12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Friday, October 29, 2010

കാതികൂടം കർമ്മ സമിതി സ്ഥാനാർത്ഥി വിജയിച്ചു

കാടുകുത്തി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ എൻ‌ജിൽ ആക്ഷൻ കൌൻസിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഷെർലി പോൾ വിജയിച്ചു.

കാതികൂടത്തെ എൻ‌ജിൽ ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരായ ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന സംഘടനയാണ് എൻ‌ജിൽ ആക്ഷൻ കൌൺസിൽ.

ജനകീയ ഐക്യവേദിയും തെരഞ്ഞെടുപ്പ് ഫലവും

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പല സുഹൃത്തുക്കളും ജനകീയ ഐക്യവേദിയുടെ പ്രകടനം എങ്ങനെ, ജനകീയ വികസന മുന്നണിക്ക് എന്തു പറ്റി എന്നൊക്കെ എന്നോട് ചോദിക്കുകയുണ്ടായി. കൃത്യമായ മറുപടി പറയാനുള്ള വിവരം അപ്പോൾ എന്റെ പക്കലില്ലായിരുന്നു. പല സ്രോതസുകളിൽ നിന്നായി കുറച്ച് വിവരം ഇപ്പോൾ കിട്ടിയിട്ടുണ്ട്. അത് ഇവിടെ പങ്ക് വയ്ക്കുന്നു.

ആദ്യമായി പ്രിയസുഹൃത്തുക്കൾ മനസ്സിലാക്കേണ്ടത് ജനകീയ ഐക്യവേദി തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെന്നതാണ്. അതുകൊണ്ട് അതിന്റെ “പ്രകടനം“ എങ്ങനെ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തദ്ദേശഭരണത്തെ കക്ഷിരാഷ്ട്രീയത്തിൽ നിന്ന് മോചിപ്പിക്കാനും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനും ഉതകുന്ന് ഒരു പരിപാടി മുന്നോട്ടു വെക്കുകയാണ് ഐക്യവേദി ചെയ്തത്. ആ പരിപാടി ഇവിടെ പോസ്റ്റ് ചെയ്തിരുന്നു.

ഐക്യവേദി മുന്നോട്ടു വെച്ച പരിപാടിയോട് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും നയിക്കുന്ന കക്ഷികളിൽ നിന്നൊ ബി.ജെ.പി.യിൽ നിന്നൊ അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നില്ല. മത്സരരംഗത്തുണ്ടായിരുന്ന ചില സംഘടനകൾ -- ഏറെയും ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുന്നവ – പരിപാടി അംഗീകരിച്ചു. പ്രചാരണവേളയിലും വോട്ടെടുപ്പ്-വോട്ടെണ്ണൽ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പിനെ യു.ഡി.എഫ്.-എൽ.ഡി.എഫ്.-ബിജെ.പി. കള്ളികളിൽ തളച്ചിടാൻ ബന്ധപ്പെട്ട കക്ഷികൾ നടത്തിയ ശ്രമത്തിന് മാദ്ധ്യമങ്ങളുടെ സമ്പൂർണ്ണ പിന്തുണയുണ്ടായിരുന്നു. ആ ശ്രമം വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ബഹുഭൂരിപക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്ന സി.പി.എമ്മിനെതിരായ ജനവികാരം യു.ഡി.എഫ്. അനുകൂല വോട്ടുകളായി രൂപാന്തരപ്പെട്ടു.

ഇന്നത്തെ പത്രങ്ങളിൽ വന്നിട്ടുള്ള കണക്കനുസരിച്ച്, യു.ഡി.എഫ്. 7834 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും എൽ.ഡി.എഫ്. 6014ലും ബി.ജെ.പി. 377ലും ജയിച്ചു. 1108 വാർഡുകളിൽ “മറ്റുള്ളവർ” ജയിച്ചു. ഈ മറ്റുള്ളവരിൽ ഒരു വലിയ വിഭാഗം എൽ.ഡി.എഫ്. യു.ഡി.എഫ്. വിമതന്മാരാണെന്ന് ഞാൻ കരുതുന്നു. അവരെയും യു.ഡി.എഫ്, എൽ.ഡി.എഫ്. കള്ളികളിൽ പെടുത്താം.

മറ്റുള്ളവരുടെ കൂട്ടത്തിൽ കൈവെട്ടു കേസിലെ ഒരു പ്രതിയുൾപ്പെടെ ഏതാനും എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുണ്ടെന്ന് മാധ്യമങ്ങൾ ഇതിനകം നമ്മെ അറിയിച്ചിട്ടുണ്ട്. ആ കേസ് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് എസ്.ഡി.പി.ഐ.യുടെ എങ്ങനെ വിജയിച്ചു എന്ന ചോദ്യത്തിന് ഉത്തരം കാണാൻ ദേശീയ ചാനലുകൾ ശ്രമിക്കുകയാണ്.

ജനകീയ ഐക്യവേദിയുടെ പരിപാടി അംഗീകരിച്ചവരിൽ ജമാത്തെ ഇസ്ലാമിയും ബി.എസ്.പിയും ഉൾപ്പെടുന്നു.

പ്രാദേശികമായി ജനകീയ വികസന മുന്നണികൾ ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ ഇടപെട്ട ജമാത്തെ ഇസ്ലാമി ഇടതു-വലതു മുന്നണികൾക്ക് ബദലായി ഉയർന്നു വരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങളെന്ന് അവകാശപ്പെട്ടിട്ടുണ്ട്. (താഴെ കൊടുത്തിട്ടുള്ള പ്രസ്താവന കാണുക). എത്ര വികസന മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് ജമാത്തെ ഇസ്ലാമിയുടെ പ്രസ്താവനയിലില്ല.

മലപ്പുറം ജില്ലയിൽ വികസന മുന്നണികളുടെ പേരിൽ ജമാത്തെ ഇസ്ലാമി നിർത്തിയ രണ്ട് പേരും വയനാട് ജില്ലയിൽ ഒരാളും ജയിച്ചതായി മലയാള മനോരമയിൽ വായിച്ചു. മൂവരെയും എൽ.ഡി.എഫ്. സഹായിച്ചെന്നാണ് റിപ്പോർട്ട്.

കോരുത്തോട് പഞ്ചായത്തിൽ ബി.എസ്.പി. സ്ഥാനാർത്ഥി ബിന്ദു ബിജു ജയിച്ചതായും മനോരമയിൽ കണ്ടു. അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ള പഞ്ചായത്താണത്. തെരഞ്ഞെടുക്കപ്പെട്ട ഏക പട്ടികജാതി വനിതയെന്ന നിലയിൽ ബിന്ദു ബിജു അവിടെ അദ്ധ്യക്ഷയാകുമെന്ന് പത്രം പറയുന്നു.

ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്ന വിധിയെന്ന് ജമാത്തെ ഇസ്ലാമി

കോഴിക്കോട്: ഇടതു-വലതു മുന്നണികള്ക്ക് ബദലായി കേരളത്തില് ഉയര്ന്നു വരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല് അഭിപ്രായപ്പെട്ടു.

തദ്ദേശ... സ്ഥാപനങ്ങളെ സങ്കുചിതമായ കക്ഷി രാഷ്ട്രീയത്തില് നിന്ന് മുക്തമാക്കി വികസനോന്മുഖ രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കുക എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ നയം. ഈ ലക്ഷ്യം ഉയര്ത്തിപ്പിടിച്ച് പ്രാദേശികമായ ജനകീയ സംരംഭങ്ങള് ഉയര്ത്തിക്കൊണ്ടു വരാന് സംഘടന ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തെത്തുടര്ന്ന് സംസ്ഥാനത്തെങ്ങും പ്രാദേശികമായ ജനകീയ സംഘടനകള് രൂപം കൊള്ളുകയും തെരഞ്ഞെടുപ്പില് മത്സരിക്കുകയും ചെയ്തു.

