുന്ന പദ്ധതി കേരളത്തിനു നല്കിയാൽ അതേപോലെ നടപ്പിലാക്കണം.

    പറച്ചിൽ മുഴുവൻ അധികാരവികേന്ദ്രീകരണത്ത്ക്കുറിച്ച്, ജനപങ്കാളിത്തത്തെക്കുറിച്ച്.
    കേന്ദ്രത്തെക്കുറിച്ച് എഴുതുന്നതുകണ്ടാൽ
    പണംകായിക്കുന്ന മരം നില്ക്കുന്ന ഒരു സ്ഥലം. കാലാകാലം മരം പണം കായിക്കുന്നു. ഉടയോൻ അതുപെറുക്കി സംസ്ഥാനത്തിനുകൊടുക്കുന്നു എന്നിട്ട് പഞ്ചായത്തുകളിൽ പദ്ധതികൾ നടപ്പാക്കാൻ ആഞ്ജാപിക്കുന്നു.


    സാറുതന്നെ അല്ലിയൊ സാന്മാർഗിക പത്രപ്രവർത്തനത്തിനുവേണ്ടി
    “കൌണ്ടർ മീഡിയ” എന്ന പേരിൽ ഇന്റർനെറ്റിൽ ഇടപെടുന്നത്?

    സാറിന്റെ ഈ ലേഖനംകൂടെ അവിടെഒന്നു പോസ്റ്റുചെയ്താൽ വളരെ ഉപകാരം.

    ReplyDelete
  3. നട്ടെല്ലുമായി ഇരുളിൽ മറഞ്ഞു നിൽക്കുന്നയാൾക്ക് പഞ്ചായത്തിൽ അഴിമതി നടക്കുന്നില്ലെന്ന് ധൈര്യമായി പറയാൻ കഴിയാത്തതെന്തേ?

    ReplyDelete
  4. ///തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതും ജനവികാരം മാനിച്ചാണ്. പോളിറ്റ്ബ്യൂറോയിൽ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ അച്യുതാനന്ദനെ മുഖ്യമന്ത്രിപദത്തിൽ നിലനിർത്താൻ നേതൃത്വത്തെ നിർബന്ധിതരാക്കുന്ന ജനങ്ങൾ നിസ്സഹായരാകുന്നതെങ്ങനെ?.///

    അതൊക്കെ ഒരടവല്ലേ..വീ എസിന്റെ പ്രായമെന്താണ്.(തട്ടിമുട്ടി പോട്ടെ എന്ന് അവര്‍ തീരുമാനിച്ചു കാണും ..അങ്ങനെ പോണ്ടാ എന്ന ആക്രാന്തം വീരനും താങ്കള്‍ക്കുമൊക്കെയുണ്ട് .ആ ജാള്യം വാക്കുകളില്‍ കാണാം)
    ഇനി താങ്കളായാലും ഈ പ്രായത്തില്‍ ആ ടൈപ് അടവ് തന്നെ അവര് പ്രയോഗിക്കില്ലേ ? എന്നാ മലബാറിലെ സിംഹമായിരുന്ന എം.വി ആരിനെതിരെ ആ അടവ് അദ്ദേഹത്തിന്റെ ചെറിയ പ്രായത്തില്‍ പ്രയോഗിച്ചാ ? ഗൌരിയമ്മക്കെതിരെയും ഇല്ല. അവരും തിരുവിതാംകൂറിലെസിംഹി ആയിരുന്നു. തൊണ്ണൂറ്റി ഒന്നില്‍ അവര്ടെ നല്ല പ്രായത്തില്‍ എടുത്തു വെളിയില്‍ ഇട്ടു. (ഇപ്പൊ നില്‍ക്കുന്നിടത്തേക്കാള്‍ പഴയ സ്ഥലം നല്ലതെന്ന് തോന്നുന്നു അവര്‍ക്ക്)

