12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Saturday, August 14, 2010

ജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക്

സി.ആർ. നീലകണ്ഠൻ

മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ചട്ടപ്പടിസമരങ്ങളിൽ നിന്ന് മാറി ചെറിയ ചെറിയ സംഘടനകളും കൂട്ടായ്മകളും ഉയർത്തിക്കൊണ്ടു വരുന്ന സമരങ്ങൾ, സാമൂഹ്യപ്രശ്നങ്ങൾ ഇന്ന് കേരളത്തിൽ സജീവമാണ്. ഇത്തരം സംഘടനകളും അവർ ഉയർത്തുന്ന സമരങ്ങളും വലിയ വലിയ സമരങ്ങളെ നിർജീവമാക്കാനും അരാഷ്ട്രീയത സൃഷ്ടിക്കാനുമാണെന്നാണ് മുഖ്യധാരാ പാർട്ടികൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ, ഇപ്പോഴും പറഞ്ഞുപോരുന്നത്. എന്നാൽ നവപ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന സമരങ്ങളും അതിനു പിന്നിലെ വിഷയങ്ങളും പഠിക്കുമ്പോൾ ഇതിനെല്ലാം പിന്നിൽ ഒളിഞ്ഞിരിക്കുന്നത് കൃത്യമായ രാഷ്ട്രീയം തന്നെയാണെന്ന് വ്യക്തമാകും. ഇത്തരം സമരങ്ങൾ ഉയർന്നുവരാനുണ്ടായ കാരണങ്ങൾ ആദ്യം തന്നെ പരിശോധിക്കപ്പെടാവുന്നതാണ്.

ഭൂമി, വെള്ളം, വായു, ജൈവവൈവിധ്യം എന്നിവയുടെയൊക്കെ വിനിയോഗം അവയുടെ ഉടമസ്ഥാവകാശം എന്നിവ ആർക്ക്, എങ്ങനെ ഉപയോഗിക്കാം എന്ന തരത്തിലുള്ള കാതലായ ചോദ്യമാണ് പുതുതായി ഉയർന്നുവരുന്ന സമരങ്ങൾക്കു പിന്നിലെ പ്രധാന കാരണങ്ങൾ. ഇതിനു പുറമെ പൊതു ഇടങ്ങൾ സ്വകാര്യ ഇടങ്ങളായി മാറ്റപ്പെടുന്ന പ്രശ്നവും വ്യാപകമാണ്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് ദേശീയപാത വികസനത്തിൽ നാം കണ്ടത്. കേരള വികസന മാതൃക എന്ന തരത്തിൽ നമ്മെ പലരും വിശ്വപ്പിച്ചുപോന്ന തെറ്റായ കാര്യങ്ങളുടെ തുറന്നുകാട്ടപ്പെടലും ഇത്തരം സമരങ്ങളിലൂടെ നടക്കുന്നുണ്ട്. ഒടുക്കമായി ഉയർന്നുവന്ന സ്വത്വവും വർഗ്ഗരാഷ്ട്രീയവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടപ്പെടലും ഇതിന്റെ ഭാഗമാണ്.