പരമ്പരാഗതമായ മുന്നണികള്ക്കതീതമായി പ്രാദേശിക തലത്തില് ജനങ്ങളെ സംഘടിപ്പിക്കാനും ശക്തമായ മത്സരം കാഴചവെക്കാനും ഈ പ്രാദേശിക സംഘങ്ങള്ക്ക് കഴിഞ്ഞു. ഏഴ് പഞ്ചായത്ത് വാര്ഡുകളില് വിജയം വരിച്ച ഇത്തരം ജനകീയ മുന്നണികള് ആറ് മുന്സിപ്പല് വാര്ഡുകളിലും 74 പഞ്ചായത്ത് വാര്ഡുകളിലും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. പല സീറ്റുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്ക്കാണ് ജനകീയ മുന്നണികളുടെ സ്ഥാനാര്ഥികള്ക്ക് വിജയം കൈവിട്ടു പോയത്. തൃശൂര് ജില്ലയിലെ കാതിക്കുടത്ത് ഫാക്ടറി മലിനീകരണ വിരുദ്ധ സമര സമിതി രണ്ട് സീറ്റുകളില് വിജയിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

വിജയ സാധ്യതയുള്ള പല വാര്ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്ഥികളെ പരാജയപ്പെടുത്താന് എല്.ഡി.എഫും യു.ഡി.എഫും ഒത്തു കളിച്ചതായി വോട്ടിംഗ് നില പരിശോധിച്ചാല് വ്യക്തമാവും. പണവും മദ്യവും കള്ളവോട്ടും നിര്ബാധം ഒഴുകിയ തെരഞ്ഞെടുപ്പില് അതിശക്തമായ മുന്നണി ഘടനക്കെതിരെ കരുത്തുറ്റ മത്സരം കാഴ്ചവെക്കാനും മുന്നേറ്റങ്ങള് സൃഷ്ടിക്കാനും പ്രാദേശിക ജനകീയ സംഘങ്ങള്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില് രൂപപ്പെടാനിരിക്കുന്ന, കക്ഷി രാഷ്ട്രീയ സങ്കുചിതങ്ങള്ക്കതീതമായ ജനകീയ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറ പാകാന് തെരഞ്ഞെടുപ്പ് പങ്കാളിത്തം സഹായകമായിട്ടുണ്ട്. ഇതിനെ കൂടുതല് വിപുലപ്പെടുത്താനുള്ള ബോധപൂര്വമായ ശ്രമങ്ങള് ഉണ്ടാകേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.

ജനകീയ സംഘടനകളുടെ രൂപീകരണത്തിലും തെരഞ്ഞെടുപ്പ് രംഗത്തും ഉറച്ച് നിന്ന് പ്രവര്ത്തിച്ച പരിസ്ഥിതി- മനുഷ്യാവകാശ-സാംസ്കാരിക പ്രവര്ത്തകര്, സംഘടനാ ബന്ധുക്കള് എന്നിവരെയെല്ലാം അദ്ദേഹം അഭിനന്ദനം അറിയിച്ചു. (ഫേസ്ബുക്ക് സുഹൃത്ത് നബീൽ കല്ലായിലിന്റെ പോസ്റ്റിൽ നിന്ന്)

Saturday, October 23, 2010

കേരളത്തിലെ ജനങ്ങൾ നിസ്സഹായരാണോ?

പുതിയ പഞ്ചായത്തു സമിതികൾ എന്തിനാവണം, എന്തിനാവരുത് – ഇതാണ് മലയാള മനോരമ ചോദിച്ച ചോദ്യം. രണ്ട് മുന്നണികളുടെയും വക്താക്കൾ മറുപടിയായി എഴുതിയ ലേഖനങ്ങളിൽ അതിനുള്ള ഉത്തരം കണ്ടില്ല. അവർ എഴുതിയതൊക്കെ പഴയ കാര്യങ്ങളാണ്. പഞ്ചായത്ത് സംവിധാനത്തിന്റെ പിതാവാരാണ് എന്നതിൽ തുടങ്ങി അവരുടെ തർക്കം. മഹാത്മാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഭരണഘടനാ ഭേദഗതിയുടെയും പേരിൽ കോൺഗ്രസും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും പേരിൽ സി.പി.എമ്മും പിതൃത്വം അവകാശപ്പെട്ടു.

ആരാണ് പഞ്ചായത്തുകൾക്ക് കൂടുതൽ പണം നീക്കിവെച്ചതെന്നതിനെക്കുറിച്ചും അവർ തർക്കിച്ചു. തങ്ങൾ 2001-2006 കാലത്ത് സംസ്ഥാന ബജറ്റ് അടങ്കലിന്റെ 28 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി വകയിരുത്തിയപ്പോൾ എൽ.ഡി.എഫ്. ഭരണകാലത്ത് അത് 22 ശതമാനമായി കുറഞ്ഞെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. യു.ഡി.എഫീനേക്കാൾ കൂടുതൽ തുക തങ്ങൾ വകയിരുത്തിരുന്നെന്നും വാർഷിക പദ്ധതി അടങ്കൽ 6,000 കോടി രൂപയിൽ നിന്ന് 10,025 കോടി രൂപയായി വളർന്നതുകൊണ്ടാണ് ശതമാനം കുറഞ്ഞുപോയതെന്നും എൽ.ഡി. എഫ്. വാദിച്ചു. പദ്ധതി അടങ്കലിലെ വർദ്ധനവിന് അനുസൃതമായി തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം കൂടുന്നില്ലെന്ന വസ്തുത അങ്ങനെ സ്ഥിലീകരിക്കപ്പെടുന്നു. വകയിരുത്തിയ തുകയുടെ പേരിലാണ്, ചെലവാക്കിയതിന്റെ പേരിലല്ല ഇരുകൂട്ടരും പോരടിച്ചത്. ശരാശരി വാർഷികച്ചെലവ് 80 ശതമാനത്തിലേറെയാണെന്ന് സി.പി.എം. വക്താവ് സി.പി.നാരായണൻ അവകാശപ്പെട്ടു. അദ്ദേഹം അംഗമായ പ്ലാനിങ് ബോർഡ് നിയമസഭയിൽ വെച്ച റിപ്പോർട്ട് അത്രയും ചെലവാക്കിയതായി പറയുന്നില്ല. നിയമസഭയ്ക്ക് ഒരു കണക്ക്, ജനത്തിന് മറ്റൊന്ന്!

തദ്ദേശ സ്വയംഭരണത്തിൽ ഇത്രകാലവും പിന്തുടർന്നതിൽ നിന്ന് വ്യത്യസ്തമായ സമീപനം ആവശ്യമാണെന്ന ധാരണ ഇരുകൂട്ടർക്കുമില്ലെന്ന് ലേഖനങ്ങൾ വ്യക്തമാക്കുന്നു. സി.പി.നാരായണന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള അധികാരവികേന്ദ്രീകരണത്തിന്റെയും വികസനപ്രവർത്തനത്തിന്റെയും പ്രയോജനം ജനസാമാന്യം അനുഭവിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് യു.ഡി.എഫ്. നേതാക്കൾ ഉന്നയിക്കുന്ന ആരോപനങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ലക്ഷ്യമെന്തെന്ന് അവർ മനസ്സിലാക്കുക തന്നെ ചെയ്യും”. രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നു വരുന്ന –- കൃത്യമായി പറഞ്ഞാൽ ബോധപൂർവ്വം ഉയർത്തിക്കൊണ്ടു വരുന്ന -- സൂത്രവാക്യം ഈ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം: “നിങ്ങളുടെ മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ല“ ഒന്നുകിൽ എൽ.ഡി.എഫ്., അല്ലെങ്കിൽ യു.ഡി.എഫ്. അവരാണെങ്കിലൊ, ഇതുവരെ ചെയ്തുപോന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന നിലപാടിലാണ്. യഥാർത്ഥത്തിൽ അവർ പറയുന്നതുപോലെ ജനങ്ങൾ തീർത്തും നിസ്സഹായരാണോ?
കേന്ദ്ര സർക്കാർ മുൻ‌കൈയെടുത്ത് രൂപപ്പെടുത്തിയ പഞ്ചായത്ത് സംവിധാനവും സംസ്ഥാന സർക്കാർ അതിന്റെ നടത്തിപ്പിനായി കൊണ്ടുവന്ന നിയമവും വിഭാവന ചെയ്യുന്നത് ജനപങ്കാളിത്തമുള്ള തദ്ദേശ ഭരണമാണ്. എന്നാൽ ജനപങ്കാളിത്തം എന്ന ആശയം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വസ്തുത അവഗണിച്ചു കൊണ്ടാണ് മുന്നണികൾ നീങ്ങുന്നത്. നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങൾക്ക് നേരിട്ടുചെന്ന് ചോദ്യങ്ങൾ ചോദിക്കാനും തീരുമാനങ്ങൾ എടുക്കാനും അവകാശമുള്ള ഒരു വേദിയേയുള്ളു. അത് ഗ്രാമസഭ അല്ലെങ്കിൽ വാർഡ് സഭയാണ്. അത് ഉദ്ദേശിച്ച രീതിയിൽ ഇന്ന് പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് ജനങ്ങൾ അതിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ മെനക്കെടാറില്ല. പലപ്പോഴും യോഗം ചേരാനുള്ള കോറം പോലുമില്ല. വാർഡ് മെമ്പർ അത് സൌകര്യമായി കണ്ടുകൊണ്ട് യോഗം ചേർന്നതായും തനിക്കിഷ്ടപ്പെട്ട തരത്തിലുള്ള തീരുമാനങ്ങൾ എടുത്തതായും രേഖകൾ ഉണ്ടാക്കുന്നു. എന്നിട്ടും നാരായണൻ സജീവ ജനപങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുന്നു.