    ReplyDelete
  5. ഇതൊക്കെ ഒരു ബി.ആര്‍.പി നീലാണ്ടന്‍ നമ്പറെല്ലെ ബ്ലോഗറെ. എങ്ങനെ എങ്കിലും യുഡിഎഫിനെ ജയിപ്പിക്കണം. ഇടത് വിമതര്‍ ഇല്ലാത്തിടത്ത് വിമത വോട്ടുകള്‍ സമാഹരിക്കണം അതിന്‌ ആരെയും കൂട്ടും . ഖാലിദ് മുണ്ടപ്പള്ളി മുതല്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി വരെ സമര സാംസ്കാരിക നായകന്മാരാകും. ജയമയത്ത് ഇസ്ലാമി നേതക്കള്‍ ജമയത്ത് ബന്ധം പറയാതെ നില്‍ക്കും
    ഇവര്‍ ഇറക്കിയ വോട്ട് അഭ്യര്‍ത്ഥന്‍ മാധ്യമം പത്രത്തില്‍ ഇന്നലെ ഉണ്ട് അതില്‍ ശൈഖ് മുഹമ്മദ് കാരക്കുന്നിനെ ഗ്രന്ദകാരന്‍ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്. ജമയത്ത് ബന്ധം എത്ര കൃത്യമായിട്ടാണെന്നോ മറച്ച് വച്ചിരിക്കുന്നത്. മാധ്യമത്തിലെ ഒരു സിന്റിക്കേറ്റ് ലേഖകന്‍ വയലാര്‍ ഗോപകുമാറു പോലുമുണ്ട് ഇവരുടെ സമര നായകരുടെ ലിസ്റ്റില്‍. കുറച്ച് കാലം കഴിഞ്ഞാല്‍ സംഘപരിവാര്‍ നേതക്കളും മറ്റും സമാനമായ പേരില്‍ ഇവര്‍ക്കൊപ്പം ഇടം പിടിച്ചേക്കാം. വല്ല സാംസ്ക്കാരിക പ്രവര്‍ത്തകന്‍ എന്നോ പത്ര പ്രവര്‍ത്തകന്‍ എന്നോ മറ്റോ വിശേഷണം ചേര്‍ത്താല്‍ മതി. ഒരുപാട് ബിജെപിക്കാര്‍ വി.എസ് ഫാന്‍ക്ലബില്‍ ഉണ്ട്

    ReplyDelete
  6. ബിജെപിക്കാർ വി.എസ്.ഫാൻ ക്ലബ്ബിൽ ചേരുകയാണോ പാർട്ടി ഫാനുകൾ ബിജെപിയിൽ ചേരുകയാണോ എന്ന വിഷയത്തിൽ ഗവേഷണപ്രബന്ധത്തിന് വകയുണ്ട്, കിരണെ. എന്റെ അറിവിൽ ഒ.രാജഗോപാലനും മുൻ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭനും ഇപ്പോഴത്തെ പ്രസിഡന്റ് വി മുരളീധരനും ബിജെപിയിൽ എത്തും മുമ്പെ പാർട്ടി ഫാനുകളായിരുന്നു. സന്ദീപാനന്ദഗിരിയും സന്തോഷ് മാധവനും തുടങ്ങിയത് ഡിഫിയിലായിരുന്നു.

    ReplyDelete
  7. അതെ ..ജനങ്ങളുടെ അജണ്ട ജനങ്ങള്‍ തീരുമാനിക്കും..ഗ്രാമ സഭകള്‍ സജീവമാകണം.കപട രാഷ്ട്രീയകരുടെ തൊലി ഉരിയണം..