കേരളത്തിൽ ഭൂപരിഷ്കരണം പൂർണ്ണമായി നടന്നു എന്നാണ് നമ്മെ പലരും വിശ്വസിപ്പിച്ചുപോന്നത്. ഇത് നടന്നിട്ടില്ലെന്ന് രാഷ്ട്രീയകക്ഷികൾക്ക് അറിയാമായിരുന്നിട്ടും, പ്രത്യേകിച്ച് കംയൂണിസ്റ്റ് പ്രസ്ഥാനം അത് മറച്ചുവെക്കാനാണ് ശ്രമിച്ചത്. ഭൂപരിഷ്കരണം പൂർണ്ണമായി നടന്നിട്ടില്ല എന്ന് ജനം ശരിക്ക് തിരിച്ചറിഞ്ഞത് ചെങ്ങറ പോലുള്ള വിഷയം പൊന്തിവന്നപ്പോഴാണ്. കൃഷി ചെയ്യുന്നവന് ഭൂമി എന്ന തരത്തിൽ പിടിച്ചെടുത്ത മിച്ചഭൂമി കർഷകന് കൊടുക്കുക എന്നതായിരുന്നു ഭൂപരിഷ്കരണത്തിന്റെ സന്ദേശം. 18 ലക്ഷം ഏക്കർ മിച്ചഭൂമി കണ്ടെത്തി എന്നാണ് 1957ൽ സർക്കാർ പറഞ്ഞിരുന്നത്. മൂന്ന് ലക്ഷം കുടുംബങ്ങൾക്ക് 5 ഏക്കർ വീതം ഭൂമി കൊടുക്കാമെന്നും അവർ പറഞ്ഞു. എന്നാൽ 52 വർഷം കഴിഞ്ഞപ്പോൾ അവർ സമ്മതിക്കുന്നത് 93,000 ഏക്കർ ഭൂമി മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിൽ 46,000 ഏക്കർ മാത്രമാണ് വിതരണം ചെയ്തതെന്നുമാണ്. ഭൂപരിഷ്കരണത്തിന്റെ ഈ കാപട്യമാണ് വർഷങ്ങൾക്കു ശേഷം ചെങ്ങറപോലുള്ള സമരങ്ങൾ ഉയർന്നുവരാൻ ഇടയാക്കിയത്. ഭൂപരിഷ്കരണം നടന്നു എന്ന് പറയുന്ന കേരളത്തിൽ 27,000ത്തോളം കുടുംബങ്ങൾ മുക്കാൽ സെന്റ് മുതൽ പത്ത് സെന്റ് വരെയുള്ള സ്ഥലത്തും റോഡ്, തോട് എന്നിവയ്ക്ക് സമീപത്തും പുറമ്പോക്കിലുമാണ് ജീവിതം നയിക്കുന്നത്. ഇവരായിരുന്നു യഥാർത്ഥ കർഷകരെന്നതായിരുന്നു സത്യം. ഭൂപരിഷ്കരണത്തിലൂടെ പിടിച്ചെടുത്തു എന്ന് പറയുന്ന തുച്ഛമായ ഭൂമിയിലെ ഏറിയ പങ്കും കൈമാറിയത് മധ്യവർഗ്ഗത്തിൽ പെട്ട പ്രമാണിമാർക്കും കുടിയേറ്റക്കാർക്കുമായിരുന്നു. അവർക്ക് ഭൂമി ലഭിച്ചെങ്കിലും കൃഷി എന്നത് അവരുടെ മുഖ്യ വരുമാനമാർഗ്ഗമായിരുന്നില്ല. അത്തരക്കാരുടെ മക്കളെല്ലാം മറ്റ് പല തൊഴിലും ചെയ്ത് ജീവിച്ചുപോന്നവരായിരുന്നു. അതിനാൽ പിന്നീട് അവർ തരിശിട്ടും കൈമാറ്റം ചെയ്തും ക്രയവിക്രയം ചെയ്യാവുന്ന ചരക്കാക്കി ഭൂമിയെ മാറ്റുകയായിരുന്നു. ഇത്തരക്കാരാണ് കൃഷി നഷ്ടമാണെന്നും മറ്റുമുള്ള വ്യാപക പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും. കുട്ടനാട്ടിൽ നെല്ല് കൊയ്യാൻ ആളെ കിട്ടാത്ത അതേ കാലഘട്ടത്തിലാണ് കൊയ്യാൻ ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ആദിവാസികളും മറ്റും ഭൂമിക്കായി ചെങ്ങറയിൽ സമരം ചെയ്തതെന്ന് നാം ഓർക്കണം.

