12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Monday, November 22, 2010

കോൺഗ്രസ് സന്തോഷിക്കാൻ വരട്ടെ

തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ, പ്രത്യേകിച്ചും കോൺഗ്രസിന്റെ, പ്രകടനം സൂക്ഷ്മമായി പരിശോധിക്കുന്ന, ഇംഗ്ലീഷിലുള്ള എന്റെ ലേഖനം ഇന്ന് ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ് (ഐ.എ.എൻ.എസ്) വിതരണം ചെയ്യുകയുണ്ടായി.

ഇത് Kerala Letter ബ്ലോഗിൽ വായിക്കാവുന്നതാണ്.

Wednesday, November 17, 2010



ഇ-മെയിൽ ആയി ലഭിച്ച ഒരു സന്ദേശമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സന്ദേശം ഫോർവേഡ് ചെയ്തതിനാണ് മൊയ്തു എന്നൊരാൾക്കെതിരെ പിണറായി വിജയന്റെ പരാതിയിന്മേൽ സൈബർ പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിനെതിരെയും വേണമെങ്കിൽ പരാതി കൊടുക്കട്ടേയെന്ന് കരുതിയാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
--ബി.ആർ.പി.ഭാസ്കർ

Monday, November 15, 2010

ഇടതുകാലിൽ നിന്ന് വലതുകാലിലേക്ക്


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ട് കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയ ലേഖനത്തിന്റെ മൂലരൂപം വായന ബ്ലോഗിൽ കൊടുത്തിട്ടുണ്ട്.

--ബി. ആർ.പി. ഭാസ്കർ

Monday, November 8, 2010

ഇനി എല്ലാവരുടെയും ശ്രദ്ധ സൽഭരണത്തിലാകട്ടെ

ബി.ആർ.പി. ഭാസ്കർ

അന്തരിച്ച കവി അയ്യപ്പന്റെ കീശയിൽ നിന്ന് വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ കഥ പറയുന്ന ഒരു കവിത ലഭിച്ചിരുന്നു. പാഞ്ഞുവരുന്ന അമ്പിൽ നിന്ന് രക്ഷപ്പെടാനായി ഓടിയ മൃഗം പാറയിൽ പ്രവേശിച്ചപ്പോൾ മറ്റൊന്നിന്റെ ഇരയായിത്തീരുന്നു. ഒരു മുന്നണിയിൽ നിന്ന് നിന്ന്) പ്രാണനും കൊണ്ട് ഓടി, മറ്റൊന്നിന്റെ ഗർജ്ജനം സ്വീകരിച്ച് ഇരയാകുന്ന രാഷ്ട്രീയ കേരളത്തിന്റെ കഥയല്ലേ അയ്യപ്പൻ കുറിച്ചിട്ടത്? മരണപ്പാച്ചിലിനിടയിൽ മറ നൽകാൻ ഒരു മരവും ഉണ്ടായിരുന്നില്ലെന്നും തന്റെ രുചിയോർത്ത് കൊതിയോടെ അഞ്ചെട്ടു പേർ ഇരിക്കുന്നുണ്ടായിരുന്നെന്നും മാൻ‌പേട ഓർക്കുന്നുണ്ട്. അതും എത്ര ശരി! ഒരർത്ഥത്തിൽ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ അനുഭവം അല്പം വ്യത്യസ്തമായിരുന്നു. മറ നൽകാൻ ഇത്തവണ ഒരു മരമുണ്ടായിരുന്നു. മുന്നണികൾ പിന്തുടരുന്ന ജനവിരുദ്ധ നിലപാടുകൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന സമിതികളും അധികാര രാഷ്ട്രീയത്തിൽ അർഹമായ സ്ഥാനം നിഷേധിക്കപ്പെടുന്ന പിന്നാക്ക ദലിത് വിഭാഗങ്ങളുടെ സ്വതന്ത്ര സംഘടനകളും ചേർന്നാണ് ആ മറ തീർത്തത്.

അവരിൽ പലരും ജനകീയ ഐക്യവേദി തയ്യാറാക്കിയ 12 ഇന പൊതു പരിപാടി അംഗീകരിച്ചിരുന്നു. വോട്ടെണ്ണൽ തുടങ്ങുന്നതിനു മുമ്പാണ് ഈ വരികൾ എഴുതുന്നത്. തെരഞ്ഞെടുപ്പുഫലം അറിവായിട്ടില്ലാത്തതിനാൽ വേട്ടയാടപ്പെടുന്ന ജനങ്ങൾ ആ മറ എത്രമാത്രം പ്രയോജനപ്പെടുത്തിയെന്ന് പറയാനാകുന്നില്ല. അതേസമയം ഒരു പുതിയ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ പുതിയ സാമൂഹിക ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറയാനാകും.