    ReplyDelete
  8. രാഷ്ട്രീയപ്പാര്‍ട്ടി തുടങ്ങിയതോടെ ബിആര്‍പി രാഷ്ട്രീയക്കാരുടെ നിലവാരത്തിലെത്തി. മിടുക്കനാണ്‌ കെട്ടോ. ജമായത്ത് ഇസ്ലാമി ബന്ധം മറച്ചു വച്ച സാംസ്ക്കാരിക നായകന്മാരെപ്പറ്റി ഉള്ള ചോദ്യം ബി.ജിപി നേതാക്കളുടെ ചരിത്രം പറഞ്ഞ് തിരുത്തിയത് കണ്ടില്ലെ. കൊച്ചു കള്ളന്‍ എല്ലാം പെട്ടെന്ന് പഠിച്ചെടുത്തു. നീലകണ്ഠന്റെ കോച്ചിങ്ങായിരിക്കും അല്ലേ

    ബസ്‌ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നേതാവ്‌ ഖാലിദ് മുണ്ടപ്പള്ളിക്കും മന്‍മോഹന്‍ സിങ്ങിന്റെ ആരാധകന്‍ കെ.പി സുകുമാരനും സാമ്രാജിത്ത വിരുദ്ധരായ ജമായത്ത് ഇസ്ലാമിയും വി.എസിന്റെ ഒളിപ്പോരാളി നീലകണ്ടനും അടങ്ങുന്ന മഹാ സഖ്യം.

    ReplyDelete
  9. കാര്യമാത്ര പ്രസക്തമായ ഒരു വിഷയത്തില്‍ സഹിഷ്ണുതയോടെയുള്ള ഒരു സംവാദത്തിനു പോലും ഇടം കൊടുക്കാന്‍ തയ്യാറല്ല എന്ന് അല്ലെങ്കില്‍ അതിനുള്ള സാധ്യതയെ പോലും കടന്നാക്രമിക്കുന്ന രണ്ടു മിടുക്കന്മാര്‍ ഇവിടെ തങ്ങളുടെ പാര്‍ടി വിധേയത്വം പ്രകടിപ്പിച്ചു കൊണ്ട് കുറെ ജല്പനങ്ങള്‍ നടത്തി..ഈ രാഷ്ട്രീയം എന്ന് പറയുന്ന സാധനം തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്, അതിന്റെ പിതൃത്വം തങ്ങളുടെ കയ്യിലാണ് എന്നുള്ള മാടമ്പിത്തരം നിറഞ്ഞ സംസാരം ഒരു ജനാതിപത്യ രാജ്യത്ത്‌ വിലപ്പോവില്ല സഹോദര..പണ്ട് പൂര്‍വികര്‍ ആനപ്പുറത്തിരുന്ന തഴമ്പ് കാട്ടി ഒരു ജനതയുടെ വികസന സ്വപ്നങ്ങളെ കബളിപ്പിച്ച ഇക്കൂട്ടര്‍ ഇനി എന്നാണാവോ തെറ്റ് മനസ്സിലാക്കുന്നത്..അഴിമതിയുടെ കൂത്തരങ്ങാക്കി നമ്മുടെ പഞ്ചായത്തുകളെയും മറ്റും മാറ്റി സഖാക്കള്‍ സസുഖം വാഴുന്നു.ഇന്ന് ഒരു നേതാവ്‌ വീട്ടിലേയ്ക്ക് റോഡ്‌ വെട്ടതിരുന്നാല്‍ നിയമസഭ കാന്റീനില്‍ നിന്നും ആഹാരം കഴിച്ചാല്‍ അല്ലെങ്കില്‍ വഴിവക്കത് കൂടി നടന്നു വന്നാല്‍ അതൊക്കെ ഒരു കൌതുക വാര്‍ത്തകള്‍ ആയി തീര്‍ന്നിരിക്കുന്നു..രാഷ്ട്രീയത്തിന്റെ ജനസേവന മുഖം പാടെ തള്ളി കളഞ്ഞ് മുഷ്‌ കാട്ടാനും അഴിമതി നടത്താനും മാത്രമായി തീര്‍ത്തു.വ്യക്തി ഹത്യ ഒഴിവാക്കുന്നതല്ലേ നല്ലത് ഒരു സംവാദമാണ് ലക്‌ഷ്യം വെയ്ക്കുന്നതെന്കില്‍

    ReplyDelete