മറ്റൊന്ന് കേരള വികസനമെന്ന് നാം അഹങ്കാരത്തോടെ പറയുന്ന മാതൃകയുടെ നേട്ടങ്ങളൊന്നും ഇവിടത്തെ ദലിതർക്ക് ലഭിച്ചിരുന്നില്ല എന്നതാണ്. കേരളത്തിലെ വ്യാപാരരംഗത്തായാലും ഗൾഫ് കുടിയേറ്റത്തിലായാലും ഇവിടത്തെ ദലിതരുടെ പങ്ക് ഒന്നുമില്ലെന്നുതന്നെ പറയേണ്ടിവരും. ഇത്തരത്തിൽ അനുദിനം സമൂഹത്തിൽ വർധിച്ചുവരുന്ന വൈരുധ്യം മൂർഛിച്ചാണ് പുതിയ സമരങ്ങൾക്ക് കാരണമാകുന്ന വിഷയങ്ങൾ ഉയർന്നുവരുന്നത്. ഇതൊക്കെ മറച്ചുവെക്കാൻ ഇനി മുഖ്യധാരാ രാഷ്ട്രീയക്കാർ എത്ര ശ്രമിച്ചാലും പറ്റില്ല. ഇത് തുറന്നുകാട്ടപ്പെടുന്ന ഒരു സമരം തന്നെയാണ് ചെങ്ങറയിൽ നടന്നത്.

ഭൂമിയില്ലാത്തവന്റെ യഥാർത്ഥ രാഷ്ട്രീയം ചെങ്ങറയിൽ കണ്ടെങ്കിൽ വെള്ളത്തിന്റെ രാഷ്ട്രീയമാണ് പ്ലാച്ചിമടയിലെ ആദിവാസികൾ ഉയർത്തിക്കൊണ്ടുവന്നത്. പൊതു മുതലായ ഭൂഗർഭജലം കുപ്പിയിലാക്കി സ്വകാര്യകമ്പനി വില്പനച്ചരക്കാക്കുന്നതിനെ ക്കുറിച്ച് ആരും വേവലാതി കൊള്ളാത്തപ്പോൾ തങ്ങളുടെ ജീവജലം വറ്റുന്നുവെന്ന് തിരിച്ചറിഞ്ഞ പ്ലാച്ചിമടയിലെ ജനത സമരത്തിനിറങ്ങി. ഇത്തരത്തിൽ പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതിനെതിരായ സമരങ്ങൾ പല രൂപത്തിലും ഉയർന്നുവന്നു. കുന്നിടിക്കൽ, വയൽ നികത്തൽ, ജലാശയം നികത്തൽ, പാറപൊട്ടിക്കൽ എന്നിവക്കെതിരെ പുതിയൊരു ജൈവരാഷ്ട്രീയം ഉയർത്തുന്ന സമരങ്ങൾ നാടെങ്ങും ഉയർന്നുവരാൻ തുടങ്ങി. ഇതിന്റെയെല്ലാം മറ്റൊരു രൂപം തന്നെയായിരുന്നു മൂന്നാറിലും കണ്ടത്. പൊതു ഭൂമി സ്വകാര്യ വ്യക്തികൾ അനധികൃതമായി കയ്യേറുക, അത്തരം ഭൂമി ഏറ്റവും ലാഭകരമാക്കി മാറ്റുന്നതിനായി റിസോർട്ട് പണിയുക, ഡാം പണിയുക എന്നിങ്ങനെ പലവിധ മാറ്റങ്ങളും നടത്തിയതാണ് മൂന്നാറിൽ ചോദ്യം ചെയ്യപ്പെട്ടത്. ഭൂമിയുടെ വ്യാപാരം സംബന്ധിച്ച പ്രശ്നങ്ങൾ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ അജണ്ടയിലേക്ക് എത്തിക്കുന്നതിൽ ഇവിടത്തെ ചെറുകിട സംഘടനകളും സമരങ്ങളും വലിയ പങ്കാണ് വഹിച്ചത്. ഗോൾഫ് ക്ലബ്, കിനാലൂർ, വളന്തക്കാട്, റോഡ് വികസനം, സെസ് എന്നീ സമരങ്ങളിലൊക്കെ ഉയർന്നുവന്ന വിഷയങ്ങൾ ഇതേ രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്. ഒരു കാലത്ത് ഭൂപരിഷ്കരണം കൊണ്ടുവന്നവർ തന്നെ ഭൂമി ഏറ്റെടുത്ത് വൻകിടക്കാർക്ക് കൈമാറുന്ന വൈപരീത്യമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. ബംഗാളിൽ വൻതോതിൽ സ്ഥലമുള്ളതിനാൽ നന്ദിഗ്രാമും സിംഗൂരും സംഭവിച്ചപ്പോൾ ഇവിടെ ചെറിയ സ്ഥലത്തും അതേ നയം തന്നെയാണ് നടപ്പാക്കുന്നത്.

ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം നാം കേരള മാതൃക എന്നു പറഞ്ഞ് നേടിയെടുത്തതെല്ലാം കളഞ്ഞുകുളിക്കുകയാണ്. അത്തരം പ്രശ്നത്തിനെതിരെയും സമരങ്ങൾ ഉയർന്നുവരുന്നുണ്ട്.

ഇതിനു പിന്നാലെയാണ് സ്വത്വരാഷ്ട്രീയവും സ്വത്വവാദവും തമ്മിലുള്ള തർക്കം ഉയർന്നുവന്നത്. വർഗവും സ്വത്വവും തമ്മിലുള്ള ബന്ധം മറക്കാൻ ശ്രമിക്കുന്നവരാണ് ഇപ്പോൾ ഈ ചർച്ച ഉയർത്തിക്കൊണ്ടുവന്നത്. ഭൂ ഉടമസ്ഥതക്ക് പിന്നിൽ ജാതിയില്ലെന്നും ഭൂ ഉടമസ്ഥതയും വർഗ്ഗവും തമ്മിലെ പ്രശ്നമുള്ളു എന്നുമാണ് പ്രചരണം നടത്തിയിരുന്നത്. പൂർണ്ണമായും നടപ്പിലാക്കാത്ത ഭൂപരിഷ്കരണം നടപ്പിലാക്കി എന്ന് പ്രചരിപ്പിച്ചതിന്റെ കാപട്യം പോലെ മറ്റൊന്നാണ് സ്വത്വരാഷ്ട്രീയം ഇല്ല എന്നു പറയുന്നതിലെ കാപട്യവും. കക്ഷി രാഷ്ട്രീയത്തിൽ കൃത്യമായി സ്വത്വത്തിന് പ്രാധാന്യം നൽകുന്നവരാണ് ഏത് രാഷ്ട്രീയക്കാരും. ഏത് തെരഞ്ഞെടുപ്പിലായാലും, അത് കോളേജുകളിലായാൽ പോലും, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും, ജാതിയും മതവും വർണ്ണവുമൊക്കെ നോക്കുന്നുണ്ട്. ഒരു വെളുത്തവനെയോ പ്രത്യേക മതവിഭാഗത്തിന്റെ വക്താവിനേയോ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നത് പുതിയ പ്രതിഭാസമല്ല. വംശം, കുടുംബം, ജാതി, വർണ്ണം എന്നിങ്ങനെ സ്വത്വത്തിന്റെ എല്ലാ ഘടകങ്ങളും കക്ഷിരാഷ്ട്രീയക്കാർ ഉപയോഗിക്കുന്നുണ്ട്, പരിഗണിക്കുന്നുണ്ട്. ഇതൊക്കെ മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ അത് പുറത്തേക്ക് വരുന്നു എന്നതാണ് സ്വത്വരാഷ്ട്രീയം സംബന്ധിച്ച ചർച്ചകളും തെളിയിക്കുന്നത്.