നേരത്തെ മദ്ധ്യവർഗ്ഗം, പ്രത്യേകിച്ചും നഗരവാസികൾ, ലോക് സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ എടുക്കുന്നത്ര താല്പര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എടുത്തിരുന്നില്ല. തങ്ങളെ ബാധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ ഈ സ്ഥാപനങ്ങൾക്കാവില്ലെന്നതാണ് അവരുടെ താല്പര്യം കുറയാനുള്ള ഒരു കാരണം. പഞ്ചായത്തുകളിലൂടെ വിതരണം ചെയ്യപ്പെടുന്ന ആനുകൂല്യങ്ങൾക്ക് അർഹരല്ലാത്തതുകൊണ്ട് അവ ആരു ഭരിക്കുന്നുവെന്നത് അവർക്കൊരു പ്രശ്നമല്ലെന്നതാണ് പോളിങ് ശതമാനം കുറയാനുള്ള മറ്റൊരു കാരണം. കഴിഞ്ഞ തവണ രേഖപ്പെടുത്തിയതിനേക്കാൾ പത്തോ പതിനഞ്ചോ ശതമാനം പോയിന്റ് കൂടുതൽ വോട്ടുകൾ ഇത്തവണ പോൾ ചെയ്‌തെന്നാണ് ആദ്യകണക്കുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ പ്രകടമായ വർദ്ധിച്ച ജനതാല്പര്യം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ പ്രവർത്തനത്തിലേക്ക് എങ്ങനെ വ്യാപിക്കാമെന്നാണ് ഇനി നാം ചിന്തിക്കേണ്ടത്.

ജനകീയ ഐക്യവേദി മുന്നോ‍ട്ടുവെച്ച പരിപാടിയിലെ പ്രധാന ഇനം തദ്ദേശ ഭരണം കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്നതാണ്. ഏതാനും കൊല്ലങ്ങളായി ഈ തെരഞ്ഞെടുപ്പുകളിലും പാർട്ടി അടിസ്ഥാനത്തിൽ മത്സരിക്കുന്ന മുന്നണികൾക്ക് സ്വാഭാവികമായും ആ ആശയം സ്വീകാര്യമായില്ല. അവർ ഇന്നത്തെ മുന്നണി സംവിധാനമല്ലാതെ മറ്റൊന്ന് കേരളത്തിൽ സാദ്ധ്യമല്ലെന്ന ധാരണ പരത്തിയിട്ടുള്ളതുകൊണ്ട് പലരും ആ വാദം ഏറ്റുപിടിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നണി മതിൽക്കെട്ടുകൾ ഭേദിച്ച് ഘടകകക്ഷികൾ പതിവായി ഉണ്ടാക്കുന്ന കൂട്ടുകെട്ടുകൾ ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. അത്തരം കൂട്ടുകെട്ടുകൾ ഇത്തവണയും പലയിടങ്ങളിലുമുണ്ടായി. എങ്ങനെയും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള അടവുകളുടെ ഭാഗമായി അതിനെ കാണാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് നീതിപൂർവ്വകമായ തദ്ദേശ ഭരണം സാദ്ധ്യമാക്കാൻ എല്ലാ പാർട്ടികളും തയ്യാറാകണം. കക്ഷിബന്ധങ്ങൾ ഒഴിവാക്കേണ്ട ആവശ്യമില്ല. എന്നാൽ പാർട്ടി അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് മതിയാക്കണം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അവരെ നിർത്തിയ പാർട്ടികളുടെയോ സംഘടനകളുടെയോ മാത്രം പ്രതിനിധികളല്ല, പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധികളാണ്. ആ നിലയ്ക്ക് കക്ഷിതാല്പര്യങ്ങൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ചുമതല അവർക്കുണ്ട്. ഈ വസ്തുത അംഗീകരിക്കാൻ മുന്നണികൾ, പ്രത്യേകിച്ചും അവയെ നയിക്കുന്ന വലിയ കക്ഷികൾ, തയ്യാറാകണം.