അധികാരവികേന്ദ്രീകരണം ഫലത്തിൽ അഴിമതി വികേന്ദ്രീകരണമായി മാറിയെന്ന് കാണിക്കുന്ന ഔദ്യോഗിക-അക്കാദമിക പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമധികം തദ്ദേശ ഭരണസ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന കക്ഷിയുടെ നേതാക്കൾ അതെക്കുറിച്ച് മൌനം പാലിക്കുന്നത് നിഷ്കളങ്കത കൊണ്ടാണെന്ന് കരുതാനാവില്ല. വലിയ തോതിൽ മണ്ണുവാരൽ നടക്കുന്ന ഒരു സ്ഥലം ഈ ലേഖകൻ ഈയിടെ സന്ദർശിക്കാനിടയായി. അടുത്തിടെ ഭരണകക്ഷിയിൽ വലിയ പൊട്ടിത്തെറിയുണ്ടായ സ്ഥലം കൂടിയാണത്. ഒരു ലോഡ് മണ്ണ് കടത്തുമ്പോൾ ഭരണ കക്ഷിക്ക് അഞ്ചു രൂപയും രണ്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ഓരോ രൂപ വീതവും മണൽ മാഫിയ കൊടുക്കുന്നുണ്ടെന്നാണ് അവിടെ കേട്ടത്. ഒരു ദിവസം 6,000 ലോഡ് വരെ കയറ്റി അയക്കാറുണ്ടത്രെ. ഇത് ശരിയാണെങ്കിൽ പാർട്ടിയുടെ പ്രതിദിന വരുമാനം 30,000 രൂപ, ഒരു ജനപ്രതിനിധിയുടേത് 6,000 രൂപ. ഇത് ഒരു സ്ഥലത്തെ കണക്ക്.

തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരമില്ല. അതുകൊണ്ടുതന്നെ അവിടെ കക്ഷിരാഷ്ട്രീയത്തിനു പ്രസക്തിയില്ല. കേന്ദ്രം ആവിഷ്കരിച്ചതും സംസ്ഥാനം വഴി ധനസഹായം നൽകുന്നതുമായ പദ്ധതികളുടെ നടത്തിപ്പാണ് അവയുടെ പ്രധാന ചുമതല. പല പദ്ധതികളിളും കൂട്ടിച്ചേർക്കലുകൾ നടത്തി അവ തങ്ങളുടെ സ്വന്തം പരിപാടിയാണെന്ന ധാരണ പരത്താൻ എൽ.ഡി.എഫ്. സർക്കാരിനായിട്ടുണ്ട്. ഇതിനെ ഒരപരാധമായി കാണേണ്ടതില്ല. നേരേമറിച്ച് ആ പ്രക്രിയയിലൂടെ കൂടുതൽ ആളുകൾക്ക് കൂടുതൽ ഗുണം എത്തിക്കാൻ കഴിയുന്നെങ്കിൽ അത് സ്വാഗതം ചെയ്യേണ്ടതാണ്. എന്നാൽ പദ്ധതി നടത്തിപ്പിൽ പ്രകടമായിട്ടുള്ള അഴിമതിയും രാഷ്ട്രീയ പക്ഷപാതവും അവസാനിപ്പിച്ചേ മതിയാകൂ. അതിന് തദ്ദേശഭരണത്തെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മുക്തമാക്കണം. ഈ തെരഞ്ഞെടുപ്പ് അതിനുള്ള അവസരം നൽകുന്നു. ജനങ്ങൾ അത് പ്രയോജനപ്പെടുത്തുന്നത് തടയാനാണ് അവരുടെ മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ലെന്ന് പ്രചരിപ്പിക്കുന്നത്.

കേരളത്തിൽ ഏറ്റവും വിപുലമായ അടിത്തറയും ഉറച്ച ചട്ടക്കൂടുമുള്ള പാർട്ടി സി. പി. എം. ആണ്. ധാർഷ്ട്യത്തിന്റെ ഭാഷയിലൂടെ പാർട്ടി നേതാക്കൾ ജനങ്ങളെയും മാധ്യമങ്ങളെയും വിവിധ വ്യവസ്ഥാപിത സംവിധാനങ്ങളെയും അക്കാര്യം ഇടയ്ക്കിടക്ക് ഓർമ്മിപ്പിക്കാറുമുണ്ട്. അതേസമയം ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കുന്ന കക്ഷിയെന്ന നിലയിൽ അതിനെ നിയന്ത്രിക്കാൻ ജനങ്ങൾക്ക് കഴിയും. അതിനു തെളിവാണ് വി.എസ്. അച്യുതാനന്ദന്റെ മുഖ്യമന്ത്രിപദം. അദ്ദേഹം മത്സരിക്കേണ്ടെന്ന തീരുമാനം പാർട്ടി മാറ്റിയതും തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതും ജനവികാരം മാനിച്ചാണ്. പോളിറ്റ്ബ്യൂറോയിൽ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ അച്യുതാനന്ദനെ മുഖ്യമന്ത്രിപദത്തിൽ നിലനിർത്താൻ നേതൃത്വത്തെ നിർബന്ധിതരാക്കുന്ന ജനങ്ങൾ നിസ്സഹായരാകുന്നതെങ്ങനെ?.മനസു വെച്ചാൽ പുതിയ പഞ്ചായത്ത് സമിതികൾ എന്തിനാവണം, എന്തിനാവരുതെന്ന് നേരിട്ട് തീരുമാനിക്കാൻ അവർക്കാകും.
--ബി.ആർ.പി. ഭാസ്കർ