മുഖ്യധാരാ രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് സി.പി.എമ്മുകാരാണ് ഇത്തരം സമരങ്ങളെ പലപ്പോഴും വിമർശിച്ചിട്ടുള്ളത്. അവർ പറയുന്നത് ഇതെല്ലാം ഒറ്റപ്പെട്ട സമരങ്ങളാണെന്നും അരാഷ്ട്രീയത വളർത്തുന്നെന്നുമാണ്. ആഗോളവത്കരണത്തിനെതിരായി ഉയരേണ്ട ജനകീയ മുന്നേറ്റത്തെ ഇത്തരം സമരങ്ങൾ തുരങ്കംവെക്കുമെന്നാണ് പറയുന്നത്. എന്നാൽ ആഗോളമൂലധനത്തിനെതിരെ ഇപ്പറയുന്ന സി.പി.എം. പോലുള്ള മുഖ്യധാരക്കാർ എന്ത് സമരമാണ് നടത്തുന്നത്? ഏതെങ്കിലും ഒരു വലിയ സമരം ആഗോള മൂലധനത്തിനെതിരെ ഇവിടെ ഉയർന്നുവന്നിട്ടുണ്ടോ, ഇക്കാലയളവിൽ? എ.ഡി.ബി. മുതലിങ്ങോട്ട് ഇപ്പോഴത്തെ വിലക്കയറ്റത്തിനെതിരെ പോലും വെറും ചട്ടപ്പടി സമരമല്ലേ അവർ നടത്തിയതും നടത്തുന്നതും?

ഏറ്റവും പുതിയ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട സമരം തന്നെ എടുക്കാം. കേരളത്തിൽ 45 മീറ്റർ വീതിയിൽ ബി ഒ ടി. വ്യവസ്ഥയിൽ ഹൈവെ വികസിപ്പിക്കുന്നതിനെതിരെ കേരളത്തിലങ്ങോളം സമരരംഗത്തിറങ്ങിയത് ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ലേബലില്ലായിരുന്നു. അതാതു സ്ഥലങ്ങളിൽ രൂപം കൊണ്ട സമരസമിതികളാണ് പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. പിന്നീട് അത്തരം സമരങ്ങളെ കോഓർഡിനേറ്റ് ചെയ്തപ്പോഴും അതിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നേതാക്കളും ഉണ്ടായിരിക്കാമെന്നല്ലാതെ സമരം പുതിയൊരു മുന്നേറ്റം തന്നെയായിരുന്നു. ഒടുക്ക, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ തീരുമാനമെടുത്തില്ലേ വീതി 30 മീറ്റർ മതിയെന്ന തരത്തിൽ?

പ്ലാച്ചിമടയിലെ കോക്കകോള സമരം, കരിമണൽ ഖനനം, എക്സ്പ്രസ് ഹൈവെ ഇത്തരത്തിൽ ഒട്ടേറെ സമരങ്ങളുടെ താൽക്കാലികമായ വിജയത്തിനു പിന്നിൽ പോലും പുതിയ സമരസമിതികളും സമരങ്ങളും തന്നെയല്ലെ? അപ്പോൾ ഇതൊക്കെയല്ലേ ആഗോളമൂലധനത്തിനെതിരായ യഥാർത്ഥസമരം? അല്ലാതെ വിദേശമൂലധനശക്തികളെ നിക്ഷേപ സൌഹൃദത്തിന്റെ പേരിൽ ഇവിടേക്ക് ക്ഷണിച്ച് ഭൂമി തീറെഴുതിക്കൊടുക്കുന്ന ഇടതുപക്ഷത്തിന്റേതാണോ ആഗോളവത്കരണവിരുദ്ധസമരം? പിന്നെ കംയൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സമരം പോലും തോറ്റ സമരങ്ങളായിരുന്നു. എന്നാൽ പിൽക്കാലത്തെ പല സമരങ്ങളുടെയും ഊർജ്ജമായി അത് വർത്തിച്ചു. ഇത്തരം ചരിത്രബോധം ഉൾക്കൊള്ളാതെയാണ് പുതിയ മുന്നേറ്റങ്ങളെ പലരും വിമർശിക്കുന്നത്.

ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത, അനുഭവവേദ്യമാകാത്ത സംഘടനാരീതിയിലാണ് പുതിയ സമരങ്ങൾ ഉയർന്നുവരുന്നതും അത് മുന്നോട്ടുപോകുന്നതും. മുൻകാല രാഷ്ട്രീയ സംഘടനകളുടെ വളർച്ചയുമായും അതിന്റെ സ്വഭാവവുമായും ഇതിനു ബന്ധമില്ല. പുതുതായി ഉയർന്നുവരുന്ന സമര സമിതികളിൽ ബി ജെ പിക്കാരും സി പി എമ്മുകാരും ലീഗുകാരും കോൺഗ്രസുകാരുമൊക്കെയുണ്ട്. സത്യത്തിൽ ഇത്തരത്തിൽ വരുന്ന പുതിയ മുന്നേറ്റങ്ങൾ നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അരാഷ്ട്രീയതയാണ് തുറന്നുകാട്ടുന്നത്. സി പി എമ്മിനെപ്പോലെയോ മറ്റോ ഉള്ള സംഘടനകൾക്കുള്ള കേന്ദ്രീകൃതസ്വഭാവമല്ല പുതിയ പല മുന്നേറ്റങ്ങൾക്കുള്ളത്. സംഘടനകളെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും പരമ്പരാഗതമായി നമുക്കുള്ളിൽ കിടക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഇത് മുന്നണിയാകുമോ? സംഘടനാരൂപത്തിൽ എപ്പോൾ എത്തും? അധികാരത്തിലെത്തുമോ? ഇത്തരം സംശയങ്ങൾ വരുന്നത് നേരത്തേയുള്ള ചില ഹാങ്ങോവറിൽ പുതിയ മുന്നേറ്റങ്ങളെ സമീപിക്കുന്നതു കൊണ്ടാണ്. മുഖ്യധാരാ രാഷ്ട്രീയത്തിലുള്ള പലരും മടിച്ചു നിൽക്കുകയാണ്. അവരും ഘട്ടംഘട്ടമായി പുറത്തേക്ക് വരും. അതെല്ലാം ഭേദിച്ച് പുറത്തു കടക്കുക എളുപ്പമല്ല. അങ്ങനെ സമയമെടുത്തുകൊണ്ടു മാത്രമെ പുതുതായി ഒരു സ്വഭാവം ഇത്തരം സമരങ്ങൾക്കും സംഘടനകൾക്കും സ്വാഭാവികമായും രൂപപ്പെടാനൊക്കൂ.

അത്തരത്തിൽ പെട്ടെന്ന് കോഓർഡിനേഷൻ നടത്താൻ പറ്റുന്നതല്ലെങ്കിലും പല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. ദേശീയപാതസമരത്തിൽ നിരവധി സംഘടനകൾ ഒന്നിച്ചുചേർന്നിട്ടുണ്ട്. ആദ്യകാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മാത്രമുണ്ടായിരുന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികളിൽ ആളുകൾ ചേരാൻ ഏറെ സംശയം പ്രകടിപ്പിച്ചിരുന്നില്ലേ? ഏറെ സമയമെടുത്താണ് പിന്നീട് പലരും കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്. ഇതേ പോലെ ഇത്തരം ഒന്നിക്കലിനും പുതിയ മുന്നേറ്റങ്ങൾ ശക്തിപ്പെടുന്നതിനും സമയമെടുക്കും. അത്രമാത്രം.

വ്യത്യസ്ത സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി മുന്നേറ്റങ്ങൾ കേരളത്തിന്റെ ചെറിയ സ്ഥലങ്ങളിൽ പോലും ഉണ്ട്. അതിനാൽ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത്തരം പുതിയ മുന്നേറ്റങ്ങൾ പലയിടത്തും നിർണ്ണായക സ്വാധീനഘടകമാകുമെന്നാണ് പ്രതീക്ഷ.