ഓരോ തദ്ദേശസ്ഥാപങ്ങളിലെയും പുതിയ ഭരണസമിതി അംഗങ്ങളിൽ പകുതിയോ അതിലധികമോ ഇപ്പോൾ സ്ത്രീകളാണ്. ഈ ഉയർന്ന സ്ത്രീപ്രാതിനിധ്യം സ്ത്രീശാക്തീകരണമായി രൂപാന്തരപ്പെടണമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്ക്, പ്രത്യേകിച്ച് അദ്ധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെടുന്നവർക്ക്, അദൃശ്യമായ പുരുഷനിയന്ത്രണം കൂടാതെ പ്രവർത്തിക്കാ‍ൻ അവസരമുണ്ടാകണം. തത്വത്തിൽ സ്ത്രീശാക്തീകരണം അംഗീകരിക്കുന്ന കക്ഷികൾ ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കണം.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെന്നല്ല പൊതുരംഗത്തു തന്നെ ആദ്യമായി പ്രവേശിക്കുന്ന നിരവധി പേർ പുതിയ ഭരണ സമിതികളിലുണ്ട്. അവർക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ പരിശീലനം നൽകേണ്ടതുണ്ട്. മുൻ‌കാലങ്ങളിലെന്നപോലെ ഇത്തവണയും ഔദ്യോഗിക ഏജൻസികളുടെ ആഭിമുഖ്യത്തിൽ ഇതിനായി ശില്പശാലകൾ സംഘടിപ്പിക്കപ്പെടുമെന്ന് കരുതാം. എന്നാൽ എല്ലാം ഉദ്യോഗസ്ഥന്മാർക്കും വ്യവസ്ഥയുടെ ഭാഗമായി മാത്രം പ്രവർത്തിച്ചു പരിചയമുള്ള മറ്റാളുകൾക്കും വിട്ടുകൊടുക്കരുത്. കക്ഷിരാഷ്ട്രീയത്തെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തു വന്ന പ്രസ്ഥാനങ്ങൾ ഇതിനായി സർക്കാരിതര സംഘടനകളുടെ സഹായം തേടുന്ന കാര്യം ആലോചിക്കണം.

രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായി ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സാരഥ്യം ഏറ്റെടുക്കുന്നവർ മുൻഗാമികളുടെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണം. അധികാരസ്ഥാനത്തെത്തിച്ച പാർട്ടിയുമായി തെറ്റി പിരിഞ്ഞപ്പോൾ ഷൊറണൂർ മുനിസിപ്പാലിറ്റി അദ്ധ്യക്ഷനായിരുന്ന എ.ആർ. മുരളിക്കും അഞ്ചുതെങ്ങ് പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന അലോഷി അലക്സിനും എതിരെ പാർട്ടി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നും. പാർട്ടിയുടെ അറിവോടും സമ്മതത്തോടും – ഒരുപക്ഷെ പാർട്ടിയുടെ ആവശ്യപ്രകാരം തന്നെ –- ചെയ്ത കാര്യങ്ങളുടെ പേരിലാണ് ആരോപണങ്ങൾ ഉണ്ടായയത്. പാർട്ടിക്കുവേണ്ടി ഒരു തെറ്റ് ചെയ്താൽ പിന്നീട് അത് ആവശ്യപ്പെടുമ്പോഴെല്ലാം തെറ്റ് ചെയ്യാൻ അവർ നിർബന്ധിതരാകും. വിസമ്മതിച്ചാൽ ആദ്യം ചെയ്ത തെറ്റിന്റെ പേരിൽ അഴിമതിക്ക് നടപടിയെടുക്കുമെന്ന ഭീഷണി ഉയർത്തി പാർട്ടിക്ക് അവരെ കീഴ്‌പ്പെടുത്താനൊ അഴിമതിക്കാരായി മുദ്രകുത്തി പുറത്താക്കാനൊ കഴിയും. അതുകൊണ്ട് സൽഭരണം കാഴ്ച വെക്കാനും സൽ‌പേര് നിലനിർത്താനും ആഗ്രഹിക്കുന്നവർ ആദ്യം തന്നെ തെറ്റ് ചെയ്യാൻ തങ്ങളെ കിട്ടില്ലെന്ന് വ്യക്തമാക്കണം.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നീതിപൂർവ്വമായ ഭരണം കാഴ്ചവെക്കാൻ തയ്യാറാണെന്ന് ബോധ്യമായാൽ ജനങ്ങൾ വീണ്ടും ഗ്രാമ വാർഡ് സഭാ യോഗങ്ങളിൽ പങ്കെടുക്കാനെത്തും. (പാഠഭേദം, നവംബർ 2010)