Friday, October 22, 2010

ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കുവേണ്ടി

കേരളത്തിലെ ഇടത് വലത് മുഖ്യധാരാ മുന്നണികളുടെ സങ്കുചിത രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെട്ട് ജനങ്ങളെ അവഗണിക്കുന്ന ഭരണ വികസന സമീപനത്തിനെതിരെ നാട് ഒരു ബദലിനെ തേടുകയാണ്. അഴിമതി നമ്മുടെ ഭരണ നിർ‌വഹണത്തിന്റെ മുഖമുദ്രയാണ്. അധികാരവികേന്ദ്രീകരണം നമുക്ക് അഴിമതിയുടെ വികേന്ദ്രീകരണമായിരുന്നു. സ്വന്തക്കാർക്ക് ആനുകൂല്യം നൽകലാണ് നമ്മുടെ നാട്ടിലെ പ്രധാനമായ ഭരണ പ്രവർത്തനം. ദുർഭരണത്തിന് വിലക്കൊടുക്കേണ്ടിവരുന്നത് ഇവിടത്തെ സാധാരണ മനുഷ്യർ മാത്രമല്ല, നാം നില്ക്കുന്ന, നമ്മെ നിലനിർത്തുന്ന മണ്ണും അതിലെ പുഴകളും, മലകളും, സൂക്ഷ്മജീവികളും കൂടിയാണ്. തകർക്കപ്പെടുന്ന കുന്നുകളുടെയും നികത്തപ്പെടുന്ന വയലുകളുടെയും നിലവിളികള് നാട്ടില് ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയമേ ആവാതിരിക്കുന്നത് ആപല്ക്കരമാണ്. സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടി മത-ജാതി വികാരങ്ങൾ ഇളക്കി വിടാൻ പലരും ശ്രമിക്കുകയാണ്. ഇത് ഒരു ജനത എന്ന നിലക്കുള്ള നമ്മുടെ ഒരുമയെ തകർക്കുന്നതിനും നാട്ടിൽ അസമാധാനം സൃഷ്ടിക്കുന്നതിനും മാത്രമേ സഹായിക്കുകയുള്ളൂ. സാമുദായിക, പാർട്ടി താല്പര്യങ്ങൾക്കതീതമായി ജനങ്ങളെ പരിഗണിക്കുന്ന പുതിയ രാഷ്ട്രീയം ഉയർന്നുവരേണ്ടതുണ്ട്. അധികാരത്തിൽ നിന്ന് അകറ്റിനിർത്തപ്പെട്ട, വിഭവങ്ങൾ നിഷേധിക്കപ്പെട്ട, അടിസ്ഥാന ദുർബല ജനവിഭാഗങ്ങൾക്ക് അധികാരത്തിലും വിഭവങ്ങളിലും ന്യായമായ പങ്കാളിത്തം ലഭിച്ചേ മതിയാവൂ. ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു ജനപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്ന ജനകീയ കൂട്ടായ്മകളുടെ സ്ഥാനാർത്ഥികളെ ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് വേണ്ടി വിജയിപ്പിക്കണമെന്ന് ഞങ്ങൾ പ്രബുദ്ധരായ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു.

.സച്ചിദാനന്ദൻ (കവി,എഴുത്തുകാരൻ)
.കെ.ജി.ശങ്കരപ്പിള്ള (കവി)
.ബി.ആർ.പി. ഭാസ്കർ (മനുഷ്യാവകാശ പ്രവർത്തകൻ)
.ഡോ: എൻ.എ. കരീം
(കേരള യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ)
സി. ആർ. നീലകണ്ഠൻ (ആക്റ്റിവിസ്റ്റ്)
.കാനായി കുഞ്ഞിരാമൻ (ശില്പി)
.സിവിക് ചന്ദ്രൻ (എഴുത്തുകാരൻ, ആക്റ്റിവിസ്റ്റ് )
.റവ:ഫാ:പ്രഫ: എബ്രഹാം ജോസഫ്. അഞ്ചൽ,കൊല്ലം.
.പൊക്കുടൻ (കണ്ടൽ പരിസ്ഥിതിപ്രവർത്തകൻ)
.കെ.കെ.കൊച്ച് (എഴുത്തുകാരൻ)
.ളാഹ ഗോപാലൻ (ചെങ്ങറ ഭൂസമരം)
.പ്രൊഫ: കെ.എം. ബഹാവുദ്ദീൻ
(റിട്ട:പ്രൊ;വൈസ് ചാൻസലർ,അലിഗഡ് യൂണിവേഴ്സിറ്റി)
.പി.എ. പൗരൻ (സംസ്ഥാന ജന:സെക്ര: പി.യു.സി.എൽ)
.പ്രൊഫ:അരവിന്ദാക്ഷൻ
(റിട്ട:പ്രിൻസിപ്പൽ, മഹാരാജാസ് കോളേജ്, എറണാകുളം)
.ഒ. അബ്ദുറഹ്മാൻ (എഡിറ്റർ, മാധ്യമം ദിനപത്രം)
.വിളയോടി വേണുഗോപാൽ
(പ്ലാച്ചിമട കൊക്കാകോള വിരുദ്ധ സമര സമിതി)
.എം.എ റഹ്മാൻ (എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ)
.ലീലാ കുമാരിയമ്മ
(എൻഡോസൾഫാൻ വിരുദ്ധ സമരം,കാസർഗോഡ്)
.കെ.പി. ശശി (ഡോക്യുമെന്ററി സംവിധായകൻ)
.അഡ്വ:ആർ.കെ.ആശ (മനുഷ്യാവകാശ പ്രവർത്തക)
.ജോയ് കൈതാരത്ത് (ഡയറക്ടർ, മനുഷ്യാവകാശ കേന്ദ്രം)
.അഡ്വ: ജയകുമാർ
(ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി)
.ഡോ: സി.എം. ജോയ്. (പരിസ്ഥിതി പ്രവർത്തകൻ)
.ശൈഖ് മുഹമ്മദ് കാരക്കുന്ന് (ഗ്രന്ഥകാരൻ)
.ഡോ: എം.ബി മനോജ് (കവി,എഴുത്തുകാരൻ)
.പി.ഐ. നൗഷാദ്. (സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്)
.പി. ബാബു രാജ് (ഡോക്യുമെന്ററി സംവിധായകൻ)
.സലീന പ്രക്കാനം (ചെങ്ങറ സമര നായിക)
.കെ.കെ.ബാബുരാജ് (എഴുത്തുകാരൻ)
.എസ്.സുശീലൻ (ജന:സെക്ര: ജനാധിപത്യ വികസന സമിതി)
.ടി.എസ്. പണിക്കർ (ചെയർമാൻ,ജനജാഗ്രതാ സമിതി,എൻ.എച്ച് സംരക്ഷണ സമിതി, പാലക്കാട്)
.അമ്പലത്തറ കുഞ്ഞികൃഷ്ണൻ മാസ്റ്റർ
(ജില്ലാ പരിസ്ഥിതി സമിതി, കാസർഗോഡ്)
.ഇന്ത്യന്നൂർ ഗോപി മാസ്റ്റർ (ഭാരതപ്പുഴ സംരക്ഷണ സമിതി)
.അനിൽ കാതിക്കൂടം
(കാതിക്കൂടം എൻ.ജി.എൽ.ആക്ഷൻ കൗൺസിൽ)
.സി.എഫ്. ജോർജ് മാസ്റ്റർ, ഗുരുവായൂർ (പരിസ്ഥിതി പ്രവർത്തകൻ)
.എൻ.യു. ജോൺ (ജനകീയ കൂട്ടായ്മ, തൊടുപുഴ)
.മുതലാംതോട് മണി (ജന:സെക്ര: ദേശീയ കർഷക സമാജം)
.പി.എ. നാസിമുദ്ദീൻ (കവി)
.വി.സി. സുനിൽ (എഡിറ്റർ,സൈന്ധവ മൊഴി മാസിക)
.ഇ.എ. ജോസഫ് (ഡയരക്ടർ,കേരള മദ്യ വിമോചന സമിതി)
.പി.ഡി. ജോസ് (ജനകീയ കൂട്ടായ്മ, തൊടുപുഴ)
.അഡ്വ:മാത്യൂ തോമസ് (ജന:സെക്ര: പാലക്കാട് സൗഹൃദ വേദി)
.വി.എസ്. രാധാകൃഷ്ണൻ (എസ്.സി,എസ്.ടി സംവരണ മുന്നണി സംസ്ഥാന ചീഫ് കോർഡിനേറ്റർ)
.ആർ.പ്രകാശ് (ഡയറക്ടർ,ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ദലിത് ആദിവാസി ഡവലപ്മെന്റ് സ്റ്റഡീസ്
.രേഖാ രാജ് (പഞ്ചമി വിമൻ കളക്ടീവ്)
.പി.സി. ഭാസ്കരൻ (പ്രതിചിന്താ, പാലേരി)
.വയലാർ ഗോപകുമാർ (പത്രപ്രവർത്തകൻ)
.കെ.പി.സുകുമാരൻ അഞ്ചരക്കണ്ടി (ബ്ലോഗർ)
.സുന്ദർ രാജൻ (പരിസ്ഥിതി പ്രവർത്തകൻ)
.ശിവരാജൻ കോട്ടൂർ (അരിവാൾരോഗി കൂട്ടായ്മ, വയനാട്)
.കെ.സി ശ്രീകുമാർ (പ്രസി: തീര സംരക്ഷണ സമിതി).

ജനകീയം വെബ്‌സൈറ്റ്

കേരളത്തിലൂടനീളം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനകീയ വികസന മുന്നണി ജനകീയം എന്ന പേരിൽ സ്ഥാപിച്ചിട്ടുള്ള വെബ്‌സൈറ്റിൽ തെരഞ്ഞെടുപ്പു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.