(കേരളീയം, ലക്കം 8, പുസ്തകം 11, 2010 ആഗസ്റ്റ്)

6 comments:

  1. It is not the size of the political party that matters, it is the issues the party is raising that counts

    ReplyDelete
  2. മുൻകാല രാഷ്ട്രീയ സംഘടനകളുടെ വളർച്ചയുമായും അതിന്റെ സ്വഭാവവുമായും ഇതിനു “ബന്ധമില്ല.................സംഘടനകളെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും പരമ്പരാഗതമായി നമുക്കുള്ളിൽ കിടക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഇത് മുന്നണിയാകുമോ? സംഘടനാരൂപത്തിൽ എപ്പോൾ എത്തും? അധികാരത്തിലെത്തുമോ? ഇത്തരം സംശയങ്ങൾ വരുന്നത് നേരത്തേയുള്ള ചില ഹാങ്ങോവറിൽ പുതിയ മുന്നേറ്റങ്ങളെ സമീപിക്കുന്നതു കൊണ്ടാണ്“ ..
    വളരെ പ്രസക്തമാണ് .അരാഷ്ട്രീയം മുഖ്യധാര പാര്‍ട്ടികളിലും ഈ പാര്‍ട്ടികളുടെ മൂല്യച്യുതിയാല്‍ തീര്‍ക്കപ്പെട്ട മധ്യവര്‍ഗ്ഗ സമൂഹത്തിലുമാണ് . രാഷ്ട്രീയം കാലിക പ്രശ്നങ്ങളില്‍ നിന്ന് ഉരുവം കൊള്ളുതാണ്. ഇന്ത്യന്‍ നഷണല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പര്‍ട്ടിയും ഒക്കെ മുളച്ച് പൊന്തിയത് അതതു കാലത്തിന്റെ ആവശ്യപ്പെടലില്‍ നിന്നാണ് .

    ReplyDelete
  3. ഒന്നാമത്തെ ഇനമായിപ്പറയുന്ന കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കുക എന്നതില്‍ എന്താണ് ഉദ്ദെശിക്കുന്നത്.? ഇന്നത്തെ അരാഷ്ട്രീയ കഷിരാഷ്ട്രീയത്തെ ജനകീയ രാഷ്ട്രീയം എതിര്‍ത്തു തോല്പിക്കയല്ലേ വെണ്ടത് ?

    ReplyDelete
  4. രാഷ്ട്രീയത്തിൽ കക്ഷികൾ ഉണ്ടാകണം. പക്ഷെ ജനാധിപത്യം “കക്ഷികൾക്കുവേണ്ടി കക്ഷികൾ നടത്തുന്ന കക്ഷികളുടെ ഭരണം” ആകാൻ പാടില്ല. തദ്ദേശ സ്വയംഭരണത്തെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമ്പോൾ അവർ ജനകീയ പ്രശ്നങ്ങളെ സത്യസന്ധമായി നേരിടാൻ നിർബന്ധിതരാകും. അങ്ങനെ ജനകീയ രാഷ്ട്രീയത്തിനുള്ള വഴി തുറക്കും.

    ReplyDelete
  5. ഈ ജനകീയ മുന്നണി നാം ഓര്‍ത്തു വച്ച ജനകീയ സമരങ്ങള്‍, നല്ല ഭൂത കാലത്തിന്‍ ഓര്‍മ്മകള്‍ നമുക്ക് നല്‍കുമോ ?

    അതോ പ്രകാനവും ളാഹയും ആവര്‍ത്തിക്കുമോ ?