ലിങ്ക്: http://www.janakeeyam.in/

Monday, October 18, 2010

കാതികൂടം സമര സമിതിയുടെ സ്ഥാനാർത്ഥികൾ

കാതികൂടത്തെ ജെലാറ്റിൻ ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരായ സമരത്തിന് നേതൃത്വം നൽകുന്ന കർമ്മ സമിതി കാടുകുറ്റി പഞ്ചായത്തിലെ നാല് വാർഡുകളിലും ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളതായി എൻ‌ജിൽ ആക്ഷൻ കൌൺസിൽ അറിയിച്ചിരിക്കുന്നു.

പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികൾ:

കാതികൂടം : ഷെർലി പോൾ
ചെരളക്കുന്നു: സിന്ധു സന്തോഷ്
ചെറുവാളൂർ: അംബികാ രാജൻ
കുളയിടം: രേഖാ വിനയൻ

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി: റോസി തേലേക്കാട്ട്

Friday, October 15, 2010

ജനകീയ വികസന മുന്നണിയുടെ കരുനാഗപ്പള്ളി നഗര വികസനരേഖ

കരുനാഗപ്പള്ളിയിലെ ജനങ്ങളുടെ മുന്നിൽ നഗര വികസനം സംബന്ധിച്ച് ജനകീയ വികസന മുന്നണി ഒരു പരിപാടി
വെച്ചിരിക്കുന്നു. അതിന്റെ പൂർണ്ണ രൂപം ചുവടെ കൊടുക്കുന്നു:

1. കരുനാഗപ്പള്ളിയുടെ ചിരകാല സ്വപ്നമായ സ്വകാര്യ ബസ്റ്റാന്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ മാറിമാറി ഭരിച്ചവരുടെ അനാസ്ഥയും വികസന കാഴ്ച്ചയില്ലായ്മയും മൂലം ഇനിയും സാധിച്ചിട്ടില്ല. സ്വകാര്യ ബസ്റ്റാന്റ് സ്ഥാപിക്കാന്‍ മുന്‍കൈ പ്രവര്‍ത്തനം നടത്തും.

2. ചാറ്റല്‍മഴക്കാലത്തു പോലും കരുനാഗപ്പള്ളി മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പൊരുകുന്ന നിലയിലാണ്. വേണ്ടത്ര ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും ഉള്ളവ ഉപയോഗശൂന്യവുമായ നിലയിലുമാണ്. വേണ്ടത്ര ഓടകള്‍ വര്‍ദ്ധിക്കുകയും, ഉപയോഗശൂന്യമായവ പുനര്‍നിര്‍മിക്കുകയും ചെയ്യും.

3. കരുനാഗപ്പള്ളി മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളിലെ തരിശായിക്കിടക്കുന്ന നെല്‍പ്പാടങ്ങള്‍ ഇരുപ്പുകൃഷിക്ക് അനുയോജ്യമാക്കിത്തീര്‍ക്കാനുള്ള നടപടി കൈക്കൊള്ളും.

4. തകര്‍ന്നു കിടക്കുന്ന ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കും.

5. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ സമഗ്രമായ കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും.

6. മുനിസിപ്പല്‍ പരിധിയിലെ പട്ടികജാതി-വര്‍ഗ്ഗക്കാരുടെയും പിന്നോക്ക സമുദായക്കാരുടെയും അവശ ജനവിഭാഗങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കും.

7.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തല വികസനത്തിനും അദ്ധ്യയന മികവിനുമുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും.

8. കരുനാഗപ്പള്ളിക്കാരുടെ കായിക വിദ്യാഭ്യാസത്തിനും വികസനത്തിനും കളിക്കളങ്ങളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കും. നീന്തല്‍ പരിശീലനത്തിന് പ്രത്യേക ഊന്നല്‍ നല്‍കും.

9. നഗര സൗന്ദര്യവല്‍ക്കരണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കും.

10. നിലവിലുള്ള കൃഷികളുടെ വികസനത്തിനും പരിപോഷണത്തിനുമായി കാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി കര്‍ഷകരെ രംഗത്തു പിടിച്ചു നിര്‍ത്തുന്നതിനായി പ്രോത്സാഹന പദ്ധതികള്‍ക്ക് രൂപം നല്‍കും.

11. വാടക കെട്ടിടത്തില്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍‌സ്റ്റേഷന് സ്വന്തം സ്ഥലവും കെട്ടിടവും നിര്‍മ്മിച്ചു നല്‍കും.

12. വഴിവാണിഭക്കാരെ പുനരധിവസിപ്പിച്ചുകൊണ്ട് പ്രത്യേക വാണിജ്യ സമുച്ചയം നിര്‍മിക്കും.

13. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി യുടെയും മറ്റു ഏജന്‍സികളുമായും ചേര്‍ന്ന് അനുയോജ്യമായ കാര്യങ്ങള്‍ തയ്യാറാക്കും.

14. യാത്രക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കി അത്യാധുനിക കംഫര്‍ട്ട് സ്റ്റേഷന്‍ ഠൗണില്‍ സ്ഥാപിക്കും.

15. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കൗണ്‍സിലിംഗ് ടീം രൂപീകരിക്കും.

16. വിവിധ ലഹരികള്‍ക്ക് അടിമകളായിട്ടുള്ളവരെ ചികിത്സിപ്പിച്ച് ഭേതമാക്കുന്നതിനായി ലഹരിവിമുക്ത ചികിത്സാ കേന്ദ്രം സ്ഥാപിക്കും.

17. ഹോമിയോ, ആയുര്‍വേദ, അലോപ്പതി ആശുപത്രികളുടെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

18. ഉപയോഗ ശൂന്യമായിക്കിടക്കുന്ന കമ്മ്യൂണിറ്റിഹാള്‍ നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

19. പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ തൊഴില്‍-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമായ പദ്ധതികള്‍ തയ്യാറാക്കും.

20. അംഗന്‍വാടികളുടെയും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെയും വികസനത്തിന് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും.

21. ലൈബ്രറികള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും വികസന പദ്ധതികള്‍ രൂപവത്കരിക്കും.

22. ജലപാതയോരങ്ങളെ കേന്ദ്രീകരിച്ച് വിനോദസഞ്ചാര വികസനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കും.

23. പൊതുശ്മശാനം നവീകരിച്ച് ആധുനിക സംവിധാനം ഏര്‍പ്പെടുത്തും.

24. കാന്‍സര്‍ പോലുള്ള മാറാരോഗങ്ങള്‍ ബാധിച്ച് വേദനയനുഭവിക്കുന്നവര്‍ക്ക് വേദന നിവാരണ പരിചരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

25. ദാരിദ്ര രേഖക്ക് താഴെയുള്ള ജനങ്ങളുടെ ജീവിക നിലവാരം ഉയര്‍ത്തുന്നതിനായി വിവിധ ക്ഷേമ പദ്ധതികളും പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനവും നടപ്പില്‍ വരുത്തും.

ഗ്രാമസഭാ സംവിധാനം രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചു

ബി.ആർ.പി. ഭാസ്കർ

ഗ്രാമസ്വരാജിന് ഗാന്ധിജി വലിയ പ്രാധാന്യം കല്പിച്ചിരുന്നെങ്കിലും ഭരണഘടനയിൽ അതിന് അർഹിക്കുന്ന സ്ഥാനം ലഭിച്ചില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഭാവി ഭാരതത്തെക്കുറിച്ചുള്ള ജവഹർലാൽ നെഹ്രുവിന്റെ സങ്കല്പം അദ്ദേഹത്തിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. രണ്ട്, പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകിയാൽ ദലിതർക്ക് ഗ്രാമങ്ങളിൽ നീതി ലഭിക്കില്ലെന്ന് ഭരണഘടനാ ശില്പിയായ ബാബാസാഹിബ് അംബേദ്കർ ഭയപ്പെട്ടു. ആ ഭയം അസ്ഥാനത്തായിരുന്നില്ലെന്ന് ബീഹാറും തമിഴ് നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും നിലനിൽക്കുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. ദുർബലവിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന പണം ഇടനിലക്കാർ തട്ടിയെടുക്കുന്നത് എങ്ങനെ തടയാമെന്ന ആലോചനയാണ് രാജീവ് ഗാന്ധിയെ പഞ്ചായത്ത് സംവിധാനത്തെ ഭരണഘടന ഭേദഗതി ചെയ്ത് ശക്തിപ്പെടുത്താൻ പ്രേരിപ്പിച്ചത്.

നിലവിലുള്ള നിയമം വിഭാവന ചെയ്യുന്ന ഗ്രാമസഭകളും വാർഡ് സഭകളും കീഴ്‌തട്ടുകളിൽ യഥാർത്ഥ ജനാധിപത്യം ഉറപ്പാക്കാൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ്. ജനങ്ങൾക്ക് നേരിട്ടു പങ്കെടുക്കാൻ അവകാശമുള്ള ഏക സംവിധാനമാണത്. അവിടെ ചോദ്യങ്ങൾ ചോദിക്കാൻ മാത്രമല്ല കൂട്ടായ തീരുമാനങ്ങളെടുക്കാനും ജനങ്ങൾക്ക് അധികാരമുണ്ട്. ആ സംവിധാനം കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചിരിക്കുന്നു. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ഗ്രാമ-വാർഡ് സഭകൾ കൂടാറേയില്ല. കൂടിയതായും തീരുമാനങ്ങൾ എടുത്തതായും കാണിക്കുന്ന രേഖകൾ അവർ ഉണ്ടാക്കുന്നു. ഈ ഏർപ്പാട് അവസാനിപ്പിച്ച് ജനാധിപത്യപരമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചേ മതിയാകൂ.
ലോക് സഭയും സംസ്ഥാന നിയമസഭയും പാശ്ചാത്യ ജനാധിപത്യ പാരമ്പര്യപ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്. ആ സഭകളിൽ ഭൂരിപക്ഷ പിന്തുണയുള്ള കക്ഷി (അല്ലെങ്കിൽ കൂട്ടുകക്ഷി) ഭരണകക്ഷിയാകുന്നു. ന്യൂനപക്ഷ കക്ഷി (അല്ലെങ്കിൽ കൂട്ടുകക്ഷി) പ്രതിപക്ഷമാകുന്നു. പഞ്ചായത്ത് സംവിധാനം ഭാരതീയ ജനാധിപത്യ പാരമ്പര്യത്തിൽ ഉരുത്തിരിഞ്ഞുവന്നതാണ്. പഞ്ചായത്തുകൾ ഭരണസഭകളാണ്, നിയമനിർമ്മാണ സഭകളല്ല. അവയ്ക്കുള്ളിൽ ഭരണപക്ഷ-പ്രതിപക്ഷ വിഭജനത്തിന് പ്രസക്തിയില്ല. പക്ഷെ നമ്മുടെ രാഷ്ട്രീയ കക്ഷികൾ അവരുടെ പതിവ് കളികൾ തുടരാനായി അവിടെയും അതുണ്ടാക്കിയിരിക്കുന്നു. എത്രനാൾ അത് തുടരുന്നുവോ അത്ര നാളും രാഷ്ട്രീയ കക്ഷികൾക്ക് വാദപ്രതിവാദ കോലാഹലങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കാം. എത്ര വേഗം അതവസാനിപ്പിക്കുന്നുവോ അത്രയും വേഗം നാടിനും നാട്ടാർക്കും രാഷ്ട്രീയ പക്ഷപാതിത്വത്തിൽ നിന്നും അഴിമതിയിൽ നിന്നും മോചനം ലഭിക്കും.(സിറാജ്, ഒൿടോബർ 9, 2010)

Friday, October 8, 2010

കൊല്ലം ജില്ലയിൽ ജനകീയ വികസന മുന്നണി സജീവം

കൊല്ലം ജില്ലയില്‍ ജനകീയ വികസന മുന്നണി 20 പഞ്ചായത്തുകളില്‍ നിന്ന് 47 വാര്‍ഡുകളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ 6 വാര്‍ഡുകളിലും കോര്‍പ്പറേഷനില്‍ 2 ഡിവിഷനുകളിലും ജനവിധി തേടുന്നു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ 2 ഡിവിനുകളിലും വെളിനല്ലൂര്‍ ജില്ലാ പഞ്ചായത്ത് #ിവിഷനിലും ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ബി.എസ്.പി, എം.സി.പി.യു ഐ, വെളിച്ചിക്കാല ആക്ഷന്‍ കൗണ്‍സില്‍, മറ്റ് പ്രാദേശിക സമര സമിതികള്‍ തുടങ്ങിയവ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നുണ്ട്. ചിയയിടങ്ങളില്‍ കെ.പി.എം.എസ്, വീര ശൈവ മഹാ സഭ തൂടങ്ങിയ സംഘടനകള്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

കൊല്ലം ജില്ലയില്‍ മത്സരരംഗത്തുള്ള ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍
കൊല്ലം കോര്‍പ്പറേഷന്‍
കുരിപ്പുഴ - ലിസിലി അന്‍സര്‍ , കരിക്കോട് - ബാഹിയാ ടീച്ചര്‍

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി
മുസ്ലിം എല്‍.പി.എസ്(11)- അബ്ദുല്‍ ജലീല്‍, പറങ്കിമാം മുകള്‍(12) - രജനി, വാര്‍ഡ് 24- നദീറ നാസര്‍, മാന്‍ നിന്ന വിള (29)- മുഹമ്മദ് സലീം, പണിക്കരുകടവ്് (30)- സത്യന്‍, എസ്.കെ.വി (31)- ഷാഹിന ഇസ്മായില്‍

കുളത്തൂപ്പുഴ പഞ്ചായത്ത്
മഠത്തില്‍കോണം(2)- ബാദുഷാബീവി, അമ്പലം(7)-ശ്രീലത. എസ്., ഡാലി(10)- അജയന്‍ കാണി, സാംനഗര്‍(14)- ഒ.ബിന്ദു, നെല്ലിമൂട്(15), അബ്ദുല്‍ വഹാബ്, തിങ്കള്‍കരിക്കം(16)- മുംതാസ്, ചെറുകര(20)- ജയപ്രകാശ്

ഏരൂര്‍ പഞ്ചായത്ത്

പത്തടി (11)- ഒ.ഖാലിദ്, അയിലറ -വേലപ്പന്‍ നായര്‍

അഞ്ചല്‍ പഞ്ചായത്ത്
വട്ടമണ്‍(12)- ബിന്ദുചന്ദ്രന്‍

അലയമണ്‍ പഞ്ചായത്ത്
പുത്തയം (13)- റ്റി.എ റയ്ഹാനത്ത്

കുമ്മിള്‍ പഞ്ചായത്ത്
പുതുക്കോട് - ജുബൈരിയ ടീച്ചര്‍, വട്ടത്താമര- ഹസീനകാമില്‍, സംബ്രമം- കാസിം

നിലമേല്‍ പഞ്ചായത്ത്
പുതുശ്ശേരി- ലത്തീഫാ ബീവി, മുരുക്കുമണ്‍- സീതാ സുന്ദരന്‍, ചേറാട്ടുകുഴി- ഷാഹിദ, നെടുമ്പച്ച - അബ്ദുല്‍ മജീദ്, കൈതോട്- ഉമര്‍

ചിതറ പഞ്ചായത്ത്
വളവുപച്ച- അഷ്‌റഫ്

ഇളമാട് പഞ്ചായത്ത്
തോട്ടത്തറ- പ്രസാദ്, കാരാളികോണം- ഹിലാല്‍ മുഹമ്മദ്, പൂതൂര്‍- നൗഫിദ

ഇട്ടിവ പഞ്ചായത്ത്
കീഴ്‌തോണി - അബ്ദുല്‍ സലാം

ചടയമംഗലം പഞ്ചായത്ത്
മൂലംകോട് - സലിം കൊട്ടുമ്പുറം

വെളിനല്ലൂര്‍ പഞ്ചായത്ത്
ആക്കല്‍ - സബീദാ ടീച്ചര്‍, മോട്ടോര്‍കുന്ന്- എ അബ്ബാസ്, റോഡുവിള- നജിയാ ടീച്ചര്‍, സി.വി നല്ലൂര്‍- നതീജ, നട്ടപ്പാറ - മുതാസ്, 504 - സലിം, ചെങ്കൂര്‍- നൂര്‍ജഹാന്‍, മുളയിറച്ചാല്‍- അബ്ദുല്‍ മജീദ്, മീയന- ജുബൈരിയ ഹമീദ്, ഉഗ്രന്‍കുന്ന്- ഷംസീര്‍