    ReplyDelete
  6. ഭൂവുടമസ്ഥതയും പണവും ചിലരുടെ കൈകളില്‍ കുന്നുകൂടുന്നതു ഒരുവശത്തും, ബഹുഭൂരിപക്ഷത്ടിന്റെയും ഉപജീവനം പോലും 'ആസൂത്രിതമായി' തടയപ്പെടുന്നത് മറുവശത്തും വികസനത്തിന്റെ സ്വാഭാവികമായ ഗതി ആയിട്ടാണ് മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ കരുതിപ്പോരുന്നത്. വേറെ
    പോംവഴികള്‍ ഇല്ലാ എന്ന് അവര്‍ പ്രചരിപ്പിക്കുകയും, എതിര്‍ക്കുന്നവരെ ഒന്നടങ്കം വികസനവിരോധികള്‍ ആയി മുദ്രകുത്തുകയും ചെയ്യുന്നു.
    ഈ വികസനത്തിന്റെ നടത്തിപ്പുകാര്‍, സീ ആര്‍ പറയുന്നതുപോലെ അരാഷ്ട്രീയത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്; കോര്‍പ്പറേറ്റ് നിയന്ത്രിതം എന്നോ ആശ്രിതം എന്നോ
    പറയാന്‍ കഴിയുന്ന ആഗോള മുതലാളിത്തത്തിന്റെ രാഷ്ട്രീയം ആണ് ഇതില്‍ ഉള്ളത്.
    അപ്പോള്‍, ഇഷ്യൂ based ആയി മേല്‍പ്പറഞ്ഞ ജനകീയ സമരങ്ങളില്‍ പലപ്പോഴും പങ്കെടുക്കുന്നവര്‍ വ്യതസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ ഉള്ളവര്‍ ആണ് എന്നത്
    അതില്‍ത്തന്നെ ഒരു മാതൃകയായി ഏറെ കാലം നിലനിര്‍ത്താന്‍ കഴിയുമോ എന്നത് ഗൌരവമായ ഒരു പ്രശ്നം ആണ്.
    ലോകത്തിന്റെ ഓരോ മുക്കും മൂലയും സൈനിക- സാമ്പത്തിക ബാലാല്‍ക്കരത്ത്തിലൂടെ പുനസ്സന്ഘടിപ്പിക്കാന്‍,
    അതിന്റെ പ്രതിസന്ധികല്‍ അനുദിനം മൂര്ചിച്ച്ചുവരുന്ന ഇക്കാലത്ത് പോലും ഗ്ലോബല്‍ അടിസ്ഥാനത്തില്‍ കാപിറ്റലിസം പ്രവര്ത്തിച്ച്ചുവരുന്നു എന്നത് ഒരു പുതിയ അറിവല്ല;
    മൂലധനം നടത്തുന്ന ആക്രമണങ്ങള്‍ക്ക് നിദാനമായ രാഷ്ട്രീയം മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വ യ്ധ്ധങ്ങളുടെയും ആണ് എന്ന് അംഗീകരിക്കാന്‍
    കഴിയുമ്പോള്‍ മാത്രമേ 'ജനകീയ പ്രതിരോധത്തിന്റെ' ഉര്ജ്ജശ്രോതസ്സാകുന്ന രാഷ്ട്രീയം ഏത് എന്ന ചോദ്യം പോലും ഉള്ഭവിക്കുകയുള്ളൂ; അതുവരെയും
    രാഷ്ട്രീയം എന്നാല്‍ എല്ലാ ദുഷിച്ച പ്രവനതകളുടെയും ആരംഭ ബിന്ദു എന്ന പോപുലിസ്റ്റ്‌ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ad hoc തലത്തില്‍
    ജനപന്കാളിത്തതോടെത്തന്നെ സമരങ്ങള്‍ നടക്കും; ഈ വിഭാഗത്തില്‍പ്പെടുന്ന ജനകീയ പ്രതിരോധങ്ങള്‍ക്ക്
    നേതൃത്വം നല്‍കുന്നവര്‍ ഒരിക്കലും അധികാരം ഇഷ്ട്ടപ്പെടുന്നില്ല; അധികാരം ദുഷിപ്പിക്കും എന്ന് പ്രചരിപ്പിക്കുന്നവര്‍
    അത് വിദൂര ലക്‌ഷ്യം എന്ന നിലയില്പ്പോലും കാണുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ജനങ്ങളുടെ ഭാവനകളില്‍നിന്നു
    പുറത്താക്കുകയും, സ്വയം ഇടനിലക്കാരായി പ്രവര്ത്തിച്ച്ചു ഹിന്ദ്‌ സ്വരാജ്- ഗാന്ധിയന്‍ മാതൃകയില്‍ സമൂഹത്തിന്റെ
    ക്രമീകരണത്തെ ആദര്‍ശമാക്കുകയും ചെയ്യുന്നവര്‍ ആണ്.

    ReplyDelete