പത്തനാപുരം പഞ്ചായത്ത്
കാരമൂട്- നാജിഹ ടീച്ചര്‍, നടുമുരുപ്പ് - ഷൈലജ ടീച്ചര്‍, നടുക്കുന്നു തെക്ക്- അനസ്

വിളക്കുടി പഞ്ചായത്ത്
കുന്നിക്കോട് - വി.നിസാമുദ്ദീന്‍, കാര്യറ- ലൈലാ ടീച്ചര്‍

തൊടിയൂര്‍ പഞ്ചായത്ത്
പുലിയീര്‍ വഞ്ചി- മുഹമ്മദ് സാദിക്ക്

കെ.എസ്. പുരം പഞ്ചായത്ത്
പുത്തന്‍ തെരുവ്- ഷാഹിദ ഷംസുദ്ദീന്‍

ഓച്ചിറ പഞ്ചായത്ത്
മേമന- ഫാത്തിമ ടീച്ചര്‍

ക്ലാപ്പന പഞ്ചായത്ത്
പ്രയാര്‍ സൗത്ത്- സലീന

നെടുമ്പന പഞ്ചായത്ത്
മലേവയല്‍ - ഷമീര്‍ നമ്പ്യാതിയില്‍

തൃക്കോവില്‍വട്ടം പഞ്ചായത്ത്
കണ്ണനല്ലൂര്‍ ടൗണ്‍- യൂസുഫ് കുഞ്ഞ്

തൃക്കടവൂര്‍ പഞ്ചായത്ത്
വെട്ടുവിള- റഹീമത്ത്

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
ഓയൂര്‍- ഹൈറുന്നിസ, അമ്പലംകുന്ന് - ആയിഷ

ജില്ലാപഞ്ചായത്ത് വെളിനല്ലൂര്‍ ഡിവിഷന്‍
ഡോ. കെ.എ വാഹിദ്

Tuesday, October 5, 2010

നാടകം: പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനകീയ ഐക്യവേദി മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടിയുടെ അടിസ്ഥാനത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന ഒരു നാടകം സിവിക് ചന്ദ്രൻ രചിച്ചിട്ടുണ്ട്. തെരുവു നാടകത്തിന്റെ രൂപത്തിലുള്ളതാണിത്. അതിന്റെ പൂർണ്ണ രൂപം താഴെ കൊറുക്കുന്നു

സിവിക് ചന്ദ്രൻ

കാണികൾക്ക് നടുവിൽ അല്പം ഉയർന്ന പീഠത്തിലിരുന്ന് തട്ടിയും മുട്ടിയും ഊതിയും ഒരു തട്ടാൻ. പേടിച്ചിട്ടെന്ന പോലെ തട്ടാൻ എന്തുചെയ്യുന്നുവെന്ന് പാളി നോക്കുന്നൊരു പൂച്ച. ഓരോ തവണയും പൂച്ചയെ ഓടിക്കുന്ന തട്ടാൻ.
ഈ അരങ്ങിലേക്ക് കഴുത്തിൽ വിവിധ പാർട്ടികളുടെ ചിഹ്നങ്ങളുമായി കുറച്ച് പേർ. Stylized ചലനങ്ങൾ. ആൾക്കൂട്ടത്തിനിടയിലൂടെ പല ഭാഗത്തു നിന്നായി.


കോറസ്:
വരവായി, ഞങ്ങൾ വരവായി,
വരാതെ എന്ത് ചെയ്യാൻ!
അതിനാൽ വരവായി, ഞങ്ങൾ വരവായി.
ജനാധിപത്യത്തിലെ ഏറ്റവും വലിയ ന്യൂയിസൻസ്
ഈ ജനങ്ങളാണ്.
അയ്യഞ്ചു കൊല്ലം കൂടുമ്പോൾ
എല്ലാ എമ്പോക്കികളേയും കഴുവേറികളേയും
വിറകു വെട്ടികളേയും വെള്ളം കോരികളേയും
അണ്ടനേയും അടകോടനേയും
കാലു തൊട്ടു തൊഴണമല്ലോ,
വിലയേറിയ വോട്ടിനുവേണ്ടി കൈ കൂപ്പി
യാചിക്കണമല്ലോ. ജനാധിപത്യത്തിലെ
മഹാ ന്യൂയിസൻസ് ഈ ജനങ്ങളാണ്,
ജനംസ്, ഈ ജനപ്പരിഷകൾ!

തട്ടാൻ-പൂച്ച സീൻ വീണ്ടൂം

കോറസ് (കൌതുകത്തോടെ ശ്രദ്ധിച്ച ശേഷം):
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?
ഹഹഹ ഹഹഹ
+++++++++++++

ഇപ്പോൾ അതേ ഉയർന്ന പീഠത്തിൽ ഇണ്ടനമ്മാവൻ. അമ്മാവൻ തന്റെ ഇടംകാലിലെ ചെളി വലങ്കാലിലേക്കും വലംകാലിലെ ചെളി ഇടങ്കാലിലേക്കും മാറിമാറി തേയ്ക്കുകയാണ്. ഒരുതരം ചവിട്ടു നാടകം കളി. ആൾക്കൂട്ടത്തിൽ നിന്ന് ഓരോരുത്തരായി വന്ന് കൌതുകത്തോടെ നോക്കിനിൽക്കുന്നു.


പഴയ അതേ കോറസ്. കഴുത്തിലണിഞ്ഞിരുന്ന ചിഹ്നങ്ങൾ ഇപ്പോൾ ഇല്ല. പറ്കരം പല നിറത്തിലുള്ള തലേക്കെട്ടുകൾ. (നെറ്റിയിൽ പല നിറത്തിലുള്ള റിബ്ബണുകളായാലും മതി).


കോറസ്:

ഇണ്ടനമ്മാവൻ തന്റെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും
വലങ്കാലിലെ ചെളീ ഇടങ്കാലിലേക്കും
പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ വലങ്കാലിലെ ചെളി
ഇടങ്കാലിലേക്കും പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ ….

പാട്ടിനനുസരിച്ച് ഇണ്ടനമാവൻ തനി കാരിക്കേച്ചർ കഥാപാത്രമാകുന്നു.

കോറസ് (തിരിഞ്ഞ് കാണികളോട്):

ഇതല്ലേ നാം ചെയ്തുകൊണ്ടിരിക്കുന്നത്, നാട്ടാരേ, വോട്ടർമാരേ? ഈ കവിതയിലെ ഇണ്ടനമ്മാവനല്ലേ നാം? ഇടംകലിലെ ചെളി വലംകാലിലേക്കും വലംകാലിലെ ചെളി ഇടംകാലിലേക്കും… അഞ്ചു കൊല്ലം എൽ.ഡി.എഫ്. പിന്നെ അഞ്ചു കൊള്ളം യു.ഡി.എഫ്. അഞ്ചു കൊല്ലം കോൺഗ്രസ്, അടുത്ത അഞ്ചു കൊല്ലം മാർക്സിസ്റ്റ്…ജയ്

ജയ് ഇണ്ടനമ്മാവൻ!
ഇണ്ടനമ്മാവൻ കീ ജയ്.

ഇണ്ടനമ്മാവന്റെ ചവിട്ടു നാടകം പരിഹാസ്യമായി തുടരുന്നതിനിടയിൽ കട്ട്.
++++++++++


വീണ്ടും തട്ടാൻ. പൂച്ചയെ ആട്ടി ഓടിക്കുന്ന തട്ടാൻ. പഴ കോറസ് ഇപ്പോൾ കൂമ്പൻ തൊപ്പിയുമായി സദസ്സാകുന്നു.

കോറസ്:

നട നാലും കുത്തി വീഴുന്ന പൂച്ചയല്ലേ
ഈ തട്ടാനു മുമ്പിലെന്തേ പരുങ്ങുന്നു,
പകയ്ക്കുന്നു, കിതക്കുന്നു, ഇടറുന്നു?

പൂച്ച (ഒടുവിൽ രണ്ടൂം കല്പിച്ച്): എന്റെ മൂക്കൂത്തിയാണ് തട്ടാൻ പണിയുന്നത്.
എന്റെ സ്വർണ്ണം എന്തു ചെയ്യുന്നൂ തട്ടാനെന്ന്,
കക്കുന്നുണ്ടോ തട്ടാനെന്ന്,
പണി നന്നാകുന്നുണ്ടോ മൂക്കൂത്തിയുടേതെന്ന്,
മൂക്കൂത്തിപ്പെണ്ണേ എന്ന് കാമുകൻ വിളിക്കുമ്പോൾ കുളിരു കോരേണ്ട
ഞാനല്ലാതെ മറ്റാറു നോക്കാൻ?
തട്ടാൻ പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്കാണ് കാര്യം?

കോറസ്: ശരിയാണല്ലോ, ശരിയാണല്ലോ. പൂച്ചയുടെ മൂക്കൂത്തിയാണ് തട്ടാൻ പണിയുന്നതെങ്കിൽ, പൂച്ചയുടെ സ്വർണ്ണം കൊണ്ടാണ് തട്ടാൻ തട്ടുകയും മുട്ടുകയും ചെയ്യുന്നതെങ്കിൽ, പൊന്നുരുക്കുന്നിടത്ത് പൂച്ചക്കല്ലേ കാര്യം?

പൂച്ചക്കെന്തു കാര്യം എന്ന് ചോദിക്കുന്നതെന്ത്, തട്ടാനേ? തടുന്ന ആളായതുകൊണ്ടാണോ തട്ടാനേ തട്ടാനെന്ന് പേരു കിട്ടിയത്? പൂച്ചയെ തട്ടല്ലേ, പൂച്ചയുടെ പൊന്ന് തട്ടല്ലേ. പൂച്ച്യുടെ കൺ‌വെട്ടത്തിരുന്നു വേണം തട്ടാൻ പൊന്നുരുക്കാൻ!

തട്ടാൻ (പ്രകോപിതനായി)
പൊന്നുരുക്കുന്നേടത്ത്. പൂച്ചക്കെന്ത് കാര്യം?
ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

കോറസ്:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കാണ് കാര്യം.
ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് കാര്യം.

പൂച്ചയെ കിരീടമണിയിച്ചും തട്ടാനെ തല കുനിച്ച് നടത്തിച്ചും ഒരു ഘോഷയാത്ര
+++++++


അരങ്ങിലിപ്പോൾ വീണ്ടും ഇണ്ടനമ്മാവൻ കളി. പശ്ചാത്തലത്തിൽ പഴയ ഇണ്ടനമ്മാവൻ പാട്ടും. അമ്മാവന്റെ പെടാപ്പാട് കണ്ട് പൂച്ച വിസിൽ വിളിക്കുന്നു. എല്ലാവരും കൂടെ കൂട്ട വിസിൽ.

പൂച്ച (മുന്നോട്ടുവന്ന്:)
അമ്മാവന്റെ ഈ പെടാപ്പാട് നിങ്ങൾ മരുമക്കളാരും കാണുന്നില്ലേ?
നിങ്ങൾ മരുമക്കളാരെങ്കിലും ഒരു കിണ്ടി വെള്ളവുമായി വന്ന്
അമ്മാവന്റെ കാലൊന്ന് കഴുകിക്കാത്തതെന്ത്?
ഒരു കിണ്ടി വെള്ളം പോലും കിട്ടാത്ത നാടായോ
എട്ടു മാസം മഴ പെയ്യുന്ന കേരളം?

കോറസിന്റെ തലക്ക് മുകളിലൂടെ ഒരു കിണ്ടീ വെള്ളം ഉയർന്നു വരുന്നു. കോറസ് ഇണ്ടനമ്മാവനെ വലം വെക്കുന്നു. ഓരോ തവണ വെള്ളം വീഴ്ത്താനായുമ്പൊഴേക്കും അമ്മാവൻ നിലവിളിക്കുന്നു. ഓടുവിൽ കോറസ് അമ്മാവന്റെ കാലിൽ വെള്ളം വീഴ്ത്തുകതന്നെ ചെയ്യുന്നു. അമ്മാവൻ തണുത്തു വിറയ്ക്കുന്നു. കോറസ് തങ്ങളുടെ തോലിൽ നിന്നെടുക്കുന്ന പല വർണ തോർത്തുകളാൽ അമ്മാവനെ പുതപ്പിക്കുന്നു. എല്ലാവരും കൂടി അമ്മാവനെ എടുത്തുയർത്തുന്നു.


കോറസ്:

ഇങ്ങനെയാണ് ഇണ്ടനമാവനെ
മരുമക്കൾ പഠിപ്പിക്കേണ്ടത്
ഇങ്ങനെത്തന്നെ രാഷ്ട്രീയക്കാരെ
ജനങ്ങൾ, വോട്ടർമാർ, പഠിപ്പിക്കേണ്ടതും.
രാഷ്ട്രീയക്കാർ ജനങ്ങൾ പറയ്ന്നത് അനുസരിക്കേണ്ടവരാണ്
ജനങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം രാഷ്ട്രീയം കളിക്കേണ്ടവരാണ്
യുദ്ധം നാം പട്ടാളക്കാർക്ക് വിട്ടുകൊടുക്കാറില്ല.
എവിടെ, എപ്പോൾ, ആരോട്, എങ്ങനെ യുദ്ധം
ചെയ്യണമെന്ന് തീരുമാനിക്കുന്നത്
പട്ടാളക്കാരല്ല.
രാഷ്ട്രീയക്കാർ രാഷ്ട്രീയം തൊഴിലാക്കിയ പട്ടാളക്കാരാണ്.
രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം വിട്ടുകൊടുക്കരുത്.
ഇനിമേൽ നാം ജനങ്ങൾ
രാഷ്ട്രീയം കയ്യിലെടുക്കുന്നു
നമുക്കുവേണ്ടി എന്തിന് രാഷ്ട്രീയക്കാർ ചിന്തിക്കണം?
നാം വോട്ടർമാർക്ക്, പൌരന്മാർക്ക്, ജനങ്ങൾക്കുണ്ട് തലച്ചോറ്
നാം നമ്മുടെ സ്വന്തം കൊടി ഉയർത്തുന്നു
ജനകീയ രാഷ്ട്രീയത്തിന്റെ കൊടി
നാം നമ്മുടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നു
നമ്മളിലൊരാളിനെ നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നു
അണ്ടനും അടകോടനും ഇനി നമ്മെ ഭരിക്കട്ടേ
വെള്ളം കോരിയും വിറകു വെട്ടിയും ഭരിക്കട്ടെ.

കോറസ് രണ്ട് സംഘമാകുന്നു

ഒന്നാം സംഘം:
പൂച്ചേ പൂച്ചേ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

രണ്ടാം സംഘം:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്ക് കാര്യം?

ഒന്നാം സങ്ഹം:
വോട്ടറേ, വോട്ടറേ ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

രണ്ടാം സംഘം:
ജനാധിപത്യത്തിൽ ജനങ്ങൾക്കല്ലാതെ മറ്റാർക്ക് കാര്യം?

കോറസ് അരങ്ങത്തു നിന്ന് പിന്മാറുന്നതോടെ നാടകം അവസാനിക്കുന്നു.

(നാടകാവതരണം സംബന്ധിച്ച് ഉപദേശം ആവശ്യമെങ്കിൽ സിവിക് ചന്ദ്രനുമായി ബന്ധപ്പെടുക. ഫോൺ 9633751353)

Monday, October 4, 2010

തെരഞ്ഞെടുപ്പ് കളി തുടങ്ങി

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിലെ രണ്ട് മുന്നണികൾ എല്ലാ തെരഞ്ഞെടുപ്പുകളെയുംഅവർ തമ്മിലുള്ള ഒരു രാഷ്ട്രീയ കളിയാക്കി മാറ്റിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ പ്രവണത കാണാനുണ്ട്. ഈ വിഷയം ഷാർജായിൽ നിന്നും പ്രസിദ്ധീകരിക്കുന ഗൾഫ് ടുഡെ ദിനപത്രത്തിലെ പ്രതിവാര പംക്തിയിൽ ഞാൻ പരിശോധിക്കുന്നു.

ലേഖനം Kerala Letter ബ്ലോഗിൽ വായിക്കാം.